രണ്ട് ദിവസത്തെ സീക്രട്ട് റൂം വാസത്തിന് ശേഷം തിരിച്ചെത്തിയ നിമിഷ, അതുവരെയുണ്ടായിരുന്ന തന്‍റെ ഗെയിം പ്ലാനില്‍ അടിമുടി മാറ്റം വരുത്തിയെന്ന് പിന്നീടുള്ള സംഭവങ്ങള്‍ തെളിയിച്ചു. ഇപ്പോള്‍ ബിഗ് ബോസ് വീട്ടിലെ മത്സരത്തില്‍ തന്‍റെ എതിരാളിയെ നിമിഷ കണ്ടെത്തിയെന്ന് വേണം കരുതാന്‍.
ബ്ലെസ്ലി ഹെല്‍ത്ത് ടാസ്കില്‍ വീഴ്ച വരുത്തിയെന്ന് ശക്തമായി വാദിച്ചവരില്‍ രണ്ടാമത്തെയാളായിരുന്നു ഡെയ്സി. അഖിലായിരുന്നു ഈ പ്രശ്നം ഉന്നയിച്ചതെങ്കിലും അതിനെ ഊതി കത്തിച്ചത് ഡെയ്സിയായിരുന്നു.
ഡെയ്സിയോട് ഒരുവേള വാദിച്ച് തളര്‍ന്ന ബ്ലെസ്ലി, ജാസ്മിനും നിമിഷയും ഇരിക്കുന്നിടത്ത് വന്ന് 'എനിക്കും ഉറങ്ങാനുള്ള മെഡിക്കേഷന്‍ വേണ'മെന്നും തനിക്കും ബിഗ് ബോസ് വീട്ടില്‍ കിടന്നുറങ്ങണമെന്നും ആവശ്യപ്പെട്ടിരുന്നു.
ഈ സമയം "അത് അവളുടെ അടവാണെന്നാ"യിരുന്നു നിമിഷ അഭിപ്രായപ്പെട്ടത്. അവള്‍ക്ക് മാത്രമാണോ ഇതൊക്കെയെന്ന് നിമിഷ എടുത്ത് ചോദിക്കുന്നുമുണ്ടായിരുന്നു. എന്നാല്‍, ഡെയ്സി മരുന്ന് കഴിച്ചതിന്‍റെ ക്ഷീണത്തിലാണെന്ന് ജാസ്മിന്‍ ഓര്‍മ്മിപ്പിച്ചു.
ഈ പ്രശ്നം അപ്പോള്‍ അവിടെ വച്ച് തീര്‍ന്നെങ്കിലും ഇന്നലെ ജയില്‍ നോമിനേഷന്‍റെ സമയത്ത് നിമിഷ, ഡെയ്സിയുടെ പേര് പറഞ്ഞപ്പോള്‍ ഡെയ്സിയും ഒപ്പം ജാസ്മിനും ഞെട്ടി.
താന്‍ ബോധപൂര്‍വ്വം ഉറങ്ങിയതല്ലെന്നും മരുന്നിന്‍റെ ക്ഷീണത്താല്‍ ഉറങ്ങിപ്പോയതാണെന്നും ഇതിന്‍റെ പേരില്‍ ജയില്‍ നോമിനേറ്റ് ചെയ്യുന്നത് ഉചിതമല്ലെന്നും ഡെയ്സി ഇടയ്ക്കിടെ പറഞ്ഞു.
എന്നാല്‍, ഡെയ്സിയുടെ വാദം കേള്‍ക്കാന്‍ നിമിഷ തയ്യാറായിരുന്നില്ല. മറിച്ച് ബിഗ് ബോസ് വീട്ടിലെ നിയമമതാണെന്നും അത് അനുസരിക്കാത്തതിനാലാണ് ഡെയ്സിയെ ജയിലിലേക്ക് നോമിനേറ്റ് ചെയ്യുന്നതെന്നുമായിരുന്നു നിമിഷയും ന്യായം.
നിമിഷയെ, ജാസ്മിന്‍ പല തവണ തിരുത്താന്‍ ശ്രമിച്ചെങ്കിലും നിമിഷ തന്‍റെ വാദത്തില്‍ ഉറച്ച് നിന്നു. ഏറെ നേരത്തെ വാദപ്രതിവാദങ്ങള്‍ക്ക് ശേഷവും നിമിഷ തന്‍റെ നിലപാട് മാറ്റാന്‍ തയ്യാറായില്ല.
ഒടുവില്‍, എല്ലാവരുടെയും ജയില്‍ നോമിനേഷന്‍ കഴിഞ്ഞപ്പോള്‍ നിമിഷ, ജാസ്മിൻ, ബ്ലെസ്ലി, നവീൻ എന്നിവർക്കാണ് ഏറ്റവും കുടുതൽ വോട്ട് ലഭിച്ചത്.
ജാസ്മിനും നിമിഷയ്ക്കും ഓരേ വോട്ട് ലഭിച്ചതിനാല്‍ അതില്‍ നിന്നും ഒരാളെ തെരഞ്ഞെടുക്കാന്‍ ബിഗ് ബോസ് ക്യാപ്റ്റനോട് ആവശ്യപ്പെട്ടു. ഈ സമയം നിമിഷയ്ക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടെന്നും അതിനാല്‍ താന്‍ ജയിലിലേക്ക് പോകാമെന്ന് ജാസ്മിന്‍ അറിയിച്ചു.
തുടര്‍ന്ന് ക്യാപ്റ്റന്‍ ഇത് ബിഗ് ബോസിനെ അറിയിച്ചു. ആര്‍ക്കെങ്കിലും മറിച്ചൊരു അഭിപ്രായമുണ്ടോയെന്ന് ചോദിച്ചപ്പോള്‍ ഡെയ്സി തീരുമാനത്തെ എതിര്‍ത്ത് മുന്നോട്ട് വന്നു.
തന്‍റെ ആരോഗ്യപ്രശ്നത്തെ പരിഗണിക്കാത്ത നിമിഷയുടെ ആരോഗ്യത്തില്‍ തനിക്ക് സംശയമുണ്ടെന്ന് ഡെയ്സി വാദിച്ചു.
ഒടുവില്‍ ഭൂരിപക്ഷാഭിപ്രായത്തിന്‍റെ പേരില്‍ ജാസ്മിന്‍ തന്നെ ജയിലിലേക്ക് പോകാന്‍ തയ്യാറായി. എന്നാല്‍, വരും ദിവസങ്ങളില്‍ നിമിഷയുടെ പ്രധാന എതിരാളിയാകും താനെന്ന് ഉറപ്പിക്കുന്നതായിരുന്നു ഡെയ്സിയുടെ വാക്കുകള്‍.