വഴിയില്‍ കിടക്കുന്ന വയ്യാവേലിയും മറ്റ് ചൊറിച്ചിലുകളും; അങ്കം മുറുകി ബിഗ് ബോസ് വീട്

First Published Apr 1, 2022, 1:53 PM IST

ജഗജാന്തരം എന്ന ചിത്രത്തിലൂടെ ഹിറ്റായ ഏളുള്ളേരി ഏളുള്ളേരി എന്ന നാടന്‍ പാട്ടുമായാണ് ബി​ഗ് ബോസ് അഞ്ചാം എപ്പിസോ‍ഡിന് തുടക്കം കുറിച്ചത്. അടിപൊളി ഗാനത്തോടൊപ്പം ചുവടുവച്ച  മത്സരാർത്ഥികൾ ഓരോരുത്തരും അടുത്തയാളെ എങ്ങനെ വീട്ടില്‍ നിന്നും പുറത്താക്കാമെന്നതിനുള്ള ചരട് വലികള്‍ തുടങ്ങി. ബിഗ് ബോസ് മലയാളം സീസണ്‍ 4 ആദ്യ വാരാന്ത്യത്തോട് അടുക്കുമ്പോള്‍ മത്സരം കനക്കുകയാണ്. മത്സരാര്‍ഥികളുടെ സ്വഭാവവിശേഷങ്ങളും പെരുമാറ്റ രീതികളുമൊക്കെ പതുക്കെ പതുക്കെ കാഴ്ചക്കാര്‍ക്കും വ്യക്തമായി തുടങ്ങിയിരിക്കുന്നു. അതിനിടെ അതിജീവനത്തിനായി, 100 ദിവസം വീട്ടിലെ താമസം ഉറപ്പിക്കുന്നതിനായി മത്സരാര്‍ത്ഥികളും ശ്രമം തുടങ്ങി. ആദ്യ വീക്ക്ലി ടാസ്‍കില്‍ തന്നെ മത്സരാര്‍ഥികള്‍ക്കിടയില്‍ തര്‍ക്കങ്ങളും അഭിപ്രായ വ്യത്യാസങ്ങളും ആരംഭിച്ചിരുന്നു. ഇന്നലെ വീക്ക്ലി ടാസ്‍കിലെ പ്രകടനം പരിഗണിച്ച് അനുവദിക്കുന്ന ലക്ഷ്വറി ബജറ്റ് പോയിന്‍റുകള്‍ ബിഗ് ബോസ് പ്രഖ്യാപിച്ചപ്പോഴും തര്‍ക്കം ഉടലെടുത്തു. 

പാവയെ സൂക്ഷിക്കുന്ന ഒരു ലക്ഷ്വറി ടാസ്‍ക് ആണ് ബിഗ് ബോസ് കഴിഞ്ഞ ദിവസങ്ങളിലേക്ക് നല്‍കിയിരുന്നത്. ഏറ്റവും മികച്ച രീതിയില്‍ ടാസ്ക് പൂര്‍ത്തിയാക്കിയിരുന്നെങ്കില്‍ 3400 പോയിന്‍റുകള്‍ മത്സരാര്‍ഥികള്‍ക്ക് ലഭിച്ചേനെ. എന്നാല്‍ 2050 പോയിന്‍റുകള്‍ മാത്രമാണ് അവര്‍ക്ക് നേടാനായത്. 

