Bigg Boss: നിയമം തെറ്റിച്ച് റിയാസ് സലീം; വാക്കുകൊണ്ട് പരസ്പരം ഏറ്റുമുട്ടി റോബിനും റിയാസും

First Published | May 11, 2022, 11:53 AM IST

ഴാമത്തെ ആഴ്ചയില്‍ കളറായി ബിഗ് ബോസ് സീസണ്‍ 4 (Bigg Boss Malayalam 4 ) . ആറ് ആഴ്ച പുറത്ത് നിന്ന് ബിഗ് ബോസ് സീസണ്‍ നാല് കണ്ട ശേഷം അകത്തുള്ള പന്ത്രണ്ട് മത്സരാര്‍ത്ഥിയെ കുറിച്ചും കൃത്യമായ ധാരണയോടുകൂടിയാണ് പുതുതായി വൈല്‍ഡ് കാര്‍ഡ് എന്‍ട്രികളായി എത്തിയ വിനയ് മാധവും റിയാസ് സലീമും വീട്ടിനുള്ളിലേക്ക് കടന്നത്. ഇരുവരും വീട്ടിനുള്ളില്‍ കടക്കുന്നതിന് മുമ്പ് തന്നെ ഇരുവരുടെയും ഉദ്ദേശമെന്തെന്ന് ബിഗ് ബോസ് മറ്റ് പന്ത്രണ്ട് മത്സരാര്‍ത്ഥികളെയും രഹസ്യമായി അറിയിച്ചിരുന്നു. പുറത്ത് നിന്ന് വരുന്നവരുടെ ഉദ്ദേശശുദ്ധിയില്‍ സംശയമുണ്ടായ മറ്റ് മത്സരാര്‍ത്ഥികള്‍ സംശയത്തോടെയാണ് പുതിയ മത്സരാര്‍ത്ഥികളെ സമീപിച്ചതും ഇടപെട്ടതും. ഇതില്‍ ജാസ്മിനോടുള്ള പ്രത്യേക താത്പര്യവും റോബിനോടുള്ള ശത്രുതയും വ്യക്തമാക്കിക്കൊണ്ടാണ് റിയാസ് സലീം വീട്ടിനുള്ളിലേക്ക് കടന്നത്. എന്നാല്‍, റോബിനെ പോലെ തന്നെ ജാസ്മിനും അനാവശ്യമായി വാക്കുകള്‍ ഉപയോഗിക്കുന്നുണ്ടെന്ന പക്ഷക്കാരനാണ് വിനയ് മാധവ്. വീടിന് പുറത്ത് നടന്നതോ നടക്കുന്നതോ ആയ കാര്യങ്ങള്‍ ( പ്രത്യേകിച്ച് മത്സരാര്‍ത്ഥികളുടെ ജനപിന്തുണ സംബന്ധിച്ച് ) മറ്റ് മത്സരാര്‍ത്ഥികളോട് പറയരുതെന്ന് ഇരുവരോടും ബിഗ് ബോസ് പ്രത്യേകം നിഷ്ക്കര്‍ഷിച്ചിരുന്നു. ഇരുവരുടെയും വരവോടെ ബിഗ് ബോസ് വീട് ഒന്ന് ഉണര്‍ന്നു. ആ ഉണര്‍വിനെ പുതിയ ടാസ്കിലൂടെ ഒന്നു കൂടി 'ബൂസ്റ്റ്' ചെയ്തിരിക്കുകയാണ് ബിഗ് ബോസ്.

ബിഗ് ബോസ് വീട്ടിലെ പുതിയ വീക്കിലി ടാസ്ക് 'ബിഗ് ബോസ് കോടതി'യാണ്. വീട്ടിനുള്ളിലെ പരാതികള്‍ പ്രത്യേകമായി എഴുതി പരാതിപ്പെട്ടിയില്‍ ഇടാം. ഇങ്ങനെ ലഭിക്കുന്ന കേസുകള്‍ കോടതി പരിഗണിക്കുകയും അതില്‍ അന്തിമ തീരുമാനം വിധിക്കുകയും ചെയ്യും. കോടതിക്ക് ലഭിച്ച ആദ്യ പരാതി റോണ്‍സണിന്‍റെതായിരുന്നു. 

