Bigg Boss: വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയില്‍ തട്ടി കളി മറന്ന മത്സരാര്‍ത്ഥികള്‍

First Published | May 13, 2022, 12:30 PM IST

ബിഗ് ബോസ് (Bigg Boss) വീട്ടിനുള്ളിലേക്ക് വൈല്‍ഡ് കാര്‍ഡ് (Wild Card) എന്‍ട്രിയില്‍ രണ്ട് പേര്‍ കയറിയിട്ട് നാല് ദിവസം മാത്രമേ ആയിട്ടുള്ളൂ. അതിനുള്ളില്‍ വീട്ടിനുള്ളില്‍ അതുവരെയുണ്ടായിരുന്ന ബാക്കി പന്ത്രണ്ട് മത്സരാര്‍ത്ഥികളുടെ മത്സരരീതികളിലും വലിയ മാറ്റമാണ് സംഭവിച്ചിരിക്കുന്നത്. നാലാം സീസണില്‍ ഇതുവരെ പ്രമുഖ്യം നേടിയിരുന്ന മത്സരാര്‍ത്ഥികളായിരുന്ന ഡോ.നവീന്‍, ജാസ്മിന്‍, ലക്ഷ്മി പ്രിയ എന്നിവര്‍ പോലും വീട്ടിനുള്ളില്‍ നിന്ന് സ്ക്രീന്‍ പ്രസന്‍സ് ഉണ്ടാക്കാന്‍ ഏറെ കഷ്ടപ്പെടുകയാണ്. അതിനിടെയാണ് കഴിഞ്ഞ നാല്പത്തിയെഴോളം ദിവസം അത്രയ്ക്ക് ആക്ടീവ് അല്ലാതിരുന്നവരുടെ കാര്യം ഏറെ പരുങ്ങലിലാകുന്നത്. നിമിഷ, അഖില്‍, ധന്യ, ബ്ലെസ്ലി, ദില്‍ഷ, സുചിത്ര, സൂരജ്, അപര്‍ണ, റോണ്‍സണ്‍ എന്നീ മത്സരാര്‍ത്ഥികള്‍ ഇന്നലെ തീര്‍ത്തും നിറം മങ്ങിയ മത്സരമായിരുന്നു കാഴ്ചവച്ചത്. 

കഴിഞ്ഞ രണ്ട് ദിവസങ്ങളിലെ അശാന്തമായ അന്തരീക്ഷത്തിന് ശേഷം, ബിഗ് ബോസ് വീട്ടില്‍ അല്പം ശാന്തത തോന്നിയ ദിവസമായിരുന്നു ഇന്നലെ. കഴിഞ്ഞ ദിവസങ്ങളിലെ അസുഖകരമായ കാര്യങ്ങളില്‍ അസ്വസ്ഥരായ ചില മത്സരാര്‍ത്ഥികള്‍ ഇന്നലെ മറ്റ് മത്സരാര്‍ത്ഥികള്‍ക്ക് മുന്നില്‍ കരയുകയും ചെയ്തു. 

ഇന്നലത്തെ എപ്പിസോഡ് തുടങ്ങിയത് തന്നെ ഏറ്റവും ശക്തയായ മത്സരാര്‍ത്ഥികളിലൊരാളായി ഇതിനകം തെളിയിച്ച ജാസ്മിന്‍റെ കരച്ചിലോടെയായിരുന്നു. വീട്ടിനുള്ളിലെ ശരി തെറ്റുകളോട് സത്യസന്ധമായി പ്രതികരിക്കാനാകുന്നില്ലെന്ന് ജാസ്മിന്‍, ബിഗ് ബോസിന് മുന്നിലും പ്രേക്ഷകര്‍ക്ക് മുന്നിലും ഒടുവില്‍ കുമ്പസാരിച്ചു. 


ഒരു കെട്ടിപ്പിടിത്തതിന് ഒരിക്കലും പ്രാധാന്യം കല്‍പ്പിക്കാത്തൊരാളാണ് താന്‍. എന്നാല്‍, തനിക്കൊരാളെ ഇപ്പോള്‍ മനസറിഞ്ഞ് കെട്ടിപ്പിടിക്കാന്‍ പോലും കഴിയുന്നില്ലെന്ന് ജാസ്മിന്‍ ഏറ്റുപറഞ്ഞു. വീട്ടിനുള്ളിലെ മത്സരങ്ങള്‍, മത്സരാര്‍ത്ഥികളെ മാനസികമായി ബാധിച്ച് തുടങ്ങിയിരിക്കുന്നു എന്നതിന്‍റെ തെളിവായിരുന്നു ജാസ്മിന്‍റെ വാക്കുകള്‍. 

