Bigg Boss: 'വാക്കുകൾ സൂക്ഷിക്കണം, ഇതെന്‍റെ വാണിം​ഗ്': ഇടപെട്ട് മോഹൻലാൽ

First Published | Apr 25, 2022, 4:52 PM IST

ബിഗ് ബോസ് വീട്ടിലെ തര്‍ക്കവിതര്‍ക്കങ്ങളുടെ ആഴ്ചയവസാനം മോഹന്‍ലാലെത്തി. ഇന്നലത്തെ എപ്പിസോഡിനൊടുവില്‍ വീട്ടിലെ മത്സരാര്‍ത്ഥികള്‍ക്ക് ഒരു താക്കീത് നല്‍കിയാണ് അദ്ദേഹം പോയത്. വീട്ടില്‍ മോശം വർത്തമാനം പറഞ്ഞവർക്ക് താക്കീതുമായി എത്തിയതായിരുന്നു മോഹൻലാൽ. ശനിയാഴ്ചത്തെയും ഞായറാഴ്ചത്തെയും ഷോയില്‍ പക്ഷേ, അദ്ദേഹം ഇക്കര്യത്തെ കുറിച്ച് ഒന്നും പറഞ്ഞില്ല. ഒടുവില്‍, ഞായറാഴ്ച ഷോ അവസാനിക്കുന്നതിന് മുമ്പായിരുന്നു അദ്ദേഹത്തിന്‍റെ മുന്നറിയിപ്പ് വന്നത്. 

ആരേയും പേരെടുത്ത് പറയുന്നില്ല എന്ന് പറഞ്ഞാണ് മോഹൻലാൽ സംസാരം തുടങ്ങിയത്. "ഞാൻ പേരെടുത്ത് പറയുന്നില്ല. ഒരിക്കൽ കൂടി താക്കീത് നൽകുകയാണ്. നമ്മൾ ഉപയോ​ഗിക്കുന്ന വാക്കുകൾ സഭ്യമായി ഉപയോ​ഗിക്കണം അദ്ദേഹം മത്സരാര്‍ത്ഥികളോട് എല്ലാവരോടുമായി പറഞ്ഞു. 

'കാരണം പ്രേക്ഷകരിൽ നിന്നും ഒരുപാട് എഴുത്തുകളും മെയിലുകളും ഞങ്ങൾക്ക് വരും. നമുക്ക് ഉപയോ​ഗിക്കാൻ പാടില്ലാത്ത പല കാര്യങ്ങളുമുണ്ട്. നമ്മുടെ വീടുകളിലും അങ്ങനെയാണോ. ഇതൊരു വീടാണ്. ഈ ഷോ ഒരുപാട് പേർ കാണുന്നുണ്ട്. അതുകൊണ്ട് ഇനി ഞാൻ ഇക്കാര്യം പറയില്ല. പ്രവർത്തിക്കുകയെ ഉള്ളൂ.' അദ്ദേഹം കൂട്ടിചേര്‍ത്തു.

Latest Videos


"വാക്കുകൾ പറയുന്നത് സൂക്ഷിക്കുക. ബാക്കി എന്ത് വേണമെങ്കിലും ആയിക്കോട്ടെ. വീട്ടിലിരിക്കുന്നവരെ പറയുക.  മോശം വാക്കുകളിൽ സംസാരിക്കുക. ഇതെന്‍റെ താക്കീതാണ്. സ്നേഹപൂർവ്വമായ ഒരു വാണിം​ഗ്", എന്നായിരുന്നു മോഹൻലാലിന്‍റെ വാക്കുകള്‍. 

കഴിഞ്ഞ ആഴ്ചകളില്‍ ഡോ.റോബിന്‍റെ ഭാഗത്ത് നിന്നുണ്ടായ ചില പ്രതികരണങ്ങളാണ് അദ്ദേഹം സൂചിപ്പിച്ചത്. ബിഗ് ബോസ് എന്നത് ഒരു മത്സരമാണെങ്കിലും അവിടെ അതിന്‍റെതായ ചില നിയമാവലികള്‍ സൂക്ഷിക്കുന്നുണ്ട്. ആ ചട്ടകൂടില്‍ നിന്ന് കൊണ്ട് മാത്രമേ മത്സരാര്‍ത്ഥികള്‍ക്ക് വീട്ടിനുള്ളില്‍ നിലനില്‍ക്കാന്‍ പറ്റുകയൂള്ളൂ.

മറ്റ് മത്സരാര്‍ത്ഥികളെ വ്യക്തഹത്യ ചെയ്യുക. ബിഗ് ബോസ് വീട്ടിന് പുറത്തുള്ള കാര്യങ്ങളെടുത്തിട്ട് മറ്റുള്ളവരെ പ്രശ്നത്തിലാക്കുക, കായികമായി നേരിടുക എന്നിങ്ങനെയുള്ള കാര്യങ്ങള്‍ക്ക് അലിഖിത വിലക്കുകളുള്ള വീടാണ് ബിഗ് ബോസ് വീട്.

അതുപോലെ തന്നെ പൊതു സമൂഹത്തിലും സ്വന്തം വീട്ടിലും ഉപയോഗിക്കാന്‍ പറ്റാത്ത വാക്കുകള്‍ ഉപയോഗിക്കുമ്പോഴും മത്സരാര്‍ത്ഥികള്‍ സൂക്ഷിക്കണമെന്നാവശ്യപ്പെട്ടിരിക്കുകയാണ് അദ്ദേഹം. 