കഴിഞ്ഞ ആറ് ആഴ്ചകളായി ബിഗ് ബോസ് വീട്ടിലെ അടുക്കള നിയന്ത്രിച്ചിരുന്നത് ലക്ഷ്മി പ്രിയ, സുചിത്ര, ധന്യ എന്നിവരായിരുന്നു. ഏറ്റവും ഒടുവില്‍ മോഹന്‍ലാലെത്തിയപ്പോള്‍, അടുക്കളയിലെ ഈ സ്ത്രീ അപ്രമാധിത്വം അവസാനിപ്പിക്കണമെന്നും പുരുഷന്മാര്‍ അടുക്കള ഭരണം ഏറ്റെടുക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. 


ഇതിന്‍റെ കൂടി ഭാഗമായാണ് കുക്കിങ്ങ് അറിയാവുന്ന വിനയ് മാധവനെ ബിഗ് ബോസ് വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായി വീടിനുള്ളിലേക്ക് വിടുന്നതെന്ന് മോഹന്‍ലാല്‍ കഴിഞ്ഞ ആഴ്ചയില്‍ പറഞ്ഞിരുന്നു. ഇരുവരെയും വീടിനുള്ളിലേക്ക് വിടുന്നതിന് മുമ്പ് മറ്റ് മത്സരാര്‍ത്ഥികളെ ഇവരുടെ വരവ് ബിഗ് ബോസ് അറിയിച്ചിരുന്നു. 

ഇരുവരും ലക്ഷ്മിപ്രിയയെ ഈ ആഴ്ച എലിമിനേഷനില്‍ നിന്ന് സേവ് ചെയ്യുന്നുവെന്ന് പറയുന്ന സംഭാഷണമാണ് ബിഗ് ബോസ് മറ്റ് മത്സരാര്‍ത്ഥികളെ കേള്‍പ്പിച്ചത്. ഇതോടെ വീടിനുള്ളിലെ പന്ത്രണ്ട് മത്സരാര്‍ത്ഥികളും പ്രതിരോധത്തിലായി. എല്ലാവരും ഇതുവരെ നടന്നതല്ല റിയല്‍ ബിഗ് ബോസ് എന്നും ഇനി നടക്കാനുള്ളതാണ് റിയലെന്നും എടുത്തെടുത്ത് പറയുന്നുണ്ടായിരുന്നു. പ്രത്യേകിച്ചും അപര്‍ണ.

പുതുതായി രണ്ട് മത്സരാര്‍ത്ഥികള്‍‌ പുറത്ത് നിന്ന് എത്തിയതിന് പിന്നാലെ ഇരുവരെയും ജഡ്ജിമാരായി ബിഗ് ബോസ് പുതിയൊരു ടാസ്കും നല്‍കി. 'ബിഗ് ബോസ് കോടതി' എന്ന പുതിയ ടാസ്കില്‍ വീട്ടിനുള്ളിലെ പരാതികള്‍ ജഡ്ജിമാര്‍ കേള്‍ക്കും. വാദപ്രതിവാദങ്ങള്‍ക്ക് ശേഷം കുറ്റവും ശിക്ഷയും വിധിക്കും എന്നതായിരുന്നു പുതിയ ടാസ്ക്.

കോടതിക്ക് മുന്നിലെത്തിയ ആദ്യ പരാതിയാകട്ടെ റോണ്‍സണിന്‍റെത്. കഴിഞ്ഞ ആഴ്ചവരെ അടുക്കളയില്‍ പലപ്പോഴും കയറാറില്ലെന്ന ആരോപണം നേരിട്ടിരുന്ന റോണ്‍സണായിരുന്നു ഇത്തവണ അടുക്കളയുടെ ക്യാപ്റ്റന്‍. വാക്കല്ല പ്രവര്‍ത്തിയാണ് തനിക്ക് പ്രധാനമെന്ന് നാഴികയ്ക്ക് നാല്‍പത് വട്ടം പറയുന്ന റോണ്‍സണ്‍, കിച്ചണ്‍ ക്യാപ്റ്റനായപ്പോള്‍ മുതല്‍  ചുമലില്‍ ഒരു തോര്‍ത്തുമിട്ടാണ് നടപ്പ്.

