Bigg Boss: 'എന്‍റെ വായിക്കാത്ത് നിന്ന് വല്ലോം വരു'മെന്ന് സഹികെട്ട് ലക്ഷ്മി പ്രിയ

First Published | Apr 12, 2022, 1:46 PM IST

ബിഗ് ബോസ് വീട്ടില്‍ ഓരോ ദിവസവും കഴിയുന്തോറും കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാവുകയാണ്. ചിലര്‍ക്ക് മാത്രം സ്ക്രീന്‍ പ്രസന്‍സ് കിട്ടുന്നുവെന്ന് തോന്നലില്‍ നിന്നോ അല്ലെങ്കില്‍ മറ്റ് ചിലര്‍ക്ക് ഒറ്റപ്പെടലിലൂടെ ഉണ്ടാകുന്ന ഏകാന്തതയാണോ പ്രശ്നമെന്നത് പ്രേക്ഷകന് പിടികിട്ടില്ലെന്നതാണ് ഇതിലെ കൗതുകം. ഇന്നലത്തെ ബിഗ് ബോസ് വീട്ടിലെ തര്‍ക്കങ്ങള്‍ക്ക് അത്തരമൊരു പ്രശ്നം ആദ്യം മുതല്‍ തന്നെ നിലനിന്നിരുന്നു. കിച്ചണില്‍ ആകെ സങ്കടപ്പെട്ട് നിന്ന ശാലിനിയോട് എന്താണ് മോളേ പ്രശ്നമെന്ന് ലക്ഷ്മി പ്രിയ ചോദിച്ചെന്നും വീട് വിട്ട നിന്നതിന്‍റെ പ്രശ്നവും പിന്നെ ആരും അടുക്കളയില്‍ തന്നെ സഹായിക്കാനുണ്ടായില്ലെന്നും പറഞ്ഞ് വന്നപ്പോള്‍ തന്നെ ശാലിനി കരഞ്ഞെന്നും അവള്‍ അടുക്കളയില്‍ ഒറ്റയ്ക്ക് കഷ്ടപ്പെടുകയാണെന്നും അവളെ സഹായിക്കാന്‍ ആരുമില്ലെന്നും ലക്ഷ്മി പ്രിയ ഈ ആഴ്ചയിലെ ക്യാപ്റ്റന്‍ ദില്‍ഷാ പ്രസന്നന്‍റെ അടുത്ത് പരാതിപ്പെടുന്നതോടെയാണ് ഇന്നലത്തെ ബിഗ് ബോസ് എപ്പിസോഡ് തുടങ്ങിയത് തന്നെ. പിന്നെ ഈയൊരു പ്രശ്നത്തിലായിരുന്നു ബിഗ് ബോസ് വീട് പുകഞ്ഞ് കത്തിയത്. 

അടുക്കളയില്‍ ലക്ഷ്മി പ്രിയയും ശാലിനിയും തമ്മിലുള്ള സംഭാഷണം മാത്രം ബിഗ് ബോസ് കാണിച്ചില്ലെങ്കിലും അതിനെ തുടര്‍ന്നുണ്ടായ അങ്കം ബിഗ് ബോസ് വിശദമായി തന്നെ പ്രേക്ഷകര്‍ക്ക് മുന്നിലെത്തിച്ചു. ഏറ്റവും ഒടുവില്‍ എവിക്ഷനില്‍ പോലും ഈ വിഷയത്തെ അടിസ്ഥാനമാക്കിയായിരുന്നുവെന്നത് പ്രശ്നത്തിന്‍റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നു. 

ക്യാപ്റ്റനോട് ലക്ഷ്മി പ്രിയ പരാതി പറയുന്നിടത്ത് നിന്നാണ് എപ്പിസോഡിന്‍റെ തുടക്കം. ശാലിനി     ഒറ്റക്കായിരുന്നുവെന്നും അവളെ അടുക്കള ഡ്യൂട്ടില്‍ സഹായിക്കാന്‍ ആരുമുണ്ടായിരുന്നില്ലെന്നും അത്തരമൊരു ഒറ്റപ്പെടുത്തല്‍ ബിഗ് ബോസില്‍ ശരിയല്ലെന്നും ക്യാപ്റ്റനായത് കൊണ്ടാണ് താനിത് ദില്‍ഷയോട് പറയുന്നതെന്നും ലക്ഷ്മി പ്രിയ പറയുന്നു. 


