എന്തായിരുന്നു പ്രചാരണങ്ങള്‍കേന്ദ്ര മന്ത്രിസഭയിലെ ഒരു പ്രബലന്‍ അത്യസന്ന നിലയിലാണ് എന്നായിരുന്നു സാമൂഹ്യമാധ്യമങ്ങളിലെ ആദ്യ പ്രചാരണം. കൊവിഡ് 19 ആണെന്നും ചിലര്‍പ്രചരിപ്പിച്ചു. ഇതിന് പിന്നാലെ വന്ന അഭ്യുഹങ്ങള്‍ അല്‍പം കടന്നതായി. 'അര്‍ബുദത്തെ തുടര്‍ന്ന് അമിത് ഷാ ശസ്‌ത്രക്രിയക്ക് വിധേയനായി, അദേഹം അവശനാണ്'. അമിത് ഷായുടെ ആയുസിനെ കുറിച്ച് പ്രവചനങ്ങളുണ്ടെന്ന് വരെ വേരിഫൈഡ് അക്കൗണ്ടുകളില്‍ നിന്ന് ട്വീറ്റുകള്‍ പ്രത്യക്ഷപ്പെട്ടു. അമിത് ഷായുടെ ആരോഗ്യത്തെ കുറിച്ചുള്ള പ്രചാരണങ്ങള്‍ ഇതിലൊന്നും അവസാനിച്ചില്ല...
താന്‍ അര്‍ബുദ ബാധിതനെന്ന് അമിത് ഷാ ട്വീറ്റ് ചെയ്‌തോ?അര്‍ബുദം ബാധിച്ചതായും രാജ്യത്തെ സേവിക്കാന്‍ കുറച്ചുദിവസമായി കഴിയുന്നില്ലെന്നും അമിത് ഷാ ട്വീറ്റ് ചെയ്തു എന്നതായുള്ള സ്‌ക്രീന്‍ഷോട്ടും പ്രചരിച്ചു. അമിത് ഷായുടെ ചിത്രവും വേരിഫൈഡ് അക്കൗണ്ടിന്‍റെ നീല വരയും സ്‌ക്രീന്‍ഷോട്ടിലുണ്ടായിരുന്നു. 'രാജ്യത്തിന്‍റെ ക്ഷേമത്തിനായാണ് തന്‍റെ പ്രവര്‍ത്തനം. ഒരു മതത്തിലും ജാതിയിലും പെട്ടവരെ ഞാന്‍ വെറുക്കുന്നില്ല. മോശം ആരോഗ്യസ്ഥിതിയെ തുടര്‍ന്ന് കഴിഞ്ഞ കുറച്ച് ദിവസമായി രാജ്യത്തെ സേവിക്കാനാവുന്നില്ല. തൊണ്ടയ്‌ക്ക് പിന്നിലെഎല്ലില്‍ അര്‍ബുദമാണ്. റമദാന്‍ മാസത്തില്‍ മുസ്ലിം സമൂഹം എനിക്കായി പ്രാര്‍ഥിക്കുമെന്നും സുഖംപ്രാപിച്ച് വേഗം തിരിച്ചുവരാം എന്നും പ്രതീക്ഷിക്കുന്നു'- എന്നുമായിരുന്നു സ്‌ക്രീന്‍ഷോട്ടില്‍.
എന്നാല്‍, ഈ ട്വീറ്റ് കൃത്രിമമായി നിര്‍മ്മിച്ചതാണെന്ന്ആള്‍ട്ട് ന്യൂസിന്‍റെ പരിശോധനയില്‍ വ്യക്തമായി. ട്വിറ്ററിന് ഉള്‍ക്കൊള്ളാന്‍ കഴിയുന്ന വേഡ് ലിമിറ്റിന് മുകളിലാണ് ട്വീറ്റ് എന്നതും അലൈന്‍മെന്‍റില്‍ മാറ്റമുണ്ട് എന്നതുമാണ് ട്വീറ്റ് വ്യാജമാണെന്ന് വെളിവാക്കിയത്. പരിധിയേക്കാള്‍ 149 വാക്കുകള്‍ കൂടുതല്‍ ഉണ്ടായിരുന്നു കൃത്രിമമായി നിര്‍മ്മിച്ച ട്വീറ്റില്‍.
