പുതിയ പ്രചാരണം ഇങ്ങനെഉത്തര കൊറിയ വിട്ട് കിം ജോങ് ഉന്‍ തായ്‌വാനില്‍ എത്തിയോ. കിമ്മിനെ തായ‌്‌വാനിലെ മാര്‍ക്കറ്റില്‍ കണ്ടുഎന്ന അവകാശവാദത്തോടെ നിരവധി പേരാണ് വീഡിയോ ഷെയര്‍ ചെയ്യുന്നത്. തിരക്കേറിയ മാര്‍ക്കറ്റിലൂടെ കോട്ടും സ്യൂട്ടും അണിഞ്ഞ് കിമ്മിന്‍റെ രൂപസാദൃശ്യമുള്ളയാള്‍ നടക്കുന്നതാണ് 16 സെക്കന്‍ഡുള്ള വീഡിയോയില്‍.
ചൈനീസ് ഭാഷയിലുള്ള ഒരു പോസ്റ്റിനൊപ്പം ചേര്‍ത്തിരിക്കുന്ന കുറിപ്പ് ഇങ്ങനെ. 'കിം എവിടെയാണ്, മരിച്ചോ അതോ ജീവിച്ചിരിപ്പുണ്ടോ... എന്നറിയാനുള്ള അകാംക്ഷയിലാണ് ലോകം. എന്നാല്‍ ചാങ്‌വ നഗരത്തില്‍ ഇഷ്‌ട ഭക്ഷണങ്ങള്‍കഴിച്ച് കിം അലഞ്ഞുതിരിയുകയാണ്'.
കിമ്മിനെ കാണാതായതിന് പിന്നാലെയാണ് ഈ വീഡിയോ വ്യാപകമായി പ്രചരിക്കാന്‍ തുടങ്ങിയത്. തായ്‌വാനില്‍ കിമ്മിനെ കണ്ടതായി ഫേസ്‌ബുക്കിലെ നിരവധി പോസ്റ്റുകളില്‍ പറയുന്നു. ഹോങ്കോംഗിലെ മാര്‍ക്കറ്റാണ് വീഡിയോയില്‍ ഉള്ളതെന്നാണ് മറ്റൊരു പോസ്റ്റില്‍ പറയുന്നത്.
വീഡിയോയുടെ വസ്‌തുതഎന്നാല്‍ പ്രചരിക്കുന്ന വീഡിയോയിലുള്ളത് കിം ജോങ് ഉന്‍ അല്ല എന്നതാണ് വസ്തുത. 2018 ഡിസംബര്‍ മുതല്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോയാണ് ഇപ്പോഴത്തേത് എന്ന തലക്കെട്ടോടെ പ്രചരിക്കുന്നത്. 'കിം തായ്‌ലന്‍ഡ്' എന്നറിയപ്പെടുന്ന അപരനാണ് വീഡിയോയിലുള്ളത് എന്ന് വാര്‍ത്താ ഏജന്‍സിയായ എഎഫ്‌പികണ്ടെത്തി.
വസ്‌തുതാ പരിശോധനാ രീതിപ്രചരിക്കുന്ന വീഡിയോയുടെ പൂര്‍ണരൂപം കീവേഡ് സെര്‍ച്ചിലൂടെ യൂട്യൂബില്‍ കണ്ടെത്തി. 27 സെക്കന്‍ഡാണ് ഈ വീഡിയോയുടെ ദൈര്‍ഘ്യം. 2018 ഡിസംബര്‍ 16നാണ് വീഡിയോ അപ്‌ലോഡ് ചെയ്തിരിക്കുന്നത്.
'കിം തായ്‌ലന്‍ഡ്' എന്ന പേരില്‍ അറിയപ്പെടുന്ന അപരനാണ് വീഡിയോയില്‍ ഉള്ളതെന്ന് തായ്‌വാനിലെ ഫാക്‌ട് ചെക്ക് വെബ്‌സൈറ്റായ MyGoPen 2020 ഏപ്രിലില്‍ സ്ഥിരീകരിച്ചിരുന്നു. വീഡിയോയിലുള്ളത് യഥാര്‍ഥ കിം ജോങ് ഉന്‍ അല്ല എന്ന് കിം തായ്‌ലന്‍ഡിന്‍റെ വക്‌താവ് എഎഫ്‌പിയോട് മെയ് ഏഴിന് വ്യക്തമാക്കി.
തായ് ബിസിനസുകാരനായ ഉടാൻ ലുവാങ്സാങ്തോങ് ആണ് കിം ജോങ് ഉന്‍ ആയി വേഷമണിഞ്ഞ് നടക്കുന്നത്. ഒരു രസത്തിന് വേണ്ടിയാണ് ഇയാള്‍ ഇത് ചെയ്യുന്നത് എന്നൊക്കെയാണ് കഥകള്‍. ഇയാളെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഇപ്പോള്‍ ലഭ്യമല്ല.
നിഗമനംഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നിനെ തായ്‌വാനിലെ മാര്‍ക്കറ്റില്‍ കണ്ടതായുള്ള പ്രചാരണങ്ങള്‍ വ്യാജമാണെന്ന് തെളിഞ്ഞിരിക്കുന്നു. രണ്ട് വര്‍ഷം മുന്‍പുള്ള വീഡിയോയാണ് ഇപ്പോഴത്തേത് എന്ന കുറിപ്പുകളോടെ പ്രചരിക്കുന്നത്. കിം തായ്‌വാനില്‍ എത്തിയതായി സ്ഥിരീകരിക്കുന്ന തെളിവുകളൊന്നും നിലവിലില്ല.
നീണ്ടകാലത്തെ അഭ്യൂഹങ്ങള്‍ക്കൊടുവില്‍ മെയ് ആദ്യം കിം പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. രാജ്യത്തെ പുതിയ വളം ഫാക്‌ടറി ഉദ്ഘാടനം ചെയ്തതായി ഉത്തരകൊറിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ പ്രത്യക്ഷപ്പെട്ടത് കിം അല്ല എന്നും ബോഡി ഡബിളാണ് എന്നും ആരോപണം ശക്തമാണ്.