ജാസ്മിന്‍, കണ്‍ഫഷന്‍ റൂമില്‍ നിന്ന് ഇറങ്ങാന്‍ വൈകിയപ്പോള്‍ മുതല്‍ നിമിഷ കരച്ചിലാരംഭിച്ചു. ജാസ്മിന്‍ അതുവഴി ഷോയ്ക്ക് പുറത്ത് പോയെന്നായിരുന്നു നിമിഷ കരുതിയത്. മറ്റെല്ലാവരും കൂടി നിമിഷയെ സമാധാനിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും നിമിഷ, ഏങ്ങലടിച്ച് കരയുന്നത് കാണാമായിരുന്നു. 

ഷോയുടെ അവസാനമായിരുന്നു സുചിത്രയുടെ കരച്ചില്‍. വിനയ് മാധവ് തന്നെ അനാവശ്യമായി ചെറിയാന്‍ വന്നപ്പോള്‍ മുതല്‍ താന്‍ അസ്വസ്ഥനായിരുന്നെന്നും ഒരു കാരണത്തിനായി താന്‍ കാത്തിരിക്കുകയാണെന്നും സുചിത്ര, കുട്ടി അഖിലിനോടും സൂരജിനോടും പറഞ്ഞു. '

നാല്പത്തിയേഴ് ദിവസത്തെ ബിഗ് ബോസ് വീട്ടിലെ മത്സര ജീവിതത്തിന്‍റെ ശക്തി ഭൗര്‍ബല്യങ്ങളെ അടിമുടി അട്ടിമറിക്കുന്നതായിരുന്നു വിനയ് മാധവിന്‍റെയും റിയാസ് സലിമിന്‍റെയും കടന്ന് വരവ്. ഇരുവരുടെയും കടന്ന വരവിന് പിന്നാലെ ഉടലെടുത്ത സംഭവവികാസങ്ങളുടെ പ്രത്യാഘാതമായിരുന്നു മൂന്നുപേരുടെ കരച്ചിലും.

ഇന്നലത്തെ എപ്പിസോഡില്‍ കരച്ചിലുകള്‍ മൂന്നെണ്ണം കണ്ടെങ്കിലും ഷോയിലെ മത്സരാര്‍ത്ഥികളില്‍ ചിലര്‍ പൂര്‍ണ്ണമായും മറ്റ് ചിലര്‍ പാതിയും നിശബ്ദരായതായി കാഴ്ചക്കാര്‍ക്ക് അനുഭവപ്പെട്ടു. ഡോ.നവീന്‍, ജാസ്മിന്‍, ലക്ഷ്മി പ്രിയ എന്നിവര്‍ കഴിഞ്ഞാല്‍ ശക്തമായ മറ്റൊരു മത്സരാര്‍ത്ഥിയായ നിമിഷ ഇന്നലെ ഏതാണ്ട് പൂര്‍ണ്ണമായും നിറം മങ്ങിയ നിലയിലായിരുന്നു.

സീക്രട്ട് റൂമില്‍ നിന്ന് തിരിച്ചെത്തിയ നിമിഷയായിരുന്നില്ല ഇന്നലത്തെ സ്ക്രീനില്‍ ഉണ്ടായിരുന്നത്. സഹമത്സരാര്‍ത്ഥി വീട് വിട്ട് പോയെന്ന സംശയം പോലും നിമിഷയെ അസ്വസ്ഥയാക്കി. അതിന് ശേഷം പല പ്രശ്നങ്ങള്‍ നടന്നപ്പോഴൊക്കെ നിമിഷ നിശബ്ദ സാക്ഷിയായി അവിടവിടെ നിലയുറപ്പിക്കുക മാത്രമാണ് ചെയ്തത്. 