ഇത്തരമൊരു ട്വീറ്റ് അമിത് ഷായുടെ ട്വിറ്റര്‍ അക്കൗണില്‍ നിലവിലില്ല എന്നതും വ്യാജനെ തുറന്നുകാണിച്ചു. രോഗബാധയെ കുറിച്ച് അമിത് ഷാ ട്വീറ്റ് ചെയ്തതായി ദേശീയ മാധ്യമങ്ങളൊന്നും വാര്‍ത്ത നല്‍കിയിട്ടുമില്ല.
വ്യാജ പ്രചാരണങ്ങളെല്ലാം തള്ളി അമിത് ഷാ രംഗത്ത്തന്‍റെ ആരോഗ്യം സംബന്ധിച്ച് പ്രചരിക്കുന്ന വാര്‍ത്തകളെല്ലാം തള്ളി അമിത് ഷാ ട്വിറ്ററില്‍ രംഗത്തെത്തിയിട്ടുണ്ട്. ഹിന്ദിയിലായിരുന്നു അമിത് ഷായുടെ ട്വീറ്റ്. തന്റെ ആരോഗ്യ സ്ഥിതി സംബന്ധിച്ച അമിത് ഷായുടെ കുറിപ്പിന്റെ പൂര്‍ണ രൂപം വായിക്കാം.
"കഴിഞ്ഞ കുറേ ദിവസങ്ങളായി ചില മാന്യ സ്‌നേഹിതര്‍ എന്റെ ശാരീരികാരോഗ്യത്തെപ്പറ്റി സോഷ്യല്‍ മീഡിയ വഴി ചില അസംബന്ധങ്ങള്‍ പ്രചരിപ്പിച്ചിട്ടുണ്ട് എന്നറിഞ്ഞു. ചിലരാകട്ടെ ഞാനൊന്ന് മരിച്ചു കിട്ടാന്‍ വേണ്ടി പ്രാര്‍ഥിച്ചുകൊണ്ടും ട്വീറ്റ് ചെയ്തതായറിഞ്ഞു.
കഴിഞ്ഞ കുറേ നാളുകളായി കൊവിഡ് മഹാമാരിയുമായി പോരാടിക്കൊണ്ടിരിക്കുന്ന ഒരു രാജ്യത്തിന്റെ ആഭ്യന്തരമന്ത്രി എന്ന നിലയ്ക്കുള്ള ഉത്തരവാദിത്തങ്ങള്‍ നിറവേറ്റാന്‍ ബാധ്യസ്ഥനായിരുന്നതുകൊണ്ടും അതിന്റെ തിരക്കില്‍ ആയിരുന്നതിനാലും ഈ കോലാഹലങ്ങള്‍ എന്റെ കണ്ണില്‍പ്പെട്ടിരുന്നില്ല. കുറച്ചു ദിവസം മുമ്പാണ് അതേപ്പറ്റി ഞാന്‍ അറിയുന്നത്. അന്ന് ഞാന്‍ ഈ കാല്പനിക വ്യാപാരങ്ങളില്‍ മുഴുകുന്നവര്‍ക്ക് അതുകൊണ്ടുണ്ടാകുന്ന മാനസികാനന്ദം നഷ്ടപ്പെടുത്തേണ്ടല്ലോ എന്ന് കരുതി പ്രതികരണത്തിനൊന്നും മുതിരാതിരുന്നതാണ്.