തന്നെ കണ്ട ശാലിനി കരഞ്ഞെന്നും ആരും അവളെ കിച്ചണില്‍ സഹായിക്കാന്‍ ചെന്നില്ലെന്നും ലക്ഷ്മി പ്രിയ, ക്യാപ്റ്റനായ ദില്‍ഷാ പ്രസന്നനോട് പരാതി പറഞ്ഞു. വീട്ടിലെ പ്രശ്നം പരിഹരിക്കുകയെന്നത് ക്യാപ്റ്റന്‍റെ ചുമതലയായതിനാല്‍ ഈ വിഷയത്തെ കുറിച്ച് ചോദിക്കാമെന്ന് ദില്‍ഷയും ഏറ്റു. 

എന്നാല്‍ കാര്യങ്ങള്‍ വളരെ പെട്ടെന്ന് തന്നെ കൈവിട്ട് പോവുകയായിരുന്നു. പ്രശ്നപരിഹാരത്തിന് വിളിച്ച കൂട്ടത്തില്‍ റോണ്‍സണ്‍ ശബ്ദം കൊണ്ടും പ്രതിയോഗികളെ സൃഷ്ടിച്ച് ജാസ്മിനും കളം ഇടയ്ക്ക് കളം പിടിക്കാന്‍ ശ്രമം നടത്തിയെങ്കിലും മൊത്തത്തില്‍ ലക്ഷ്മി പ്രിയയാണ് ഇന്നലെയും ബിഗ് ബോസ് വീട്ടില്‍ സാന്നിധ്യം ശക്തമാക്കിയത്. 

ജാസ്മിന്‍ മൂസ ലക്ഷ്മി പ്രിയയ്ക്കെതിരെ കരുക്കള്‍ നീക്കാനുള്ള ചെറിയൊരു ശ്രമവും നടത്തിയെങ്കിലും അത് കാര്യമായ ചലനമുണ്ടാക്കിയില്ല. പ്രശ്നത്തെ കുറിച്ച് ശാലിനിയുമായി സംസാരിക്കാന്‍ ക്യാപ്റ്റനെത്തി. ഒറ്റയ്ക്ക് ജോലികള്‍ ചെയ്യേണ്ടെന്നും ജോലി ചെയ്യാനാണ് ഒരു ടീമിനെ ഉണ്ടാക്കിയതെന്നും ക്യാപ്റ്റന്‍റെ റോളില്‍ നിന്ന് ദില്‍ഷ വ്യക്തമാക്കി. 

'നിനക്ക് പണി ഭാരം തോന്നുകയാണെങ്കില്‍ ബ്ലെസ്ലിയെ വിളിക്കാം, ഡെയ്സിയെ വിളിക്കാം.' ദില്‍ഷാ പ്രസന്നന്‍ തികഞ്ഞ ക്യാപ്റ്റനാകാന്‍ ശ്രമം നടത്തി. എന്നാല്‍ വീട്ടിലെ മറ്റ് അംഗങ്ങള്‍ ക്യാപ്റ്റനെക്കാള്‍ പ്രധാന്യം കൊടുക്കുന്നത് ലക്ഷ്മി പ്രിയയുടെ അഭിനയത്തിനായിരുന്നു. കാരണം ലക്ഷ്മി പ്രിയ കളം നിറഞ്ഞാണ് ഇന്നലെ നിന്നത്. 

പ്രശ്നപരിഹാര ശ്രമം പക്ഷേ, ക്യാപ്റ്റന്‍റെ കൈയില്‍ നിന്നും പോയി. റോണ്‍സണിന്‍റെ ശബ്ദ ഗാംഭീര്യവും ലക്ഷ്മി പ്രിയയുടെ നിലവിളിയോളമെത്തിയ വാക് പ്രഭാവവും ശാലിനിയെ വീണ്ടും പ്രശ്നത്തിലാക്കി. ഒടുവില്‍ താന്‍ ഇത് സംബന്ധിച്ച് ആരോടും പരാതി പറഞ്ഞിട്ടില്ലെന്നും ലക്ഷ്മി പ്രിയ ചോദിച്ചപ്പോള്‍ പെട്ടെന്ന് വിതുമ്പിയതാണെന്നും ശാലിനി വ്യക്തമാക്കി. 

