'മദ്യശാലകള്‍ തുറന്നു, പൊലീസുകാരനും ലക്കുകെട്ടോ'; വൈറല്‍ വീഡിയോയെ കുറിച്ച് അറിയാനേറെ

First Published | May 6, 2020, 2:19 PM IST

ദില്ലി: കൊവിഡ് 19 വ്യാപനത്തെ തടയാന്‍ രാജ്യത്ത് പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ നീട്ടിയെങ്കിലും മദ്യശാലകള്‍ തുറക്കാന്‍ അനുമതി നല്‍കിയിരുന്നു കേന്ദ്ര സര്‍ക്കാര്‍. ഇതോടെ പല സംസ്ഥാനങ്ങളും മദ്യ ഷോപ്പുകള്‍ തുറന്നു. പലയിടത്തും നീണ്ട ക്യൂവും സാമൂഹിക അകലം പാലിക്കാത്തതും വലിയ ചര്‍ച്ചയായി. 

ലോക്ക് ഡൗണ്‍ കാലത്ത് മദ്യശാലകള്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ട ക്യൂവിന്‍റെ വീഡിയോകളും ചിത്രങ്ങളും സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിരുന്നു.
മദ്യപിച്ച് പൂസായി വഴിയില്‍ കിടക്കുന്ന പൊലീസുകാരനെ സഹപ്രവര്‍ത്തകര്‍ ചേര്‍ന്ന് ബൈക്കില്‍ കയറ്റി പോകുന്ന 90 സെക്കന്‍ഡുള്ള വീഡിയോയും ഇക്കൂട്ടത്തിലുണ്ട്. ലോക്ക് ഡൗണില്‍ അയവുവരുത്തി മദ്യശാലകള്‍ തുറന്നതോടെ രാജ്യത്തുണ്ടായ സംഭവമാണ് ഇതെന്നാണ് പ്രചാരണം.

എന്നാല്‍, പ്രചരിക്കുന്ന വീഡിയോയ്ക്ക് നിലവിലെ കൊവിഡ് ലോക്ക് ഡൗണുമായി ബന്ധമൊന്നുമില്ല എന്നതാണ് സത്യം. മൂന്ന് വര്‍ഷം മുന്‍പുള്ള വീഡിയോയാണ് ലോക്ക് ഡൗണുമായി ബന്ധപ്പെടുത്തി ഇപ്പോള്‍ പ്രചരിക്കുന്നത്.
വീഡിയോയില്‍ കാണുന്ന പൊലീസുകാരില്‍ ആരും മാസ്ക് ധരിച്ചിട്ടില്ല എന്നതും പഴയ വീഡിയോയാണ് പ്രചരിക്കുന്നത് എന്നതിന് തെളിവാണ്.
പ്രചരിക്കുന്ന വീഡിയോ ദേശീയ ചാനലായ ന്യൂസ് 18, 2017 ജൂണ്‍ 27ന് സംപ്രേഷണം ചെയ്തതാണ്. മദ്യപിച്ച് ലക്കുകെട്ട പൊലീസുകാരനെ വഴിയരികില്‍ കണ്ടെത്തി എന്നതാണ് വാര്‍ത്ത.
ഉത്തര്‍പ്രദേശിലെ ഫൈസാബാദ് പൊലീസ് സ്റ്റേഷനിലെ കോണ്‍സ്റ്റബിളായ ദര്‍ഘേഷ് ഗിരിയാണ് വീഡിയോയില്‍. വൈകാതെ, പൊലീസ് സംഘം സ്ഥലത്തെത്തി അയാളെ രക്ഷിച്ചു.
ലോക്ക് ഡൗണ്‍ നിലനില്‍ക്കുമ്പോള്‍ മദ്യവില്‍പനയ്ക്ക് അനുമതി നല്‍കിയത് വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. വില്‍പന ആരംഭിച്ച പല സംസ്ഥാനങ്ങളിലും വലിയ വരുമാനമുണ്ടാകുമ്പോഴും സാമൂഹിക അകലം ഉള്‍പ്പടെയുള്ള സുരക്ഷാ മുന്‍കരുതലുകള്‍ ചോദ്യചിഹ്നമാണ്.

Latest Videos

click me!