ഇത്തവണ ജയിലിനുള്ളിലായിരുന്നു ഡോ.റോബിന്‍റെയും റിയാസ് സലീമിന്‍റെയും അങ്കം. വീക്കിലി ടാസ്കില്‍ ഏറ്റവും മോശം പ്രകടനം കാഴ്ചവച്ച മൂന്ന് മത്സാര്‍ത്ഥികളെയാണ് എല്ലാവരും കൂടി തെരഞ്ഞെടുത്തത്. ഇവര്‍ക്ക് മൂന്നുപേര്‍ക്കുമായി പ്രത്യേക ടാസ്കും ബിഗ് ബോസ് നിശ്ചയിച്ചു.
ശരീരം ഒരു ചക്രപലകമേല്‍ ബന്ധിക്കും സഹായികളായ രണ്ട് പേര്‍ മത്സരാര്‍ത്ഥികളുടെ കാലില്‍ പിടിച്ച് ദൂരെ വച്ചിരിക്കുന്ന പന്തുകളുടെ അടുത്തെത്തിക്കണം. അവിടെ നിന്നും കൃത്രിമ കൈയുടെ സഹായത്തോടെ ബോളുകളെടുത്ത് ദൂരെയുള്ള ബക്കറ്റില്‍ നിറയ്ക്കണം.
ഈ ടാസ്കില്‍ ജാസ്മിനെ നിമിഷയും ദില്‍ഷയും സഹായിച്ചപ്പോള്‍ ഡോ.റോബിനെ അഖിലും ബ്ലെസ്ലിയും റിയാസ് സലീമിനെ റോണ്‍സണും അപര്‍ണയുമാണ് സഹായിച്ചത്. വാശിയേറിയ മത്സരത്തില്‍ ജാസ്മിന്‍ വിജയിച്ചു.
രണ്ട് ബസറുകള്‍ക്കിടെ 170 പന്തുകളാണ് ജാസ്മിന്‍ ശേഖരിച്ചത്. രണ്ടാം സ്ഥാനത്തെത്തിയ റിയാസ് 99 പന്തുകള്‍ ശേഖരിച്ചപ്പോള്‍ റോബിന് മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. 23 പന്തുകള്‍ മാത്രമേ റോബിന് ശേഖരിക്കാനായുള്ളൂ.
ഇതോടെ ജാസ്മിന്‍ ജയില്‍ നോമിനേഷനില്‍ നിന്ന് രക്ഷപ്പെട്ടു. വീട്ടിലെ പ്രധാന എതിരാളികളായ റിയാസ് സലീമും ഡോ.റോബിനും ജയിലിലേക്കും നീങ്ങി. ജയില്‍ വച്ച് ഇരുവരും ആദ്യം വലിയ സൗഹൃദത്തിലായിരുന്നു.
'we are enjoying right ?' ജയിലില്‍ കയറിയ റോബിന്‍, റിയാസ് സലിമിനോട് ചോദിച്ചു.' The Jail ?' എന്നായിരുന്നു റിയാസിന്‍റെ മറുചോദ്യം. 'Not the jail. The all game.' ഡോ.റോബിന്‍ തിരുത്തി. 'The all Game ? Ya Offcours. Enjoying ഓക്കെ ചെയ്യുന്നുണ്ട്'. റിയാസ് മറുപടി നല്‍കി.
