ബിഗ് ബോസ് മലയാളം സീസണ്‍ 4 ല്‍ ഏറെ തയ്യാറെടുത്ത് വന്നിരിക്കുന്ന മത്സരാര്‍ത്ഥിയാണ് ഡോ. റോബിന്‍. ഹൗസില്‍ സഹമത്സരാര്‍ഥികളുമായി കാര്യമായ സൗഹൃദങ്ങളൊന്നും ഇതുവരെ ഉണ്ടാക്കിയിട്ടില്ലാത്ത റോബിന്‍ പലപ്പോഴും മത്സരത്തിന്‍റെ പിരിമുറുക്കത്തിലാണെന്ന തോന്നലാണ് ഉളവാക്കുന്നത്.
എല്ലാ ഗെയിമുകളിലും വാശിയോടെ പങ്കെടുക്കുന്ന മത്സരാര്‍ത്ഥി കൂടിയാണ് അദ്ദേഹം. ബിഗ് ബോസിലേക്ക് വരുന്നതിന് മുന്‍പ് എട്ട് മാസം മറ്റെല്ലാ കാര്യങ്ങളും മാറ്റിവച്ച് തയ്യാറെടുത്തിട്ടാണ് അദ്ദേഹം വന്നതെന്ന് മത്സരാര്‍ഥികളില്‍ ചിലര്‍ തന്നെ പറയുന്നുണ്ടായിരുന്നു.
പലപ്പോഴും മറ്റുള്ളവരുമായി തര്‍ക്കങ്ങളില്‍ ഏര്‍പ്പെട്ടിട്ടുള്ള റോബിന്‍ ഏറ്റവുമധികം അഭിപ്രായ വ്യത്യാസം പ്രകടിപ്പിച്ചിട്ടുള്ളത് ധന്യയോടാണ്. കഴിഞ്ഞ ദിവസത്തെ എപ്പിസോഡില്‍ മറ്റ് മത്സരാര്‍ഥികളെക്കുറിച്ച് ഒരു ആരോപണവും അദ്ദേഹം ഉയര്‍ത്തി. താന്‍ ഹൗസില്‍ ടാര്‍ഗറ്റ് ചെയ്യപ്പെടുന്നുവെന്നായിരുന്നു അത്.
തനിക്ക് എല്ലാവരോടുമായി ഒരു കാര്യം പറയാനുണ്ടെന്നും അതിനായി എല്ലാവരെയും ഹാളിലേക്ക് വിളിപ്പിക്കണമെന്നും ക്യാപ്റ്റന്‍ നവീനോട് റോബിന്‍ പറയുകയായിരുന്നു. ഇതനുസരിച്ച് ക്യാപ്റ്റന്‍ വിളിച്ചുകൂട്ടിയ മറ്റ് മത്സരാര്‍ഥികളുടെ മുന്നിലാണ് റോബിന്‍ തന്‍റെ ആരോപണം ഉയര്‍ത്തിയത്.
16 പേരില്‍ ചിലരൊക്കെ തന്നെ ബോധപൂര്‍വ്വം ടാര്‍ഗറ്റ് ചെയ്യുന്നുവെന്നായിരുന്നു റോബിന്‍റെ ആരോപണം. ഇതിന് ഉദാഹരണമായി അദ്ദേഹം ചൂണ്ടിക്കാട്ടിയത് ഈ എപ്പിസോഡില്‍ തന്നെ നടന്ന ഗോളടി ഗെയിമില്‍ ഗോളിയായി തന്നെ ആദ്യം സെലക്റ്റ് ചെയ്‍തതിനു ശേഷം ചിലരുടെ കൂടിയാലോചന പ്രകാരം ആ സ്ഥാനത്തുനിന്ന് നീക്കിയെന്നതാണ്.
ധന്യയും റോണ്‍സണും നവീനും ചേര്‍ന്നാണ് ഇത് ചെയ്‍തതെന്നും റോബിന്‍ ആരോപിച്ചു. എന്നാല്‍ ഇക്കാര്യം നിഷേധിച്ചുകൊണ്ടാണ് എല്ലാവരും സംസാരിച്ചത്. ക്യാമറയുടെ ശ്രദ്ധ എല്ലായ്പ്പോഴും തന്നിലേക്ക് തിരിക്കാനുള്ള റോബിന്‍റെ ശ്രമം മാത്രമാണ് ഇതും എന്നായിരുന്നു ധന്യയുടെ മറുപടി.
