ഇന്നലെ രണ്ട് തരം പൂ മാലകളുമായാണ് മോഹന്‍ലാല്‍ എത്തിയത്. ഒരു താലത്തിലുള്ള മാല പുതിയതും മറ്റേ താലത്തിലുള്ളത് പഴയതും കരിഞ്ഞുണങ്ങിയതുമായ പൂമാലയായിരുന്നു. മത്സാരാര്‍ത്ഥികളായ പന്ത്രണ്ട് പേരും രണ്ട് മാലകളും തങ്ങള്‍ തെരഞ്ഞെടുക്കുന്ന രണ്ട് മത്സരാര്‍ത്ഥികള്‍ക്കായി സമ്മാനിക്കണം.
ഇതുവരെയുള്ള മത്സരങ്ങളുടെ അടിസ്ഥാനത്തില്‍ ബിഗ് ബോസ് വീട്ടില്‍ ഇനിയും തുടരണമെന്ന് തങ്ങള്‍ക്ക് തോന്നുന്ന മത്സരാര്‍ത്ഥിക്ക് പുതിയ പൂമാലയും വീട്ടില്‍ തുടരാന്‍ അര്‍ഹനല്ലെന്ന് തോന്നുന്ന മത്സരാര്‍ത്ഥിക്ക് കരിഞ്ഞുണങ്ങിയ പൂമാലയുമാണ് നല്‍കേണ്ടത്.
എന്നാല്‍ മത്സരാര്‍ത്ഥികളില്‍ മിക്കവരും കഴിഞ്ഞ ദിവസത്തെ ടാസ്കിന്‍റെ അടിസ്ഥാനത്തിലാണ് പൂമാലകളിട്ടത്. ഏറ്റവും ഒടുവില്‍ നടന്ന ടാസ്ക്, ഈ ആഴ്ചയിലെ ക്യാപ്റ്റനെ തെരഞ്ഞെടുക്കുന്നതായിരുന്നു. ക്യാപ്റ്റന്‍സി ടാസ്കിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഏഴ് പേര് തമ്മില്‍ തങ്ങള്‍ എന്തുകൊണ്ടാണ് ക്യാപ്റ്റനാകാന്‍ മറ്റുള്ളവരെക്കാള്‍ യോഗ്യനെന്ന് വാദിച്ച് ജയിക്കണമെന്നതായിരുന്നു ആ ടാസ്ക്.
ടാസ്കിന് മുമ്പ് തന്നെ നിമിഷയും റോണ്‍സണും തമ്മില്‍ സാധ്യമാണെങ്കില്‍ ജാസ്മിനെ അടുത്ത ക്യാപ്റ്റനാക്കാനുള്ള തീരുമാനമെടുത്തിരുന്നു. ഈക്കാര്യം ടാസ്കിന് ശേഷമാണ് നിമിഷ മറ്റ് മത്സരാര്‍ത്ഥികളോട് പറഞ്ഞത്. ഇരുവരും ഒരു ഗ്രൂപ്പായി പ്രവര്‍ത്തിച്ചപ്പോള്‍ സ്വാഭാവികമായി ജാസ്മിനും ആ ഗ്രൂപ്പിന്‍റെ ഭാഗമായി.
തുടര്‍ന്ന്, ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനനുസരിച്ച് ബസര്‍ ശബ്ദം കേള്‍ക്കുമ്പോള്‍ ജാസ്മിന്‍ ഓരോ പേരുകള്‍ പറയുകയും മറ്റുള്ളവര്‍ അതിനെ അനുകൂലിച്ച് കൈ പൊക്കുകയും ചെയ്തുകൊണ്ടിരുന്നു. നിമിഷയുടെയും ജാസ്മിന്‍റെ മെന്‍റല്‍ ഗെയിമില്‍ മറ്റ് മത്സരാര്‍ത്ഥികള്‍ പെട്ടുപോവുകയായിരുന്നു.