വിളിക്കുമ്പോള്‍ വരുന്നതിലെ അലസത, നിര്‍ദേശങ്ങളോടുള്ള ഗൗരവമില്ലാത്ത സമീപനം, പകല്‍ ഉറക്കം അടക്കമുള്ള നിയമ ലംഘനങ്ങള്‍ക്ക് ഓരോരുത്തരില്‍ നിന്നും 50 പോയിന്‍റുകള്‍ വീതം ഈടാക്കുകയാണെന്ന് ബിഗ് ബോസ് അറിയിച്ചു. അങ്ങനെ ആകെ 850 പോയിന്‍റുകള്‍ ആയിനത്തില്‍ തന്നെ മത്സരാര്‍ഥികള്‍ക്ക് നഷ്ടമായി. ക്യാപ്റ്റന്‍റെ അനുവാദമില്ലാതെ ക്യാപ്റ്റന്‍ റൂമില്‍ കയറിയതിന് മറ്റൊരു 500 പോയിന്‍റുകളും തിരിച്ചെടുക്കുകയാണെന്നും ബിഗ് ബോസ് അറിയിച്ചു.

Latest Videos


ക്യാപ്റ്റന്‍റെ റൂമില്‍ അനുവാദമില്ലാതെ ഒരാള്‍ കയറിയ കാര്യം ബിഗ് ബോസ് പ്രഖ്യാപിച്ചപ്പോള്‍ത്തന്നെ അത് ആരാണെന്ന ചര്‍ച്ച മത്സരാര്‍ഥികള്‍ക്കിടയില്‍ ആരംഭിച്ചിരുന്നു. റോബിനെതിരെ രൂക്ഷ വിമര്‍ശനമാണ് ജാസ്മിനും നിമിഷയും ഉന്നയിച്ചത്. ഡോക്ടറ്‍ റോബിന് ലക്ഷ്വറി പോയിന്‍റ് ഒന്നും പ്രധാനമല്ല, വ്യക്തിപരമായ ഗെയിമിന് വേണ്ടി നഷ്ടപ്പെടുത്തിയത് 500 പോയിന്‍റുകളാണെന്ന് നിമിഷ തുറന്നടിച്ചു. 

പച്ചക്കള്ളമല്ലാതെ റോബിന്‍റെ വായില്‍ നിന്നും ഒന്നും വരില്ലെന്നും നിമിഷ കൂട്ടി ചേര്‍ത്തു. പിന്നീട് ക്യാപ്റ്റനായ അശ്വിന്‍ വിജയും ഇക്കാര്യം സംസാരിച്ചു. ആരാണോ തന്‍റെ അനുവാദമില്ലാതെ ക്യാപ്റ്റന്‍ റൂമില്‍ കയറിയത്, അയാള്‍ സ്വയം അത് പറയണമെന്നായിരുന്നു അശ്വിന്‍ ഉയര്‍ത്തിയ ആവശ്യം. അല്ലാത്തപക്ഷം വാരാന്ത്യ എപ്പിസോഡില്‍ മോഹന്‍ലാല്‍ ഇക്കാര്യം ചോദിക്കുമെന്നും ചിലര്‍ പറയുന്നുണ്ടായിരുന്നു. തുടര്‍ന്ന് ഡോ. റോബിന്‍ ഇക്കാര്യം സമ്മതിച്ചു. പാവ കൈവശം വന്നപ്പോള്‍ സവിശേഷ അധികാരം ലഭിച്ചുവെന്ന് കരുതി ക്യാപ്റ്റന്‍ റൂമില്‍ പ്രവേശിക്കുകയായിരുന്നെന്ന് റോബിന്‍ പറഞ്ഞു. 

