Bigg Boss: ബിഗ് ബോസില്‍ ഇനി ഗ്രൂപ്പിസത്തിന്‍റെ വരവെന്ന് അഖില്‍, ഒറ്റപ്പെട്ട് റോണ്‍സണ്‍

First Published May 7, 2022, 5:23 PM IST

ബിഗ് ബോസ് സീസണ്‍ നാലിന്‍റെ നാല്‍പത്തിയൊന്നാം എപ്പിസോഡായ ഇന്നലെ നടന്നത് സങ്കീര്‍ണ്ണമായൊരു തെരഞ്ഞെടുപ്പായിരുന്നു. അടുത്ത ആഴ്ചയിലെ ക്യാപ്റ്റനെ തെരഞ്ഞെടുക്കുകയായിരുന്നു ഇന്നലത്തെ വിഷയം. ക്യാപ്റ്റന്‍സി ടാസ്കിനായി തെരഞ്ഞെടുക്കപ്പെട്ട ധന്യ, സുചിത്ര, ലക്ഷ്മിപ്രിയ, സൂരജ്, റോണ്‍സണ്‍, ജാസ്‍മിന്‍, നിമിഷ എന്നിവര്‍ എന്തുകൊണ്ട് തങ്ങള്‍ ക്യാപ്റ്റനാകാന്‍ യോഗ്യതയുണ്ടെന്ന് വ്യക്തമാക്കണം. ഇങ്ങനെ വ്യക്തമാക്കുന്നവരില്‍ ഏറ്റവും മോശം പ്രകടനം നേടിയയാളെ ഓരോ റൗണ്ടിലും പുറത്താക്കുക. അവസാനം എത്തുന്നയാളാകും ക്യാപ്റ്റന്‍. പക്ഷേ തെരഞ്ഞെടുപ്പ് ഐക്യകണ്ഠേനയാകണം എന്നും ബിഗ് ബോസ് അറിച്ചു. അതേ സമയം ഇവര്‍ തമ്മില്‍ നടത്തുന്ന ചര്‍ച്ച മറ്റ് മത്സരാര്‍ത്ഥികള്‍ക്ക് കാണുകയും ചെയ്യാം. 

ആദ്യ റൗണ്ട് തുടങ്ങിയപ്പോള്‍ ലക്ഷ്മി പ്രിയയായിരുന്നു ആദ്യം സംസാരിച്ചത്. താന്നെ ആരും ക്യാപ്റ്റന്‍സിയിലേക്ക് തെരഞ്ഞെടുക്കാത്തത് താന്‍ മോശം മത്സരാര്‍ത്ഥിയായത് കൊണ്ടല്ലെന്നും മറിച്ച് അഭിപ്രായങ്ങളുടെ അടിസ്ഥാനത്തിലാണ് പലപ്പോഴും ക്യാപ്റ്റന്‍സി ടാസ്കില്‍ നിന്ന് പുറത്ത് പേകേണ്ടിവന്നതെന്നും ലക്ഷ്മി പ്രിയ സമര്‍ത്ഥിച്ചു. 

എന്നാല്‍, രണ്ടാമതായി സംസാരിച്ച നിമിഷ ആദ്യമേ തന്നെ ലക്ഷ്മിയെ ടാര്‍ഗറ്റ് ചെയ്തു. കിച്ചണ്‍ ഡ്യൂട്ടി ചെയ്യുന്നതിനിടെ ലക്ഷ്മി പ്രിയ രണ്ട് തവണ ഗ്യാസ് തുറന്ന് വിട്ടു. തുടര്‍ന്ന് ഇതുവരെ ബിഗ് ബോസിലുണ്ടായ ക്യാപ്റ്റന്മാരുടെ കുറ്റങ്ങള്‍ ഓരോന്നായി നിമിഷ എടുത്തിട്ടു. ഒടുവില്‍ തന്‍റെ ക്യാപ്റ്റന്‍സിയില്‍ ഒരു കുറ്റം പോലുമുണ്ടായിട്ടില്ലെന്നും അതിനാല്‍ ക്യാപ്റ്റനാകാന്‍ താനാണ് എന്തുകൊണ്ടും യോഗ്യയെന്നും നിമിഷ സമര്‍ത്ഥിച്ചു. 

Latest Videos


ധന്യ, ആദ്യമേ തന്നെ തനിക്കെന്തുകൊണ്ട് ക്യാപ്റ്റാനാകാന്‍ കഴിഞ്ഞില്ല എന്നതിനായിരുന്നു മറുപടി പറഞ്ഞത്. പിന്നീട് എന്തൊക്കെ മാറ്റം തനിക്ക് കൊണ്ടുവരാന്‍ പറ്റുമെന്നും അതിനൊപ്പം നിയന്ത്രിക്കാന്‍ പാടുള്ള മത്സരാര്‍ത്ഥികളെ വരെ നിയന്ത്രിക്കാനും ഷോ മികച്ച രീതിയില്‍ കൊണ്ടുപോകാനും തനിക്ക് കഴിയുമെന്നും അവകാശപ്പെടുന്നു. 