കഴിഞ്ഞ ആഴ്ചയിലെ ക്യാപ്റ്റനായ അഖില്‍ പലപ്പോഴും ഇടപെടാനുള്ള ഒരു ഗ്യാപ്പ് നോക്കിയിരുന്നെങ്കിലും റിയസ് സലീമിന്‍റെ നിര്‍ത്താതെയുള്ള സംസാരത്തിന് മുന്നില്‍ പിടിച്ച് നില്‍ക്കാന്‍ പറ്റാതെ പലപ്പോഴും സ്ക്രീനിന്‍റെ വശങ്ങളിലേക്ക് ഒതുക്കപ്പെട്ടു. എന്നാല്‍, ഷോയുടെ ഒടുവില്‍ നടന്ന ബലൂണ്‍ പൊട്ടിക്കല്‍ ടാസ്കില്‍ മാത്രമാണ് അഖിലിന് അല്‍പം ജോലിയുണ്ടായിരുന്നത്. 

നിലപാടുകള്‍ വ്യക്തമായി പറയുന്ന ഒരാളെന്ന നിലയില്‍ ശക്തമായ മറ്റൊരു മത്സരാര്‍ത്ഥിയായ ധന്യയും ഇന്നലെ നിറം മങ്ങി. പലപ്പോഴും തന്‍റെ നിലപാടുകള്‍ പറയാന്‍ ശ്രമിക്കുന്ന ധന്യയെ കാണാമായിരുന്നെങ്കിലും വിനയ് മാധവിന്‍റെയും റിയാസിന്‍റെയും ശബ്ദത്തിന് മുകളില്‍ മറ്റൊരു ശബ്ദം കേള്‍പ്പിക്കുകയെന്നത് മറ്റ് മത്സരാര്‍ത്ഥികളെ സംബന്ധിച്ച് ഏറെ വെല്ലുവിളിയാണ്. 

തന്‍റെതായ നീക്കത്തിലൂടെ സുചിത്ര ഇന്നലെ സ്വന്തം സാന്നിധ്യം അറിയിക്കാന്‍ ശ്രമിച്ചു. വീട്ടിനുള്ളിലെ പ്രധാന വഴക്കാളികളായ റിയാസ് സലീമിനോടും റോബിനോടും പ്രശ്നങ്ങള്‍ പരസ്പരം സംസാരിച്ച് തീര്‍ക്കാന്‍ ശ്രമിച്ചൂടെയെന്നായിരുന്നു സുചിത്രയുടെ ചോദ്യം.

ഡോ.റോബിനും റിയാസ് സലീമും ഈ അവസാരം തങ്ങളുടെ സ്ക്രീന് പ്രസന്‍സിനായി ഉപയോഗപ്പെടുത്തിയതോടെ തന്‍റെ പിഴയെന്ന് സുചിത്രയ്ക്ക് തന്നെ പറയേണ്ടിവന്നു. 

ടാസ്കിന്‍റെ നിയമങ്ങളിലെ 'ലൂപ്പ് ഹോളു'കളിലായിരുന്നു ബ്ലെസ്ലിയുടെ പ്രധാന ആക്ഷന്‍ സീനുകള്‍ അരങ്ങേറിയിരുന്നത്. നിയമത്തിലെ ലൂപ്പ് ഹോള്‍ പോയിട്ട്, ടാസ്കില്‍ പോലും സാന്നിധ്യമറിയിക്കുന്നതില്‍ ബ്ലെസ്ലി പരാജയപ്പെട്ടു.

പുതിയ മത്സരാര്‍ത്ഥികളോട് കൃത്യമായി ഇടപെടാന്‍ പോലും ബ്ലെസ്ലിക്ക് പലപ്പോഴും കഴിയുന്നില്ല. വീട്ടിനുള്ളിലെ മാറിയ സാഹചര്യത്തില്‍ പുതിയ തന്ത്രങ്ങള്‍ ഇറക്കിയില്ലെങ്കില്‍ ബ്ലെസ്ലിയുടെ വീട്ടിലെ നിലനില്‍പ്പ് തന്നെ പരുങ്ങലിലാണ്.

റിയസ് സലീമിന്‍റെ ത്രികോണ പ്രണയാരോപണത്തോടെ വീടിനുള്ളിലെ കാറ്റ് പോയ ബലൂണിന്‍റെ അവസ്ഥയിലാണ് ദില്‍ഷ. ദില്‍ഷ, ഡോ.റോബിനോടും ബ്ലെസ്ലിയോടും മാത്രമേ സംസാരിക്കുന്നൊള്ളൂവെന്ന ഗുരുതരമായ ആരോപണവും റിയാസ് ഉയര്‍ത്തിയിരുന്നു. കോടതി ടാസ്കില്‍ റിയാസിനെതിരെ മാത്രമായിരുന്നു ദില്‍ഷയുടെ വാക്പോര് നടന്നത്. എന്നാല്‍ ഇന്നലെ മറ്റ് പ്രശ്നങ്ങളുണ്ടാകാതിരുന്നതോടെ ദില്‍ഷയും ഇന്നലത്തെ ഷോയില്‍ തികച്ചും നിശബ്ദയായിരുന്നു. 

