മികച്ച സിനിമയായി ആവാസവ്യൂഹം: കൃഷാന്ദ് ആർ.കെ സംവിധാനം ചെയ്ത ആവാസവ്യൂഹമാണ് 2021 -ലെ മികച്ച ചിത്രം. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ പരിസ്ഥിതി പ്രശ്നം തന്നെയാണ് സിനിമ ചർച്ച ചെയ്യുന്നത്. ആവാസവ്യവസ്ഥയുടെ പതനമാണ് സിനിമ പ്രമേയമായി കൈകാര്യം ചെയ്യുന്നത്. കല എന്ന തലത്തിൽ മികച്ച ദൃശ്യാനുഭവവുമാണ് ആവാസവ്യൂഹം എന്ന് ജൂറി തന്നെ വിലയിരുത്തുന്നു.
ദിലീഷ് പോത്തൻ മികച്ച സംവിധായകൻ: ജോജി സിനിമയുടെ സംവിധാനത്തിന് മികച്ച സംവിധായകനുള്ള പുരസ്കാരം ദിലീഷ് പോത്തന്. വില്യം ഷേക്സ്പിയറുടെ മാക്ബെത്ത് നാടകത്തിൽ നിന്ന് പ്രചോദനം കൊണ്ട് തയ്യാറാക്കിയ ചലച്ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത് ഫഹദ് ഫാസിൽ, ബാബുരാജ്, ജോജി മുണ്ടക്കയം, ഉണ്ണിമായ പ്രസാദ് എന്നിവരാണ്. മഹേഷിന്റെ പ്രതികാരം, തൊണ്ടിമുതലും ദൃക്സാക്ഷിയും എന്നീ സിനിമകൾ വന്ന് മൂന്നുവർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ജോജി വരുന്നത്.
മികച്ച തിരക്കഥാകൃത്ത് കൃഷാന്ദ് ആർ. കെ : മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ട ആവാസവ്യൂഹത്തിന്റെ സംവിധായകനും തിരക്കഥാകൃത്തുമായ കൃഷാന്ദ് ആർ. കെ തന്നെയാണ് 2021 -ലെ സംസ്ഥാന ചലച്ചിത്ര അവാർഡിൽ മികച്ച തിരക്കഥാകൃത്തിനുള്ള പുരസ്കാരം നേടിയതും.
മികച്ച നടിയായി രേവതി: മലയാളികള്‍ക്ക് എക്കാലവും പ്രിയപ്പെട്ട നടിയാണ് രേവതി. ഇത്തവണ സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ മികച്ച നടിക്കുള്ള പുരസ്കാരം നേടിയത് രേവതിയാണ്. ഭൂതകാലം എന്ന സിനിമയിലെ അഭിനയത്തിനായിരുന്നു പുരസ്കാരം. രേവതിയും ഷെയ്‍ന്‍ നിഗവും പ്രധാനവേഷങ്ങളിലെത്തിയ സിനിമയെ ഒറ്റവാക്കില്‍ 'ഹോണ്ടിംഗ്' എന്നേ വിശേഷിപ്പിക്കാനാവൂ. ഭയമായിരുന്നു സിനിമയുടെ ഭാവം. അതില്‍ രേവതി നിറഞ്ഞാടുക തന്നെ ചെയ്തു. മലയാളികളുടെ പ്രിയപ്പെട്ട നടി അവർക്ക് അടുത്തകാലത്ത് സമ്മാനിച്ച ഏറ്റവും വലിയ സമ്മാനമായി ഭൂതകാലം.
മികച്ച നടനായി ജോജുവും ബിജു മേനോനും: മികച്ച നടനുള്ള അവാർഡ് നേടിയത് രണ്ടുപേരാണ്, ബിജു മേനോനും ജോജു ജോർജ്ജും. അടുത്തിടെയിറങ്ങിയ സിനിമകളിലെല്ലാം തന്നെ ജോജു തന്റെ പ്രതിഭ കാഴ്ച വച്ചിരുന്നു. പുരസ്കാരം തേടിയെത്തിയത് കഴിഞ്ഞ വർഷം ഇറങ്ങിയ നായാട്ട്, മധുരം, തുറമുഖം, ഫ്രീഡം ഫൈറ്റ് എന്നീ ചിത്രങ്ങളിലെ പ്രകടനത്തിനാണ്.