ക്യാപ്റ്റനായാലും തന്‍റെ നൂറ് ശതമാനം നല്‍കുമെന്ന് പറഞ്ഞായിരുന്നു സുചിത്ര സ്വയം ന്യായീകരിക്കാന്‍ ആരംഭിച്ചത്. ക്യാപ്റ്റന്‍സി ടാസ്കില്‍ ഇതിന് മുമ്പ് വന്നിട്ടുണ്ടെന്നും എന്നാല്‍ ഒരിക്കല്‍ പോലും ജയില്‍ നോമിനേഷനില്‍ വന്നിട്ടില്ലെന്നും അത് വീട്ടിലെ മറ്റ് അംഗങ്ങള്‍ക്ക് തന്നോടുള്ള ഇഷ്ടം കൊണ്ടാണെന്നും സുചിത്ര അവകാശപ്പെട്ടു.

മൂന്ന് തവണ ക്യാപ്റ്റന്‍‌സി ടാസ്കിലെത്തിയിട്ടുണ്ടെന്നും എന്നാല്‍, ഒരു തവണ മാത്രമാണ് ക്യാപ്റ്റന്‍സി ടാസ്കില്‍ പങ്കെടുക്കാന്‍ പറ്റിയതെന്നും സൂരജ് പറഞ്ഞ് തുടങ്ങി. മൂന്ന് തവണ ക്യാപ്റ്റന്‍സി ടാസ്തിലെത്താന്‍ കഴിഞ്ഞത് തന്‍റെ കഴിവാണെന്ന് സൂരജ് സ്ഥാപിക്കുന്നു. 

ക്യാപ്റ്റന്‍സി ടാസ്കിലെത്തിയിട്ടില്ലെങ്കിലും ജയില്‍ നോമിനേഷനില്‍ നിരവധി തവണ എത്തിയിട്ടുള്ള ആളാണ് താനെന്ന് ജാസ്മിന്‍ പറഞ്ഞു. താന്‍ ക്യാപ്റ്റനായാല്‍ പ്രശ്നങ്ങളുണ്ടാകും. എന്നാല്‍, അത്തരം പ്രശ്നങ്ങളെ എല്ലാവരുടെയും അഭിപ്രായത്തെ മാനിച്ച് കൊണ്ട് ജനാധിപത്യ രീതിയില്‍ ഒരു തീരുമാനത്തിലെത്തി, അത് നടപ്പാക്കാന്‍ ശ്രമിക്കുമെന്നും ജാസ്മിന്‍ മൂസ പറഞ്ഞു. 

നിലവിലെ ക്യാപ്റ്റന്‍സി ടാസ്കില്‍ ഞാനാണ് ഒന്നാമത് രണ്ടാമത് ജാസ്മിനാണെന്ന് പറഞ്ഞു കൊണ്ടാണ് റോണ്‍സണ്‍ തന്‍റെ ഭാഗം ന്യായീകരിക്കാന്‍ ആരംഭിച്ചത്. ഇനിയും ക്യാപ്റ്റനായാല്‍ തനിക്ക് പലതും ചെയാന്‍ പറ്റുമെന്നും എന്നാലത് ഇപ്പോള്‍ പറയുന്നില്ലെന്നും റോണ്‍സണ്‍ പറഞ്ഞു. നാല്പത് ദിവസമായിട്ടും തനിക്ക് ഒരാളോടും വഴക്കില്ലെന്നും റോണ്‍സണ്‍ അവകാശപ്പെട്ടു. എന്നാല്‍, അത് ഒരു പോസറ്റീന് സംഗതി അല്ലെന്ന് മറ്റ് മത്സരാര്‍ത്ഥികള്‍ പറഞ്ഞു.

റോണ്‍സണ്‍ നല്ലൊരു ക്യാപ്റ്റനായിരുന്നു എന്ന് പറഞ്ഞുകൊണ്ട് ജാസ്മിന്‍ രണ്ടാം റൗണ്ട് ആരംഭിച്ചത്. ഒരു ചാന്‍സ് കിട്ടിയിട്ടും ചെയ്യാതെ അടുത്ത ക്യാപ്റ്റന്‍സിയില്‍ ചെയ്യുമെന്ന് പറയുന്നതില് കാര്യമില്ലെന്നും ജാസ്മിന്‍ ചൂണ്ടികാണിച്ചു. ഇതിനിടെ ലക്ഷ്മി പ്രിയ ഇടപെടുകയും തനിക്ക് കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ കഴിയുമെന്നും അവകാശപ്പെട്ടു. 

എന്നാല്‍, ലക്ഷ്മി പ്രിയയുടെ പ്രഖ്യാപിത എതിരാളിയായ സുചിത്ര ഇതിനിടെ ഇടപെടുകയും ലക്ഷ്മി സ്വന്തം തെറ്റുകുറ്റങ്ങളെന്താണെന്ന് മനസിലാക്കണമെന്നും ആവശ്യപ്പെട്ടു. ലക്ഷ്മിയുടെ പ്രവൃത്തി  കാരണം തങ്ങള്‍ക്ക് ലക്ഷ്വറി പോയന്‍റ് നഷ്ടമായെന്നും സുചിത്ര ആരോപിച്ചു. ഈ സമയം മറ്റ് മത്സരാര്‍ത്ഥികള്‍ ലക്ഷ്മിപ്രിയയ്ക്കെതിരെ തിരിഞ്ഞു. 