ഒടുവില്‍, സൂരജ്, ധന്യ, നിമിഷ, ജാസ്മിന്‍, റോണ്‍സണ്‍ എന്നിവരൊഴിയെ മറ്റ് മത്സരാര്‍ത്ഥികള്‍ ക്യാപ്റ്റന്‍സി ടാസ്കില്‍ നിന്ന് പുറത്ത് പോയ ശേഷമാണ് ധന്യയ്ക്ക് നിമിഷ, ജാസ്മിന്‍, റോണ്‍സണ്‍ ടീമിന്‍റെ തന്ത്രം വ്യക്തമായത്. ഇതോടെ റോണ്‍സണിന്‍റെ പേര് ധന്യ പറയുകയും നിമിഷയും ജാസ്മിനും അതിനെ അംഗീകരിക്കാതിരിക്കുകയും ചെയ്തു.
ഇതേ സമയം ക്യാപ്റ്റന്‍സി ടാസ്ക് ലിവിങ്ങ് ഏരിയയില്‍ നിന്ന് കാണുകയായിരുന്ന മറ്റ് മത്സരാര്‍ത്ഥികള്‍, സൂരജിനെ ടാര്‍ഗറ്റ് ചെയ്യാനുള്ള റോണ്‍സണിന്‍റെ ശ്രമത്തിനെതിരെ രംഗത്തെത്തി. വീട്ടിലെ ഏറ്റവും ശക്തനായ റോണ്‍സണ്‍, സൂരജിനെ ടാര്‍ഗറ്റ് ചെയ്ത് പുറത്താക്കാന്‍ ശ്രമിക്കുന്നതിനെതിരെ കാഴ്ചക്കാരുടെ പക്ഷത്ത് നിന്ന് ഏറ്റവും കൂടുതല്‍ പ്രതിരോധിച്ചത് കുട്ടി അഖിലായിരുന്നു.
ലക്ഷ്മി പ്രിയയും അപര്‍ണയും ബ്ലെസ്ലിയും അഖിലിന്‍റെ നിരീക്ഷണത്തെ ശരിവച്ചു. ടാസ്കില്‍ നിന്ന് പുറത്തായ റോണ്‍സണെതിരെ ബ്ലെസ്ലിയും അഖിലും രംഗത്ത് വന്നതും ശ്രദ്ധേയം. ഈയൊരു പ്രശ്നത്തോടെ വീട്ടില്‍ തന്‍റെ സ്ഥാനത്തില്‍ ഏതാണ്ട് തീരുമാനമായ തരത്തിലായിരുന്നു റോണ്‍സണിന്‍റെ നീക്കങ്ങള്‍.
ഈ സംഭവത്തെ തുടര്‍ന്നുള്ള എപ്പിസോഡിലാണ് മോഹന്‍ലാല്‍ രണ്ട് താലത്തിലുള്ള മാലകള്‍ കൊണ്ട് വയ്ക്കുന്നതും മാലയ്ക്ക് അനുസരിച്ച് ആളുകളെ തെരഞ്ഞെടുക്കാന്‍ ആവശ്യപ്പെടുന്നതും. അദ്ദേഹം ഓരോരുത്തരെയായി വിളിക്കുന്നു. ആദ്യം കരിഞ്ഞ മാലയെടുത്ത ലക്ഷ്മി പ്രിയ, റോണ്‍സണാണ് അത് സമ്മാനിക്കുന്നത്. പുതിയ മാല സുചിത്രയ്ക്കും.
റോണ്‍സണ്‍ പലപ്പോഴും പ്രശ്നങ്ങളില്‍ ഇടപെടാതെ മാറിനില്‍ക്കുന്നതായി തോന്നി അതിനാലാണ് കരിഞ്ഞ മാലയെന്നായിരുന്നു ലക്ഷ്മി പ്രിയയുടെ കാരണം. ലക്ഷ്മി പ്രിയ തുടങ്ങി വച്ചത് പിന്നീട് വന്ന ഓരോ മത്സരാര്‍ത്ഥിയും ഏറ്റെടുത്തു. ഒടുവില്‍ പന്ത്രണ്ട് മത്സരാര്‍ത്ഥികളില്‍ നിമിഷ, ലക്ഷ്മിപ്രിയ, ബ്ലെസ്ലി, ദില്‍ഷ, ജാസ്മിന്‍, എന്നിവര്‍ക്ക് ഓരോ കരിഞ്ഞ മാല കിട്ടിയപ്പോള്‍ റോണ്‍സണ് കിട്ടിയത് ഏഴ് കരിഞ്ഞ മാലകളായിരുന്നു.
