Bigg Boss: 'അങ്ങാടിയിൽ തോറ്റതിന് അമ്മയോട്' എന്ന് ലക്ഷ്മി; എന്‍റെ കണ്‍ട്രോള്‍ വിടുന്നെന്ന് ശാലിനി

First Published | Apr 6, 2022, 10:59 AM IST

ബി​ഗ് ബോസ് മലയാളം സീസൺ 4 തുടങ്ങി ആഴ്ചയൊന്ന് കഴിയുമ്പോള്‍ ഷോയുടെ ​സ്ഥിതി​ഗതികൾ കീഴ്മേല്‍ മറിയുകയാണ്. ചുരുങ്ങിയ കാലം കൊണ്ടുതന്നെ മത്സരാർത്ഥികൾ തങ്ങളുടെ സ്ട്രാറ്റജികൾ പ്രകടിപ്പിച്ചു കഴിഞ്ഞു. ആദ്യത്തെ എലിമിനേഷനും ബി​ഗ് ബോസ് വീട്ടിൽ നടന്നു. ജാനകി ആയിരുന്നു ഷോയിൽ നിന്നും ആദ്യമായി പടിയിറങ്ങിയത്. സംഭവ ബഹുലമായ സംഭവങ്ങളും രസകരമായ ​ഗെയിമുകളും ഓരോ ദിവസവും ഷോയുടെ മാറ്റ് കൂട്ടുകയാണ്. ഇന്നലെ ഷോയുടെ പത്താമത്തെ എപ്പിസോഡ് ആയിരുന്നു. വളരെ രസകരമായിട്ടായിരുന്നു ഷോ തുടങ്ങിയതെങ്കിലും പിന്നീട് ​​ഗെയിം ചൂടിലേക്ക് മത്സരാർത്ഥികളെത്തി. വീക്കിലി ടാസ്ക്കിനും ഇന്നലെ മുതൽ ബി​ഗ് ബോസ് തുടക്കമിട്ടു. ഭാ​ഗ്യപേടകം എന്നാണ് ​ഗെയിമിന്‍റെ പേര്. പരസ്പരം വാശിയേറിയ മത്സരം തന്നെയാണ് ഓരോരുത്തരും കാഴ്ചവച്ചത്. 

 'പറക്കും തളിക.. ഇത് മനുഷ്യനെ കറക്കും തളിക..'  എന്ന ചലച്ചിത്ര ഗാനത്തിന് ചുവട് വച്ചായിരുന്നു ഇന്നലെ ഓരോ മത്സരാർത്ഥിയും ബി​ഗ് ബോസ് വീട്ടില്‍ ഉണർന്നത്. ഇന്നലത്തെ മോണിം​ഗ് ടാസ്ക് ലക്ഷ്മി പ്രിയയാണ് ചെയ്തത്. 

മറ്റ് മത്സരാർത്ഥികളെ കഥവായിക്കാൻ പഠിപ്പിക്കുക എന്നതായിരുന്നു ടാസ്ക്. ​ഗാർഡൻ ഏരിയയിൽ എത്തിയ മത്സരാർത്ഥികളിൽ ഡെയ്സിയെ ആയിരുന്നു ലക്ഷ്മി ആദ്യം കഥ വായിക്കാനായി വിളിച്ചത്.


പിന്നീട് എങ്ങനെയാണ് മലയാളം വായിക്കേണ്ടതെന്ന് ലക്ഷ്മി പറഞ്ഞ് കൊടുക്കുന്നു. ശേഷം ഓരോരുത്തരെയായി മുന്നോട്ട് വിളിപ്പിച്ച് ലക്ഷ്മി കഥകൾ വായിപ്പിച്ചു.  അപർണ മൾബറി കഥ വായിച്ചതായിരുന്നു എല്ലാ മത്സരാർത്ഥികളുടെയും ഹൃദയം കവർന്നത്. 

മലയാളം വായിക്കാൻ പഠിച്ച് വരുന്നതെ ഉള്ളൂവെങ്കിലും രസകരമായ രീതിയിലാണ് അപർണ കഥ വായിച്ചത്. എല്ലാ മത്സരാർത്ഥികളും നിറഞ്ഞ കയ്യടിയോടെ അപർണയുടെ കഥ ഏറ്റെടുക്കുകയും ചെയ്തിരുന്നു. 

വീക്കിലി ടാസ്ക്കുകൾ ബി​ഗ് ബോസ് വീടിനെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ടൊരു കാര്യമാണ്. അതുകൊണ്ട് തന്നെ ഏറെ ശ്രദ്ധയോടെ, വിജയം പ്രതീക്ഷിച്ചാണ് മത്സരാർത്ഥികൾ വീക്കിലി ടാസ്കുകളില്‍ പങ്കെടുക്കുന്നത്. 