എന്നാല്‍ അപ്പോഴും സ്വന്തം ഭാഗം ന്യായീകരിക്കുന്ന രീതിയിലാണ് അദ്ദേഹം സംസാരിച്ചത്. മാത്രമല്ല, തെറ്റ് പറ്റിയെന്ന് മനസിലായിട്ടും മാപ്പ് പറയാന്‍ റോബിന്‍ തയ്യാറായില്ല. ജാസ്‍മിന്‍ മൂസ, റോബിന്‍ ചെയ്‍ത തെറ്റിനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് സംസാരിച്ചു. നവീന്‍ അറയ്ക്കലും റോബിന്‍ ചെയ്‍തത് ശരിയായില്ലെന്ന അഭിപ്രായം പങ്കുവച്ചു. സത്യം തുറന്ന് പറയാമായിരുന്നുവെന്ന് ധന്യ മേരി വര്‍ഗ്ഗീസും ഡോക്ടര്‍ കള്ളം പറഞ്ഞെന്ന് ജാസ്മിനും തുറന്നടിച്ചു. നാണമില്ലാതെ കള്ളം പറയുകയാണെന്നും നല്ല പിള്ള ചമയല്ലെന്നും ജാസ്മിന്‍. ബഹളം കൂടിയതോടെ ക്യാപ്റ്റനായ അശ്വിന്‍ ഇടപെട്ട് സഹമത്സരാര്‍ത്ഥികള്‍ക്ക് മുന്നറിയിപ്പ് നല്‍കി.

ക്ഷമ പറഞ്ഞതിന് അവാര്‍ഡ് കൊടുക്കേണ്ട കാര്യമൊന്നുമില്ല, ഇപ്പോ സത്യം പറഞ്ഞില്ലെങ്കില്‍ ആഴ്ച അവസാനം ലാല്‍ സാറ് വരുമ്പോ അത് പറയട്ടെയെന്നും ലക്ഷ്മി പറഞ്ഞു. പിന്നാലെ പാവ എടുത്തതിനെ ചൊല്ലി ജാസ്മിനും റോബിനും തമ്മില്‍ ഏറ്റുമുട്ടി. അത്യാഗ്രഹം കൊണ്ട് ഞാനത് എടുത്താതണെന്ന് അങ്ങ് പറഞ്ഞാ മതി എന്ന് ജാസ്മിന്‍ പറഞ്ഞതോടെ, അത് പറയാന്‍ മനസില്ലെന്ന് പറഞ്ഞ് ഡോക്ടറും പൊട്ടിത്തെറിച്ചു. 

തന്നെപ്പറ്റി ഡെയ്സി കുറ്റം പറഞ്ഞെന്ന ബ്ലെസ്ലിയുടെ ആരോപണത്തോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. ഡെയ്സി തന്നെപ്പറ്റി കുറ്റം പറഞ്ഞെന്ന് ബ്ലെസ്ലി പറഞ്ഞതോടെ നിഷേധിച്ച് ഡെയ്സി എത്തി. എന്താണ് ബ്രോ പ്രശ്നം ഞാന്‍ ഒന്നും പറഞ്ഞില്ലെന്ന് ഡെയ്സി ആണയിട്ടു. എന്തെങ്കിലും പറയാനുണ്ടെങ്കില്‍ ഞാന്‍ പറയുമെന്ന് ഡെയ്സി പറഞ്ഞതോടെ 'പട്ടി കുരയ്ക്കും' എന്നായി ബ്ലെസ്ലിയുടെ പ്രതികരണം. 

വഴിയെ കിടക്കുന്ന വയ്യാവേലി എടുത്ത് തലയില്‍ വയ്ക്കരുതെന്നും ഞാന്‍ നിന്നെപ്പറ്റി അല്ല പറഞ്ഞതെന്നും ഡെയ്സിയും പ്രതികരിച്ചു. ചുമ്മാ കേറി ചൊറിയല്ലെ കൊച്ചു ചെറുക്കാ എന്ന് ഡെയ്സി പറഞ്ഞതോടെ പ്രകോപിതനായ ബ്ലെസ്ലി എടീ എന്ന് വിളിച്ച് സംസാരിച്ചു. ഇതോടെ ഡെയ്സി അത്തരം പരാമര്‍ശം വീട്ടുകാരോട് മതിയെന്ന് തിരിച്ചടിച്ചു. ഒടുവില്‍ ക്യാപ്റ്റനും കുട്ടി അഖിലുമെത്തി ബ്ലെസ്ലിയെ പിന്തിരിപ്പിച്ചു. ജാസ്മിന്‍ ഡെയ്സിയെയും കാര്യങ്ങള്‍ പറഞ്ഞ് മനസിലാക്കാന്‍ ശ്രമിക്കുന്നുണ്ടായിരന്നു. 
 

