ഹേയ്..തുടങ്ങി മക്കളേ സിനിമാക്കാലം; 'റീലുത്സവ' കൊടിയേറ്റ കാഴ്ചകൾ

First Published | Dec 13, 2024, 10:33 PM IST

തിരുവനന്തപുരം ന​ഗരത്തിലിനി സിനിമാപാച്ചിലാണ്. തിയറ്ററുകളിൽ നിന്നും തിയറ്ററുകളിലേക്കുള്ള സിനിമാസ്വാദകരുടെ പാച്ചിലുകൾ. അതേ, ഇരുപത്തി ഒൻപതാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇന്ന് തിരിതെളിഞ്ഞിരിക്കുകയാണ്.  മുഖ്യമന്ത്രി പിണറായി വിജയൻ തിരിതെളിച്ച് ആരംഭിച്ച മേളയിൽ പ്രമുഖ ചലച്ചിത്രതാരം ശബാന ആസ്മി മുഖ്യാതിഥിയായി എത്തി. 
 

മൂന്നാം ലോക സിനിമക്ക് പ്രാധാന്യം നൽകുന്ന മേളയാണ് ഇത്തവണത്തെതെന്ന് മേള ഉദ്ഘാടനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു. കോർപറേറ്റ് താല്പര്യങ്ങൾക്ക് മുൻതൂക്കം നൽകുന്ന സിനിമകൾ ഇപ്പോൾ കൂടുതലായി ഉണ്ടാകുന്നുവെന്നും ഇതോടൊപ്പം കലാമൂല്യമുള്ള സിനിമകളും ഉണ്ടാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഹോങ്ങൊങ് സംവിധായക ആൻ ഹൂയിക്ക് ലൈഫ് ടൈം അച്ചീവ്മെന്‍റ് പുരസ്കാരം നൽകി. നിറ കയ്യടികളോടെയാണ് അദ്ദേഹത്തെ കേരളക്കര വരവേറ്റത്. 


പ്രേക്ഷകരുടെ സഹൃദയത്വവും ആസ്വാദനമികവുമാണ് ഐഎഫ്എഫ്‌കെയെ മികവുറ്റതാക്കുന്നതെന്നാണ്  ഷബാന ആസ്മി പറഞ്ഞത്. കലാ ആസ്വാദനത്തിൽ മികച്ച പാരമ്പര്യമാണ് കേരളത്തിന്റേത്. കേരളത്തിലെ പ്രേക്ഷകരുടെ സ്‌നേഹം ഏറ്റുവാങ്ങുന്നത് എപ്പോഴും സന്തോഷമുള്ള കാര്യമാണെന്നും ഷബാന ആസ്മി പറഞ്ഞു. 

പ്രേക്ഷക പങ്കാളിത്തം കൊണ്ടും പ്രദർശിപ്പിക്കുന്ന സിനിമകളുടെ മികവുകൊണ്ടും കേരള രാജ്യാന്തര ചലച്ചിത്രമേള ലോകശ്രദ്ധ ആകർഷിക്കുന്നതായി സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ പറഞ്ഞു. പ്രമേയം കൊണ്ടും വൈവിധ്യം കൊണ്ടും മറക്കാൻ കഴിയാത്ത അനുഭവമായി കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ 29-ാം പതിപ്പ് മാറുമെന്നും മന്ത്രി.

ഡിസംബർ 13 മുതൽ 20 വരെയാണ് ഈ വർഷത്തെ ഐഎഫ്എഫ്കെ നടക്കുന്നത്. 15 സ്ക്രീനുകളിലായി 177 സിനിമകളാണ് ഇത്തവണ പ്രദർശിപ്പിക്കും. 

വിവിധ അന്താരാഷ്ട്രമേളകളിൽ പുരസ്കാരം സ്വന്തമാക്കുകയും നിരൂപകപ്രശംസ നേടുകയും ചെയ്ത ചിത്രങ്ങൾ പതിവുപോലെ ഇത്തവണയും മേളയുടെ ആകർഷണമായിരിക്കും.

29-ാമത് ഐഎഫ്എഫ്കെ സ്ത്രീകള്‍ക്ക് ഏറെ പ്രധാന്യം നല്‍കിയിട്ടുണ്ട്. പ്രദർശിപ്പിക്കുന്ന 177 ചിത്രങ്ങളിൽ 52 സിനിമകൾ സ്ത്രീ സംവിധായകരുടേതാണ്.  

ഇതിൽ കാമദേവൻ നക്ഷത്രം കണ്ടു, ഗേൾഫ്രണ്ട്സ്, വിക്ടോറിയ, അപ്പുറം എന്നിങ്ങനെ നാല് പടങ്ങൾ മലയാളി വനിതാ സംവിധായകരുടെ ചിത്രങ്ങളാണ്.

29-ാമത് ഐ എഫ് എഫ് കെയുടെ ആദ്യ ദിനമായ ഇന്ന് 11 ചിത്രങ്ങളാണ് പ്രദർശിപ്പിച്ചത്. 'ഐ ആം സ്റ്റിൽ ഹിയർ' ആയിരുന്നു ഉദ്ഘാടന ചിത്രം. 1970കളുടെ തുടക്കത്തിൽ ബ്രസീലിൽ സൈനിക സ്വേച്ഛാധിപത്യത്തിന് കീഴിൽ ഞെരിഞ്ഞമരുന്ന കാലത്ത് നടന്ന സംഭവത്തിന്റെ ചലച്ചിത്രാവിഷ്‌കാരമാണിത്. 

Latest Videos

click me!