ചലച്ചിത്ര മേളയില്‍ നടന്‍ സെന്തിലും ഇന്ന് പങ്കെടുത്തിരുന്നു. മേളയിലെ അണിയറ പ്രവര്‍ത്തകരടക്കമുള്ളവരോടും സഹപ്രവര്‍ത്തകരോടും സൗഹൃദം പങ്കിട്ട സെന്തില്‍ സിനിമയും കണ്ടാണ് മടങ്ങിയത്.
തിരക്കഥ രചിയതാവും നടനുമൊക്കെയായ വിഷ്ണു ഉണ്ണി കൃഷ്ണനും മേളയില്‍ പങ്കെടുക്കാന്‍ എത്തി. പ്രിയതാരത്തെ കണ്ടെത്തിയ ആരാധകര്‍ക്ക് ഒപ്പം സെല്‍ഫിയും സൗഹൃദവും പങ്കിട്ട ശേഷമായിരുന്നു താരം മടങ്ങിയത്.
ചലച്ചിത്ര മേളയുടെ രണ്ടാം ദിനത്തിൽ 67 ചിത്രങ്ങൾ പ്രദർശിപ്പിച്ചത്. ഹോമേജ് വിഭാഗത്തിൽ പ്രദർശിപ്പിക്കുന്ന എം. മോഹൻ സംവിധാനം ചെയ്‍ത 'രചന', ഉത്പലേന്ദു ചക്രബർത്തി സംവിധാനം ചെയ്ത 'ചോഘ്', സെന്റണിയൽ ട്രിബ്യൂട്ട് വിഭാഗത്തിൽ പി. ഭാസ്‌കരൻ സംവിധാനം ചെയ്‍ത 'മൂലധനം' എന്നിവ രണ്ടാം ദിനം പ്രദർശിപ്പിക്കുന്ന ശ്രദ്ധേയ ചിത്രങ്ങളായിരുന്നു.
മലയാളം സിനിമ ടുഡേ വിഭാഗത്തിൽ വിജയരാഘവൻ, ആസിഫ് അലി, അപർണ ബാലമുരളി എന്നിവർ അഭിനയിച്ച കിഷ്‌കിന്ധാ കാണ്ഡത്തിന്റെ പ്രദർശിപ്പിച്ചു.
ബജ്ജിക ഭാഷയിൽ ചിത്രീകരിച്ച ആദ്യ ചലച്ചിത്രമായ ആജൂറിന്റെ പ്രദർശനം ഐ.എഫ്.എഫ്.കെയിൽ ശ്രദ്ധേയമായി. ബജ്ജിക ഭാഷ സംസാരിക്കുന്ന ശ്രീരാംപുർ ഗ്രാമവാസികളുടെ കൂട്ടായ്മയിൽ ഒരുങ്ങിയതാണ് ആജൂർ. അഞ്ച് വർഷത്തെ കഠിനപ്രയത്‌നത്തിലൂടെ ചിത്രം നിർമിച്ചത് ഗ്രാമവാസികളാണ്.
നിരവധി രാജ്യാന്തര മേളകളിൽ പങ്കെടുത്തിട്ടുണ്ടെങ്കിലും ഐ.എഫ്.എഫ്.കെയുടേത് പോലുള്ള പ്രേക്ഷക പങ്കാളിത്തം എവിടെയും കണ്ടിട്ടില്ലെന്നാണ് വിഖ്യാത ചലച്ചിത്രകാരി ആഗ്‌നസ് ഗൊദാർദ് പറഞ്ഞത്.
ഐഎഫ്എഫ്‌കെയിലെ മീറ്റ് ദ ഡയറക്ടേഴ്‌സിനും ഇന്ന് തുടക്കം കുറിച്ചിരുന്നു. 'അപ്പുറം' സിനിമയുടെ സംവിധായിക ഇന്ദുലക്ഷ്മി, ചിത്രത്തിലെ അഭിനേതാവ് ജഗദീഷ്, 'വെളിച്ചം തേടി' സിനിമയുടെ സംവിധായകൻ റിനോഷൻ കെ., അർജന്റൈൻ ചിത്രമായ 'ലിന്റ'യുടെ സഹരചയിതാക്കളിൽ ഒരാളായ സബ്രിന കാംപ്പോസ് എന്നിവർ പങ്കെടുത്തു.
സിനിബ്ലഡ് എന്ന പേരിൽ ടാഗോർ തിയറ്ററിൽ രക്തദാന ക്യാമ്പും സംഘടിപ്പിച്ചിരുന്നു. ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേംകുമാർ പരിപാടി ഉദ്ഘാടനം ചെയ്തത്. അക്കാദമി ജനറൽ കൗൺസിൽ അംഗം സന്തോഷ് കീഴാറ്റൂർ ആദ്യ രക്തം ദാനം നടത്തി.
ഡിസംബർ 13 മുതൽ 20 വരെയാണ് ഈ വർഷത്തെ ഐഎഫ്എഫ്കെ നടക്കുന്നത്. 15 സ്ക്രീനുകളിലായി 177 സിനിമകളാണ് ഇത്തവണ പ്രദർശിപ്പിക്കുക.
നാളെ മലയാള സിനിമയുടെ ശൈശവ ദശ മുതൽ എൺപതുകളുടെ തുടക്കം വരെ തിരശീലയിൽ തിളങ്ങിയ മുതിർന്ന നടിമാരെ ആദരിക്കുന്ന 'മറക്കില്ലൊരിക്കലും' നടക്കും.