ഒന്‍പത് കൊല്ലമായി ബോക്സോഫീസില്‍ ഒറ്റ പരാജയം ഇല്ല; പക്ഷെ വിജയിയുടെ 'ദളപതി 69' നിര്‍മ്മിക്കാന്‍ ആളില്ല !

First Published Jun 3, 2024, 7:49 PM IST

2015 ല്‍ ഇറങ്ങിയ ചിമ്പുദേവന്‍ സംവിധാനം ചെയ്ത ഫാന്‍റസി ചിത്രം പുലിയാണ് അവസാനമായി ബോക്സോഫീസില്‍ പരാജയപ്പെട്ട ചിത്രം.

ചെന്നൈ: തെന്നിന്ത്യന്‍ സിനിമയില്‍ ഏറ്റവും കൂടുതല്‍ ബോക്സോഫീസ് വിജയ നിരക്ക് ഇപ്പോള്‍ അവകാശപ്പെടാന്‍ സാധിക്കുന്ന താരമാണ് ദളപതി വിജയ്. കഴിഞ്ഞ 9 വര്‍ഷമായി മിക്സ്ഡ് റിവ്യൂ വന്ന വിജയ് ചിത്രങ്ങള്‍ പോലും ബോക്സോഫീസ് കണക്കില്‍ വിജയങ്ങളാണ് എന്നതാണ് നേര്. 2015 ല്‍ ഇറങ്ങിയ ചിമ്പുദേവന്‍ സംവിധാനം ചെയ്ത ഫാന്‍റസി ചിത്രം പുലിയാണ് അവസാനമായി ബോക്സോഫീസില്‍ പരാജയപ്പെട്ട ചിത്രം. 

പിന്നീട് വന്ന എല്ലാ വിജയ് ചിത്രങ്ങളും 200 കോടിക്ക് മുകളില്‍ എങ്കിലും ഗ്രോസ് ബോക്സോഫീസില്‍ ഉണ്ടാക്കിയിട്ടുണ്ട്. 2016 തെറി, 2017 മെരസല്‍, 2018 സര്‍ക്കാര്‍, 2019 ബിഗില്‍, 2021 മാസ്റ്റര്‍, 2022 ബീസ്റ്റ്, 2023 വാരീസ് 2023 ലിയോ എന്നീ ചിത്രങ്ങള്‍ എല്ലാം ബോക്സോഫീസ് കണക്ക് പ്രകാരം വിജയം എന്ന് പറയാം. ഇതില്‍ ലിയോ അടക്കം പല ചിത്രങ്ങള്‍ക്കും സമിശ്ര അഭിപ്രായം ഉണ്ടെങ്കിലും അവ കളക്ഷനെ ബാധിച്ചില്ലെന്നാണ് കണക്കുകള്‍ പറയുന്നത്. 

Latest Videos


ഇപ്പോള്‍ വെങ്കിട്ട് പ്രഭു സംവിധാനം ചെയ്യുന്ന 'ഗോട്ട്' എന്ന ചിത്രത്തിലാണ് വിജയ് അഭിനയിക്കുന്നത്. ചിത്രം വരുന്ന സെപ്തംബറില്‍ റിലീസാകും. എജിഎസ് എന്‍റര്‍ടെയ്മെന്‍റാണ് ചിത്രം നിര്‍മ്മിക്കുന്നത്. കഴിഞ്ഞ ഫെബ്രുവരിയില്‍ തന്‍റെ രാഷ്ട്രീയ പ്രവേശനം ദളപതി വിജയ് പ്രഖ്യാപിച്ചിരുന്നു. തമിഴക വെട്രി കഴകം എന്ന പാര്‍ട്ടിയും അദ്ദേഹം രൂപീകരിച്ചിട്ടുണ്ട്. 'ദളപതി 69' എന്ന് വിളിക്കപ്പെടുന്ന ഗോട്ടിന് ശേഷമുള്ള ചിത്രത്തിന് ശേഷം താന്‍ ചലച്ചിത്രം രംഗം വിട്ട് പൂര്‍ണ്ണമായും രാഷ്ട്രീയത്തിലിറങ്ങും എന്നാണ് വിജയ് പറയുന്നത്. 
 

