സൗദിയില്‍ മസ്ജിദുൽ ഹറം റമദാൻ എട്ടിന് തുറക്കുമെന്നത് വ്യാജ പ്രചാരണം

First Published | Apr 30, 2020, 4:49 PM IST

റിയാദ്: സൗദിയില്‍ കൊവിഡ് 19 മഹാമാരിയുടെ വ്യാപനം തടയുന്നതിന്റെ ഭാഗമായി അടച്ചിട്ട മസ്ജിദുൽ ഹറം റമദാൻ എട്ടിന് പൊതുജനങ്ങള്‍ക്കായി തുറക്കുമെന്ന പ്രചാരണം വ്യാജം. അറബിയും ഇംഗ്ലീഷും അടക്കമുള്ള ഭാഷകളിലാണ് സാമൂഹ്യമാധ്യമങ്ങളില്‍ ഈ അറിയിപ്പ് സ്‍ക്രീന്‍ഷോട്ട് രൂപത്തില്‍ വ്യാപകമായി പ്രചരിച്ചത്. 
 

സൗദിയിലെ പ്രമുഖ ഓൺലൈൻ പോർട്ടലായ സബഖിന്റെ റിപ്പോർട്ടർ അബ്ദുല്ല ബർഖാവിയുടെ പേരിലാണ് വ്യാജ വാർത്ത പ്രചരിച്ചത്.
തന്റെ പേരില്‍ പ്രചരിക്കുന്നത് വ്യാജ വാർത്തയാണ് എന്നും ഇത്തരം പ്രചാരണങ്ങള്‍ക്ക് താന്‍ ഉത്തരവാദിയായിരിക്കില്ലെന്നും ബർഖാവി ട്വിറ്ററിൽ വ്യക്തമാക്കി. പ്രചരിക്കുന്നത് വ്യാജ വാര്‍ത്തയാണെന്ന് സബഖും അറിയിച്ചു.

പ്രചരിച്ച വ്യാജ സന്ദേശത്തില്‍ പറയുന്നത്വിശ്വാസികള്‍ പാലിക്കേണ്ട ആറ് നിര്‍ദേശങ്ങളും മസ്ജിദുൽ ഹറം റമദാൻ എട്ടിന് തുറക്കുന്നതായുള്ള വ്യാജ അറിയിപ്പിനൊപ്പം നല്‍കിയിരുന്നു.
സാമൂഹിക അകലവും മാസ്‍ക് ധരിക്കുന്നതും സാനിറ്റൈസര്‍ ഉപയോഗവും അടക്കമുള്ള നിബന്ധനങ്ങളായിരുന്നു അറിയിപ്പിനൊപ്പം ചേര്‍ത്തിരുന്നത്. സ്ക്രീന്‍ഷോട്ട് വ്യാപകമായി പ്രചരിച്ചതോടെ വിശ്വാസികള്‍ ആശയക്കുഴപ്പത്തിലാവുകയായിരുന്നു.
പള്ളി തുറക്കുന്ന തീയതി അറിയിച്ചിട്ടില്ലകൊവിഡ് 19 വ്യാപനം അവസാനിച്ചാൽ പള്ളികൾ തുറന്നുകൊടുക്കുമെന്ന് കഴിഞ്ഞ ദിവസം ഹറം ഇമാം സുദൈസ് വ്യക്തമാക്കിയിരുന്നു. എന്നാല്‍ പള്ളി തുറക്കുന്ന തീയതി ഇതുവരെ ഹജ്ജ്- ഉംറ മന്ത്രാലയംഅറിയിച്ചിട്ടില്ല.
അതേസമയം, സൗദിയിൽ അടച്ചിട്ടിരുന്ന ഷോപ്പിംഗ് മാളുകൾ തുറന്നിട്ടുണ്ട്. കർശന നിയന്ത്രണങ്ങളോടെയാണ് മാളുകൾ തുറന്നത്. എന്നാൽ കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പൂർണമായും അടച്ച സ്ഥലങ്ങളിലും മക്കയിലും ഇളവ് ബാധകമല്ല.
റമദാനോട് അനുബന്ധിച്ചാണ് മെയ് 13 വരെയാണ് ചില്ലറ-മൊത്ത വ്യാപാര സ്ഥാപനങ്ങൾ, ഷോപ്പിംഗ് മാളുകൾ എന്നിവ തുറന്നുപ്രവർത്തിക്കാൻ അനുമതി നൽകിയത്. രാവിലെ ഒൻപത് മുതൽ വൈകുന്നേരം അഞ്ചു വരെയാണ് ഇളവ്. കർശന നിയന്ത്രണങ്ങളോടെയാണ് മാളുകൾക്ക് തുറന്നുപ്രവർത്തിക്കാൻ അനുമതി നൽകിയത്.

Latest Videos

click me!