ആർക്കറിയാം എന്ന ചിത്രത്തിൽ വൃദ്ധനായിട്ടാണ് ബിജു മേനോൻ അഭിനയിച്ചത്. അനായാസമായി ആ വേഷം കൈകാര്യം ചെയ്തതിനാണ് ബിജു മേനോന് പുരസ്കാരം.
മികച്ച ജനപ്രിയ ചിത്രമായി ഹൃദയം: ജനപ്രീതിയും കലാമേന്മയുമുള്ള മികച്ച ചിത്രത്തിനുള്ള പ്രത്യേക അവാർഡ് ഹൃദയത്തിനാണ്. എക്കാലവും മലയാളി പ്രേക്ഷകരെ ആകർഷിച്ച വിഷയമാണ് പ്രണയം, പ്രണയനഷ്ടം, ക്യാംപസ് എന്നിവയെല്ലാം. എന്നാൽ, ദൃശ്യം, സംഗീതം, കലാസംവിധാനം തുടങ്ങിയ മേഖലകളിലും ഹൃദയം മേന്മ പുലർത്തിയെന്ന് ജൂറി നിരീക്ഷിച്ചു.
മികച്ച സ്വഭാവനടിയായി ഉണ്ണിമായ: ജോജി എന്ന സിനിമയിലെ പ്രകടനത്തിനാണ് മികച്ച സ്വഭാവനടിക്കുള്ള പുരസ്കാരം ഉണ്ണിമായയെ തേടിയെത്തിയത്. കുറ്റകൃത്യങ്ങളെ കൊണ്ട് അടയാളപ്പെടുത്തിയ വീട്ടിൽ അതിലേക്ക് തന്നെ ഇറങ്ങിച്ചേല്ലേണ്ടി വരുന്ന ഒരു സ്ത്രീയെ ഉണ്ണിമായ ചലച്ചിത്രത്തിൽ അതുപോലെ പകർത്തി. ശക്തമായ പ്രകടനങ്ങളിലൂടെ നേരത്തെയും ഉണ്ണിമായ വിസ്മയിപ്പിച്ചിട്ടുണ്ട്. വ്യക്തിത്വമുള്ള കഥാപാത്രങ്ങളായിരുന്നു ഉണ്ണിമായ തെരഞ്ഞെടുത്തതെല്ലാം.
മികച്ച സ്വഭാവനടനായി സുമേഷ് മൂർ: കൂർത്ത നോട്ടം കൊണ്ടും ഉറച്ച, അടിമുടി പ്രതികരിക്കുന്ന തരത്തിലുള്ള ശരീരഭാഷ കൊണ്ടും കളയിൽ അത്ഭുതപ്പെടുത്തിയ നടനാണ് സുമേഷ് മൂർ. കളയിൽ നിറഞ്ഞാടുക തന്നെയായിരുന്നു ഈ നടൻ. സ്വാഭാവികമായ മനുഷ്യന്റെ സ്വഭാവം പ്രതികരണവും പ്രതിരോധവും തന്നെയാണ്. അതിനെ പ്രതിഫലിപ്പിക്കാൻ മാത്രമല്ല പ്രേക്ഷകരെ അമ്പരപ്പിക്കാനും സുമേഷ് മൂറിന് കഴിഞ്ഞിരുന്നു.
മികച്ച സംഗീതസംവിധായകനായി ഹിഷാം അബ്ദുൾ വഹാബ് : ഹൃദയം സിനിമയിലെ ഗാനങ്ങളെല്ലാം ഹിറ്റായിരുന്നു. ഏവരും പാടിനടന്ന ഗാനങ്ങൾ. ഹൃദയത്തിലെ ഗാനങ്ങൾക്കാണ് മികച്ച സംഗീത സംവിധായകനുള്ള പുരസ്കാരം ഹിഷാം അബ്ദുൾ വഹാബിനെ തേടിയെത്തിയത്.