ബിഗ്ബോസ് സീസണ്‍ നാലിലെ ആദ്യ ദിനം മുതല്‍ ഡെയ്സിയും റോണ്‍സണും തമ്മില്‍ സ്വര ചേര്‍ച്ചയില്ലായിരുന്നില്ല. പാവ ടാസ്കോടെ പരസ്പരം ഏറ്റുമുട്ടിയെങ്കിലും പ്രശ്നം പറഞ്ഞു തീര്‍ക്കാനായി  ഡെയ്സിയുടെ ശ്രമം. റോണ്‍സണെ വിളിച്ച് പ്രശ്നങ്ങള്‍ പറഞ്ഞ് തീര്‍ക്കാന്‍ ഡെയ്സി ശ്രമിക്കുന്നുണ്ടെങ്കിലും റോണ്‍സണ്‍ ഫ്രണ്ട്ഷിപ്പുണ്ടാക്കാന്‍ വിമുഖത കാട്ടുന്നു.  

എന്‍റെടുത്ത് മാത്രം എന്താണ് റോണ്‍സണ് പ്രശ്നം എന്ന് ഡെയ്സി ചോദിച്ചെങ്കിലും റോണ്‍സണ്‍ വ്യക്തമായ മറുപടി നല്‍കാതെ ഒഴിഞ്ഞ് മാറി. പാവ കിട്ടാത്തതിലല്ല, 30 കിലോയുടെ ഡംബല്‍ എടുക്കാനാവില്ലെന്ന് പറഞ്ഞതാണ് വിഷമമായതെന്ന് ഡെയ്സി പറയുന്നു. പലതവണ മിണ്ടാനായി വന്നെങ്കിലും തന്നെ ഒഴിവാക്കാനായി റോണ്‍സണ്‍ ശ്രമിക്കുന്നുവെന്നാണ് ഡെയ്സിയുടെ പരിഭവം. 

പ്രശ്നം പരിഹരിക്കാന്‍ ആണ് എത്തിയതെന്നും ജനങ്ങളെ പേടിച്ച് ഒന്നും പറയാതെ ഒതുക്കി വയ്ക്കേണ്ടതില്ലെന്നും ഡെയ്സി റോണ്‍സനോട് പറയുന്നു. അതിനിടെ ലക്ഷ്മിപ്രിയക്ക് അപ്രതീക്ഷിതമായി ശാരീരിക അസ്വസ്ഥതകളുണ്ടായത് ബിഗ് ബോസ് ഹൗസിനെ ആശങ്കയിലാഴ്ത്തി. 

സോഫയില്‍ ശ്വാസംമുട്ടലോടെ ഇരിക്കുന്ന ലക്ഷിമിയെ കണ്ട് ഡോക്ടറ്‍ റോബിനടക്കം ഓടിയെത്തി പ്രാഥമിക ചികിത്സ നല്‍കിയെങ്കിലും ശ്വാസമെടുക്കാനാവാതെ ലക്ഷ്മി ബുദ്ധിമുട്ടി. എന്താണ് കാര്യമെന്നറിയാതെ മറ്റുള്ളവരും ആശങ്കയിലായി. ശ്വാസമെടുക്കാനായപ്പോഴാണ് ലക്ഷ്മി കാര്യം പറഞ്ഞത്. 