ഇതിനിടെ ബസര്‍ ശബ്ദം വന്നപ്പോള്‍ ജാസ്മിന്‍, ലക്ഷ്മിയുടെ പേര് പറഞ്ഞു. ഇതോടെ മറ്റുള്ളവരെല്ലാം കൈ പൊക്കുകയും ലക്ഷ്മി പ്രിയ സംവാദത്തില്‍ നിന്ന് പുറത്താകുകയും ചെയ്തു. പുറത്തെത്തിയ ലക്ഷ്മി പ്രിയയ്ക്ക് സ്വയം നിയന്ത്രിക്കാന്‍ പറ്റാതാകുകയും അവര്‍ മറ്റുള്ളവരും നിയമ ലംഘനം നടത്തി ലക്ഷ്വറി പോയന്‍റ് നഷ്ടപ്പെടുത്തിയിട്ടുണ്ടെന്നും ആരോപിച്ചു. 

തുടര്‍ന്ന് റോണ്‍സണ്‍ ക്യാപ്റ്റന് ആവശ്യം വേണ്ടത് ക്ഷമയാണെന്ന് ഓര്‍മ്മിപ്പിച്ചു. ഇതിനിടെ സൂരജ് താന്‍ ഇതുവരെ ക്യാപ്റ്റനായിട്ടില്ലെന്നും നേരത്തേതിനേക്കാള്‍ ഇപ്പോള്‍ താന്‍ കാര്യങ്ങളില്‍ ഇടപെടുന്നുണ്ടെന്നും ഒരു ക്യാപ്റ്റനായാല്‍ കൂടുതല്‍ ശക്തമായി ഇടപെടുമെന്നും പറഞ്ഞു. എന്നാല്‍, ഒരാള്‍ക്ക് ഒരു കാര്യത്തില്‍ ഇടപെടുന്നതിന് ക്യാപ്റ്റന്‍സി ആവശ്യമില്ലെന്ന് നിമിഷ തിരിച്ചടിച്ചു. 

ഈ സമയം സുചിത്രയും  ക്യാപ്റ്റനായാല്‍ കൂടുതല്‍ കൃത്യമായ ഇടപെടല്‍ നടത്താന്‍ കഴിയുമെന്ന് വാദിച്ച് രംഗത്തെത്തി. ആറാം  ആഴ്ചയിലെത്തി നില്‍ക്കുന്ന സൂരജ് ആദ്യ ആഴ്ചയിലെ ഗെയിമാണ് കളിക്കുന്നതെന്ന് ജാസ്മിന്‍ ആരോപിച്ചു. അതോടൊപ്പം താന്‍ ഇടപെടേണ്ടയിടത്തും അല്ലാത്തിടത്തും ഇടപെടുന്നുണ്ടെന്നും പറഞ്ഞു. ഈ സമയം ബാക്കി ആറ് പേരില്‍ ചിലര്‍ ക്യാപ്റ്റന്‍മാര്‍ ആയിട്ടുണ്ടെന്നും അതിനാല്‍ മറ്റുള്ളവര്‍ക്ക് ചാന്‍സ് കൊടുക്കണമെന്നും സുചിത്ര ഇടപെട്ടു. 

എവിക്ഷനില്‍ വന്നവരാണ് മറ്റ് മൂന്ന് പേരും അതിനാല്‍ ഇതുവരെ ക്യാപ്റ്റനാകാന്‍ പറ്റാത്തവര്‍ക്ക് ഇനിയും അതിന് സാധ്യതയുണ്ടെന്നും എന്നാല്‍ തങ്ങളുടെ കാര്യം അങ്ങനെയല്ലെന്നും റോണ്‍സണ്‍ ഇടയ്ക്ക് കേറി പറഞ്ഞു. തങ്ങള്‍ തങ്ങളുടെ ക്യാപ്റ്റന്‍സി ഇതിനകം തെളിയിച്ചതാണെങ്കില്‍ മറ്റുള്ളവര്‍ക്ക് അതിന് കഴിഞ്ഞിട്ടില്ല. അതിനാല്‍ കഴിവ് തെളിയിച്ചവരെ വീണ്ടും തെരഞ്ഞെടുക്കണമെന്ന് നിമിഷ ആവശ്യപ്പെട്ടു. 

ഇതിനിടെ സൂരജിന് നേരെ റോണ്‍സണ്‍ തിരിഞ്ഞു. മറ്റുള്ളവര്‍ ഇടപെടുന്നത് പോലെ സൂരജ് ഇടപെടുന്നില്ലെന്നും അതിനാല്‍ സുരജിന് ഇവിടെ സംസാരിച്ച് ജയിക്കാന്‍ ഒരവസരം നല്‍കണമെന്നും റോണ്‍സണ്‍ ആവശ്യപ്പെട്ടു. ക്യാപ്റ്റനായാല്‍ തനിക്ക് മികച്ച രീതിയില്‍ കളിക്കാന്‍ കഴിയുമെന്ന് സൂരജ് മറുപടി പറഞ്ഞു. 

