John Paul Funeral: ജോണ്‍ പോളിന് ആയിരങ്ങളുടെ അന്ത്യാജ്ഞലി

First Published | Apr 24, 2022, 6:52 PM IST

ലയാള സിനിമാ ചരിത്രത്തില്‍ സ്വന്തമായൊരു ഇടമൊരുക്കി തിരക്കഥാ കൃത്ത് ജോണ്‍ പോള്‍ (72) യാത്രയായി. കൊച്ചി എളംകുളം പള്ളിയിൽ സംസ്ഥാന സർക്കാർ ബഹുമതികളോടെ അദ്ദേഹത്തിന്‍റെ സംസ്കാരചടങ്ങുകൾ നടന്നു. എറണാകുളം ടൗൺ ഹാളിലെ പൊതുദർശനത്തിൽ സിനിമ സാംസ്കാരിക രാഷ്ട്രീയ മേഖലയിലെ നിരവധി പേർ അന്ത്യാജ്ഞലി അര്‍പ്പിക്കാനെത്തി. ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു അദ്ദേഹത്തിന്‍റെ അന്ത്യം.  കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്‍റെ മരണം. 
 

കൊച്ചി എളംകുളത്തെ സെന്‍റ് മേരീസ് സുനോറോ സിംഹാസന പള്ളിയില്‍ പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു മലയാളത്തിന്‍റെ ഇതിഹാസ കഥാകാരന്‍റെ സംസ്കാര ചടങ്ങുകൾ നടന്നത്. യാക്കോബായ സുറിയാനി സഭ മെത്രോപൊലീത്തൻ ട്രസ്റ്റി ജോസഫ് മോർ ഗ്രിഗോറിയോസ് സംസ്കാര ചടങ്ങുകൾക്ക് നേതൃത്വം നൽകി. 

രാവിലെ മുതൽ മരടിലെ വീട്ടിലും, ചാവറ കൾച്ചറൽ സെന്‍ററിലും, ടൗൺ ഹാളിലും നടന്ന പൊതുദർശനത്തിൽ നിരവധി പേർ പ്രിയ 'അങ്കിൾ ജോണി'ന് അന്ത്യാഭിവാദനം അര്‍പ്പിക്കാനെത്തിയിരുന്നു. ജോൺ പോൾ കഥകൾ വെള്ളിത്തിരയിലെത്തിച്ച സംവിധായകർ, പ്രിയ സഹപ്രവർത്തകർ തുടങ്ങി അദ്ദേഹത്തെ ഗുരുസ്ഥാനീയരായി കണ്ടവരെല്ലാം ജോൺ പോളിനെ അവസാനമായി ഒരുനോക്ക് കാണാനെത്തി.


സംസ്ഥാന സർക്കാരിന് വേണ്ടി മന്ത്രി പി രാജീവും എറണാകുളം ജില്ല കളക്ടർ ജാഫർ മാലിക്കും ചേർന്ന് ജോൺ പോളിന് അന്തിമ ഉപചാരം അർപ്പിച്ചു. പ്രതിപക്ഷ നേതാവ് വി ഡി സതീശനും, സിനിമ മന്ത്രി സജി ചെറിയാനും അന്ത്യാഞ്ജലി അർപ്പിക്കാനായി എത്തി. 

കാനറ ബാങ്കിൽ ജീവനക്കാരനായിരുന്ന ജോണ്‍ പോൾ, ജോലി രാജിവച്ചാണ് മുഴുവൻ സമയ തിരക്കഥാകൃത്തായി മാറിയത്. കാതോടു കാതോരം, കാറ്റത്തെ കിളിക്കൂട്, യാത്ര, മാളൂട്ടി, അതിരാത്രം, ഓർമയ്ക്കായ്, ഇത്തിരിപ്പൂവേ ചുവന്ന പൂവേ, ആലോലം, ഇണ, അവിടത്തെപ്പോലെ ഇവിടെയും, ഈ തണലിൽ ഇത്തിരിനേരം, ഈറൻ സന്ധ്യ, ഉണ്ണികളെ ഒരു കഥ പറയാം, ഒരു മിന്നാമിനുങ്ങിന്‍റെ നുറുങ്ങുവെട്ടം, ഉത്സവപ്പിറ്റേന്ന്, പുറപ്പാട്, കേളി, ചമയം, ഒരു യാത്രാമൊഴി തുടങ്ങിയ മനോഹരചിത്രങ്ങൾ ജോൺപോളിന്‍റെ സൃഷ്ടികളാണ്. 

കമൽ സംവിധാനം ചെയ്ത വിനായകന്‍ നായകനായ 'പ്രണയമീനുകളുടെ കടൽ 'എന്ന ചിത്രത്തിന്‍റെ തിരക്കഥയാണ് അദ്ദേഹം ഒടുവിൽ എഴുതിയത്. നൂറോളം ചിത്രങ്ങൾക്ക് ജോൺ പോൾ തിരക്കഥ എഴുതിയിട്ടുണ്ട്. നിരവധി ചലച്ചിത്രഗ്രന്ഥങ്ങളുടെ രചയിതാവ് കൂടിയാണ് അദ്ദേഹം. തിരക്കഥാകൃത്ത്, നിര്‍മ്മാതാവ്, അഭിനേതാവ് എന്നി നിലകളിലും തന്‍റെ വ്യക്തമുദ്ര പതിപ്പിക്കുവാന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. 

മികച്ച ചലച്ചിത്രഗ്രന്ഥത്തിനുള്ള സംസ്ഥാന അവാർഡ്, മികച്ച സംവിധായകനുള്ള സംസ്ഥാന അവാർഡ്, മികച്ച പരിസ്ഥിതി ചിത്രത്തിനുള്ള ദേശിയ അവാർഡ്, തിരക്കഥയ്ക്കും ഡോക്കുമെന്ററിക്കുമുള്ള ഫിലിം ക്രിട്ടിക്‌സ് അവാർഡ്, സംസ്ഥാന ടെലിവിഷൻ അവാർഡ്, അന്താരാഷ്ട്ര നിരൂപക സംഘടനായ ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് ഫിലിം ക്രിട്ടിക്‌സ് (ഫിപ്രസി) പ്രത്യേക ജൂറി അവാർഡ് തുടങ്ങിയവ ലഭിച്ചിട്ടുണ്ട്. 

Latest Videos

click me!