അതിനാല്‍ തന്നെ തമിഴകം പ്രത്യേകിച്ച് വിജയ് ഫാന്‍സ് ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഇത്. ഇതിന്‍റെ സംവിധായകനാര് എന്ന ചര്‍ച്ചയും സജീവമായിരുന്നു. പല പേരുകളും ഉയര്‍ന്നിരുന്നു. ഇതില്‍ വിജയ് അവസാനം ഒരാളെ തിരഞ്ഞെടുത്തു എന്ന രീതിയിലും വാര്‍ത്ത വന്നിരുന്നു. ഔദ്യോഗികം അല്ലെങ്കിലും എച്ച്.വിനോദിന്‍റെ പേരാണ്  'ദളപതി 69' സംവിധായകനായി ഉയര്‍ന്ന് കേള്‍ക്കുന്നത്. 
 

എന്നാല്‍ വിജയിയുടെ കരിയറിലെ നിര്‍ണ്ണായകമായ ചിത്രത്തിന് ഇപ്പോള്‍ നിര്‍മ്മാതാവിനെ കിട്ടാനില്ലെന്നതാണ് പുതിയ വാര്‍ത്ത. നേരത്തെ  'ദളപതി 69' ആര്‍ആര്‍ആര്‍ എന്ന രാജമൌലിയുടെ ബ്രാഹ്മാണ്ഡ ചിത്രം നിര്‍മ്മിച്ച ഡിവിവി ദനയ്യ നിര്‍മ്മിക്കും എന്നാണ് വാര്‍ത്തകള്‍ വന്നത്. എന്നാല്‍ വിജയിയുടെ 200 കോടിക്ക് മുകളില്‍ വരുന്ന ശമ്പളം അടക്കം ഏറ്റ ദനയ്യ പിന്നീട് ചിത്രത്തില്‍ നിന്നും പിന്‍മാറുകയായിരുന്നു. പടം തുടങ്ങാന്‍ വൈകുന്നതാണ് തെലുങ്ക് പ്രൊഡ്യൂസറെ പിന്നോട്ട് വലിച്ചത് എന്നാണ് വിവരം. തെലുങ്കില്‍ നാനിയെ വച്ച് ഒരു വലിയ പടം ചെയ്യാനാണ് ഡിവിവി ദനയ്യയുടെ പുതിയ പദ്ധതി. 

എന്തായാലും നിലവില്‍ ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ താരമൂല്യമുള്ള താരമായ ദളപതി വിജയിയുടെ ചിത്രത്തിന് നിര്‍മ്മാതാവ് ഇല്ലെന്നതാണ് അവസ്ഥ. ഇത് കോളിവുഡില്‍ വാര്‍ത്തയാകുന്നുണ്ട്. അതേ സമയം വിജയ് രാഷ്ട്രീയത്തിലിറങ്ങുന്നതിന് മുന്‍പുള്ള ചിത്രം എന്ന നിലയില്‍ രാഷ്ട്രീയ വിഷയങ്ങള്‍ സിനിമയില്‍ വരാനുള്ള സാധ്യതയുണ്ട്. അതിനാല്‍ തന്നെ തമിഴ് സിനിമ രംഗത്ത് തമിഴ്നാട്ടിലെ ഭരണകക്ഷിയുടെ ശക്തി നന്നായി അറിയാവുന്ന തമിഴ്നാട്ടിലെ വന്‍ പ്രൊഡ്യൂസേര്‍സ് ഒന്നും  'ദളപതി 69' ല്‍ താല്‍പ്പര്യം കാണിക്കുന്നില്ലെന്നും ഒരു അഭ്യൂഹം കോളിവുഡില്‍ പരക്കുന്നുണ്ട്. 
 

TVK Vijay

ചില തമിഴ് മാധ്യമങ്ങളുടെ റിപ്പോര്‍ട്ട് പ്രകാരം കന്നഡ നിര്‍മ്മാതാക്കളായ കെവിഎന്‍ പ്രൊഡക്ഷന്‍ ചിത്രത്തില്‍ താല്‍പ്പര്യം അറിയിച്ചിട്ടുണ്ടെന്നാണ് വിവരം. എന്നാല്‍ ഈ ചര്‍ച്ചകള്‍ ഫലത്തില്‍ എത്തിയിട്ടില്ല. കെജിഎഫിന് ശേഷം യാഷ് അഭിനയിക്കുന്ന ടോക്സിക് ചിത്രത്തിന്‍റെ നിര്‍മ്മാതാക്കളാണ് ഇവര്‍. 

click me!