ഗോളിയുടെ പൊസിഷനില്‍ നിന്ന് ആദ്യം തീരുമാനിച്ചിരുന്ന റോബിനെ നീക്കാനുള്ള കാരണം നിമിഷ വിശദീകരിച്ചു. എതിര്‍വശത്തെ ഗോളിയുടെ പ്രകടനത്തില്‍ നിന്നാണ് നീളമുള്ള ഒരാള്‍ ഗോള്‍ പോസ്റ്റിനു മുന്നില്‍ നിന്നാല്‍ ശരിയാവില്ലെന്ന തീരുമാനത്തില്‍ എത്തിയത്. അതുപ്രകാരം റോബിനെ മാറ്റുകയായിരുന്നുവെന്ന് നിമിഷ പറഞ്ഞു.
ഒടുവില്‍ എല്ലാവരുടെയും ശ്രദ്ധ പതിയേണ്ട ഒരു കാര്യം എന്ന മുഖവുരയോടെ അഖില്‍ തന്‍റെ നിരീക്ഷണവും അവതരിപ്പിച്ചു. റോബിന്‍റെ അഭിപ്രായ പ്രകടനത്തോട് പ്രതികരിച്ചവരെല്ലാം യഥാര്‍ഥത്തില്‍ വിഡ്ഢികളാവുകയാണെന്നായിരുന്നു അഖിലിന്‍റെ പ്രതികരണം.
എല്ലാവരും തന്നെ ടാര്‍ഗറ്റ് ചെയ്യുന്നുവെന്ന് പറയുന്നതിലൂടെ മറ്റ് മത്സരാര്‍ത്ഥികളെല്ലാവരും ജനങ്ങളുടെ കണ്ണില്‍ മോശക്കാരാവുമെന്നും ബിഗ് ബോസിന്‍റെ മുന്‍ സീസണുകളില്‍ തന്‍റെ ചില സുഹൃത്തുക്കള്‍ക്ക് സമാന അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും അഖില്‍ പറഞ്ഞു.
ഞാന്‍ തമാശ പറഞ്ഞ് ജീവിക്കുന്ന ഒരാളാണ്. ഇനി നാളെ എന്‍റെ തമാശ കേട്ടിട്ട് ചിരിക്കില്ലെന്ന് ഒരാള്‍ തീരുമാനിച്ചാല്‍ എനിക്ക് വേറെ ജോലി അന്വേഷിക്കേണ്ടിവരും, അഖില്‍ പറഞ്ഞുനിര്‍ത്തി. താന്‍ പറഞ്ഞ കാര്യം സംപ്രേഷണം ചെയ്യണമെന്ന് ബിഗ് ബോസിനോട് അഖില്‍ പ്രത്യേക അഭ്യര്‍ഥനയും നടത്തി.
അതിനിടെ മുമ്പൊരു ദിവസം , ഇത്തവണത്തെ സീസണില്‍ തങ്ങൾക്കിടയിൽ ഒരു 'പ്രണയ ട്രാക്ക്' മറ്റുള്ളവർ ആരോപിച്ചേക്കാമെന്ന് ഡോ. റോബിൻ ദിൽഷയോട് പറയുന്നത് പ്രേക്ഷകർ കണ്ടിരുന്നു. ഇക്കാര്യത്തില്‍ ബ്ലെസ്‍ലിയും ദിൽഷയ്ക്ക് ഇന്നലെ മുന്നറിയിപ്പ് നൽകി.
റോബിൻ, ദിൽഷയുമായി ശ്രമിക്കാൻ സാധ്യതയുള്ള ഒരു ലവ് ട്രാക്കിനെക്കുറിച്ചാണ് ബ്ലെസ്‍ലി ദിൽഷയ്ക്ക് മുന്നറിയിപ്പ് നല്‍കിയത്. ദില്‍ഷയ്ക്ക് ഇക്കാര്യത്തില്‍ സ്വന്തം നിലപാടുണ്ടായിരുന്നു. ബിഗ് ബോസില്‍ പ്രണയം ഉപയോഗിച്ചുള്ള ഒരു സ്ട്രാറ്റജിക്കും താൻ നിൽക്കില്ലെന്നത് തന്നെയായിരുന്നു ദില്‍ഷ, ബ്ലെസ്ലിക്ക് നല്‍കിയ മറുപടി.
