ചെന്നൈ: '2024ൽ തമിഴ് സിനിമയ്ക്ക് ശരിക്കും എന്താണ് സംഭവിക്കുന്നത്' എന്ന ചര്‍ച്ച കോളിവുഡ് മാധ്യമങ്ങളില്‍ സജീവമാണ്. വമ്പന്‍ പൊങ്കല്‍ റിലീസുകളായി വന്ന നടൻ ധനുഷിന്‍റെ ക്യാപ്റ്റൻ മില്ലർ ശിവകാർത്തികേയന്‍റെ അയലന്‍ എന്നീ ചിത്രങ്ങൾ ബോക്‌സ് ഓഫീസിൽ മോശം പ്രകടനം കാഴ്ചവച്ചയിടത്ത് നിന്നാണ് കോളിവുഡിലെ ഇത്തവണത്തെ ബോക്സോഫീസ് യാത്ര ആരംഭിച്ചത്.
അതേ സമയം ലബ്ബര്‍ പന്ത്, മഹാരാജ തുടങ്ങിയ ലോ ബജറ്റ് ചിത്രങ്ങള്‍ ബോക്‌സ് ഓഫീസ് കളക്ഷനിൽ വന്‍ കുതിപ്പാണ് ഈ വര്‍ഷത്തെ രണ്ടാം പകുതിയില്‍ കോളിവുഡില്‍ നടത്തിയത്. എന്നാല്‍ ഈ വർഷം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്ന് ഇന്ത്യൻ 2 ആയിരുന്നു. ശങ്കർ സംവിധാനം ചെയ്ത് കമൽഹാസൻ നായകനാ വലിയ പ്രതീക്ഷകയില്‍ എത്തിയ ചിത്രം ബോക്സോഫീസില്‍ വന്‍ പരാജയമായി. ഒപ്പം വന്‍ ട്രോളും ഏറ്റുവാങ്ങി.
സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന സൂര്യയുടെ കങ്കുവയും സമാനമായ സാഹചര്യത്തെ അഭിമുഖീകരിക്കുകയാണ്. കങ്കുവയ്ക്ക് പലയിടത്തും നെഗറ്റിവ് റിവ്യൂവാണ് ലഭിക്കുന്നത്. നെറ്റിസൺസ് വലിയ തോതില്‍ ട്രോള്‍ ചെയ്യുന്നുണ്ട് ഈ ബിഗ് ബജറ്റ് ചിത്രത്തെ. ഈ പശ്ചാത്തലത്തിൽ പ്രശസ്ത മൂവി ട്രേഡ് അനലിസ്റ്റ് ക്രിസ്റ്റഫർ കനകരാജ് തമിഴ് സിനിമ 2014 ന് സമാനമായ അവസ്ഥയിലാണ് 2024 ലും എന്നാണ് പറയുന്നത്.
2014-ൽ സൂപ്പർസ്റ്റാർ രജനികാന്തിന് രണ്ട് റിലീസുകൾ ഉണ്ടായിരുന്നു: കെ.എസ് രവികുമാർ സംവിധാനം ചെയ്ത ലിംഗ, കെഎസ് രവികുമാറിന്‍റെ രചനയ്ക്ക് സൗന്ദര്യ രജനികാന്ത് ഒരുക്കിയ ആനിമേഷന്‍ ചിത്രം കൊച്ചടിയാന്‍. രണ്ട് ചിത്രങ്ങളും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നതിൽ പരാജയപ്പെട്ടു. സമാനമായ ഒരു സാഹചര്യം 2024-ൽ അരങ്ങേറിയതായി തോന്നുന്നു. ഈ വർഷം ലാൽ സലാം, വേട്ടയ്യൻ എന്നീ ചിത്രങ്ങൾ പുറത്തിറങ്ങി. അതില്‍ ലാല്‍ സലാം സംവിധാനം ചെയ്തത് രജനിയുടെ മകള്‍ ഐശ്വര്യ രജനികാന്ത് ആയിരുന്നു എന്നതാണ് കൗതുകം. ലാൽ സലാം ദയനീയ പരാജയം നേരിട്ടപ്പോൾ, ജയ് ഭീം സംവിധായകൻ ടി ജെ ജ്ഞാനവേല്‍ സംവിധാനം ചെയ്ത വേട്ടയാൻ. ജ്ഞാനവേലിന് സമ്മിശ്ര പ്രതികരണം ഉണ്ടാക്കി.
തമിഴില്‍ 2024 ല്‍ ഇതുവരെ ഏറ്റവും കൂടിയ ഗ്രോസ് നേടിയ ചിത്രം വിജയ് നായകനായ ഗോട്ട് ആണ്. വെങ്കിട്ട് പ്രഭുവാണ് ചിത്രം ഒരുക്കിയത്. 2014 ലും ആ വര്‍ഷത്തെ ഏറ്റവും കളക്ഷന്‍ നേടിയ തമിഴ് പടം വിജയ് ചിത്രമായിരുന്നു. എആര്‍ മുരുഗദോസ് സംവിധാനം ചെയ്ത തുപ്പാക്കിയായിരുന്നു അത്.
തമിഴിലെ എ ക്ലാസ് സ്റ്റാര്‍ പദവിയിലേക്ക് ആരാധകര്‍ എസ് കെ എന്ന് വിളിക്കുന്ന ശിവകാർത്തികേയന്‍ ഈ വര്‍ഷം അമരന്‍ എന്ന ഹിറ്റിലൂടെ അത്ഭുതമാണ് 2024 സൃഷ്ടിച്ചിരിക്കുന്നത്. 2014-ൽ മാൻ കരാട്ടെ എന്ന ചിത്രത്തിലൂടെ ശരിക്കും സര്‍പ്രൈസായി ശിവകാര്‍ത്തികേയന്‍ കോളിവുഡിനെ ഞെട്ടിച്ചിരുന്നു.
2014 ല്‍ വന്‍ ഹൈപ്പിലാണ് സൂര്യ നായകനായ അജ്ഞാന്‍ എത്തിയത്. ലിങ്കുസ്വാമി സംവിധാനം ചെയ്ത ചിത്രത്തില്‍ സാമന്തയായിരുന്നു നായിക. എന്നാല്‍ പടം വന്‍ പരാജയം ഏറ്റുവാങ്ങി. അതേ അവസ്ഥയിലാണ് 2024 ല്‍ ശിവയുടെ സംവിധാനത്തില്‍ വന്നിരിക്കുന്ന കങ്കുവയുടെ അവസ്ഥയും.
ധനുഷിന്‍റെ കരിയറിലെ 25മത്തെ ചിത്രം വേലയില്ല പട്ടധാരി 2014ലാണ് പുറത്തിറങ്ങിയത്. ഇത് വന്‍ വിജയം ആയിരുന്നു. 2024 ല്‍ ധനുഷിന്‍റെ കരിയറിലെ 50മത്തെ ചിത്രം രായന്‍ പുറത്തിറങ്ങി. അത് ധനുഷ് തന്നെയാണ് സംവിധാനം ചെയ്തത്.
സുന്ദര്‍ സിയുടെ അരമനെ ഫ്രാഞ്ചെസിയിലെ ആദ്യത്തെ ചിത്രം 2014 ല്‍ പുറത്തിറങ്ങി. അത് വന്‍ വിജയമാണ് നേടിയത്. സമാനമായി രീതിയില്‍ 2024 ല്‍ അരമനെ ഫ്രാഞ്ചെസിയിലെ നാലാം പടം റിലീസായി ഇത് 100 കോടി ക്ലബില്‍ ഇടം പിടിച്ചിരുന്നു.