വീട്ടിനുള്ളിലെ 12 മത്സരാര്‍ത്ഥികളില്‍ 7 പേരും റോണ്‍സണെ മോശം മത്സരാര്‍ത്ഥിയായി തെരഞ്ഞെടുത്തത് ഒരു എവിക്ഷന്‍ ദിവസമായിരുന്നെന്നതും ശ്രദ്ധേയം. എന്നാല്‍, റോണ്‍സണെ മോശം മത്സരാര്‍ത്ഥിയായി തെരഞ്ഞെടുത്തതിന് പലരും പറഞ്ഞ ആദ്യ കാരണം ക്യാപ്റ്റന്‍സി ചര്‍ച്ചയില്‍ സൂരജിനെ റോണ്‍സണ്‍ സംസാരിക്കാന്‍ അനുവദിച്ചില്ലെന്നായിരുന്നു. രണ്ടാമത്തെ കാരണമാകട്ടെ വീട്ടിലെ പല പ്രശ്നങ്ങളിലും റോണ്‍സണ്‍ ഇടപെടുന്നില്ലെന്നും.
റോണ്‍സണിന്‍റെ നില പരുങ്ങലിലായ ആഴ്ചയില്‍ വീട്ടില്‍ നിന്ന് പുറത്തേക്ക് ആരും പോയില്ലെങ്കിലും വീട്ടില്‍ കേറാനായി രണ്ട് പേര്‍ രഹസ്യ മുറിയില്‍ കാത്തിരിക്കുന്നുണ്ട്, റിയാസ് സലിമും വിനയ് മാധവും. ഇരുവരും ബിഗ് ബോസ് സീസണ്‍ 4 ല്‍ ഇതുവരെയുണ്ടായ സംഭവ വികാസങ്ങളെല്ലാം പുറത്ത് നിന്ന് കണ്ട ശേഷമാണ് വീട്ടിനുള്ളിലേക്ക് കടക്കുന്നത്. കൃത്യമായ ഗെയിം പ്ലാനുമായാണ് താന്‍ വീട്ടിനുള്ളിലേക്ക് വരുന്നതെന്ന് പറഞ്ഞുകൊണ്ടാണ് റിയാസ് സലിം എത്തിയത്.
വിനയ് മാധവും പറഞ്ഞത് മറ്റൊന്നല്ല. കപ്പും കൊണ്ട് പോകുമെന്ന് പ്രഖ്യാപിച്ചാണ് ഇരുവരും ബിഗ് ബോസ് വീട്ടിനുള്ളിലേക്ക് കടക്കാനായി കാത്തിരിക്കുന്നത്. അതിനിടെ ഒരു ദിവസത്തേക്ക് ഇരുവരെയും ബിഗ് ബോസ് രഹസ്യ മുറിയിലേക്ക് അയച്ചു. ഒരു ദിവസം അവിടെ നിന്ന് വീട്ടിനുള്ളിലെ സംഭവ വികാസങ്ങള്‍ ശ്രദ്ധിച്ച ശേഷം വീട്ടിനുള്ളിലേക്ക് കടത്തിവിടുമെന്നാണ് ഇരുവരെയും അറിയിച്ചിരിക്കുന്നത്.
രഹസ്യ മുറിയില്‍ വച്ചാണ് റിയാസ് സലിമും വിനയ് മാധവും പരിചയപ്പെടുന്നതും. വീടിനുള്ളില്‍ കടക്കുന്നതിന് മുമ്പ് തന്നെ അകത്ത് തങ്ങള്‍ക്ക് താത്പര്യമുള്ള വ്യക്തികളെ കുറിച്ച് ഇരുവരും മോഹന്‍ലാലിനോട് വ്യക്തമാക്കിയിരുന്നു. റിയാസ് സലിം തനിക്ക് ഏറ്റവും ഇഷ്ടമുള്ള വ്യക്തിയായി തെരഞ്ഞെടുത്തത് ജാസ്മിനെ ആയിരുന്നു. ഏറ്റവും ഇഷ്ടമില്ലാത്ത വ്യക്തിയായി തെരെഞ്ഞെടുത്തത് ഡോ.റോബിനെയും.