കഴിഞ്ഞ ആഴ്ചയിലെ വീക്കിലി ടാസ്ക് 'അകത്തോ പുറത്തോ' ആയിരുന്നെങ്കിൽ ഈ ആഴ്ചയിലെ ടാസ്ക്കിന്‍റെ പേര് 'ഭാ​ഗ്യ പേടകം' എന്നായിരുന്നു. ബഹിരാകാശത്തേക്കൊരു സാങ്കൽപ്പിക യാത്ര എന്നതാണ് ടാസ്ക്.  

ഒരു സമയം അഞ്ച് പേർക്ക് മാത്രമേ ​ഗാർഡൻ ഏരിയയിൽ സജ്ജീകരിച്ചിരിക്കുന്ന പേടകത്തിൽ സ‍ഞ്ചരിക്കാൻ സാധിക്കുകയുള്ളൂ. നിശ്ചിത ഇടവേളകളിലെ അറിയിപ്പുകൾക്കുള്ള സമയത്തിനുള്ളിൽ പേടകത്തിൽ ഉള്ളവർ ചേർന്ന് ചർച്ച ചെയ്ത്, ഏകകണ്ഠമായി ഒരാളെ പുറത്താക്കണം. 

പേടകത്തില്‍ നിന്നും പുറത്ത് പോകുന്ന ആള്‍ക്ക് പകരം മറ്റൊരാളെ പുറത്തുള്ളവര്‍ ചേര്‍ന്ന് ചര്‍ച്ച ചെയ്ത് ഐക്യകണ്ഠമായി തെരെഞ്ഞെടുത്ത് അകത്തും കയറ്റണം. ഇത്തരത്തിൽ ഓരോ മത്സരാർത്ഥികളും പേടകത്തിന് പുറത്തേക്ക് പോകുകയും അകത്തേക്ക് വരികയും ചെയ്യും. 

എല്ലാ ഘട്ടങ്ങളിലും സജീവമായി പങ്കെടുത്ത് ഏറ്റവും കൂടുതൽ സമയം ബഹിരാകാശ പേടകത്തിൽ ചിലവഴിക്കുക എന്നതാണ് ടാസ്ക്. ഈ ടാസ്ക്കിൽ ഒന്നാം സ്ഥാനം നേടുന്ന വ്യക്തി അടുത്ത ആഴ്ചയിലെ നോമിനേഷൻ പ്രക്രിയയിൽ നിന്നും മുക്തി നേടുമെന്നും ബി​ഗ് ബോസ് നിർദ്ദേശം നൽകി. 

കൂടാതെ രണ്ടും മൂന്നും നാലും സ്ഥാനങ്ങൾ നേടുന്നവർക്കാകും അടുത്ത ക്യാപ്റ്റൻസി ടാസ്ക്കിൽ മത്സരിക്കാൻ സാധിക്കുകയെന്നും ബി​ഗ് ബോസ് അറിയിച്ചു. ഒരിക്കൽ പോലും പേടകത്തിൽ കയറാൻ സാധിക്കാത്തവർക്ക് അവരുടെ ലക്ഷ്വറി പോയിന്‍റ് പൂർണമായും നഷ്ടമാകുന്നതായിരിക്കും. 

ധന്യ, അശ്വിൻ, നിമിഷ, ബ്ലെസ്ലി, ദിൽഷ എന്നിവരാണ് ആദ്യമായി പേടകത്തിൽ കയറാൻ യോ​ഗ്യത നേടിയത്. പിന്നാലെ മത്സരത്തിനായുള്ള തയ്യാറെടുപ്പായിരുന്നു, ഏവരും. എന്നാൽ ടാസ്ക്കിൽ നിന്നും ഡോ. റോബിൻ മാറി നിന്നത് ഏറെ ശ്രദ്ധിക്കപ്പെട്ടു. 

പുറത്തു നിന്നവരിൽ നിന്നും ആദ്യം പേടകത്തിലേക്ക് പ്രവേശിക്കാൻ യോഗ്യത നേടിയത് ശാലിനി ആയിരുന്നു. പേടകത്തിൽ ഇരുന്നവരിൽ നിന്നും പുറത്തേക്ക് പോയത് ധന്യയും. ഇത്തവണത്തെ നോമിനേഷനിൽ ധന്യയില്ലെന്നതായിരുന്നു ധന്യയെ പേടകത്തില്‍ നിന്നും പുറത്താക്കാന്‍ മറ്റുള്ളവര്‍ പറഞ്ഞ കാരണം. 