താൻ പ്രണയത്തെ അത്രയും ബഹുമാനത്തോടെയാണ് കാണുന്നതെന്നും ദിൽഷ കൂട്ടിച്ചേര്‍ത്തു. റോബിന്‍റെ തന്ത്രം പൊളിക്കാനുള്ള ശ്രമത്തിനിടെ ബ്ലെസ്ലി മറ്റൊരു കൊളുത്തുകൂടി ഇട്ടു. ദിൽഷയോട് തനിക്ക് ഒരു ക്രഷ് തോന്നിയിരുന്നുവെന്നത് മറയില്ലാതെ ബ്ലെസ്‍ലി പങ്കുവച്ചു.
അതിന് തന്‍റെതായ കാരണവും ബ്ലെസ്ലിക്ക് ഉണ്ടായിരുന്നു. അച്ഛന്‍റെ വിയോഗം തന്നെ എപ്പോഴും അലട്ടാറുള്ള കാര്യമാണ്. ബ്ലെസ്‍ലി മുൻപ് സെൽഫി ടാസ്‍കിൽ സ്വന്തം ജീവിതം വിശദീകരിച്ചപ്പോൾ ഇക്കാര്യങ്ങളെല്ലാം മറ്റ് മത്സരാര്‍ത്ഥികള്‍ക്ക് മുന്നില്‍ പറഞ്ഞിട്ടുമുണ്ട്.
സ്വന്തം കുടുംബത്തോട് ദിൽഷ പുലർത്തുന്ന അടുപ്പവും സ്നേഹവും ആത്മാർഥതയുമൊക്കെയാണ് തനിക്ക് ദില്‍ഷയോട് ക്രഷ് തോന്നാൻ കാരണം, ബ്ലെസ്‍ലി സ്വയം ന്യായീകരിച്ചു. തോന്നൽ പങ്കുവച്ചു എന്നേയുള്ളൂവെന്നും എപ്പോഴത്തേക്കുമുള്ള തോന്നൽ ആയിക്കൊള്ളണമെന്നില്ലെന്നും ബ്ലെസ്‍ലി അതിനിടയിലും ഒരു മുഴം മുമ്പേ എറിഞ്ഞു.
പറഞ്ഞത് അതേ രീതിയിൽ മനസിലാക്കുന്നുവെന്ന തരത്തിലായിരുന്നു ഇതിനോടുള്ള ദിൽഷയുടെ പ്രതികരണം. മനസിൽ തോന്നുന്നത് അടക്കിവെക്കാതെ പറയുന്നതു തന്നെയാണ് നല്ലതെന്നും എന്നാൽ അത് മറ്റുള്ളവരെ ബുദ്ധിമുട്ടിക്കരുത് എന്ന് മാത്രമേ ഉള്ളുവെന്നും ദിൽഷ കൂട്ടിച്ചേർത്തു.
ക്രഷുകള്‍ക്കിടയിലും ബിഗ് ബോസിൽ ഇത്തവണത്തെ വീക്കിലി ടാസ്‍ക് ഏറെ രസകരമായിരുന്നു. ഭാഗ്യപേടകം എന്ന് പേരിട്ടിരുന്ന വീക്കിലി ടാസ്‍കിൽ മത്സരാർഥികളുടെ സാങ്കൽപിക ബഹിരാകാശ സഞ്ചാരമാണ് ഉണ്ടായിരുന്നത്. ബഹിരാകാശ പേടകങ്ങളുടെ മാതൃകയെ അനുസ്മരിപ്പിക്കുന്ന ഒരു പ്ലാറ്റ്ഫോം ആയിരുന്നു ബിഗ് ബോസിലെ പേടകം.
