ഐ വി ശശി സംവിധാനം ചെയ്ത ‘ഞാന്‍, ഞാന്‍ മാത്രം’ എന്ന ചിത്രത്തിന് കഥയെഴുതിയാണ് സിനിമയിലേക്കുളള വരവ്. 1980 ല്‍ ഭരതന്‍റെ സംവിധാനത്തിലിറങ്ങിയ ചാമരം എന്ന ചിത്രത്തിന് തിരക്കഥയെഴുതി. ചാമരത്തിന്‍റെ വാണിജ്യ വിജയത്തെ തുടര്‍ന്ന് വളരെ പെട്ടെന്ന് തന്നെ തിരക്കുള്ള ഒരു തിരക്കഥാകൃത്തായി ജോണ്‍ പോള്‍ പെട്ടെന്ന് തന്ന വളര്‍ന്നു.
തൊട്ടടുത്ത വര്‍ഷം അതായത് 1981 ല്‍ ജോണ്‍ പോളിന്‍റെ തൂലികയില്‍ എഴുതപ്പെട്ട എട്ട് തിരക്കഥകളാണ് സിനിമയായത്. പിന്നീടങ്ങോട്ട് 1997 വരെ നൂറ് കണക്കിന് ചിത്രങ്ങളാണ് അദ്ദേഹത്തിന്‍റെ തൂലികയില്‍ വിരിഞ്ഞത്.
കെ ജി ജോര്‍ജും ജോണ്‍ പോളും.
മിക്ക സിനിമകളും സാമ്പത്തിക വിജയവുമായിരുന്നു. 1990 കള്‍ക്ക് ശേഷമാണ് ജോണ്‍ പോള്‍ മലയാള സിനിമ വ്യവസായത്തില്‍ നിന്നും ഒന്ന് വിട്ടു നില്‍ക്കുന്നത്.
1997 ല്‍ മഞ്ജീര ധ്വനിക്ക് വേണ്ടി തിരക്കഥയെഴുതിയ ജോണ്‍ പോള്‍ പിന്നീട് തന്‍റെ തൂലിക എടുക്കുന്നത് 2009 ലാണ്. അന്ന് ഐ വി ശശിക്ക് വേണ്ടി അദ്ദേഹം വെള്ളത്തൂവല്‍ എന്ന സിനിമയുടെ തിരക്കഥ എഴുതി. അതേ വര്‍ഷം തന്നെ നമ്മള്‍ തമ്മില്‍ എന്ന വിജി തമ്പിയുടെ സിനിമയ്ക്കും അദ്ദേഹം തിരക്കഥാകൃത്തായി.
പിന്നീട് പത്ത് വര്‍ഷത്തോളം നീണ്ട നിശബ്ദതയ്ക്ക് ശേഷം 2019 ലാണ് അദ്ദേഹം വീണ്ടും സിനിമാ വ്യവസായത്തിലേക്ക് കടന്നു വരുന്നത്. കമലിന് വേണ്ടി പ്രണയമീനുകളുടെ കടല്‍ എന്ന വിനായകന്‍ നായകനായ സിനിമയ്ക്കും അദ്ദേഹം തിരക്കഥയെഴുതി.
2020 ല്‍ തിരക്കഥ പൂര്‍ത്തിയാക്കിയ രാജു ഏബ്രഹാമിന്‍റെ ട്രീസ ഹാഡ് എ ഡ്രീമാണ് അദ്ദേഹം പൂര്‍ത്തിയാക്കിയ അവസാന തിരക്കഥ. സിനിമ തന്നില്‍ നിന്ന് മാറിനിന്നപ്പോള്‍ ശൂന്യതയിലേക്കല്ല താന്‍ പോയതെന്ന് അദ്ദേഹം അന്ന് അഭിപ്രായപ്പെട്ടിരുന്നു.
ആശുപത്രിയില്‍ കിടക്കുന്ന ജോണ്‍ പോളിനെ എം കെ സാനു മാഷ് സന്ദര്‍ശിച്ചപ്പോള്‍.
ഒരുപാട് ഗവേഷണങ്ങള്‍ക്കും ഇതര വിഷയങ്ങള്‍ എഴുതുന്നതിനും ഇക്കാലത്ത് സാധിച്ചെന്നും അദ്ദേഹം പറഞ്ഞു. മാധ്യമ വിദ്യാര്‍ഥികള്‍ക്ക് സിനിമ പറഞ്ഞുകൊടുക്കാന്‍ സാധിച്ചു. ഒട്ടേറെ യുവ സംവിധായകരുടെ സിനിമാ ചര്‍ച്ചകള്‍ക്ക് ഊര്‍ജ്ജമാകാന്‍ സാധിച്ചുവെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ജോണ്‍ പോളും ഭരതനും.
ഈ കാലയളവില്‍ പലരും തിരക്കഥാ ചര്‍ച്ചകള്‍ക്കായി വരുമായിരുന്നുവെന്നും തനിക്ക് പറ്റിയ വിഷയങ്ങള്‍ അല്ലാതിരുന്നതിനാല്‍ ഒഴിവാക്കുകയായിരുന്നുവെന്നും ജോണ്‍ പോള്‍ അക്കാലത്തെ ഓര്‍ത്തെടുത്തിരുന്നു. ഇത്രയോക്കെ പ്രഗത്ഭമായ സിനിമകൾ മലയാള സിനിമയ്ക്ക് സമ്മാനിച്ചുവെങ്കിലും എന്നും സാധാരണക്കാരനെ പോലെ നടക്കാനായിരുന്നു ജോൺ പോളിന് ആഗ്രഹം. അതുകൊണ്ട് തന്നെയാണ് അദ്ദേഹം തന്‍റെ മരണം വരെയും വാടക വീട്ടിൽ കഴിഞ്ഞതും.
ജോണ്‍ പോളിന്‍റെ ഒരു പഴയകാല ചിത്രം.
സിനിമ സാമ്പത്തികമുണ്ടാക്കാനുള്ള ഒരു കുറുക്കുവഴിയായി താൻ കണ്ടിട്ടില്ലെന്നായിരുന്നു അദ്ദേഹം മുമ്പ് പറഞ്ഞിരുന്നത്. ഇത്രയും സിനിമകള്‍ ചെയ്തിട്ടും ഈ എഴുപത്തി രണ്ടാമത്തെ വയസ്സിലും വാടകവീട്ടില്‍ കഴിയുന്നുവെന്ന് പറയുന്നതില്‍ ഒരു കുറ്റബോധമോ ലജ്ജയോ തനിക്കില്ലെന്നും ജോൺ പോൾ അഭിമാനത്തോടെ പറഞ്ഞു.