എന്നാല്‍, ഈ ദുഷ്പ്രചാരണങ്ങള്‍ എന്റെ അഭ്യുദയകാംക്ഷികളായ പാര്‍ട്ടി പ്രവര്‍ത്തകരുടെയും എന്റെ ബന്ധുജനങ്ങളുടെയും ഒക്കെ മനസിനെ വിഷമിപ്പിച്ചിട്ടുണ്ട്. അവരില്‍ ചിലരെങ്കിലും കേട്ടുകേള്‍വിയുടെ പുറത്ത് എനിക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടെന്നു ധരിച്ച് ആകെ ആശങ്കപ്പെട്ടിരിക്കുകയാണ്. ആ ആശങ്കകളും വിഷമങ്ങളും ഒന്നും എനിക്ക് കണ്ടില്ലെന്നു നടിക്കാന്‍ സാധിക്കില്ല. അതുകൊണ്ട്, ആ ആശങ്കകള്‍ അകറ്റാന്‍ വേണ്ടി 'യാതൊരുവിധ ആരോഗ്യ പ്രശ്‌നങ്ങളും എന്നെ അലട്ടുന്നില്ല, ഞാന്‍ പൂര്‍ണാരോഗ്യവാനാണ്' എന്ന വസ്തുത സംശയലേശമെന്യേ വെളിപ്പെടുത്താന്‍ ആഗ്രഹിക്കുകയാണ്.
ഒരാളുടെ ആരോഗ്യനിലയെപ്പറ്റി ഇങ്ങനെ പ്രചരിക്കുന്ന അപവാദങ്ങള്‍ അയാളുടെ ആരോഗ്യത്തെ കൂടുതല്‍ ബലപ്പെടുത്തും എന്നാണ് ഹിന്ദുമതത്തിലെ ഒരു വിശ്വാസം. എന്നാലും, ഇത്തരത്തിലുള്ള അനാവശ്യമായ അപവാദങ്ങള്‍ക്ക് സമയം പാഴാക്കുന്നവരോട് എനിക്ക് ഒരപേക്ഷയുണ്ട്. ദയവായി എന്നെ എന്റെ കടമകള്‍ നിര്‍വഹിക്കാന്‍ അനുവദിക്കുക. നിങ്ങള്‍ നിങ്ങളുടെ കര്‍ത്തവ്യങ്ങളില്‍ മുഴുകുകയും ചെയ്യുക.
എന്റെ ക്ഷേമമന്വേഷിക്കാന്‍ സന്മനസ്കാണിച്ച, എന്റെ ആരോഗ്യം ക്ഷയിച്ചു എന്ന് വിശ്വസിച്ചു കൊണ്ട് മനസാ സങ്കടപ്പെട്ട എന്റെ അഭ്യുദയകാംക്ഷികള്‍ക്കും, ബന്ധുജനങ്ങള്‍ക്കും, പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും ഒക്കെ എന്റെ ഹൃദയം നിറഞ്ഞ നന്ദി.എന്റെ ആരോഗ്യാവസ്ഥയെപ്പറ്റി അപവാദം പറഞ്ഞുപരതിയവരോടും എനിക്ക് ഉള്ളില്‍ വിദ്വേഷമൊന്നുമില്ല. നിങ്ങള്‍ക്കും നന്ദി".
നിഗമനംഅനാരോഗ്യത്തെ കുറിച്ചുള്ള അഭ്യൂഹങ്ങളെല്ലാം തള്ളിക്കളഞ്ഞ് അമിത് ഷാ രംഗത്തെത്തിയിട്ടുണ്ട്. മാത്രമല്ല, വൈറലായ ട്വീറ്റുകളെല്ലാം വ്യാജമാണെന്ന് തെളിയുകയും ചെയ്‌തു. വ്യാജ ട്വീറ്റിന് പിന്നിലുള്ള നാലുപേരെ അഹമ്മദാബാദില്‍ അറസ്റ്റ് ചെയ്തതായി ന്യൂ ഇന്ത്യന്‍ എക്‌സ്‌പ്രസ് അടക്കമുള്ള ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അതിനാല്‍, അമിത് ഷായുടെ ആരോഗ്യത്തെ കുറിച്ചുള്ള പ്രചാരണങ്ങളെല്ലാം വ്യാജമാണെന്ന് മനസിലാക്കാം.