എതിരാളികള്‍ക്ക് മേല്‍ മാനസികമായ ആധിപത്യത്തിനായാണ് പലപ്പോഴും മനുഷ്യര്‍ മോശമായ വാക്കുകള്‍ ഉപയോഗിക്കുന്നത്. ഒരു സംഘര്‍ഷത്തിനുള്ളില്‍ നില്‍ക്കുമ്പോള്‍ പെട്ടെന്ന് സഭ്യേതരമായൊരു വാക്ക് കേട്ടാല്‍ ആളുകള്‍ ആദ്യമൊന്ന് അമ്പരക്കും.

ഈ അമ്പരപ്പിനിടെ കാര്യം നേടുകയെന്നതായിരിക്കും അത്തരം വാക്കുപയോഗിക്കുന്നവരുടെ ലക്ഷ്യവും. എന്നാല്‍, കഴിഞ്ഞ ദിവസം ബിഗ് ബോസ് വീട്ടില്‍ പുതിയ ക്യാപ്റ്റനെ തെരഞ്ഞെടുക്കാനുള്ള ടാസ്ക് വന്നപ്പോള്‍, ആ വീട്ടിലെ കുറച്ച് പേര്‍ നവീനെയാണ് തെരഞ്ഞെടുത്തത്. 

അതിന് അവരെല്ലാം പറഞ്ഞ കാരണങ്ങള്‍ ഏതാണ്ട് ഒന്ന് തന്നെയായിരുന്നു. മറ്റുള്ളവരുടെ ഈയൊരു അഭിപ്രായപ്രകടനം പക്ഷേ, ഡോ.റോബിന് അത്രരുചിച്ചില്ല. അയാള്‍ വെട്ടത്തുറന്ന് കാര്യം പറഞ്ഞു.

" ജയിലിലേക്ക് ആളെ തെരഞ്ഞെടുക്കാന്‍ പറയുമ്പോള്‍ മോശം പ്രകടനത്തിന്‍റെ അടിസ്ഥാനത്തില്‍ ഒരാളെ തെരഞ്ഞെടുക്കുക. തൊട്ട് പിന്നാലെ ക്യാപ്റ്റനെ തെരഞ്ഞെടുക്കാന്‍ പറയുമ്പോള്‍ അയാളെ തന്നെ മികച്ച പ്രകടനത്തിന്‍റെ പേരില്‍ ക്യാപ്റ്റനായും തെരഞ്ഞടുക്കുക."

ഇതിനെയാണ് നിലപാടില്ലായ്മ എന്ന് പറയുന്നത്. സ്വന്തമായി ഒരാള്‍ക്ക് ഒരു നിലപാടുണ്ടാവണമെങ്കില്‍ 'ഒറ്റ തന്തയ്ക്ക് പിറക്കണ'മെന്നും ഡോ.റോബിന്‍ പറഞ്ഞു. എന്നാല്‍, റോബിന്‍റെ വാക്കുകള്‍ ബിഗ് ബോസ് വീട്ടിലെ മറ്റ് മത്സരാര്‍ത്ഥികളെ  ഏറെ പ്രശ്നത്തിലാക്കി. 

ലക്ഷ്മി പ്രിയ, ധന്യ, അശ്വിന്‍, അഖില്‍, സുചിത്ര എന്നിങ്ങനെ മത്സരാര്‍ത്ഥികളില്‍ പലരും റോബിനെതിരെ രംഗത്തെത്തി. അതിനിടെ ഡെയ്സിയും ചില വെളിപ്പെടുത്തലുകള്‍ നടത്തി. മുമ്പ് ഇതുപോലൊരു തെര‍ഞ്ഞെടുപ്പിനിടെ ആദ്യം ഡെയ്സിയെ തള്ളിപ്പറഞ്ഞ റോബിന്‍, നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ അംഗീകരിച്ച് രംഗത്തെത്തിയിരുന്നു. 

ഇത്തരത്തില്‍ ആദ്യമേ തന്നെ നിലപാടില്ലായ്മ വ്യക്തമാക്കിയ ഡോ.റോബിന്‍ എങ്ങനെയാണ് ഇത്തരത്തില്‍ സംസാരിച്ചതെന്നായിരുന്നു ഡെയ്സി ചോദിച്ചത്. ഇതോടെ, ഡോ. റോബിന്‍റെ നിലപാടില്ലായ്മയും വീട്ടില്‍ പാട്ടായി. 

അന്നത്തെ ആ സംഭവം ഓര്‍ത്തുകൊണ്ടാണ് മോഹന്‍ലാല്‍ ഇന്നലെ ബിഗ് ബോസ് വീട്ടിലെ മത്സരാര്‍ത്ഥികളോട് സംസാരിച്ചത്. ഇതൊരു വീടാണെന്നും നിങ്ങള്‍ നിങ്ങളുടെ വീട്ടില്‍ ഇത്തരം മോശം വാക്കുകള്‍ ഉപയോഗിക്കുമോയെന്നും അദ്ദേഹം ചോദിച്ചു. 

സ്വന്തം വീട്ടിലുപയോഗിക്കാന്‍ മടിക്കുന്ന വാക്കുകള്‍ ഇവിടെയും ഉപയോഗിക്കാന്‍ പറ്റില്ലെന്നും ഇക്കാര്യത്തില്‍ പല തവണ നിങ്ങള്‍ക്ക് താക്കീത് തന്നതാണെന്നും അദ്ദേഹം മത്സരാര്‍ത്ഥികളെ ഓര്‍മ്മിപ്പിച്ചു. " ഇതെന്‍റെ താക്കീതാണ്. സ്നേഹപൂർവ്വമായ ഒരു വാണിം​ഗ്"അദ്ദേഹം എല്ലാവരോടുമായി പറഞ്ഞു. 
 

click me!