'സുരേഷ് ഗോപി ഒറ്റയ്ക്കല്ല': ലോക്സഭയിലേക്ക് എത്തുന്ന സിനിമ താരങ്ങളില്‍ കൂടുതലും ബിജെപി എംപിമാര്‍

First Published | Jun 5, 2024, 9:15 PM IST

ബിജെപി സിറ്റിംഗ് എംപിമാര്‍ അടക്കം ഉണ്ടായിരുന്നു. ബിജെപി ദില്ലി അദ്ധ്യക്ഷനും ഭോജ്പുരി നടനുമായ മനോജ് തിവാരി മുതല്‍ കേരളത്തില്‍ സുരേഷ് ഗോപിവരെ ബിജെപിക്കായി വിജയിച്ചിട്ടുണ്ട്. 
 

ദില്ലി: ലോക്സഭ തെരഞ്ഞെടുപ്പില്‍ വിജയിച്ച സിനിമ താരങ്ങളില്‍ കൂടുതല്‍ എംപിമാര്‍ ബിജെപിക്കാണ്. പതിവ് പോലെ താരങ്ങളുടെ ജനപ്രീതി മുതലെടുക്കാന്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ സിനിമക്കാരെ പ്രചാരണ രംഗത്ത് ഇറക്കിയിരുന്നു. ഇതില്‍ ബിജെപി തന്നെയായിരുന്നു മുന്നില്‍. ബിജെപി സിറ്റിംഗ് എംപിമാര്‍ അടക്കം ഉണ്ടായിരുന്നു. ബിജെപി ദില്ലി അദ്ധ്യക്ഷനും ഭോജ്പുരി നടനുമായ മനോജ് തിവാരി മുതല്‍ കേരളത്തില്‍ സുരേഷ് ഗോപിവരെ ബിജെപിക്കായി വിജയിച്ചിട്ടുണ്ട്. 

വിജയിച്ച താരങ്ങളുടെ വിവരങ്ങള്‍ ഇങ്ങനെ,

കങ്കണ റണൗട്

ഹിമാചല്‍ പ്രദേശിലെ മണ്ഡി മണ്ഡലത്തില്‍ ബിജെപി ടിക്കറ്റില്‍ മത്സരിച്ച കങ്കണ  മിന്നും വിജയമാണ് സ്വന്തമാക്കിയത്. മുന്‍ മുഖ്യമന്ത്രി വീരഭദ്ര സിംഗിന്‍റെ മകൻ വിക്രമാദിത്യ സിംഗായിരുന്നു ഹിമാചലിലെ മണ്ഡിയില്‍ താരത്തിന്റെ എതിരാളി. കോണ്‍ഗ്രസിന്റെ സിറ്റിംഗ് സീറ്റില്‍ ബോളിവുഡ് താരത്തിന്റെ വിജയം അക്ഷരാര്‍ഥത്തില്‍ വിക്രമാദിത്യയെ നിലംപരശാക്കുന്നതായിരുന്നു പറഞ്ഞാല്‍ അതിശയോക്തിയല്ല. ആറ് തവണ മുഖ്യമന്ത്രിയായിരുന്ന വീരഭദ്രയുടെ മകൻ എതിരാളിയായ തെരഞ്ഞെടുപ്പില്‍ കന്നിയങ്കത്തിന് എത്തിയ താരം ഫലം പ്രഖ്യാപിക്കുമ്പോള്‍ രാജ്യമൊട്ടാകെ ശ്രദ്ധയാകര്‍ഷിക്കുകയാണ്. 74,755 വോട്ടുകള്‍ക്കാണ് ബോളിവുഡ് താരം കങ്കണ വിക്രമാദിത്യ സിംഗിനെ പരാജയപ്പെടുത്തിയിരിക്കുന്നത്. 


അരുൺ ഗോവിൽ

രാമയണം ടിവി സീരിയലില്‍ ശ്രീരാമനെ അവതരിപ്പിച്ചതിലൂടെ പ്രശസ്തനായ അരുൺ ഗോവിൽ ഉത്തർപ്രദേശിലെ മീററ്റിൽ നിന്ന് ബിജെപി ടിക്കറ്റിൽ മത്സരിച്ച് ജയിച്ചു. തുടക്കത്തിൽ തിരിച്ചടി നേരിട്ടെങ്കിലും, സമാജ്‌വാദി പാർട്ടി സ്ഥാനാർത്ഥി സുനിത വർമയെ 10,585 വോട്ടിന്‍റെ ഭൂരിപക്ഷത്തിൽ പരാജയപ്പെടുത്തി  അദ്ദേഹം വിജയിച്ചു.
 