പെട്ടന്ന് ഒരു പ്രാണി വായില്‍ കയറിയതാണ് ലക്ഷ്മിയുടെ ശാരീരിക അസ്വസ്ഥതകളുടെ തുടക്കം. ശര്‍ദ്ദിച്ച് അവശയായതോടെ ഇക്കാര്യം ഡോക്ടറ്‍ റോബിനോട് പറയാനും ലക്ഷ്മിക്ക് പറ്റിയില്ല. കാര്യമറിയാതെ ഡോക്ടറടക്കമുള്ളവരും കുറച്ച് നേരത്തേക്ക് ആശങ്കയിലായി, ഒടുവില്‍ ആരോഗ്യം വീണ്ടെടുത്തെങ്കിലും ലക്ഷ്മിക്ക് ശബ്ദമെടുക്കാനാവാത്ത അവസ്ഥയായി.'

കിച്ചനിലേക്ക് സഹായിക്കാനെത്തി പിന്നെ പരാതി പറയുന്ന ചിലരുണ്ടെന്നായിരുന്നു നവീനിന്‍റെ പരാതി. ഇക്കാര്യം കുക്കിംഗ് ടീമിലെ തന്‍റെ സഹപ്രവര്‍ത്തകരോട് നവീന്‍ വ്യക്തമാക്കുകയും ചെയ്തു. ചേട്ടാ, സഹായിക്കാമെന്ന് പറഞ്ഞ് ചിലര്‍ വരും, പിന്നീട് കുക്കിംഗ് കൃത്യമായി നടക്കുന്നില്ലെന്ന് കുറ്റം പറയും. അങ്ങനെ പറയാനായി ആരെയും ഇവിടേക്ക് അടുപ്പിക്കേണ്ടെന്നും നവീന്‍ കുട്ടിച്ചേര്‍ത്തു. 

ഒടുവില്‍ പരിഹാരവും നവീന്‍ തന്ന നിര്‍ദ്ദേശിച്ചു. കുക്കിംഗ് ടീമിലെ എല്ലാവരും കൃത്യമായി പണി ചെയ്യണം, ഇനി ഒരാളുടെ സഹായം വേണമെങ്കില്‍ അത് ക്യാപ്റ്റനായ അശ്വിനെ അറിയിക്കാം, ക്യാപ്റ്റന്‍റെ അറിവോടെ മാത്രം സഹായത്തിന് ആളെ വിളിച്ചാല്‍ മതി.' നവീനിന്‍റെ നിര്‍ദ്ദേശം കുക്കിംഗ് ടീം ശരിവച്ചു. സഹായിച്ച  ശേഷം പരാതി പറയാനായി ആരെയും കിച്ചന്‍ ഏരിയയിലേക്ക് അടുപ്പിക്കേണ്ടെന്ന് കുക്കിം ടീമിന്‍റെ തീരുമാനം. 

തുടങ്ങി ദിവസങ്ങള്‍ക്കുള്ളില്‍ മത്സരാര്‍ഥികള്‍ക്കിടയില്‍ സംഘര്‍ഷാത്മകമായ അന്തരീക്ഷമാണ് ബിഗ് ബോസില്‍ ഉണ്ടായിവന്നിരിക്കുന്നത്. മോഹന്‍ലാല്‍ എത്തുന്ന ശനി, ഞായര്‍ എപ്പിസോഡുകളില്‍ ഇക്കാര്യങ്ങളൊക്കെ ചര്‍ച്ചയാവുമെന്ന് ഉറപ്പാണ്. 

പലതരം നിയന്ത്രണങ്ങളോടെയുള്ള ജീവിതമാണ് ബിഗ് ബോസ് വീട്ടില്‍ മത്സരാര്‍ഥികളെ കാത്തിരിക്കുന്നത്. അതിലൊന്നാണ് ഭക്ഷണത്തിലെ നിയന്ത്രണം. സമൃദ്ധമായ ആഹാരമല്ല അവിടെയുള്ളത്. മറിച്ച് ലഭ്യമായ ചുരുങ്ങിയ ഭക്ഷ്യവസ്തുക്കള്‍ ഉപയോഗിച്ച് എല്ലാവര്‍ക്കും ആഹാരമൊരുക്കുകയെന്ന ഭാരിച്ച ഉച്ചരവാദിത്തമാണ് അടുക്കളയില്‍ നില്‍ക്കുന്നവര്‍ക്ക് മുന്നിലുള്ളത്. 