"ഞാന്‍ ഒറ്റയ്ക്കായിരുന്നു രണ്ട് ദിവസമായിട്ട്. ആരും സഹായിക്കാന്‍ വന്നില്ല. വീട്ടില്‍ നിന്ന് വിട്ടുനില്‍ക്കുന്നതിന്‍റെ പ്രശ്നമുണ്ട്. സൂരജും ഡെയ്സിയും ആരുമെന്നും സഹായിക്കാന്‍ വന്നില്ല." ശാലിനി പറഞ്ഞു. എന്നാല്‍, നിങ്ങളുടെ ഡ്യൂട്ടി മാത്രം നിങ്ങള്‍ ചെയ്താല്‍ മതിയെന്നും മറ്റുള്ളവരുടെ ഡ്യൂട്ടി കൂടി ഏറ്റെടുക്കേണ്ട കാര്യമില്ലെന്നുമായിരുന്നു റോണ്‍സണും ബ്ലെസ്ലിയും ആവര്‍ത്തിച്ചത്. 

"പാത്രം മൊത്തം തങ്ങള്‍ കഴുകി. ബാക്കിയുള്ളത് അപര്‍ണയ്ക്ക് കഴുകാനായി മാറ്റിവച്ചതാണ്. ബെഡ് റൂമില്‍ പോലും ലൈറ്റ് ഓഫായിരുന്നില്ലല്ലോ... "ബ്ലെസ്ലി ചോദിച്ചു." അവരവരുടെ പണി അവരവരെടുക്കുക. ബാക്കി അവിടെ എന്തെങ്കിലും ഉണ്ടെങ്കില്‍ അത് മറ്റൊരാളുടെ മിസ്റ്റേക്കാണ്. ജസ്റ്റ് ഡു ഇറ്റ്. ദാറ്റ്സ് ഓള്‍. അല്ലാതെ എല്ലാവരുടെയും പണി തലേയില്‍ എടുത്ത് വച്ചിട്ട്...." റോണ്‍സണിന്‍റെ ശബ്ദം ബിഗ് ബോസ് വീട്ടിനെ ഒരു നിമിഷം നിശബ്ദമാക്കി.

ആളുകള്‍ കൂടിയതും തന്നെ കുറിച്ചുള്ള സംഭാഷണം കൂടുതല്‍ സങ്കീര്‍മാകുന്നതിലും ശാലിനി അസ്വസ്ഥയായിരുന്നു. 'താനൊരു പാവം. ഒരു വഴിയിലൂടെ അങ്ങ് പോക്കോട്ടെ.... ' എന്ന ഭാവവും ഭാഷയുമായിരുന്നു ഇന്നലത്തെ എപ്പിസോഡില്‍ ശാലിനിക്ക്. 

ശാലിനിയുടെ പ്രശ്നം മിനിയാന്ന് രാത്രിയിലാണ് തുടങ്ങിയതെങ്കിലും ഇന്നലെ പകലും ബിഗ് ബോസ് ഈയൊരു പ്രശ്നത്തിന്‍റെ പുറത്ത് കടന്നില്ലെന്ന് പിന്നീടുള്ള കാഴ്ചകളും കാണിക്കുന്നു.  ലക്ഷ്‍മി പ്രിയ ആവശ്യമില്ലാതെ ഇടപെട്ട് പ്രശ്‍നങ്ങള്‍ വഷളാക്കുകയായിരുന്നുവെന്ന് പിന്നീട് ശാലിനി ആരോപിച്ചെങ്കിലും ഇതിന് പുറകില്‍ ജാസ്മിന്‍ മൂസയുടെ സാന്നിധ്യമുണ്ടായിരുന്നു. 

'എടീ ആ പെണ്ണും പിള്ളയെ പോലുള്ള ബെസ്റ്റ് ആളോടാണോ നീ പോയി നിന്‍റെ കംപ്ലെന്‍റ് പറഞ്ഞതെന്ന്' ഇടയ്ക്ക് ജാസ്മിന്‍ മൂസ ശാലിനിയെ ഉപദേശിക്കുന്നു. ലക്ഷ്മി എരിതീയില്‍ എണ്ണ ഒഴിക്കേണ്ട ആവശ്യമില്ലായിരുന്നുവെന്ന് ഡെയ്സിയും അഭിപ്രായപ്പെട്ടു. ഇതോടെ തന്‍റെ സങ്കടത്തില്‍ പങ്കു ചേര്‍ന്ന ലക്ഷ്മി പ്രിയയാണ് കാര്യങ്ങള്‍ ഇത്രയും വഷളാക്കിയതെന്ന് ശാലിനുയും ആരോപിച്ചു. 