കിച്ചണ്‍ ടീം ഉണ്ടാക്കിവച്ച ചായയില്‍ ഈച്ച ചത്ത് കിടന്നെന്ന് ലക്ഷ്മി പ്രിയ പരാതി പറഞ്ഞെന്നും. എന്നാല്‍ അതിനുള്ള തെളിവ് നല്‍കിയില്ലെന്നുമായിരുന്നു റോണ്‍സണിന്‍റെ പരാതി. ചായയില്‍ ഈച്ച ചത്ത് കിടന്നെന്ന് ലക്ഷ്മി പ്രിയ തെളിയിക്കണം എന്ന് റോണ്‍സണ്‍ ആവശ്യപ്പെട്ടു. തനിക്ക് വേണ്ടി വാദിക്കാന്‍ റോണ്‍സണ്‍ നിയമവിദ്യാര്‍ത്ഥിനി കൂടിയായ നിമിഷയെ തെരഞ്ഞെടുത്തു. 

കോടതി ചേര്‍ന്നപ്പോള്‍, തന്‍റെ മൈക്ക് എടുക്കാന്‍ മറന്ന സുചിത്ര, കോടതിയോട് ഒരു മിനിറ്റെന്ന് പറഞ്ഞ് പുറത്തേക്ക് പോയി. എന്നാല്‍, അനുവാദം ചോദിക്കാതെ പുറത്ത് പോയെന്ന് ആരോപിച്ച കോടതി സുചിത്രയെ കോടതിക്കുള്ളില്‍ കോടതി സമയം തീരുന്നത് വരെ നില്‍ക്കാന്‍ ഉത്തരവിട്ടു. ഇതിന് ശേഷമാണ് കോടതി റോണ്‍സണിന്‍റെ കേസ് വാദത്തിനായി എടുത്തത്. 

ചായയില്‍ വീണ ഈച്ചയ്ക്ക് റോണ്‍സണ്‍ തെളിവ് ചോദിച്ചതാണ് ആദ്യം കോടതി എടുത്ത കേസ്. കേസില്‍ റോണ്‍സണ് വേണ്ടി വാദിക്കാന്‍ നിമിഷയാണെത്തിയത്. ചോദ്യം ചെയ്യലില്‍, തന്‍റെ കുളി കഴിഞ്ഞ ശേഷമാണ് ചായ കുടിക്കുന്നതെന്ന് ലക്ഷ്മി പ്രിയ അറിയിച്ചു. തുടര്‍ന്ന് കേസിന്‍റെ ഭാഗമായി നിമിഷ, അപര്‍ണയെ വിസ്തരിച്ചു. 

ചായ ഉണ്ടാക്കിയ കിച്ചണ്‍ ടീം തന്നെ ചായ പാത്രം അടച്ച് വേക്കേണ്ടതുണ്ടോയെന്നായിരുന്നു നിമിഷയുടെ ചോദ്യം. അതിനായി പറഞ്ഞ കാരണമാകട്ടെ പന്ത്രണ്ട് മത്സരാര്‍ത്ഥികള്‍ക്കും ചായയുണ്ടാക്കി പന്ത്രണ്ട് ഗ്ലാസിലൊഴിച്ച് പന്ത്രണ്ട് പാത്രം കൊണ്ട് അടച്ച് വച്ചാല്‍, അടച്ച് വച്ച പാത്രം കഴുകിവയ്ക്കാനുള്ള ആളിലെന്നായിരുന്നു.  

ഈ വാദം കോടതി മുഖവിലയ്ക്കെടുത്തു. എന്നാല്‍, ചായ ഉണ്ടാക്കിയ ശേഷം ഒന്നിച്ച് ഒരു പാത്രിത്തിലൊഴിച്ച് അടച്ച് വേക്കേണ്ടതിന് പകരം എന്തിന് പന്ത്രണ്ട് ഗ്ലാസുകളിലായി നിരത്തി ഒഴിച്ച് വയ്ക്കുന്നുവെന്ന ചോദ്യം പ്രതി ഭാഗം മറന്നു.  മത്സരാര്‍ത്ഥികളെല്ലാം ഒരു സമയത്തല്ല ചായ കുടിക്കുന്നതെന്ന് അറിയാമായിരുന്നിട്ടും പന്ത്രണ്ട് ഗ്ലാസുകളിലായി ചായ ഒഴിച്ച് നിരത്തി വയ്ക്കുന്നതിലെ ന്യായം കോടതിയും തിരക്കിയില്ല.