ഡോ.റോബിനെ, റിയാസ് കട്ടിലിലേക്ക് ഇരിക്കാന്‍ ക്ഷണിച്ചു. തുടര്‍ സംഭാഷണങ്ങളിലും ഇരുവരും വലിയ പ്രശ്നങ്ങളില്ലാതെ മുന്നോട്ട് പോയി. പിന്നീടാണ് ഒരു സത്യം പറയട്ടെ എന്ന് പറഞ്ഞ് കൊണ്ട് റോബിന്‍ തന്‍റെ ഗെയിം പ്ലാന്‍ റിയാസിനോട് പറയുന്നത്. '
താന്‍ അമ്പത് ദിവസത്തോളമായി ഇവിടെ. ആദ്യത്തെ മൂന്ന് ആഴ്ചയ്ക്കുള്ളില്‍ പുറത്ത് പോകരുതെന്നായിരുന്നു തന്‍റെ ഉദ്ദേശം. അത് സാധിച്ചു. ഇപ്പോള്‍ അമ്പത് ദിവസത്തോട് അടുക്കുന്നു. ഇതിനകം ബിഗ് ബോസ് വീട്ടിലെ തന്‍റെ ഗെയിം പ്ലാനുകളെല്ലാം തീര്‍ന്നു. ഇത്രയും ദിവസം കൊണ്ട് ഉണ്ടാക്കിയ അന്‍റന്‍ഷന്‍ ഇനി മെയിന്‍റൈന്‍ ചെയ്ത് കൊണ്ടുപോയാല്‍ മാത്രം മതിയെന്ന് റോബിന്‍, റിയാസിനോട് പറയുന്നു.
'അപ്പഴാണ് നിങ്ങള്‍ രണ്ട് പേര്‍ വരുന്നത്. സത്യം പറഞ്ഞാല്‍ ഞാന്‍ ഹാപ്പിയാണ്'. ഡോ.റോബിന്‍ പറഞ്ഞു. "Happy for ?" റിയാസ് സംശയാലുമായി. ഈ മറുചോദ്യത്തിന് തന്ത്രപരമായ ഉത്തരമായിരുന്നു ഡോ.റോബിന്‍ നല്‍കിയത്.
'50 days കഴിഞ്ഞു. ഇനി ഗെയിമൊക്കെ മെന്‍റ്റ്റൈന്‍ ചെയ്ത് പോയാമതിയെന്ന് കരുതിയപ്പോ, റിയാസ് വന്നു.' റിയാസ്, റോബിനോട് പറഞ്ഞു. റിയാസ് സ്വന്തം പേര് പറഞ്ഞ് സ്വയം പുകഴ്ത്തിയത് റോബിന് നന്നായി ഇഷ്ടപ്പെട്ടു.
'അതെ അപ്പോ റിയാസ് വന്നു.' ഡോ.റോബിന്‍ റിയാസ് സലീമിന്‍റെ വാക്കുകള്‍ ആവര്‍ത്തിച്ചു. 'good' എന്നായിരുന്നു അതിന് റിയാസിന്‍റെ പ്രതികരണം. 'Ya Good.... Good Opponent, Good gamer'. ഡോ.റോബിന്‍ തിരുത്തി.
നിങ്ങള്‍ക്കെന്തിനാണ് ഇത്രയും ഗെയിം പ്ലാനുകള്‍ എന്നായിരുന്നു റിയാസിന്‍റെ അടുത്ത ചോദ്യം. ഇതൊരു ഗെയിം ഷോയാണെന്നായിരുന്നു റോബിന്‍റെ മറുപടി. എന്നാല്‍, ഇത് Game Show അല്ലെന്നും ഒരു Reality Tv show ആണെന്നും റിയാസ് സലീം തിരുത്തി. Reality game show.റോബിന്‍ വീണ്ടും തിരുത്തി.
'Reality game show.'റിയാസ് ഏറ്റുപറഞ്ഞു. 'എന്ന് വച്ചാല് റിയാലിറ്റിയും ഗെയിമും കൂടി ചേരുന്ന ഷോ. എന്ന് വച്ചാല്‍ ആളുകള്‍ക്ക് നമ്മുടെ റിയാലിറ്റിയും കാണണം നമ്മുടെ ഗെയിമും കാണണം.' റിയാസ് വിശദീകരിച്ചു.