ലക്ഷ്മി പ്രിയ അനാവശ്യമായി കാര്യങ്ങളില്‍ ഇടപെട്ടുകയാണെന്ന് അഭിപ്രായമുള്ള മറ്റ് ചിലരും ആ വീട്ടിലുണ്ട്. ധന്യയും സുചിത്രയുമാണ് അവര്‍. പ്രശ്നപരിഹാരത്തിനുള്ള ശ്രമം നടക്കുന്നതിനിടെ ഇരുവരും അവരവരുടെ ബെഡ്ഡിലേക്ക് മാറി ഇരുന്നു. തുടര്‍ന്ന് ഇരുവരും ഈ പ്രശ്നത്തെ കുറിച്ചാണ് സംസാരിച്ചത്. 

ലക്ഷ്‍മി ചേച്ചി എന്തിനാണ് ആവശ്യമില്ലാത്ത പുലിവാല് പിടിക്കുന്നത് എന്നതായിരുന്നു സുചിത്ര നായരുടെ സംശയം. എന്തിനാണ് ഇത്, കണ്ടന്റ് ഉണ്ടാക്കാനാണോയെന്നും സുചിത്ര ചോദിക്കുന്നു. കരച്ചിലിലും പിഴിച്ചലിലുമാണ് അവസാനിക്കുക എന്ന് താൻ പറഞ്ഞില്ലേയെന്നായിരുന്നു ധന്യയുടെ മറുപടി. 

അവരെല്ലാവരും ചേര്‍ന്ന് ആ പെണ്‍കൊച്ചിനെ ആക്രമിച്ചുകൊണ്ടേയിരിക്കുകയാണ്. ശരിക്കും ലക്ഷ്‍മി ചേച്ചിക്ക് ആ കൊച്ചിനെ ഇഷ്‍ടമല്ലെന്നതാണ് കാരണമെന്നും സുചിത്ര സൂചിപ്പിക്കുന്നു. സൈലന്‍റ് കില്ലര്‍ എന്താണ് ഇതിനെ പറയുക എന്ന് ധന്യ സിദ്ധാന്തവത്കരണം നടത്തി. അതായത് ചിരിച്ചുകൊണ്ട് കഴുത്തറക്കുക എന്ന് പറയില്ലേ അത് തന്നെയാണ് ഇതെന്ന് ധന്യയ്ക്ക് സംശയമൊന്നും ഉണ്ടായിരുന്നില്ല. 

ചര്‍ച്ച അവിടെയും അവസാനിച്ചില്ല. ഒടുവില്‍ മിനിയാന്ന് രാത്രി 11.30 നും ബിഗ് ബോസ് വീട്ടില്‍ ഈ വിഷയത്തെ ചൊല്ലിയായിരുന്നു ചര്‍ച്ചകള്‍. " ഇന്നലെത്തെയോ ഇന്നത്തെയോ കാര്യമല്ല. കുറേ ദിവസങ്ങളായുള്ള കാര്യമാണ് ഞാന്‍ പറഞ്ഞത്. ക്ലിനിങ്ങും കുക്കിങ്ങും ഒന്നുമല്ല. ആ പെണ്ണിന്‍റെ കണ്ണ്  നീര് കണ്ടിട്ട് ഇനി ഒരു കാര്യത്തിലും ലക്ഷ്മി പ്രിയ വാ തുറക്കത്തില്ല. അവള് കരഞ്ഞാ കരയട്ടെ... ഇതിപ്പോ എത്രാമത്തെ പ്രവശ്യമായി. നമ്മളെ അങ്ങ് ഒറ്റ് കൊടുക്കാണ്. നൈസായിട്ട്... ഇവള് ഇതെല്ലാം ഇങ്ങനെ കാണിച്ചിട്ടാണ് സുചിത്രേ കരയുന്നത്." ലക്ഷ്മി പ്രിയയ്ക്ക് ഇരിക്കപ്പൊറുതി ഇല്ലാതായി.