ടാസ്ക് കളിച്ച് ജയിക്കുകയെന്നത് ആ സമയത്തെ നമ്മുടെ മാനസികാവസ്ഥ പോലെയായിരിക്കുമെന്ന് സുചിത്ര ഇടപെട്ടു. ഇതിനിടെ മുമ്പ് നടന്ന ക്യാപ്റ്റന്‍സി ടാസ്കുകളെ കുറിച്ചായി ചര്‍ച്ച. മത്സരാര്‍ത്ഥികള്‍ ഒത്ത് കളിക്കാന്‍ പറ്റില്ലെന്നും വ്യക്തിയെന്ന നിലയില്‍ ഒറ്റയ്ക്ക് ഒറ്റയ്ക്ക് കളിക്കണമെന്നും ആവശ്യപ്പെട്ട് റോണ്‍സണ്‍ വീണ്ടും രംഗത്തെത്തി. 

റോണ്‍സണ്‍ സൂരജിനെ പോയന്‍റ് ചെയതപ്പോള്‍, നിമിഷയും ജാസ്മിനും റോണ്‍സനൊപ്പം ചേര്‍ന്നു. എന്നാല്‍, കാഴ്ചക്കാരായി ഇരുന്ന അപര്‍ണ സൂരജിന്‍റെ പക്ഷം ചേരുന്നുണ്ടായിരുന്നു. ഈയൊരു സംഭവത്തോടെ കാഴ്ചക്കാരായിരുന്നിരുന്ന അപര്‍ണ, അഖില്‍, റോബിന്‍, ലക്ഷ്മി, ബ്ലെസ്ലി, ദില്‍ഷ എന്നിവരില്‍ സൂരജിനോട് ഒരു അടുപ്പം വ്യക്തമായിരുന്നു. ഇതിനിടെ വീണ്ടും ബസര്‍ ശബ്ദം കേട്ടു.

സൂരജിനെ പോലെ തന്നെയും സംസാരിക്കാന്‍ അനുവദിച്ചില്ലെന്ന് ലക്ഷ്മി പരാതിപ്പെട്ടു. എന്നാല്‍. അത് അവര്‍ ഓരോരുത്തരെയായി പുറത്താക്കാനായി ടാര്‍ഗറ്റ് ചെയ്യുന്നതാണെന്ന് ദില്‍ഷ പറഞ്ഞു. ഇതിനിടെ ജാസ്മിന്‍ , സുചിത്രയ്ക്കെതിരായി കൈപൊക്കി. തുടര്‍ന്ന് എല്ലാവരും അത് ഏറ്റ് പിടിച്ചു. ഇതോടെ പുറത്തേക്കിറങ്ങാന്‍ എഴുന്നേറ്റ സുചിത്രയുടെ കാല്‍ ജാസ്മിന്‍ മുട്ടുക്കുത്തി നിന്ന് പിടിക്കുന്നത് കാണാമായിരുന്നു. തന്‍റെ പിന്മാറ്റം തമാശയായി എടുത്താണ് സുചിത്ര പുറത്തേക്കിറങ്ങിത്. 

ബാക്കി അഞ്ച് പേരുമായി ചര്‍ച്ച പുനരാരംഭിച്ചപ്പോള്‍ റോണ്‍സണ്‍ ആദ്യമേതന്നെ സൂരജിന്‍റെ പേരെടുത്തിട്ടു. സൂരജ് പോയന്‍റ് പറഞ്ഞ് എന്തിന് ക്യാപ്റ്റനാകണം എന്ന് തങ്ങളെ വിശ്വസിപ്പിക്കമെന്ന് റോണ്‍സണ്‍ ആവശ്യപ്പെട്ടു. പലപ്പോഴും പല പ്രശ്നങ്ങളിലും മാറിനിന്ന സൂരജിനെ ആസനത്തില്‍ തോണ്ടി താന്‍ പറഞ്ഞ് വിട്ടിട്ടുണ്ടെന്നും റോണ്‍സണ്‍ പറഞ്ഞു. 

ഇതിനിടെ കാഴ്ചക്കാര്‍ക്കിടയില്‍ ചര്‍ച്ച കൊഴുത്തു. എന്നാല്‍ ബ്ലെസ്ലി ഇടപെടുകയും ക്യാപ്റ്റന്‍സി ചര്‍ച്ച തനിക്ക് കേക്കണമെന്നും മിണ്ടാതിരിക്കാനും ആവശ്യപ്പെട്ടു. ഇതിനിടെ റോണ്‍സണ്‍ ധന്യയ്ക്കെതിരെ തിരിഞ്ഞു. ധന്യ പലപ്പോഴും പ്രശ്നങ്ങള്‍ക്ക് തിരി കൊളുത്തിയിട്ട് ഓടുകയാണെന്ന് റോണ്‍സണ്‍ ആരോപിച്ചു. എന്നാല്‍ ധന്യ ഇതിനെ ശക്തമായി എതിര്‍ത്തു 

ധന്യ ഇക്കാര്യം എതിര്‍ത്തപ്പോള്‍ റോണ്‍സണ്‍ ജാസ്മിനെ കൂട്ടി പിടിച്ചു. എന്നാല്‍, തക്കസമയത്ത് സൂരജ് ഇടപെട്ട് ഇതുപോലെ പല പ്രശ്നങ്ങളിലും റോണ്‍സണിന്‍റെ നിലപാട് ഇരട്ടത്താപ്പാണെന്ന് ആരോപിച്ചു. ഈ സമയം കാഴ്ചക്കാരുടെ കൂട്ടെത്തില്‍ നിന്നും സൂരജിന് വന്‍ കൈയടി ഉയര്‍ന്നു. 