ശത്രുഘ്നൻ സിൻഹ

അസൻസോൾ ലോക്സഭാ മണ്ഡലത്തിൽ നിന്ന് മത്സരിച്ച മുതിർന്ന നടൻ ശത്രുഘ്നൻ സിൻഹ തൃണമൂൽ കോൺഗ്രസ് (ടിഎംസി) ടിക്കറ്റിലാണ് വിജയിച്ചത്. 59,564 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് അദ്ദേഹം വിജയിച്ചത്. നേരത്തെ ബിജെപിയിലായിരുന്നു ശത്രുഘ്നൻ സിൻഹ.

മനോജ് തിവാരി

നോർത്ത് ഈസ്റ്റ് ഡൽഹി ലോക്‌സഭ മണ്ഡലത്തില്‍ ഭോജ്പുരി സൂപ്പർസ്റ്റാർ മനോജ് തിവാരി 1,37,066 വോട്ടിന്‍റെ ശ്രദ്ധേയമായ ഭൂരിപക്ഷത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥി കനയ്യ കുമാറിനെ പരാജയപ്പെടുത്തി തുടർച്ചയായ മൂന്നാം തവണയും വിജയം നേടി. 

ഹേമ മാലിനി

മഥുര മണ്ഡലത്തിൽ തുടർച്ചയായി മൂന്നാം തവണയും വിജയിച്ചുകൊണ്ടാണ് ഇന്ത്യൻ സിനിമയുടെ 'ഡ്രീം ഗേൾ' ഹേമമാലിനി ഇത്തവണ പാര്‍ലമെന്‍റിലേക്ക് എത്തുന്നത്. 2,93,407 വോട്ടുകളുടെ അമ്പരപ്പിക്കുന്ന മാർജിനോടെയാണ് ബിജെപി സ്ഥാനാര്‍ത്ഥിയായ ഇവരുടെ വിജയം.

രവി കിഷൻ

ഭോജ്പുരി ബോളിവുഡ് പടങ്ങളില്‍ തിളങ്ങിയ നടന്‍ രവി കിഷൻ യുപിയിലെ ഗോരഖ്പൂരിൽ വിജയിച്ചു. 1,03,526 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു ഇദ്ദേഹത്തിന്‍റെ വിജയം.
 

സുരേഷ് ഗോപി

കേരളത്തിൽ ബിജെപിക്ക് ആദ്യ ലോക്സഭ സീറ്റ് നേടിക്കൊടുത്ത് സുരേഷ് ഗോപി ചരിത്രം സൃഷ്ടിച്ചത്. 74,686 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് അദ്ദേഹം സിപിഐ എമ്മിലെ സുനിൽകുമാറിനെയാണ് പരാജയപ്പെടുത്തിയത്. 2016 മുതൽ 2022 വരെ രാജ്യസഭാ എംപിയായും ഗോപി നോമിനേറ്റ് ചെയ്യപ്പെട്ടിട്ടുണ്ട്.

ബംഗാളില്‍ നിന്നും തൃണമൂലിന്‍റെ താരങ്ങള്‍

ബംഗ്ല ടിവി സിനിമ രംഗത്ത് നിന്നും ഒരു പിടിതാരങ്ങളെ തൃണമൂല്‍ ഈ ലോക്സഭയിലേക്ക് വിജയിപ്പിച്ചെടുത്തിട്ടുണ്ട്. ദേവ് അധികാരി, ഹിരൺ ചാറ്റർജി, ലോക്കറ്റ് ചാറ്റർജി, രചനാ ബാനർജി, ജൂൺ മാലിയ, സതാബ്ദി റോയ് തുടങ്ങിയ അഭിനേതാക്കളാണ് ലോക്സഭയിലേക്ക് എത്തുന്നത്.

Vijay Vasanth

കന്യാകുമാരിയില്‍ നിന്നും ജയിച്ച കോണ്‍ഗ്രസിന്‍റെ നിലവിലെ എംപി വിജയ് വസന്തും ഒരു സിനിമ നടനായിരുന്നു. തമിഴ്നാട്ടിലെ പ്രമുഖ വ്യാപാര ശൃംഖല വസന്ത് ആന്‍റ് കോ സ്ഥാപകന്‍ എച്ച് വസന്തകുമാറിന്‍റെ മകനാണ് വിജയ് വസന്ത്. കന്യാകുമാരി എംപിയായ ഇദ്ദേഹം അന്തരിച്ച വേളയിലാണ് ആദ്യമായി വിജയ് വസന്ത് എംപിയായത്. 

Latest Videos

click me!