ഈ സമയം ആരാണ് എന്‍റെ റിയല്‍ കാണുന്നില്ലെന്ന് പറഞ്ഞതെന്ന് റോബിന്‍ തിരിച്ച് ചോദിച്ചു. അത് നിങ്ങള്‍ തന്നെയാണ് പറഞ്ഞതെന്ന് റിയാസ് തിരിച്ചടിച്ചു. റോബിന്‍ തന്നെയാണ് തന്‍റെ റിയാല്‍ ഇതല്ലെന്ന് പറഞ്ഞത്. റോബിന്‍ അങ്ങനെ പറഞ്ഞത് കൊണ്ടാണ് താനും അങ്ങനെ പറഞ്ഞതെന്ന് റിയാസ് സലീം പറഞ്ഞു.
അതിനിടെ, ഇവിടെ വന്നശേഷം റിയാസിന്‍റെ പ്രധാന എതിരാളിയാരെന്ന് റോബിന്‍, റിയാസിനോട് ചോദിക്കാന്‍ ശ്രമിക്കും മുന്നേ റിയാസ് അത് റോബിനോട് പറഞ്ഞു. ഞാന്‍ മനസില്‍ ചിന്തിക്കുന്നത് നീ ഇപ്പോള്‍ ഇവിടിരുന്ന് എന്‍റെ മുഖത്ത് നോക്കി പറയുകയാണ്. ഇതാണ് ഞാന്‍ പറഞ്ഞത് നീ എന്‍റെ എതിരാളിയാണെന്ന്'. റോബിന്‍ വ്യക്തമാക്കി.
ഒരാളോട് ഒരു വഴക്ക് നടന്ന് കുറച്ച് കഴിയുമ്പോള്‍ റോബിന് , ചിലപ്പോള്‍ Everthing is ok. hug. U know maybe thats works for you, But I belive എനിക്കങ്ങനെ ഒരാളോട് വഴക്കുണ്ടായിട്ട് പത്ത് സെക്കന്‍റ് കഴിഞ്ഞ് Everything is fine. എല്ലാം ഓക്കെയാണ് എന്ന് പറയാന്‍ കഴിയില്ലെന്നും റിയാസ് കൂട്ടിച്ചേര്‍ത്തു.
ഈ സമയം റിയാസിന് ഇപ്പോള്‍ തന്നോട് ദേഷ്യമുണ്ടോയെന്ന് ഡോ.റോബിന്‍ ചോദിക്കുന്നു. ദേഷ്യമുണ്ടോന്ന് ചോദിച്ചാല്‍ തനിക്ക് ദേഷ്യമുണ്ടെന്ന് റിയാസ് മറുപടിയും നല്‍കി. അത് വേണമെന്നായിരുന്നു റോബിന്‍റെ മറുപടി. Robin are you kidding me ? എന്നായിരുന്നു റിയാസിന്‍റെ മറുപടി.
അത് വേണം എന്നാലേ ഈ ഷോ മുന്നോട്ട് പോകൂവെന്ന് റോബിനും മറുപടി നല്‍കി. ഇത്തരം സംഭാഷണങ്ങളാണ് തനിക്ക് റോബിനോടുള്ള ദേഷ്യം കൂട്ടുന്നതെന്ന് റിയാസ് പറഞ്ഞപ്പോള്‍, ഞാന്‍ നിങ്ങളെ provoc ചെയ്തില്ലെന്നായിരുന്നു റോബിന്‍റെ മറുപടി. റിയാസ് വീട്ടിലെത്തിയതിന് ശേഷം നമ്മള്‍ തമ്മില്‍ സംസാരിച്ചിട്ടില്ലെന്നും അതിനാല്‍ പരസ്പരം സംസാരിക്കുക മാത്രമാണെന്നും റോബിന്‍ പറഞ്ഞു.