അഞ്ച് പേർക്കാണ് ഇതിൽ ഒരേസമയം ഇരിക്കാനാവുക. ഇതിൽ പരമാവധി സമയം ചിലവഴിക്കുന്നതാര് എന്നതായിരുന്നു മത്സരം. ഈ മത്സരത്തിൽ ബ്ലെസ്‍ലിയാണ് ഒന്നാം സ്ഥാനത്ത് എത്തിയത്. ആഹാരമോ വെള്ളമോ ഉറക്കമോ കൂടാതെ 24 മണിക്കൂറും 30 മിനിറ്റുമാണ് ബ്ലെസ്‍ലി പേടകത്തിൽ ചിലവഴിച്ചത്. രണ്ടാം സ്ഥാനം രണ്ടുപേർ പങ്കിട്ടു.
14.53 മണിക്കൂർ ചിലവഴിച്ച നിമിഷയും ദിൽഷയും. 14.45 മണിക്കൂർ ചിലവഴിച്ച അപർണ്ണയാണ് മൂന്നാം സ്ഥാനത്ത്. ബിഗ് ബോസ് മുൻകൂട്ടി പറഞ്ഞിരുന്നത് പ്രകാരം ഈ മത്സരത്തിലെ ഒന്നാം സ്ഥാനക്കാരനായ ബ്ലെസ്‍ലിക്ക് അടുത്ത വാരത്തിലെ എലിമിനേഷൻ ഒഴിവാകും. ദിൽഷ, നിമിഷ, അപർണ്ണ എന്നിവരാവും ഈ വാരം ക്യാപ്റ്റൻസി സ്ഥാനത്തിന് വേണ്ടി മത്സരിക്കുക.
ബിഗ് ബോസില്‍ നോമിനേഷനും എവിക്ഷനുമൊക്കെപ്പോലെ കൗതുകമുണര്‍ത്തുന്ന മറ്റൊന്നാണ് മത്സരാര്‍ഥികളുടെ ജയില്‍വാസം. ഓരോ വാരത്തിലെയും വീക്കിലി ടാസ്‍കിനു പിന്നാലെയാണ് ഏറ്റവും മോശം പ്രകടനം നടത്തിയ രണ്ടുപേരെ മത്സരാര്‍ഥികള്‍ ചേര്‍ന്ന് തീരുമാനിച്ച് ജയിലിലേക്ക് അയക്കുന്നത്.
ഏറ്റവും രസകരമായ ഒരു വീക്കിലി ടാസ്ക് ആണ് ബിഗ് ബോസ് ഈ വാരം മത്സരാര്‍ഥികള്‍ക്ക് നല്‍കിയത്. ഭാഗ്യപേടകം എന്നു പേരിട്ടിരുന്ന ടാസ്‍കില്‍ ഒന്നാമനായത് ബ്ലെസ്‍ലിയാണ്. രണ്ടാം സ്ഥാനം രണ്ടുപേര്‍ പങ്കിട്ടെടുത്തു. നിമിഷയും ദില്‍ഷയും. മൂന്നാം സ്ഥാനം അപര്‍ണ്ണയും. ഇതില്‍ ഒന്നാമതെത്തിയ ബ്ലെസ്‍ലിക്ക് അടുത്ത വാരം നോമിനേഷനില്‍ നിന്ന് മോചനം ലഭിച്ചു.
രണ്ട്, മൂന്ന് സ്ഥാനങ്ങളില്‍ ഇടംപിടിച്ച നിമിഷ, ദില്‍ഷ, അപര്‍ണ്ണ എന്നിവരില്‍ നിന്നാണ് പുതിയ ക്യാപ്റ്റനെ തീരുമാനിക്കുക. ജയിലില്‍ പോകാനുള്ളവരെയും ക്യാപ്റ്റനെയും തീരുമാനിക്കുന്ന ടാസ്‍കുകള്‍ക്കായാണ് പ്രേക്ഷകര്‍ കാത്തിരുന്നത്. ഇതില്‍ ജയില്‍ നോമിനേഷന്‍ ഇന്ന് നടന്നു.
ബിഗ് ബോസ് മലയാളം നിയമാവലിയില്‍ പ്രാധാന്യമുള്ള ഒന്നാണ് ഭാഷയുടെ ഉപയോഗം. കഴിവതും മറ്റ് ഭാഷാ പ്രയോഗങ്ങള്‍ ഒഴിവാക്കി, 'മത്സരാര്‍ഥികള്‍ മലയാളത്തില്‍ തന്നെ സംസാരിക്കണം' എന്നതാണ് അത്. ഈ സീസണില്‍ മത്സരാര്‍ഥികളില്‍ പലരും അക്കാര്യം ശ്രദ്ധിക്കുന്നില്ലെന്ന കാര്യം അവതാരകനായ മോഹന്‍ലാല്‍ നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു.