പകരം, അടുക്കള ടീം പന്ത്രണ്ട് ഗ്ലാസുകളിലായി ഒഴിച്ച് വയ്ക്കുന്ന ചായ അതാത് മത്സരാര്‍ത്ഥികള്‍ വന്ന് അടച്ച് വയ്ക്കേണ്ടതാണെന്ന വക്കീലിന്‍റെ വാദത്തെ കോടതി അംഗീകരിച്ചു. ഈയവസരത്തില്‍ അടച്ച് വയ്ക്കുന്ന അടപ്പുകള്‍ ആര് കഴുകണമെന്ന ചോദ്യത്തിന് കോടതിയോ വക്കീലോ വാദിയോ ഉത്തരം നല്‍കിയില്ല,

ഭക്ഷണം സാധനങ്ങള്‍ തുറന്നിടരുതെന്ന് താന്‍ തന്നെ പലരോടും പലതവണ പറഞ്ഞിട്ടുണ്ടെന്നും ലക്ഷ്മി പ്രിയ കോടതിയെ അറിയിച്ചു. തുറന്ന് ഇരിക്കുന്ന നിലയില്‍ ഭക്ഷണ സാധനങ്ങള്‍ കണ്ടാല്‍ ആര്‍ക്ക് വേണമെങ്കിലും അടച്ച് വയ്ക്കാമെന്നും ലക്ഷ്മി പ്രിയ വാദിച്ചു. ഒടുവില്‍ വാദി ഭാഗം അഭിഭാഷകയുടെ ആവശ്യപ്രകാരം ചായയില്‍ വീണ് ചത്ത ഈച്ചയുടെ ശവശരീരം കണ്ട റോബിനെ വിസ്തരിക്കാനായി ക്ഷണിച്ചു. 

എന്നാല്‍, കോടതിയില്‍ കൃത്യമായി കാര്യങ്ങള്‍ അവതരിപ്പിക്കുന്നതില്‍ ഡോ.റോബിന്‍ പരായപ്പെട്ടു. ചായ ഒഴിച്ച് കളയുമ്പോള്‍ ഗ്ലാസിന് അടിയില്‍ ചത്ത ഈച്ചയെ കണ്ടു എന്നായിരുന്നു റോബിന്‍ പറഞ്ഞത്. റോബിന്‍റെ നാക്ക് പിഴയെ അഡ്വ.നിമിഷ തന്‍റെ വാദത്തിനായി ശക്തമായി ഉപയോഗിച്ചു. 

തെളിവുകള്‍ മാത്രമേ കോടതിക്ക് സ്വീകരിക്കാന്‍ കഴിയൂവെന്ന് പറഞ്ഞ കോടതി റോബിന്‍റെ വാദം തെറ്റാണെന്ന് വിധിച്ചു. തുടര്‍ന്ന് ഭക്ഷണം ഉണ്ടാക്കുകയും അത് അറിയിക്കുകയും മാത്രമാണ് അടുക്കള ടീമിന്‍റെ ഉത്തരവാദിത്വമെന്നും ഭക്ഷണം അടച്ച് വയ്ക്കേണ്ടത് അതാത് വ്യക്തികളായിരിക്കണമെന്നും കോടതി നിരീക്ഷിച്ചു. 

ലക്ഷ്മി പ്രിയ ഹജരാക്കിയ തെളിവ് കള്ളത്തെളിവാണെന്ന് കോടതിക്ക് ബോധ്യപ്പെട്ടെന്നും കോടതി പറഞ്ഞു. തുടര്‍ന്ന് ലക്ഷ്മി പ്രിയ തന്‍റെ നിലവിലെ ഡ്യൂട്ടി കൂടാതെ അടുക്കള ടീമിനെ സഹായിക്കണമെന്നും കോടതി വിധിച്ചു. ലക്ഷ്മി പ്രിയ, ധന്യ, സുചിത്ര എന്നിവരെ കിച്ചണ്‍ ടീമില്‍ നിന്ന് ഒഴിക്കാണമെന്നായിരുന്നു കഴിഞ്ഞ ആഴ്ച അവസാനം ബിഗ് ബോസ് മത്സരാര്‍ത്ഥികളെടുത്ത തീരുമാനം. 