പൊതുവേ സൂരജിനെ കുറിച്ചുള്ള ആരോപണം, സൂരജിന്‍റെ ശബ്ദം വീട്ടിനുള്ളില്‍ ഉയര്‍ന്നുകേള്‍ക്കുന്നില്ലെന്നതായിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ വീട്ടിനുള്ളിലെ സംഭവവികാസങ്ങള്‍ സൂരജിനെ കൂടുതല്‍ നിശബ്ദനാക്കിയോ എന്ന് സംശയം ഉയര്‍ത്തി.

ഏറ്റവും ഒടുവിലത്തെ ക്യാപ്റ്റന്‍സി ടാസ്കിലൂടെ സൂരജ് തിരിച്ച് വരവിനുള്ള ഒരു ശ്രമം നടത്തിയെങ്കിലും വൈല്‍ഡ് കാര്‍ഡ് എന്‍ട്രികളുടെ കുത്തൊഴുക്കില്‍ സൂരജിനും സ്വയം നഷ്ടമായി. 

സൂരജിനെ പോലെ തന്നെ അപര്‍ണയും ഇന്നലെ നിറം മങ്ങിയ മറ്റൊരു മത്സരാര്‍ത്ഥിയായിരുന്നു. പതിവ് പോലെ ഒരോരുത്തരുടെ അടുത്ത് പോയി സ്വന്തം നിലപാട് പറയാന്‍ അപര്‍ണ ശ്രമിക്കുന്നുണ്ടെങ്കിലും അത്തരം ഒറ്റയാള്‍ പോരാട്ടങ്ങള്‍ക്ക് വീട്ടിനുള്ളിലെ ശബ്ദകോലാഹലങ്ങളുടെ ഇടയില്‍ ഇടം ലഭിക്കാതെ പോകുന്നു. 

വാക്കല്ല, പ്രവര്‍ത്തിയാണ് പ്രധാനം എന്നതാണ് റോണ്‍സണിന്‍റെ ആപ്തവാക്യം. അത് അദ്ദേഹം ഇന്നലെയും തെളിയിച്ചു. റിയാസ് സലീമും ഡോ.റോബിനും തമ്മിലുള്ള വാക്‍വാദം അതിശക്തമായി തുടരുമ്പോഴും ഇതൊന്നുമറിയാതെ, അടുക്കളയില്‍ ഭക്ഷണമുണ്ടാക്കുന്ന തിരിക്കിലായിരുന്നു റോണ്‍സണ്‍. ഇന്നലത്തെ എപ്പിസോഡിന്‍റെ ഏറ്റവും ഒടുവിലെ ടാസ്കില്‍ അവസാന ബലൂണ്‍ വെടിവച്ചിട്ട് മാസ് കാണിച്ച് നടന്നുപോകുമ്പോള്‍ മാത്രമാണ് റോണ്‍സണ്‍ എന്ന മത്സരാര്‍ത്ഥി ഇപ്പോഴും വീട്ടിലുണ്ടെന്ന് നാം മനസിലാക്കുക.

സാധാരണ വീട്ടിലെന്ത് സംഭവം നടന്നാലും അതിന്‍റെ പ്രധാന കേന്ദ്രങ്ങളിലൊന്നായി ലക്ഷ്മി പ്രിയയും ഉണ്ടാകും. എന്നാല്‍, കോടതി ടാസ്ക്  കഴിഞ്ഞതിന് ശേഷം പലപ്പോഴും വീട്ടിനുള്ളില്‍ ഉണ്ടാകുന്ന പ്രശ്നങ്ങളുടെ അരിക് പറ്റി നിശബ്ദയായി നില്‍ക്കുന്ന ലക്ഷ്മി പ്രിയയെ ആണ് പ്രേക്ഷകര്‍ ഇന്നലെ കണ്ടത്. 
 

Latest Videos

click me!