എന്നാല്‍ ഭക്ഷണത്തിലെ ഈ റേഷനിംഗില്‍ നിന്ന് കുറച്ചെങ്കിലും മോചനം നേടാന്‍ ബിഗ് ബോസ് തന്നെ ഒരുക്കുന്ന അവസരമാണ് ലക്ഷ്വറി ബജറ്റ് പോയിന്‍റുകള്‍. വീക്കിലി ടാസ്‍കിലെ പ്രകടനം അനുസരിച്ചാണ് ബിഗ് ബോസ് ഓരോ ആഴ്ചയും ലക്ഷ്വറി ബജറ്റ് പോയിന്‍റുകള്‍ നല്‍കുന്നത്.  ഈ പോയിന്‍റുകള്‍ ഉപയോഗിച്ച് പ്രത്യേക ഭക്ഷ്യവസ്തുക്കള്‍ വാങ്ങാനുള്ള അവസരവും ബിഗ് ബോസ് നല്‍കാറുണ്ട്. 

3400 പോയിന്‍റുകള്‍ ലഭിക്കുമായിരുന്ന ഇത്തവണത്തെ ലക്ഷ്വറി ടാസ്‍കില്‍ മത്സരാര്‍ഥികള്‍ക്ക് നേടാനായത് 2050 പോയിന്‍റുകള്‍ മാത്രം. എല്ലാ കിഴിവും കഴിഞ്ഞ് ലഭിച്ച  2050 പോയിന്‍റുകള്‍ മുഴുവനും ചെലവാക്കാനും മത്സരാര്‍ഥികള്‍ക്ക് ആയില്ല. 

1495 പോയിന്‍റിന് തതുല്യമായ ഭക്ഷ്യ പദാര്‍ഥങ്ങളേ അവര്‍ക്ക് വാങ്ങാനായുള്ളൂ. ലക്ഷ്മിപ്രിയ ആയിരുന്നു ബോര്‍ഡ് നോക്കി ഏതൊക്കെ വേണമെന്ന് തെരഞ്ഞെടുത്ത് പറഞ്ഞത്. അഖില്‍ ആയിരുന്നു അവ ബോര്‍ഡില്‍ എഴുതിയത്.  അരിയും വെളിച്ചെണ്ണയും അടക്കമുള്ള അവശ്യ സാധനങ്ങള്‍ ലക്ഷ്വറി ബജറ്റിന്‍റെ ഭാഗമായി ലക്ഷ്മി പ്രിയയും അശ്വിനും തെറ്റിദ്ധരിച്ചു. 

ഓരോ പുതിയ സീസണ്‍ എത്തുമ്പോഴും നിരവധി പ്രത്യേകതകളുമായാണ് ബിഗ് ബോസ് മലയാളം പ്രേക്ഷകരിലേക്ക് എത്താറ്. ഇക്കുറിയും അത്തരം നിരവധി പ്രത്യേകതകള്‍ ഷോയില്‍ അവതരിപ്പിക്കപ്പെടുന്നുണ്ട്. പുതുമകള്‍ വന്നിട്ടുള്ള ഒരു മേഖലയാണ് ജയില്‍. 

ഇത്തവണത്തെ ബിഗ് ബോസ് ജയില്‍ ഒരു ഓപ്പണ്‍ ജയില്‍ ആണ്. അതിലേക്ക് ആദ്യം അടയ്ക്കപ്പെടാനുള്ളവരുടെ പേരുകളും ഇന്നലെ തീരുമാനിക്കപ്പെട്ടു. ഈ സീസണിലെ ആദ്യ ക്യാപ്റ്റന് തന്നെയാണ് ആദ്യമായി ജയിലില്‍ പോകാനുള്ള ഭാഗ്യവും ലഭിച്ചത്.  അശ്വിന്‍, അശ്വിന് കൂട്ടായി ജയിലില്ലെത്തിയതാകട്ടെ ബ്ലെസ്‍ലിയും. 