സംഭാഷണത്തിനിടെ റിയാസിനോട്, റോബിന്‍ മലയാളത്തില്‍ പറയാന്‍ ആവശ്യപ്പെടുന്നുണ്ടായിരുന്നു. റോബിന്‍റെ സംഭാഷണം മിക്കപ്പോഴും irritating and annoying ആണെന്ന് റിയാസ് പറഞ്ഞു. എന്നാല്‍, താന്‍ അങ്ങനെയല്ലെന്നും അതിനിടെ റിയാസ് തട്ടിവിട്ടു. നേരത്തെ ഷോയിലേക്ക് കയറും മുമ്പ് താന്‍ ഷോയില്‍ മലയാളത്തില്‍ സംസാരിക്കുമെന്ന് റിയാസ് ഷോ അവതാരകനായ മോഹന്‍ ലാലിനോട് പറഞ്ഞിരുന്നു. എന്നാല്‍, ഇപ്പോള്‍ ഷോയില്‍ മലയാളം ഏറ്റവും കുറവ് സംസാരിക്കുന്നത് റിയാസ് സലീമാണ്.
ജയിലില്‍ അടയ്ക്കപ്പെട്ടവര്‍ക്ക് പുറത്തിറങ്ങാന്‍ സമയം നിശ്ചയിച്ചിട്ടുണ്ടെങ്കിലും ക്യാപ്റ്റനോട് അനുവാദം ചോദിക്കാതെ പുറത്തിറങ്ങാന്‍ പാടില്ലെന്നാണ് ബിഗ് ബോസിലെ നിയമം. എന്നാല്‍, ജയിലില്‍ നിന്നും പുറത്തിറങ്ങിയ റിയാസ്, ക്യാമറയ്ക്ക് മുന്നിലും ഗാര്‍ഡന്‍ ഏരിയയിലും കറങ്ങി നടക്കുകയായിരുന്നു. നിയമങ്ങള്‍ അനുസരിക്കുന്നതില്‍ താത്പര്യമില്ലായ്മ അയാള്‍ ഇടയ്ക്കിടയ്ക്ക് പ്രവര്‍ത്തിയിലൂടെ വ്യക്തമാക്കി.
ഇതിന് ശേഷം ഗാര്‍ഡന്‍ ഏരിയയില്‍ ആരോ കൊണ്ട് വച്ചിരുന്ന ഭക്ഷണ സാധനങ്ങള്‍ എടുത്ത് കഴിക്കുകയും ചെയ്തു. ഈ സമയം ക്യാപ്റ്റനായ ജാസ്മിന്‍, റിയാസിനോട് ജയില്‍ കേറാന്‍ പറഞ്ഞെങ്കിലും സമയം അവസാനിച്ചിട്ടില്ലെന്ന് പറഞ്ഞ് റിയാസ് പുറത്ത് തന്നെ നിന്നു.
കഴിഞ്ഞ ബിഗ് ബോസ് സീസണുകളില്‍ മത്സരാര്‍ത്ഥികള്‍ ബിഗ് ബോസിന്‍റെ നിയമം തെറ്റിക്കാന്‍ മടി കാണിച്ചിരുന്നെങ്കില്‍ ഇത്തവണത്തെ മത്സരാര്‍ത്ഥികളില്‍ മിക്കവരും ബിഗ് ബോസിന്‍റെ നിയമങ്ങള്‍ തെറ്റിക്കുന്നതിലാണ് പ്രത്യേക ശ്രദ്ധ നല്‍കുന്നത്.
മിക്ക മത്സരാര്‍ത്ഥികളും മറ്റ് ഭാഷകളിലെ ബിഗ് ബോസ് ഷോകള്‍ പോലും കണ്ട് പഠിച്ചാണ് മത്സരിക്കാനെത്തുന്നത്. ബിഗ് ബോസിന്‍റെ നിയമ ലംഘനങ്ങള്‍ക്ക് ശിക്ഷ കിട്ടില്ലെന്നും എന്നാല്‍ പുറത്ത് വലിയൊരു സപ്പോര്‍ട്ട് ലഭിക്കാന്‍ കാരണമാകുമെന്നും മത്സരാര്‍ത്ഥികള്‍ മനസിലാക്കിയത് പോലെയാണ് പലരുടെയും നിയമലംഘനങ്ങള്‍ കാണുമ്പോള്‍ കാഴ്ചക്കാര്‍ക്ക് അനുഭവപ്പെടുന്നത്.
