കൊച്ചി: മലബാറിലെ യുവതലമുറയിലെ പെൺകുട്ടികളുടെ പ്രതിനിധിയായി ഫെമിനിച്ചി ഫാത്തിമയിൽ ഷാന എന്ന കഥാപാത്രം അവതരിപ്പിച്ച ബബിത ബഷീർ പ്രേക്ഷകരെ ഒറ്റൊറ്റ സീനിൽ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത് പ്രേക്ഷക ശ്രദ്ധ കവരുകയാണ്. യാഥാസ്ഥിത കുടുംബങ്ങളിലെ പെൺകുട്ടിയുടെ നേർ ചിത്രം തന്റെ അഭിനയ മികവിലൂടെ പ്രകടിപ്പിച്ച ബബിത ബഷീർ എന്ന അഭിനേത്രി കഥാപാത്ര മികവിലൂടെ കൈയ്യടി അർഹിക്കുന്നുണ്ട്.
ഐ.എഫ്.എഫ്.കെയിൽ ഏറെ നിരൂപകപ്രശംസയും, അഞ്ച് അവാർഡുകൾ വാരിക്കൂട്ടുകയും ചെയ്ത ഫെമിനിച്ചി ഫാത്തിമയിലെ തന്റെ റോൾ മികവുറ്റതാക്കി മാറ്റുന്നുണ്ട് ബബിത. ട്യൂഷൻ വീട് എന്ന വെബ് സീരീസിലൂടെ തനി നാടൻ ട്യൂഷൻ ടീച്ചറായി ഏറെ ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്യുന്ന ബബിത ബിഗ് സ്ക്രീനിലും നിരവധി പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ട്യൂഷൻ വീട്ടിൽ കുട്ടികളുടെ കുറുമ്പുകൾക്കൊപ്പം ചേർന്ന് നിൽക്കുമ്പോഴും നിശബ്ദമായൊരു പ്രണയവും മനസിൽ സൂക്ഷിക്കുന്ന കഥാപാത്രം നമ്മുടെ അയൽപക്കത്തെ യുവതിയുടെ നേർ ചിത്രമാണ്.
മന്ദാകിനി, ജാക്സൻ ബസാർ, കായ്പോള, പത്മ, സന്തോഷം, ഓ മൈ ഡാർലിങ്, ഇന്ദിര, ഓർമ്മയിൽ ഒരു ശിശിരം എന്നീ സിനിമകളിലും ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്. നിരവധി വെബ് സീരീസുകളിലും, പരസ്യചിത്രങ്ങളിലും പ്രധാന കഥാപാത്രമായി എത്തിയ ബബിത ആങ്കറിങ്ങിൽ കേരളത്തിലെ ശ്രദ്ധേയ സാന്നിദ്ധ്യമാണ്.
ഫാത്തിമ 'ഫെമിനിച്ചി'യായത് ഇങ്ങനെ- റിവ്യൂ
കേരളത്തിലെ പ്രധാന സ്വകാര്യ ചാനലുകളിലും, വിദ്യാഭ്യാസ വകുപ്പിന്റെ വിക്ടേഴ്സ് ചാനലിലും അവതാരകയായി പ്രവർത്തിച്ചിട്ടുണ്ട്. പ്രധാന ഓൺലൈൻ ചാനലുകളിലും സെലിബ്രിറ്റി ഇന്റെർവ്യൂവറായി പരിചയ സമ്പത്തുള്ള ബബിത മലബാർ ഗോൾഡ്, മൈജി, ചെമ്മന്നൂർ, തുടങ്ങി പ്രമുഖ ബ്രാന്റുകളുടെ സ്ഥിരം അവതാരകയാണ്.