റിയാസ് സലിമിന് വിരുദ്ധമായ തെരഞ്ഞെടുപ്പായിരുന്നു വിനയ് മാധവിന്‍റെത്. വിനയ് തനിക്ക് താത്പര്യമുള്ള വ്യക്തിയായി തെരഞ്ഞെടുത്തത് ഡോ.റോബിനെയായിരുന്നു. മാത്രമല്ല, തനിക്ക് ബിഗ് ബോസ് വീട്ടില്‍ ഒരു ക്രഷ് ഉണ്ടെന്നും അയാള്‍ വ്യക്തമാക്കിക്കഴിഞ്ഞു. തമാശയും വിനോദവുമാകും തന്‍റെ വീട്ടിനുള്ളിലെ ലക്ഷ്യമെന്നും വിനയ് പ്രഖ്യാപിച്ചു.
വീട്ടിനുള്ളിലെ രഹസ്യ മുറിയില്‍ വച്ച് ഇരുവരും തമ്മിലുള്ള ചര്‍ച്ചയും ബിഗ് ബോസ് ഇന്നലെ പ്രക്ഷേപണം ചെയ്തു. തങ്ങള്‍ ബിഗ് ബോസ് വീട്ടിനുള്ളില്‍ പ്രവേശിക്കാന്‍ ഏറെ വൈകിപ്പോയെന്ന് ഇരുവരും അഭിപ്രായപ്പെട്ടു. കുറഞ്ഞത് 28-ാമത്തെ ദിവസമെങ്കിലും തങ്ങള്‍ വീട്ടിനുള്ളില്‍ കയറേണ്ടിയിരുന്നെന്ന് റിയാസ് സലിം പറഞ്ഞത് വിനയ്‍യും ശരിവച്ചു.
അതിനിടെ വിനയ്, റിയാസിനോട് അദ്ദേഹത്തിന്‍റെ ലൈംഗികതയെ കുറിച്ച് ചോദിച്ചെങ്കിലും വ്യക്തിപരമാണെന്നും പറയാന്‍ താത്പര്യമില്ലെന്നുമായിരുന്നു റിയാസിന്‍റെ മറുപടി. മാത്രമല്ല, ആരെങ്കിലും ഒരാളുടെ ലൈംഗികതയെ കുറിച്ച് ചോദിക്കുന്നുണ്ടെങ്കില്‍, അത് അത്തരമൊരു ബന്ധത്തിന് ആഗ്രഹമുള്ളത് കൊണ്ടാകാമെന്ന് റിയാസ് പറയുമ്പോള്‍, എന്നില്‍ നിന്നും അത്തരമൊന്ന് പ്രതീക്ഷിക്കേണ്ടെന്ന് വിനയ്‍ മറുപടി നല്‍കി.
ഇരുവരും തമ്മിലുള്ള സംഭാഷണത്തിനിടെ ശക്തമായൊരു അഭിപ്രായമുന്നയിക്കുന്നതില്‍ പരാചയപ്പെട്ടുന്ന റിയാസ്, പലപ്പോഴും വിനയ്‍യുടെ സംഭാഷണശൈലിയില്‍ വീണുപോകുന്നതും ശ്രദ്ധേയമായിരുന്നു. അയാള്‍ പറയുന്ന പലതിനോടും റിയാസിന് തലകുലുക്കി സമ്മതിക്കേണ്ടിവരുന്നു. വരും ദിവസങ്ങളില്‍ വീട്ടിനുള്ളിലേക്ക് കടക്കുമ്പോള്‍ പുറത്ത് നിന്നും വന്ന രണ്ട് വൈല്‍ഡ് കാര്‍ഡ് എന്‍ട്രികളെ മറ്റ് മത്സരാര്‍ത്ഥികള്‍ എങ്ങനെ സ്വീകരിക്കുമെന്ന് കാത്തിരുന്ന് കാണാം.