ഇതോടെ  ആവേശം കയറിയ സൂരജ് കസേരയില്‍ നിന്ന് എഴുന്നേറ്റ് നിന്ന് ഓരോരുത്തരുടെ അടുത്ത് പോയി സംസാരിക്കാന്‍ ആരംഭിച്ചു. ആദ്യ ആഴ്ചകളിലൊന്നില്‍ തനിക്കുണ്ടായ ഒരുതെറ്റിനെ പീന്നീട് തിരുത്താന്‍ തനിക്ക് സാധിച്ചെന്നും എന്നാല്‍ റോണ്‍സണിന് ഇതുവരെ സ്വന്തം തെറ്റുകള്‍ തിരുത്താന്‍ കഴിഞ്ഞിട്ടില്ലെന്നും സൂരജ് ആഞ്ഞടിച്ചു. 

തനിക്കെതിരെ ഉയര്‍ന്ന ആരോപണത്തെ ധന്യയിലേക്ക് വഴി തിരിച്ച് വിടാന്‍ റോണ്‍സണ്‍ ഒരു വിഫല ശ്രമം നടത്തി. എന്നാല്‍, അത് വിജയിച്ചില്ല. ഇതിനിടെ നിമിഷ, അഭിപ്രായം പറയുന്നതിന്‍റ പേരില്‍ ഇവിടെ ഏറ്റവും കൂടുതല്‍ തവണ എവിക്ഷനില്‍ വന്ന രണ്ട് മത്സരാര്‍ത്ഥികള്‍ ജാസ്മിനും താനുമാണെന്ന് വ്യക്തമാക്കി.  ഇതിന്‍റെ പങ്കുപറ്റാനുള്ള ശ്രമവും റോണ്‍സണ്‍ നടത്തി. 

സൂരജ് ഇടപെട്ട് അതും വിലക്കി. നിലപാട് പറയുന്നത് കൊണ്ടല്ല റോണ്‍സണ്‍ എവിക്ഷനില്‍ വന്നതെന്നും മറിച്ച് നിലപാടുകള്‍ പറയാത്തത് കൊണ്ടാണെന്നും സൂരജ് വിളിച്ച് പറഞ്ഞു. ഇതിനിടെ റോണ്‍സണ്‍ ആദ്യമൊക്കെ വീട്ടില്‍ പോകണമെന്ന് പറഞ്ഞിരുന്ന ഒരാളാണെന്ന് ധന്യ ആരോപിച്ചു. അത് തന്‍റെ സ്ട്രാറ്റജിയാണെന്നായിരുന്നു റോണ്‍സണിന്‍റെ മറുപടി. 

ആവേശം കയറിയ റോണ്‍സണ്‍ ഗെയ്മിലെ പല കാര്യങ്ങളും തന്‍റെ സ്ട്രാറ്റജിയാണെന്ന് അവകാശപ്പെട്ടു. ഇതോടെ ധന്യ തന്‍റെ ആരോപണം ശക്തമാക്കി. ഇത്തരത്തിലൊരു സംവാദം വച്ചത് മത്സരാര്‍ത്ഥികളില്‍ പലരെയും മനസിലാക്കാനാണെന്നും റോണ്‍സണിന്‍റെ കളികള്‍ മൊത്തം സ്ട്രാറ്റജിയാണെന്നും ധന്യ ശക്തമായി ഉന്നയിച്ചു. 

റോണ്‍സണ്‍ പലതരത്തിലും ധന്യയെ പ്രതിരോധിക്കാന്‍ ശ്രമിച്ചുകൊണ്ടേയിരുന്നു. ഈ സമയമത്രയും നിമിഷയും ജാസ്മിനും നിശബ്ദരായി കളി കണ്ടുകൊണ്ടിരുന്നു. അതിനിടെ ബസര്‍ ശബ്ദം വന്നപ്പോള്‍ ഈ മൈന്‍റ് ഗെയിമില്‍ എന്താണ് സംഭവിക്കുന്നതെന്ന് നോക്കാമെന്ന് പറഞ്ഞ ധന്യ, റോണ്‍സണിന്‍റെ പേര് പറഞ്ഞു. 

സൂരജ് കൈ പൊക്കിയെങ്കിലും ജാസ്മിനും നിമിഷയും കൈ പൊക്കിയില്ല. എന്നാല്‍ ഇതിനിടെ റോണ്‍സണ്‍ ധന്യയുടെ പേര് പറഞ്ഞപ്പോള്‍ സൂരജ് ഒഴികെ മറ്റുള്ളവരെല്ലാം കൈ പൊക്കി. വീണ്ടും റോണ്‍സണെതിരെ ശക്തമായി സൂരജ് രംഗത്തെത്തിയെങ്കിലും ഒരാളെ തെരഞ്ഞെടുക്കാന്‍ ബിഗ് ബോസ് ആവശ്യപ്പെട്ടപ്പോള്‍, ജാസ്മിന്‍ വീണ്ടും ധന്യയുടെ പേര് പറഞ്ഞു. സൂരജ് ഒഴികെയുള്ളവര്‍ കൈ പൊക്കി.  ധന്യ പുറത്തേക്ക് പോകാന്‍ തയ്യാറായി എഴുന്നേറ്റു.