ഇരുവരും മറ്റ് പ്രശ്നങ്ങളില്ലാതെ പോകുന്നതിനിടെയായിരുന്നു ജയില്‍പ്പുള്ളികള്‍ക്കുള്ള ടാസ്ക് എത്തിയത്. വെള്ളയും ചുവപ്പും മുത്തുകളും ഇവ കോര്‍ക്കാനായി ഒരു നൂലുമാണ് എത്തിച്ചിരുന്നത്. ഇതില്‍ ഒരാള്‍ ഒരു മുത്ത് മാത്രമേ ഉപയോഗിക്കാന്‍ പാടൊള്ളൂ. അത് തന്നെ ഒരാള്‍ മൂന്ന് വെള്ള മുത്താണ് കോര്‍ക്കുന്നതെങ്കില്‍ മറ്റേയാള്‍ നാല് ചുവപ്പ് മുത്ത് കോര്‍ക്കണം.
എതിരാളികളെ ഒന്നിച്ചിരുത്തി ജോലി ചെയ്യിപ്പിക്കാനായിരുന്നു ബിഗ് ബോസ് തന്ത്രം. പക്ഷേ, ജയില്‍ കയറിയപ്പോഴുള്ള ആവേശം റിയാസിന് ടാസ്ക് വന്നപ്പോള്‍ ഇല്ലായിരുന്നു. ടാസ്കിനായി മുത്തുകള്‍ കൊണ്ട് വയ്ക്കുമ്പോള് 'സുഖമല്ലേ' എന്ന ജാസ്മിന്‍റെ ചോദ്യത്തിന് Get off my back എന്നായിരുന്നു അയാള്‍ പറഞ്ഞത്.
മുത്തുകള്‍ കോര്‍ക്കാന്‍ റോബിന്‍ ശ്രമിക്കുന്നതിനിടെ ഇത്രയും മുത്തോ, Are you kidding me ? എന്ന് റിയാസ് ബിഗ് ബോസിനോട് ചോദിക്കുന്നുണ്ടായിരുന്നു. ഇത് ചെയ്യാതെ ഇറക്കിവിടില്ലെന്ന് റോബിന്‍ ഇതിനിടെ റിയാസിനെ ഓര്‍മ്മപ്പെടുത്തി.
എന്നാല്‍ പിറ്റേന്ന് നേരം വെളുത്തപ്പോള്‍ ഇരുവരും രണ്ട് വശങ്ങളില്‍ പുറം തിരിഞ്ഞിരുന്ന് രണ്ട് മാലകള്‍ കോര്‍ക്കുകയായിരുന്നു. ലക്ഷ്മി പ്രിയ പറ്റുന്നത് പോലെ ചെയ്യാന്‍ റിയാസിനോട് പറഞ്ഞപ്പോള്‍, താന്‍ അതിന് മാത്രം തെറ്റൊന്നും ചെയ്തിട്ടില്ല ചേച്ചി എന്നായിരുന്നു റിയാസിന്‍റെ മറുപടി.
ഇതൊക്കെ തന്നെയാണ് ഇവിടുത്തെ തെറ്റെന്ന് ലക്ഷ്മി പ്രിയ, റിയാസിന് മറുപടി നല്‍കി. ഇതിനിടെ ബിഗ് ബോസിന്‍റെ ബസര്‍ ശബ്ദം മുഴങ്ങി. ബിഗ് ബോസ് പറഞ്ഞ രീതിയില്‍ മുത്തുകള്‍ കോര്‍ത്തില്ലെങ്കില്‍ ജയില്‍ മോചനമുണ്ടാകില്ലെന്ന് അറിയിപ്പ് വന്നു.