മത്സരാര്‍ഥികള്‍ക്കായി ബിഗ് ബോസ് ഇന്നലെ നല്‍കിയ മോണിംഗ് ആക്റ്റിവിറ്റി മലയാളത്തില്‍ ഊന്നിയായിരുന്നു. സാന്‍ഡ് ക്ലോക്കിലെ സമയം തീരുംവരെ ഓരോരുത്തരും ചെന്നുനിന്ന് നല്‍കുന്ന വിഷയത്തില്‍ മലയാളത്തില്‍ മാത്രം സംസാരിക്കുക എന്നതായിരുന്നു ടാസ്‍ക്. നിമിഷ, നവീന്‍ തുടങ്ങി അപൂര്‍വ്വം ചിലര്‍ മാത്രമാണ് ഈ ടാസ്‍ക് വിജയകരമായി പൂര്‍ത്തിയാക്കിയത്.
വീക്കിലി ടാസ്‍കുകളിലും മൊത്തത്തിൽ കളി നിയമങ്ങൾ പാലിക്കുന്നതിലും ബിഗ് ബോസ് മലയാളം മുൻ സീസണുകളേക്കാൾ ഏറെ പിന്നിലാണ് നാലാം സീസണിലെ മത്സരാർഥികൾ. കഴിഞ്ഞ വാരത്തിലും ഇക്കാരണം ചൂണ്ടിക്കാട്ടി ബിഗ് ബോസ് ലക്ഷ്വറി ബജറ്റ് പോയിൻറുകൾ വെട്ടിക്കുറച്ചിരുന്നു.
ഈ വാരത്തിലും പോയിൻറുകളിൽ വൻ കുറവ് വരുത്തിയിരിക്കുകയാണ് ബിഗ് ബോസ്. ഭാഗ്യപേടകം വീക്കിലി ടാസ്‍കിലൂടെ മത്സരാർഥികൾക്ക് ആകെ നേടാമായിരുന്നത് 3200 ലക്ഷ്വറി പോയിൻറുകളാണ്. പക്ഷേ അവർ ആകെ നേടിയത് വെറും 1700 പോയിൻറുകളും. '
പതിവുപോലെ വീക്കിലി ടാസ്‍കിന് ശേഷം ഈ ടാസ്‍കിലെയും മൊത്തത്തിലുള്ള പ്രകടനവും പരിഗണിച്ച് മോശം പ്രകടനം നടത്തിയ മൂന്നുപേരെ ഓരോരുത്തരും നോമിനേറ്റ് ചെയ്യാന്‍ ബിഗ് ബോസ് ആവശ്യപ്പെട്ടു. ഇതനുസരിച്ച് ഏറ്റവുമധികം വോട്ട് കിട്ടിയത് ഡെയ്‍സിക്കാണ്, 11 വോട്ടുകള്‍. ജാസ്‍മിന് 10 വോട്ടുകളും ഡോ. റോബിന് 8 വോട്ടുകളും ലഭിച്ചു.
പതിവുപോലെ രണ്ടു പേര്‍ക്കാണ് ഇക്കുറിയും ജയില്‍ ശിക്ഷ. ഏറ്റവുമധികം നോമിനേഷനുകള്‍ ലഭിച്ച ജാസ്‍മിന്‍, ഡെയ്‍സി, ഡോ. റോബിന്‍ എന്നിവര്‍ക്കിടയില്‍ പെട്ടെന്ന് ഒരു മത്സരം നടത്തി വിജയിക്കുന്ന ആളെ ജയില്‍ശിക്ഷയില്‍ നിന്ന് ഒഴിവാക്കാനായിരുന്നു ബിഗ് ബോസിന്‍റെ തീരുമാനം. ഇതുപ്രകാരം ജാസ്‍മിന്‍ ജയില്‍ ശിക്ഷയില്‍ നിന്ന് ഒഴിവായി. ഡെയ്‍സിയും ഡോ. റോബിനും ജയിലില്‍ പ്രവേശിക്കുകയും ചെയ്‍തു.