പിന്നാലെ നടന്നത് ശാലിനിയും ധന്യയും തമ്മിലുള്ള മത്സരമാണ്. ഇരുവരും തമ്മിലുള്ള മത്സരത്തിൽ ആരാണോ ജയിക്കുന്നത് അവരാകും പേടകത്തിൽ ആദ്യം കയറുക. ഹെവി ടാസ്ക്ക് ആയിരുന്നു ഇരുവർക്കും ബി​ഗ് ബോസ് നൽകിയത്. 

പിന്നാലെ നടന്ന വാശിയേറിയ പേരാട്ടത്തിൽ ധന്യ വിജയിക്കുകയും പേടകത്തിലേക്ക് വീണ്ടും കയറുകയും ചെയ്തു. പരാജയപ്പെട്ട ശാലിനി അന്യ​ഗ്രഹത്തിലേക്ക് (പ്രത്യേകം സെറ്റ് ചെയ്ത സ്ഥലം) പോയി. തുടരെ എട്ട് മണിക്കൂറാണ് ധന്യ, അശ്വിൻ, നിമിഷ, ബ്ലെസ്ലി, ദിൽഷ എന്നിവർ പേടകത്തിൽ തന്നെ സ്ഥാനം ഉറപ്പിച്ചത്. 

പ്രശ്നങ്ങള്‍ അവിടെ അവസാനിക്കുകയായിരുന്നില്ല. തുടങ്ങുകയായിരുന്നു. വാര്‍ത്താവായനയ്ക്കിടയില്‍ മത്സരത്തെ കുറിച്ച് ലക്ഷ്മി പ്രിയ നടത്തിയ അഭിപ്രായ പ്രകടനത്തോടെ സംഗതി കത്തി. വാർത്താ വായനക്കിടെ ലക്ഷ്മി, ശാലിനിയെ കുറിച്ച് പറഞ്ഞ കാര്യങ്ങള്‍ പ്രശ്നങ്ങൾക്ക് വഴിവയ്ക്കുകയായിരുന്നു.

'അങ്ങാടിയിൽ തോറ്റതിന് അമ്മയോട്' എന്നായിരുന്നു ലക്ഷ്മി വാർത്ത വായനയ്ക്കിടെ ശാലിനിയെ കുറിച്ച് പറഞ്ഞത്. വാര്‍ത്താവതരണത്തിനിടെ രസകരമായിട്ടായിരുന്നു ലക്ഷ്മി ഇത് പറഞ്ഞത്. ലക്ഷ്മിയെ സുചിത്ര പിന്താങ്ങുകയും ചെയ്തു. പക്ഷേ, ശാലിനി കളി കാര്യമാക്കിയെടുത്തു. 

പിന്നാലെ ടാസ്ക് മോഡറേറ്ററായ അഖിലിനോടും സൂരജിനോടും ഇക്കാര്യത്തെ പറ്റി ചോദിക്കുകയും തർക്കിക്കുകയും ചെയ്തു. ഒടുവിൽ ശാലിനിയോട് ക്യാപ്റ്റനായ നവീന്‍റെ സാന്നിധ്യത്തിൽ അഖിൽ മാപ്പ് പറയുന്നത് വരെയെത്തി കാര്യങ്ങള്‍. ശാലിനി ആയതുകൊണ്ട് മാത്രമാണ് മാപ്പ് പറഞ്ഞതെന്ന് അഖിൽ പ്രത്യേകം സൂചിപ്പിച്ചു. 

പലരും ശാലിനിയെ ഇളക്കാന്‍ ശ്രമിക്കുമെന്നും അതില്‍ ചിലത് ശാലിനിയുടെ നന്മയ്ക്കാണെങ്കില്‍ മറ്റ് ചിലത് ദോഷത്തിനാകും. കണ്ടറിഞ്ഞ് നിക്കണമെന്നും നവീന്‍ ശാലിനിയോട് പറഞ്ഞു. ഇനി എല്ലാം ശരിയാക്കാമെന്ന് ശാലിനി തലകുലുക്കി സമ്മതിച്ചു. 