ബിഗ് ബോസ് അറിയിപ്പ് വിനയ് ജയിലിന് സമീപം വന്നു പറഞ്ഞു. താന്‍ തയ്യാറായിരുന്നെന്നും എന്നാല്‍ റിയാസ് അതിന് തയ്യാറല്ലായിരുന്നുവെന്നും റോബിന്‍ മറുപടി നല്‍കി. ലക്ഷ്മിയും ഇതേ ആവശ്യവുമായി രംഗത്തെത്തിയപ്പോഴും റോബിന്‍ പറഞ്ഞത് താന്‍ തന്‍റേത് ചെയ്ത് തീര്‍ത്തെന്നായിരുന്നു.
എന്നാല്‍, റോബിനും ഇത് ചെയ്യാന്‍ പറ്റില്ലെന്ന് തന്നോട് ഇന്നലെ പറഞ്ഞെന്നും അങ്ങനെയാണ് ഇരുവരും മുത്ത് കോര്‍ക്കുന്നത് നിര്‍ത്തിവച്ചതെന്നും തുടര്‍ന്ന് രാവിലെ റോബിന്‍ മാല കോര്‍ക്കുന്നത് കണ്ടപ്പോള്‍ താന്‍ ചോദിച്ചെന്നും അപ്പോള്‍ വെറുതേയിരിക്കേണ്ടെന്ന് കരുതിയാണ് ചെയ്തതെന്നായിരുന്നു റോബിന്‍ പറഞ്ഞതെന്ന് റിയാസ് മറ്റ് മത്സരാര്‍ത്ഥികളോടായി പറഞ്ഞു.
റിയാസിന് മൂട് വരുമ്പോള്‍ തനിക്ക് സഹകരിക്കാന്‍ സാധ്യമല്ലെന്നായിരുന്നു റോബിന്‍റെ മറുപടി. മാല കോര്‍ക്കാന്‍ താത്പര്യമില്ലെന്ന് റിയാസ് എല്ലാവരോടും പറഞ്ഞിരുന്നെന്നും റിയാസിന് തോന്നുമ്പോള്‍ മാല കോര്‍ക്കാന് തനിക്ക് താത്പര്യമില്ലെന്നും റോബിന്‍ നയം വ്യക്തമാക്കി. പല മത്സരാര്‍ത്ഥികളും ഇരുവരുമായി സംസാരിച്ചെങ്കിലും രണ്ട് പേരും അമ്പിനും വില്ലിനും അടുക്കാന്‍ തയ്യാറായില്ല.
ഇതിനിടെ റിയാസ്, റോബിനെ തെറിവിളിച്ചെന്നും പറഞ്ഞ് റോബിന്‍ റിയാസിനെതിരെ തിരിഞ്ഞു. തെറി വിളിച്ചതിനാണ് ജയിലെത്തിയതെന്നും എന്നിട്ട് ജയില്‍ വച്ച് തന്നെ റിയാസ് തെറിവിളിക്കുകയാണെന്നും പറഞ്ഞ റോബിന്‍ റിയാസിനോട് മാപ്പ് പറയാന്‍ ആവശ്യപ്പെട്ടു.