വീണ്ടും സംവാദം ആരംഭിച്ചപ്പോള്‍ സൂരജ് ആദ്യമേ തന്നെ പറഞ്ഞത് ജാസ്മിനും നിമിഷയും തനിക്ക് വോട്ട് ചെയ്യില്ലെന്നായിരുന്നു. മാത്രമല്ല, നിങ്ങള്‍ എനിക്കെതിരെ വോട്ട് ചെയ്യുകയാണെങ്കില്‍ താന്‍ പോകാന്‍ തയ്യാറാണെന്നും സൂരജ് പറയുന്നു. ഇതിനിടെ അത് ബസര്‍ അടിച്ച് കഴിഞ്ഞ് സൂരജിന് മനസിലാകുമെന്നും അത് വരെ സൂരജ് സംസാരിക്കാനും നിമിഷ ആവശ്യപ്പെടുന്നു. 

സൂരജ് ആദ്യം പറഞ്ഞ കാര്യത്തില്‍ ഇതുവരെ ക്ലാരിറ്റിയില്ലെന്ന് അതിനിടെ റോണ്‍സണ്‍ ആരോപിച്ചു. എന്നാല്‍, സൂരജ് ഇതിനെ പ്രതിരോധിച്ചു. ജാസ്മിന് താന്‍ പറഞ്ഞ കാര്യത്തില്‍ ക്ലാരിറ്റിയുണ്ടോയെന്ന് സൂരജ് ചോദിച്ചു. ജാസ്മിന്‍ സൂരജിനെ ശരിവച്ചു. നിമിഷയോടും സൂരജ് ഇതേ ചോദ്യം ചോദിച്ചപ്പോള്‍ നിമിഷ അത് കൂറച്ചൂടെ വ്യക്തമാക്കാമെന്ന് പറഞ്ഞു. 

റോണ്‍സണ്‍ തന്‍റെ ക്യാപ്റ്റന്‍സിയുടെ സമയത്ത് കിച്ചണ്‍ ടീമില്‍ ഭക്ഷണം വയ്ക്കാനറിയാവുന്ന സുചിത്ര ലക്ഷ്മി ധന്യ എന്നിവരെയാണ് കിച്ചണ്‍ ടീമിലേക്ക് തെരഞ്ഞെടുത്തത്. അടുത്ത ആഴ്ച ആര് കേറുമെന്ന് അപ്പോള്‍ റോണ്‍സണ്‍ നോക്കിയില്ലെന്ന് നിമിഷ പറഞ്ഞു. അത്തരമൊരു അവസ്ഥയില്‍ താന്‍ കിച്ചണ്‍ ടീമില്‍ കേറുമെന്ന് റോണ്‍സണ്‍ അവകാശപ്പെട്ടു.

എന്നാല്‍ ഇതുവരെയായിട്ടും ഒരു തവണ പോലും റോണ്‍സണ്‍ കിച്ചണ്‍ ടീമിന്‍റെ ഭാഗമായിട്ടില്ലെന്നും നിമിഷ തിരിച്ചടിച്ചു. റോണ്‍സണിന്‍റെ ബാലിശമായ വാദങ്ങളെ നിയമവിദ്യാര്‍ത്ഥിനിയായ നിമിഷ നിഷ്ക്കരണം അടിച്ചൊതുക്കി. ഭക്ഷണം വയ്ക്കാനറിയാവുന്ന ഒരാളെ മാത്രം കിച്ചണ്‍ ടീമില്‍ വച്ച് ബാക്കി ഹെല്‍പ്പര്‍മാരെ വയ്ക്കേണ്ടതിന് പകരം റോണ്‍സണ്‍ പചകമറിയാവുന്നവരെ മാത്രം തെരഞ്ഞെടുത്തത് തെറ്റായെന്ന് സൂരജും ആവര്‍ത്തിച്ചു. 

നിങ്ങള്‍ പറയുന്ന ഞൊണ്ടിന്യായങ്ങളില്‍ സംസാരിക്കാന്‍ തനിക്ക് താത്പര്യമില്ലെന്നായിരുന്നു റോണ്‍സണിന്‍റെ മറുപടി. ഈ വാക്കില്‍ പിടിച്ച് കയറാന്‍ സൂരജ് ഒരു ശ്രമം നടത്തിയെങ്കിലും നിമിഷ അതിനെ പ്രോത്സാഹിപ്പിച്ചില്ല. നല്ല ഭക്ഷണം എല്ലാവരും കഴിച്ചോട്ടെയെന്ന് കരുതിയാണ് താന്‍ പാചകമറിയുന്ന മൂന്ന് പേരെയും കിച്ചണിലിട്ടതെന്ന് റോണ്‍സണ്‍ വാദിച്ചു. എന്നാല്‍, അത് മാത്രമല്ലകാര്യമെന്നും പ്രശ്നങ്ങള്‍ ഇല്ലാതാക്കുകയാണ് ശ്രമമെന്നും നിമിഷ തിരിച്ചടിച്ചു. 