ബിഗ് ബോസില്‍ മിനിയാന്നത്തെ ഡെയ്‍ലി ടാസ്‍ക് 'മാലയോഗം' ആയിരുന്നു. ഡെയ്‍സിയായിരിക്കും വിധികര്‍ത്താവ് എന്ന് ബിഗ് ബോസ് ആദ്യമേ അറിയിച്ചു. ബാക്കിയുള്ള 15 പേരില്‍ നിന്ന് മൂന്ന് പേര്‍ വീതമുള്ള അഞ്ച് ടീമിനെ തിരഞ്ഞെടുക്കാനും ആവശ്യപ്പെട്ടു. അതിനു ശേഷം എന്തൊക്കെയാണ് മത്സര നിയമമെന്നും ബിഗ് ബോസ് വ്യക്തമാക്കി.

ഒരു ടീമിനെ ഒരു പൂമാല വിധികര്‍ത്താവ് ആദ്യം ഏല്‍പ്പിക്കണം. ബസര്‍ ശബ്‍ദം കേള്‍ക്കുമ്പോള്‍  മറ്റൊരു ടീമിലെ ഏതെങ്കിലും ഒരാളുടെ ശരീരഭാഗത്ത് പൂമാല തങ്ങിനിര്‍ത്തിപ്പിക്കാൻ ശ്രമിക്കണം. രണ്ടാമത്തെ ബസര്‍ കേള്‍ക്കുമ്പോള്‍ ആരുടെ ശരീരഭാഗത്താണോ പൂമാല തങ്ങിനില്‍ക്കും വിധമുള്ളത് ആ വ്യക്തി ഉള്‍പ്പെടുന്ന ടീം പുറത്താകുകയും ചെയ്യും. 

അങ്ങനെ ഒരോ ഘട്ടത്തില്‍ ഓരോ ടീം പുറത്താകുകയും ഏറ്റവും ഒടുവില്‍ ബാക്കിയാകുന്ന ടീം വിജയിക്കുകയും ചെയ്യുന്നതായിരുന്നു മത്സര ക്രമം.  എല്ലാവരും വാശിയോടെ ഇത്തവണ മത്സരിച്ചു എന്നതായിരുന്നു ഏറ്റവും വലിയ പ്രത്യേകത. ഓട്ടവും ചാട്ടവും മത്സര ബുദ്ധിയുമൊക്കെ വേണ്ട ഒരു ടാസ്‍കായിരുന്നു ഇത്. 

വാശിയോടെ ഓരോ ടീമുകളും മത്സരിക്കുന്ന കാഴ്‍ചയായിരുന്നു കണ്ടത്. പൂമാല മത്സരത്തില്‍ ഒടുവില്‍ ജയിച്ചതാകട്ടെ സൂരജ്, ദില്‍ഷ പ്രസന്നൻ, അപര്‍ണ മള്‍ബറി എന്നിവരുടെ ടീമായിരുന്നു. കുട്ടി അഖില്‍, ഡോ. റോബിൻ, ജാസ്‍മിൻ എന്നിവരടങ്ങുന്ന ടീമിനെയാണ് മത്സരത്തില്‍ സൂരജിന്‍റെ ടീം തോല്‍പ്പിച്ചത്. 

കുട്ടി അഖിലിന്‍റെ ശരീരത്തില്‍ പൂമാലയുടെ ഭാഗം തങ്ങിനിര്‍ത്തിപ്പിച്ചായിരുന്നു സൂരജിന്‍റെ ടീം വിജയിച്ചത്. വാശിയേറിയ മത്സരത്തിനൊടുവില്‍ അഖിലിന് വൈദ്യ സഹായം തേടേണ്ടിയും വന്നു. കൈക്ക് ചെറിയ പരുക്കേറ്റുവെന്നാണ് ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു. 

ഒതുങ്ങിനില്‍ക്കുന്നു എന്ന് മോഹൻലാല്‍ കഴിഞ്ഞ ദിവസം പറഞ്ഞ ചിലരായിരുന്നു ഇത്തവണ മത്സരത്തില്‍ വിജയിച്ചത് എന്ന പ്രത്യേകതയുമുണ്ട്. സൂരജ് എല്ലാ വിഷയങ്ങളിലും ഇടപെടുന്നില്ല, അഭിപ്രായങ്ങള്‍ പറയുന്നില്ല എന്ന് മോഹൻലാല്‍ ചൂണ്ടിക്കാട്ടിയിരുന്നു. 

ദില്‍ഷ പ്രസന്നനും സേഫ് സോണിലാണ് നില്‍ക്കുന്നത് എന്നാണ് അഭിപ്രായമെന്ന് മോഹൻലാല്‍ അറിയിച്ചിരുന്നു. എന്നാല്‍ സൂരജ് അടക്കമുള്ളവരുടെ ഗംഭീര തിരിച്ചുവരവായിരിക്കുകയാണ് ഇന്നത്തെ വിജയം. 

Latest Videos

click me!