മാര്‍ച്ച് 27ന് ഫേസ്‍ബുക്കില്‍ പ്രത്യക്ഷപ്പെട്ട ഒരു ഫേസ്‍ബുക്ക് പോസ്റ്റ് ആയിരത്തോളം തവണയാണ് ഷെയര്‍ ചെയ്യപ്പെട്ടത്. റോഷ് എന്ന കമ്പനിയാണ് വാക്സിന്‍ കണ്ടെത്തിയത് എന്നും ട്രംപിന്‍റെ പ്രഖ്യാപനം ഞായറാഴ്‍ചയായിരിക്കും എന്നും ഈ പോസ്റ്റില്‍ പറയുന്നു.
സമാനമായ പ്രചാരണം മറ്റ് ചില പോസ്റ്റുകളിലും കാണാം. വാക്സിന്‍ എടുത്ത് മൂന്ന് മണിക്കൂറിനുള്ളില്‍ ഫലമുണ്ടാകും എന്നും വിതരണത്തിന് മില്യണ്‍ കണക്കിന് ഡോസ് വാക്സിന്‍ തയ്യാറായിരിക്കുന്നതായും ഒരു പോസ്റ്റില്‍ പറയുന്നു.
വൈറസിനെ പ്രതിരോധിക്കാനുള്ള മരുന്ന് അമേരിക്കക്കാര്‍ കണ്ടെത്തി. അമേരിക്കന്‍ ശാസ്ത്രജ്ഞര്‍ക്ക് അഭിവാദ്യങ്ങള്‍. റോഷ് മരുന്ന് കമ്പനി ഞായറാഴ്‍ച മരുന്ന് പുറത്തിറക്കും. ലോക ശക്തിയാണെന്ന് അമേരിക്ക ഒരിക്കല്‍ കൂടി തെളിയിച്ചു എന്ന് മറ്റൊരു പോസ്റ്റില്‍ പറയുന്നു.
എന്നാല്‍, പ്രചരിക്കുന്ന ചിത്രം വാക്സിന്‍റെ പോലുമല്ല എന്നതാണ് സത്യം. കൊവിഡ് 19 ടെസ്റ്റ് കിറ്റിന്‍റെ ചിത്രമാണ് പ്രചരിക്കുന്നത്. അതും അമേരിക്കന്‍ നിര്‍മ്മിതമല്ല, ദക്ഷിണകൊറിയന്‍ കമ്പനി പുറത്തിറക്കിയത്.
10 മിനുറ്റ് കൊണ്ട് ഫലം കണ്ടെത്താന്‍ കഴിയുന്ന കൊവിഡ് 19 ടെസ്റ്റ് കിറ്റ് കൊറിയന്‍ കമ്പനി കണ്ടെത്തിയതായി ജര്‍മന്‍ മാധ്യമപ്രവര്‍ത്തകയും ഫോട്ടോഗ്രാഫറുമായ ഫ്ലൊറിയാന്‍ വിറ്റ്‍ല്‍സ്‍ക്കിയാണ് ട്വീറ്റ് ചെയ്തത്. മാര്‍ച്ച് 21നാണ് ഇവര്‍ ട്വീറ്റ് ചെയ്തത്.
ഈ വാര്‍ത്ത ദക്ഷിണ കൊറിയന്‍ ബിസിനസ് പത്രമായ പള്‍സ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ആന്‍റി ബോഡി ടെസ്റ്റിംഗ് കിറ്റിന്‍റെ നിര്‍മ്മാണം തകൃതിയാക്കാന്‍ കമ്പനി ശ്രമിക്കുന്നതായി ഈ വാര്‍ത്തയില്‍ പറയുന്നു. കിറ്റിനുള്ള രജിസ്ട്രേഷന്‍ അമേരിക്കയില്‍ പൂര്‍ത്തിയായതായി റിപ്പോര്‍ട്ടിലുണ്ട്.
കൊവിഡ് 19നെ പ്രതിരോധിക്കാന്‍ ഇതുവരെ വാക്സിന്‍ കണ്ടെത്തിയിട്ടില്ല എന്നാണ് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നത്. പൊതുജനങ്ങള്‍ക്കുള്ള നിര്‍ദേശങ്ങള്‍ എന്ന തലക്കെട്ടില്‍വെബ്‍സൈറ്റില്‍ നല്‍കിയിരിക്കുന്ന വിവരങ്ങളിലാണ്ഇക്കാര്യം പറയുന്നത്. ചില സാധ്യതാ വാക്സിനുകളും മരുന്നുകളും പരീക്ഷണ ഘട്ടത്തിലാണ് എന്നും കുറിപ്പില്‍ പറയുന്നു.
വാക്സിനും മരുന്നുകളും ഗവേഷണ ഘട്ടത്തിലാണ് എന്നാണ് ഏപ്രില്‍ 28ന് വെബ്‍സൈറ്റില്‍ WHO വരുത്തിയ അപ്ഡേറ്റിലും നല്‍കിയിരിക്കുന്നത്. ലോകത്ത് അമേരിക്കയും യുകെയും ഉള്‍പ്പടെയുള്ള ഇടങ്ങളില്‍ വാക്സിന്‍ മനുഷ്യരില്‍ പരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്.