റോണ്‍സണ് ഉത്തരമില്ലാത്ത ചോദ്യങ്ങളെ നേരിടേണ്ടിവരിമ്പോള്‍ അത് സ്ട്രാറ്റജിയാണെന്ന് പറയുന്നതെന്നും നിമിഷ ആരോപിച്ചു. ഇതിനിടെ ബസര്‍ ശബ്ദം വന്നു. അപ്പോഴും റോണ്‍സണ്‍ തന്‍റെ ഭാഗം ന്യായീകരിച്ചുകൊണ്ടിരിക്കുകയായിരുന്നു. അതിനിടെ സൂരജ് റോണ്‍സണിന്‍റെ പേര് പറഞ്ഞ് കൈ പൊക്കിയപ്പോള്‍ നിമിഷയും ജാസ്മിനും ഒപ്പം കൈപൊക്കി. ഇതോടെ റോണ്‍സണ്‍ നിശബ്ദനായിപ്പോയി. 

സൂരജിന്‍റെ പെര്‍ഫോമന്‍സ് കണ്ട കുട്ടി അഖില്‍, ഇനി സൂരജ് ക്യാപറ്റനായില്ലേലും കുഴപ്പമില്ലെന്നും അവസാന മൂന്നിലൊന്നായി അവനെത്തിയത് ക്യാപ്റ്റനായതിന് തുല്യമാണെന്നും പറഞ്ഞു. ഈ സമയത്തും കാഴ്ചക്കാരെല്ലാവരും കൈയടിച്ചു. 

പുറത്ത് വന്ന റോണ്‍സണെ ബ്ലെസ്ലി നിശിതമായി വിമര്‍ശിച്ചു. സൂരജിന്‍റെ പകുതി വാഴപ്പിണ്ടിയെങ്കിലും വേണമെന്നും ഒരു നിലപാട് ഉണ്ടായിരിക്കുന്നത് നല്ലതാണെന്നും ഉപദേശിച്ചു. പുറകെ കാഴ്ചക്കാരായിരുന്നവരെല്ലാം റോണ്‍സണെതിരെ തിരിഞ്ഞു. സൂരജിനെ പറയാന്‍ അനുവദിച്ചില്ലെന്നും റോണ്‍സണ് കൃത്യമായ പ്ലാനിങ്ങുകള്‍ ഇല്ലെന്നും ആരോപണം ഉയര്‍ന്നു. 

ആറാറര അടി പൊക്കമുള്ള റോണ്‍സണ്‍ ഇന്നലെ അഖിലും റോബിനും അടികൂടിയപ്പോള്‍ ബാത്ത്റൂമില്‍ ഒളിച്ചിരുന്നെന്ന ലക്ഷ്മിയുടെ ആരോപണം കൂടി വന്നതോടെ റോണ്‍സണ്‍ മാനസികമായി തളര്‍ന്നു. അതുവരെ പണിയെടുക്കാത്തവന്‍ എന്ന പേര് ദോഷം കേള്‍പ്പിച്ചതിന് പകരമായി റോണ്‍സണ്‍ അടുക്കള വൃത്തിയാക്കാനായി പോയി. 

വീണ്ടും സംവാദം ആരംഭിച്ചപ്പോള്‍ സൂരജ്, ജാസ്മിനോട് നിമിഷയെ പുറത്താക്കിയാലോ എന്ന് ചോദിച്ചു. എന്നാല്‍ ജാസ്മിന്‍ അതൊരിക്കലും ചെയ്യില്ലെന്നും അവന്‍റെ വാക്ക് കേട്ട് നിന്‍റെ തീരുമാനം മാറ്റരുതെന്നും നിമിഷ പറഞ്ഞു. എന്നാല്‍ എന്നോടല്ല സൂരജിന് മറുപടി കൊടുക്കൂവെന്നായിരുന്നു ജാസ്മിന്‍റെ മറുപടി. 

ക്യാപ്റ്റസി പോലൊരു വലിയൊരു ഉത്തരവാദിത്വം എന്തിന് സൂരജിന് നല്‍കണമെന്ന് നിമിഷ ചോദിച്ചു. ഇതിനിടെ സൂരജിനും ജാസ്മിനും ഇതുവരെ ഒരു അവസരം ലഭിച്ചിട്ടില്ലെന്ന് ജാസ്മിനും സൂരജും ഒരുമിച്ച് പറഞ്ഞു. അങ്ങനയൊണെങ്കില്‍ നമ്മള്‍ രണ്ട് പേരും അവസാന റൗണ്ടില്‍ വന്നാല്‍ എന്ത് ചെയ്യുമെന്ന് ജാസ്മിന്‍ ചോദിച്ചു. അതിന് തന്‍റെ കൈയില്‍ വ്യക്തമായ ഉത്തരമുണ്ടെന്നായിരുന്നു സൂരജ് പറഞ്ഞത്. 