എല്ലാം പകുതിക്കിട്ടാണ് ആളുകള്‍ പോകുന്നതെന്ന് കംപ്ലെന്‍റ് പറഞ്ഞ ലക്ഷ്മി പ്രിയയ്ക്ക് റോണ്‍സണ്‍ അടുക്കളയിലെ ഗ്യാസ് സ്റ്റൗ പൊക്കി കാണിച്ചു. അതിന്‍റെ അടിയിലെ അവശിഷ്ടങ്ങള്‍ കണ്ടപ്പോള്‍ അതൊഴികെ ബാക്കിയെല്ലാം ഞാന്‍ തന്നെയാണ് ചെയ്തതെന്ന് ലക്ഷ്മി പ്രിയ പറഞ്ഞു. 

അതൊരു ചിരിയില്‍ അവസാനിച്ചെങ്കിലും ലക്ഷ്മി അവിടം കൊണ്ടൊന്നും അടങ്ങിയില്ല. " എന്തോന്നാടേയ് ഇത്.. ഒരു പുല്ലും ചെയ്യത്തും ഇല്ല. എന്ത് ചെയ്താലും പകുതിയല്ലാതെ ഫുള്‍ ചെയ്ത് തന്നിട്ടുണ്ടോ.. എരിതീയില്‍ എണ്ണ ഒഴിച്ച് പോലും. എന്‍റെ വായിക്കാത്ത് നിന്ന് വല്ലോം വരും.. ഇവളൊന്നും എനിക്കൊന്നും ഒന്നും അല്ലാത്തോണ്ടാണ് പ്രതികരിക്കാത്തത്. നാശം..."  ലക്ഷ്മി പ്രിയയ്ക്ക് തന്‍റെ അരിശം തടുക്കാനായില്ല.  

പിറ്റേന്ന് രാവിലെയും ക്യാപ്റ്റനെ വിളിച്ചിരുത്തി ലക്ഷ്മി പ്രിയ പറഞ്ഞ് തുടങ്ങിയത് മിനിയാന്ന് രാത്രിയിലെ ബാക്കിയില്‍ നിന്നായിരുന്നു. " താന്‍ കുക്ക് ചെയ്യുമ്പോള്‍ കട്ട് ചെയ്യാനും പാത്രം കഴുകാനും സാധനങ്ങള്‍ എടുത്ത് തരാനും ആള് വേണം. അക്കാര്യത്തില്‍ ഞാന്‍ എല്ലാവരോടും സഹായം അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. പക്ഷേ എന്നിട്ടും എന്‍റെ അടുത്ത രണ്ട് പേര് എന്നോട് വന്ന് പരാതി പറഞ്ഞു. " ലക്ഷ്മി ക്യാപ്റ്റനോട് പരാതിപ്പെട്ടു. കാര്യങ്ങള്‍ അന്വേഷിക്കാമെന്ന് പറഞ്ഞ് ദില്‍ഷ കളം വിട്ടു. 

തുടര്‍ന്ന് ബിഗ് ബോസ് ഈ ആഴ്ചത്തെ എവിക്ഷനുള്ള ആളെ തെരഞ്ഞെടുക്കാന്‍ മത്സരാര്‍ത്ഥികളെ വിളിച്ചു. രഹസ്യ മുറിയിലെത്തി പുറത്താക്കേണ്ട ആളുടെ പേര് പറയാന്‍ തുടങ്ങിയ മത്സരാര്‍ത്ഥികളെല്ലാം അടുക്കള വിഷയത്തില്‍ കുരുങ്ങിക്കിടക്കുകയായിരുന്നെന്ന് അവരുടെ മറുപടികളില്‍ നിന്ന് തന്നെ വ്യക്തമായിരുന്നു. '