അതിന്‍റെ അടിസ്ഥാനത്തിലാണ് റോണ്‍സണെ കിച്ചണ്‍ ടീമിന്‍റെ ക്യാപ്റ്റനാക്കിയതും. എന്നാല്‍, അതെ തീരുമാനത്തെ അട്ടിമറിച്ച കോടതി ലക്ഷ്മി പ്രിയയെ വീണ്ടും കിച്ചണ്‍ ഡ്യൂട്ടിയിലേക്ക് തന്നെ നിയമിച്ചു. കേസ് റോണ്‍സണ്‍ വിജയിച്ചതായി കോടതി പ്രഖ്യാപിച്ചു. 

കോടതി അലക്ഷ്യത്തിന് റോബിനെ കോടതിക്ക് ചുറ്റും രണ്ട് റൗണ്ട് തവള ചാട്ടത്തിനും കോടതി വിധിച്ചു.  എന്നാല്‍, തന്‍റെ നടുവിരല്‍ ഉയര്‍ത്തിയാണ് റോബിന്‍ കോടതിയില്‍ തവള ചാട്ടം ചാടിയത്. കോടതിയുടെ ശിക്ഷാ വിധിയെ ഡോ.റോബിന്‍ വ്യക്തിഹത്യയായാണ് എടുത്തതെന്നതിന് തെളിവായിരുന്നു ഇത്. 

റോബിനുള്ള ശിക്ഷ വിധിച്ചത്, പുതുതായി എത്തിയ റിയാസ് സലിം എന്ന ജഡ്ജിയായിരുന്നു. ബിഗ് ബോസ് വീട്ടിലേക്ക് വരുന്നതിന് മുമ്പ് തന്നെ റോബിനെതിരെ സംസാരിച്ചിരുന്നയാളാണ് റിയാസ് സലിം. സ്വാഭാവികമായും റോബിന്‍റെ തവള ചാട്ടത്തെ റിയാസ് ചോദ്യം ചെയ്തു. ഇതിന് മറുപടിയായി കോടതിക്ക് തെറിവാക്ക് ഉപയോഗിക്കാമെങ്കില്‍ തനിക്ക് നടുവിരല്‍ ഉയര്‍ത്തമെന്നായിരുന്നു റോബിന്‍ ന്യായം. 

ഈ സംഭാഷണം ബിഗ് ബോസ് സീസണ്‍ നാലിലെ ഏറ്റവും വലിയ വഴക്കിന് വഴിവച്ചു. റോബിന്‍ ഒരുവശത്തും മറുവശത്ത് റിയാസും ചേര്‍ന്ന വാക്ക് പോരിനായിരുന്നു ബിഗ് ബോസ് വീട് പിന്നീട് സാക്ഷ്യം വഹിച്ചത്. പരസ്പരം തെറിവിളികളാല്‍ മുഖരിതമായിരുന്നു ഇരുവരുടെയും ലഹള. പലരും പിടിച്ച് മാറ്റാനും മറ്റും ശ്രമിച്ചെങ്കിലും ഇരുവരുടെ സംഭാഷണത്തിനിടയിലും ബീപ് ബീപ് ശബ്ദം മുഴങ്ങിക്കേട്ടു. 

ഇതിനിടെ മുമ്പ് സീക്രട്ട് റൂമില്‍ നിന്ന് തിരിച്ചെത്തിയ നിമിഷ, ബിഗ് ബോസ് നിയമം തെറ്റിച്ച് സീക്രട്ട് റൂമിലെ രഹസ്യങ്ങള്‍ വെളിപ്പെടുത്തിയത് പോലെ റിയാസും പുറത്തുള്ള റോബിന്‍റെ ജനപിന്തുണയെ കുറിച്ച് പല ആവര്‍ത്തി ബിഗ് ബോസ് വീട്ടില്‍ സംസാരിച്ചു. താന്‍ വന്നത് റോബിനെ പുറത്താക്കാനാണെന്നും അയാള്‍ വഴക്കിനിടെ വിളിച്ച് പറയുന്നുണ്ടായിരുന്നു. 