എന്നാല്‍, രാത്രി രണ്ടുപേരും ഒന്നിച്ച് ടാസ്ക് ചെയ്യുന്നതിനിടെ റോബിന്‍, തനിക്ക് ഈ ടാസ്ക് ചെയ്യാന്‍ പറ്റില്ലെന്ന് പറഞ്ഞതായും അതിന്‍റെ അടിസ്ഥാനത്തില്‍ ഇരുവരും ടാസ്ക് നിര്‍ത്തിവയ്ക്കുകയായിരുന്നെന്നും തനിക്ക് ഈ ടാസ്ക് ചെയ്യാന്‍ താത്പര്യമില്ലായിരുന്നെന്നും റിയാസ് ആവര്‍ത്തിച്ച് പറഞ്ഞു. അതോടൊപ്പം ടാസ്കില്‍ അണ്ടര്‍ പെര്‍ഫോമന്‍സ് ചെയ്തയാളെയാണ് ജയില്‍ വിടേണ്ടതെന്നും എന്നാല്‍ എല്ലാവരും കൂടി തന്നെയും ജയിലിലയക്കുകയായിരുന്നെന്നും റിയാസ് ആരോപിച്ചു.
അതിന് ശേഷമാണ് താന്‍, ഈ ടാസ്ക് ഞാന്‍ ചെയ്യേണ്ട ആവശ്യമില്ലെന്ന് മറ്റ് മത്സരാര്‍ത്ഥികളോട് പറഞ്ഞത്. എന്നാല്‍ രാവിലെ എഴുന്നേറ്റപ്പോള്‍, റോബിന്‍ ഒറ്റയ്ക്ക് മാല കോര്‍ക്കുന്നതാണ് കണ്ടെതെന്നും റിയാസ് പറഞ്ഞു. അതിനെ കുറിച്ച് ചോദിച്ചപ്പോള്‍ തനിക്ക് ബോറടിക്കുന്നത് കൊണ്ടാണ് താന്‍ ചെയ്യുന്നതെന്നാണ് റോബിന്‍ പറഞ്ഞതെന്നും റിയാസ് ആവര്‍ത്തിച്ചു.
ഇതിനിടെ ക്യാപ്റ്റന്‍ ബിഗ് ബോസിന്‍റെ നിര്‍ദ്ദേശം വായിച്ചു. ഈ സമയം റോബിന്‍ താന്‍ ചെയ്ത മാല എന്ത് ചെയ്യണമെന്ന പ്രശ്നം ഉന്നയിച്ചു. തനിക്ക് അത് പൊട്ടിക്കാന്‍ കഴിയില്ലെന്ന് റോബിന്‍ ആവര്‍ത്തിച്ചു. എന്നാല്‍, അത് പൊട്ടിക്കാതെ പുതിയത് പണിയില്ലെന്ന് റിയാസും വാശിപിടിച്ചു. ഇതോടെ കലിച്ച റോബിന്‍ മാല പൊട്ടിച്ചു കളഞ്ഞു.
ഇതോടെ മറ്റെല്ലാ മത്സരാര്‍ത്ഥികളെയും വിളിച്ച് ക്യാപ്റ്റന്‍ ലിവിങ്ങ് റൂമിലേക്ക് കടന്നു. അപ്പോഴും കലിപ്പ് തീരാതെ റോബിന്‍ ബാക്കിയുള്ള മാല കൂടി പൊട്ടിച്ച് വലിച്ചെറിഞ്ഞു. റോബിന്‍ കാരണമാണ് താന്‍ ജയിലില്‍ കിടക്കേണ്ടിവന്നതെന്നും റോബിന്‍ കാരണം തനിക്ക് ക്യാപ്റ്റനാകാന്‍ പറ്റുന്നില്ലെന്നും റിയാസ്, തന്നെ കാണാനെത്തിയ അപര്‍ണയോട് വിളിച്ച് പറയുന്നുണ്ടായിരുന്നു. എന്നാല്‍, ആരും മറുത്ത് പ്രതികരിക്കാന്‍ തയ്യാറാകാതിരുന്നതോടെ, വീട്ടിലെ മറ്റ് മത്സാര്‍ത്ഥികളുടെ ജയില്‍ തെരഞ്ഞെടുപ്പിന് എതിരെയും റിയാസ് വിളിച്ച് പറയുന്നുണ്ടായിരുന്നു.