പാവ കൈക്കലാക്കുക എന്നതായിരുന്നു ഇത്തവണത്തെ വീക്ക്‍ലി ടാസ്‍ക്. അതില്‍ വിജയിച്ചവര്‍ക്ക് പാവ സൂക്ഷിക്കാനോ കൈവശപ്പെടുത്താനോ സാധിക്കാതെപോയവരില്‍ നിന്ന് രണ്ടുപേരെ ജയിലിലേക്ക് നോമിനേറ്റ് ചെയ്യാന്‍ അവസരം ലഭിക്കുകയായിരുന്നു. ഇതില്‍ ഏറ്റവുമധികം നോമിനേഷനുകള്‍ ലഭിച്ചത് ബ്ലെസ്‍ലിക്കും അശ്വിനും ആയിരുന്നു. 

പാവ ലഭിച്ചിട്ടും കൈവശം വെക്കാന്‍ സാധിക്കാതെപോയവരായിരുന്നു ഇരുവരും. കൈയിലുണ്ടായിരുന്ന പാവ ഡെയ്‍സിക്ക് ഭക്ഷണം കഴിക്കാനായി കൊടുക്കുകയായിരുന്നു ബ്ലെസ്‍ലി. അകത്തുവന്ന് ഭക്ഷണം കഴിച്ച്, തിരികെ പോവുമ്പോള്‍ ഡെയ്‍സി അത് തിരികെ നല്‍കുമെന്ന വിശ്വാസത്തിലാണ് ബ്ലെസ്‍ലി തന്‍റെ പാവ കൈമാറിയത്. എന്നാല്‍ ഡെയ്‍സി അത് തിരികെ നല്‍കിയില്ല. ഫലം ഡെയ്‍സി അകത്തും ബ്ലെസ്‍ലി വീടിന് പുറത്തുമായി.

ക്യാപ്റ്റന്‍ സ്ഥാനത്തുണ്ടായിരുന്ന അശ്വിനും പാവ സൂക്ഷിക്കാനായില്ല. ബിഗ് ബോസിന്‍റെ നിയമത്തിന് വിരുദ്ധമായി ക്യാപ്റ്റന്‍ റൂമിലെ ബെഡ്ഡിന്‍റെ ഡ്രോയറിലാണ് ഡോ. റോബിന്‍ താന്‍ കൈക്കലാക്കിയ പാവ സൂക്ഷിച്ചിരുന്നത്. എന്നാല്‍ അശ്വിന്‍ ഈ പാവ കണ്ട് സന്തോഷം പങ്കുവച്ചിരുന്നു. 

പാവ തന്‍റേതായി എന്ന് പ്രഖ്യാപിക്കുകയും ചെയ്‍തു. എന്നാല്‍, തനിക്ക് ബാത്ത്റൂമില്‍ പോകണമെന്നാണ് നുണ പറഞ്ഞ് അശ്വിനോട് അനുവാദം വാങ്ങി ക്യാപ്റ്റന്‍റെ മുറിയില്‍ കയറിയ റോബിന്‍ ഇതിനിടെ പാവ സ്വന്തമാക്കി. ഈ രണ്ട് കുറ്റങ്ങളാണ് ഇരുവര്‍ക്കും എതിരായതും ഇരുവരെയും ജയിലിലേക്ക് നയിച്ചതും. 