ഇരുവരും പരസ്പരം പ്രകോപിപ്പിക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നതിനിടെ റിയാസ്, ബിഗ് ബോസിലെ മറ്റൊരു നിയമവും തെറ്റിച്ചു. റോബിനും ബ്ലെസ്ലിയും ദില്‍ഷയും ത്രികോണ പ്രണയ ട്രക്കാണ് ബിഗ് ബോസ് വീട്ടില്‍ കളിക്കുന്നതെന്ന് അയാള്‍ വെളിപ്പെടുത്തി. ഇത്തരം കാര്യങ്ങള്‍ വീട്ടിനുള്ളിലെ മത്സരാര്‍ത്ഥികളുമായി സംസാരിക്കരുതെന്നായിരുന്നു ബിഗ് ബോസ് ഇരുവരോടും പറഞ്ഞിരുന്നത്. 

എന്നാല്‍, വന്ന ആദ്യ ദിവസങ്ങളില്‍ തന്നെ റിയാസ് സലീം ഈ നിയമങ്ങള്‍ തെറ്റിച്ചു. റോബിന്‍റെ തന്ത്രങ്ങള്‍ പൊളിഞ്ഞെന്നും റോബിന്‍ ബിഗ് സീറോയാണെന്നും റിയാസ് വിളിച്ച് പറയുന്നുണ്ടായിരിന്നു. ഷോ കാണുന്നയാളുകള്‍ക്ക് റോബിനെ മനസിലായെന്നും റോബിനെ പോലൊരാള്‍ ഷോയുടെ വിജയിയായാല്‍ തനിക്ക് ഈ ഷോയോടുള്ള താത്പര്യം അവസാനിക്കുമെന്നും റിയാസ് വിളിച്ച് പറയുന്നുണ്ടായിരുന്നു. എന്നാല്‍, താനാണ് ബിഗ് ബോസ് വിജയി എന്നായിരുന്നു റോബിന്‍റെ മറുപടി. 

റോബിന്‍ റിയലായല്ല കളിക്കുന്നതെന്നും ഫേക്കാണെന്നും റിയാസ് ആരോപിച്ചു. എന്നാല്‍, ഇതാണ് യഥാര്‍ത്ഥ റോബിന്‍ എന്നായിരുന്നു റോബിന്‍റെ വാദം. റിയാസ് ത്രികോണ പ്രണയ ട്രക്കിനെ കുറിച്ച് സംസാരിച്ചതിന് പിന്നാലെ ദില്‍ഷ, റിയാസുമായി വഴക്കാരംഭിച്ചു. എന്നാല്‍, താനങ്ങനെ പറഞ്ഞിട്ടില്ലെന്നായിരുന്നു റിയാസ് പറഞ്ഞത്.

റോബിന്‍റെ പ്രണയ ട്രക്കിനെ കുറിച്ച് പറയുമ്പോള്‍ ദില്‍ഷ എന്തിനാണ് അസ്വസ്ഥയാകുന്നതെന്നും റിയാസ് ചോദിക്കുന്നുണ്ടായിരുന്നു. ബിഗ് ബോസ് വീട്ടില്‍ നില്‍ക്കാന്‍ തനിക്ക് അത്തരമൊരു ത്രികോണ പ്രണയം ട്രാക്കിന്‍റെ ആവശ്യമില്ലെന്നായിരുന്നു ദില്‍ഷയുടെ അഭിപ്രായം. 

തനിക്ക് ബിഗ് ബോസ് വീട്ടില്‍ രണ്ട് അടുത്ത സുഹൃത്തുക്കള്‍ മാത്രമാണുള്ളതെന്ന് വാദിച്ച ദില്‍ഷ, താന്‍ അത്തരമൊരു ട്രാക്ക് പിടിച്ചാണ് വീട്ടില്‍ തുടരുന്നതെന്ന് പ്രേക്ഷകര്‍ക്ക് തോന്നിന്നെങ്കില്‍ തനിക്ക് വോട്ട് ചെയ്യരുതെന്നും ആവശ്യപ്പെട്ടു. എന്നാല്‍ തോട്ട് പിന്നാലെ ദില്‍ഷയ്ക്ക് വോട്ട് ചോദിച്ച് ബ്ലെസ്ലിയും റോബിനും രംഗത്തെത്തിയത് അതുവരെയുണ്ടായിരുന്ന സംഘര്‍ഷത്തെ ലഘൂകരിച്ചു. 

Latest Videos

click me!