ഇല്ലാത്ത ഒരു സംഭവം ഇടപെട്ട് വലിയൊരു കാര്യമാക്കി ലക്ഷ്‍മി പ്രിയ മാറ്റുന്നുവെന്നായിരുന്നു റോണ്‍സണിന്‍റെ പരാതി. റോണ്‍സണിന് പിന്നാലെ ഡെയ്സി, ബ്ലെസ്ലി, റോബിൻ, ജാസ്‍മിൻ, അപര്‍ണ, ശാലിനി എന്നിവര്‍ ലക്ഷ്മി പ്രിയയെ പുറത്താക്കേണ്ടതാണെന്ന് അഭിപ്രായം പങ്കുവച്ചപ്പോള്‍, ലക്ഷ്മി പ്രിയ, സുചിത്ര, സൂരജ് എന്നിവര്‍ ശാലിനിക്കെതിരെ തിരിഞ്ഞു. ഒടുവില്‍ ലക്ഷ്‍മി പ്രിയ, ഡെയ്‍സി, ജാസ്‍മിൻ, അഖില്‍, അശ്വിൻ, ശാലിനി, നവീൻ എന്നിവരില്‍ ഒരാളാണ് ഇനി പുറത്തുപോകാനുള്ള സാധ്യതാ പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നതെന്ന് ബിഗ് ബോസ് അറിയിച്ചു. 

ബിഗ് ബോസ് ന്യൂസ് എന്ന ടാസ്‍കിലും അടുക്കളയിലെ അച്ചടക്കമില്ലായ്മയായിരുന്നു വിഷയം. ഇന്നലെ ബിബി ന്യൂസ് ബ്ലെസ്‍ലിയും ഡെയ്‍സിയുമാണ് അവതരിപ്പിച്ചത്. പൊട്ടിക്കരച്ചിലും പൊട്ടിത്തെറിയും ബിഗ് ബോസിലുണ്ടായിയെന്ന് ലക്ഷ്‍മി പ്രിയ - ശാലിനി തര്‍ക്കങ്ങളെ സൂചിപ്പിച്ച് ബ്ലസ്‍ലി പറഞ്ഞു. 

അതിനെ കുറിച്ച് വിശദമാക്കാൻ ശാലിനിയെ തന്നെ റിപ്പോര്‍ട്ടറായ ഡെയ്‍സി ക്ഷണിച്ചു. ഡെയ്‍സി എന്ന ഒരു മത്സരാര്‍ഥി കിച്ചണ്‍ ഡ്യൂട്ടിയില്‍ സഹായിക്കാൻ വന്നില്ലെന്ന് ബിബി ന്യൂസില്‍ ശാലിനി തുറന്നടിച്ചു. ഡെയ്‍സി ഊഞ്ഞാല്‍ ആടുകയായിരുന്നുവെന്ന പരാമര്‍ശവും ശാലിനി നടത്തി. ഇത്  ഡെയ്‍സി ചൊടിപ്പിക്കുകയും ബിബി ന്യൂസിന് ശേഷവും ഇക്കാര്യത്തിലെ ചര്‍ച്ച നീണ്ടുപോകുകയും ചെയ്‍തു.

'ഊഞ്ഞാല്‍ ആടി' എന്ന പരാമര്‍ശത്തെ കുറിച്ച്  ഡെയ്‍സി ശാലിനിയോട് ചോദിച്ചു. ഡോക്ടര്‍ സഹായിക്കാനില്ലാതിരുന്നത് എന്തുകൊണ്ട് പറഞ്ഞില്ല എന്ന് ഡെയ്‍സി ചോദിച്ചു. എല്ലാ കാര്യങ്ങളും തനിക്ക് ഓര്‍മ വന്നില്ലെന്നായിരുന്നു ശാലിനിയുടെ മറുപടി. ശാലിനി എന്ന് പറയുന്ന വ്യക്തി ഇതൊന്നും മറക്കുന്ന ആളല്ലെന്ന് ഡെയ്‍സി തിരിച്ചടിച്ചു. 

കിട്ടുന്ന അവസരം എല്ലാം ശാലിനി ഉപയോഗിക്കുമെന്നും ഡെയ്‍സി ആവര്‍ത്തിച്ചു. ഡോക്ടറുടെ പേര് താൻ മനപൂര്‍വ്വം പറയാതിരുന്നതാണ് എന്ന് വിചാരിക്കുന്നതാണെങ്കില്‍ അങ്ങനെ വിചാരിച്ചോളൂവെന്നും ശാലിനി പറഞ്ഞതോടെയാണ് എപ്പിസോഡ് അവസാനിച്ചത്.

Latest Videos

click me!