നിമിഷ ഒരു തവണ ക്യാപ്റ്റനായിരുന്നതിനാല്‍ നിമിഷയെ പുറത്താക്കാമെന്ന സൂരജ് ആവര്‍ത്തിച്ചു. ഇതിനിടെ ജാസ്മിന് വേണ്ടി വാദിച്ച് നിമിഷയും രംഗത്തെത്തി. ജാസ്മിന്‍ ഒരു തവണ പോലും ക്യാപ്റ്റന്‍സിയിലേക്ക് നിര്‍ദ്ദേശിക്കപ്പെട്ടിട്ടില്ലെന്നും നിമിഷ പറഞ്ഞു. എന്നാല്‍ താന്‍ ഒരിക്കല്‍ പോലും ജയില്‍ നോമിനേഷനില്‍ എത്തിയിട്ടില്ലെന്ന് സൂരജ് തിരിച്ചടിച്ചു. 

ഇത്തവണ അത് സംഭവിക്കുമെന്നും സൂരജിന്‍റെ ബാത്ത്റൂം ജോലികള്‍ താനാണ് ചെയ്യുന്നതെന്നും ജാസ്മിന്‍ പറഞ്ഞു. ഇത്തവണയും അവളെക്കൊണ്ട് തന്നെ ചെയ്യിക്കാനായിരുന്നു പദ്ധതിയെന്നും ഇനിയത് നടക്കില്ലേയെന്നും സൂരജ് ആശങ്കപ്പെട്ടു. നിമിഷയെ കുടിച്ച വെള്ളത്തില്‍ പോലും വിശ്വസിക്കാന്‍ പറ്റില്ലെന്ന് ഇതിനിടെ ജാസ്മിന്‍ പറഞ്ഞു. ഇതുപൊലൊരു നിമിഷയുടെ മുന്നില്‍ ജാസ്മിനെ ഉപേക്ഷിച്ച് പോകാന്‍ തനിക്ക് പറ്റില്ലെന്ന് സൂരജ് പറഞ്ഞു. 

അതിനിടെ ജാസ്മിന്‍ നിമിഷയെ പുറത്താക്കാന്‍ കൈ പൊക്കാമനോയെന്ന് ചോദിച്ചപ്പോള്‍ സൂരജ് പൊക്കി. ജാസ്മിന് വേണ്ടിയും താന്‍ പൊക്കുമെന്നും പറഞ്ഞു. ഇതിനിടെ ജാസ്മിന്‍ സൂരജിന്‍റെ പേര് പറയുകയും ജാസ്മിനും നിമിഷയും ഒരുമിച്ച് കൈ പൊക്കുകയും ചെയ്തു. ഇതോടെ സൂരജും പുറത്തായി. പുറത്തിറങ്ങിയ സൂരജിന് രാജകീയ സ്വീകരണമാണ് മറ്റ് മത്സരാര്‍ത്ഥികള്‍ നല്‍കിയത്.

ജാസ്മിനും നിമിഷയും ക്യാപ്റ്റന്‍സിക്കായി ചര്‍ച്ചയിലേര്‍പ്പെട്ടു. ഒടുവില്‍, വൈല്‍ഡ് കാര്‍ഡ് നിമിഷയ്ക്ക് നല്‍കുമെന്ന ഉപാധിയില്‍ ജാസ്മിനെ വിജയിയായി നിമിഷ പ്രഖ്യാപിച്ചു. അതിനകം നിമിഷയ്ക്കെതിരെ ശക്തമായ നീക്കം കാഴ്ചക്കാര്‍ക്കിടയില്‍ രൂപം കൊണ്ടു. നിമിഷ, ജാസ്മിനെതിരെയാണെന്നായിരുന്നു കാഴ്ചക്കാരുടെ വിശ്വാസം. എന്നാല്‍ തനിക്ക് പറയാനുള്ള കാര്യങ്ങള്‍ പറഞ്ഞതിന് ശേഷം ശക്തമായ മത്സരത്തിന് ശേഷമാണ് നിമിഷ ജാസ്മിനെ ക്യാപ്റ്റനായി പ്രഖ്യാപിച്ചത്. ഇന്നലത്തെ എപ്പിസോഡോടുകൂടി നിമിഷ ബിഗ് ബോസ് മത്സരാര്‍ത്ഥികളില്‍ ഒരു പടി മുന്നില്‍ നില്‍ക്കുകയാണ്. മറ്റ് മത്സരാര്‍ത്ഥികളാകട്ടെ ജാസ്മിനോട് നിമിഷയെ സൂക്ഷിക്കണമെന്നും അവള്‍ ജാസ്മിനെ ഒറ്റിക്കൊടുക്കമെന്നും പരാതിപ്പെട്ടു. അപ്പോഴൊക്കെ ജാസ്മിന്‍ പ്രതിരോധനത്തിലൂന്നി. എന്നാല്‍ ദിവസങ്ങള്‍ കഴിയുമ്പോള്‍ ഈ കൂട്ടുകെട്ടില്‍ ഒരു വിള്ളല്‍ വീഴുമോയെന്ന് തോന്നല്‍ നിലനിര്‍ത്താന്‍ ബിഗ് ബോസ് ശ്രമിക്കുന്നത് കാണാമായിരുന്നു. 
 

click me!