ജയിലിലേക്കുള്ള നോമിനികളെ പ്രഖ്യാപിച്ച ശേഷമാണ് ജയില്‍ പ്രത്യേകതകള്‍ ബിഗ് ബോസ് അറിയിച്ചത്. ഇത്തവണ ജയിലില്‍ കഴിയുന്നവരെ പൂട്ടിഇടുകയില്ല. അതിനാല്‍ത്തന്നെ ജയിലിനുള്ളില്‍ ഇത്തവണ ടോയ്‍ലറ്റും ഉണ്ടാകില്ല. അതിനായി പുറത്തെ സൗകര്യം തന്നെ മത്സരാര്‍ഥികള്‍ക്ക് ഉപയോഗിക്കാം. 

എന്നാല്‍ പുറത്തിറങ്ങാവുന്ന സമയം പരിമിതപ്പെടുത്തി. ഇതിനായി ഒരു സാന്‍ഡ് ക്ലോക്ക് ആണ് ഉപയോഗിക്കുന്നത്. ഒപ്പം മഞ്ഞ, പച്ച കാര്‍ഡുകളും ഉണ്ട്. നിയമവിരുദ്ധമായി അനുവദിക്കപ്പെട്ട സമയത്തിനേക്കാള്‍ കൂടുതല്‍ സമയം തടവുകാര്‍ പുറത്ത് സമയം ചിലവഴിച്ചാല്‍ സൈറന്‍ അടിക്കുകയും വീടിനുള്ളിലെ ലൈറ്റുകള്‍ പ്രകാശിക്കുകയും ചെയ്യും.

വീക്കിലി ടാസ്കിലെ മോശം പ്രകടനം കൊണ്ട് ക്യാപ്റ്റന്‍ അശ്വിന്‍ ജയിലേക്ക് നോമിനേറ്റ് ചെയ്യപ്പെട്ടതോടെ ഇടക്കാല ക്യാപ്റ്റനെ പ്രഖ്യാപിക്കാനായി ബിഗ്ബോസ് നിര്‍ദ്ദേശം നല്‍കി. ക്യാപ്റ്റനായ അശ്വിന്‍ ഇടക്കാല ക്യാപ്റ്റനായി തെര‍ഞ്ഞെടുത്തത് നവീന്‍ അറയ്ക്കലിനെ ആണ്. ഒരു ക്യാപ്റ്റനാകാനുള്ള എല്ലാ യോഗ്യതയും നവീന് ഉണ്ടെന്നാണ് അശ്വിന്‍റെ അഭിപ്രായം. ഇത് മറ്റ് മത്സരാര്‍ത്ഥികള്‍ കൈയ്യടിയോടെയാണ് അംഗീകരിക്കുകയായിരുന്നു. 

ആര് കൂടെയുണ്ടാകുമെന്നും ആരൊക്കെ ശക്തരായ എതിരാളികാളാകുമെന്നും അകത്തോ പുറത്തോ എന്ന വീക്കിലി ടാസ്ക്കിലൂടെ മത്സരാര്‍ത്ഥികള്‍ക്കും പ്രേക്ഷകര്‍ക്കും വ്യക്തമാക്കുന്നതായിരുന്നു നാലാം എപ്പിസോഡ്. പാവകളെ ഒളിപ്പിച്ചും തന്ത്രത്തിലൂടെ തട്ടിയെടുത്തും കുതന്ത്രങ്ങളിലൂടെ സ്വന്തമാക്കിയും മത്സരാര്‍ഥികള്‍ ടാസ്ക്ക് കൊഴിപ്പിച്ചു. ലക്ഷ്മിപ്രിയയും ജാസ്മിനും തമ്മിലുള്ള പോരും നാലാം എപ്പിസോഡിനെ മുള്‍മുനയില്‍ നിര്‍ത്തി. അഞ്ചാം എപ്പിസോഡിലും മത്സരാര്‍ത്ഥികള്‍ തമ്മിലുള്ള പോരാട്ടമുണ്ടെന്നാണ് പ്രൊമോ വീഡിയോകള്‍ സൂചിപ്പിക്കുന്നത്. 
 

click me!