Bigg Boss: ജാസ്മിനും ലക്ഷ്മിയും അങ്കം കൊഴുപ്പിക്കുന്നു; ബലതന്ത്രങ്ങള്‍ മാറ്റിപ്പണിയാന്‍ മത്സരാര്‍ത്ഥികള്‍

First Published | Apr 4, 2022, 1:00 PM IST

ബിഗ് ബോസ് മലയാളം സീസണ്‍ 4 (Bigg Boss 4) ആദ്യ വാരം പിന്നിട്ടപ്പോള്‍ മത്സരാര്‍ഥികള്‍ക്കിടയിലെ സൗഹൃദങ്ങളും അഭിപ്രായ വ്യത്യാസങ്ങളും ചില്ലറ ശത്രുതയുമൊക്കെ മറനീക്കി പുറത്ത് വന്നു. ഈ സീസണില്‍ ആദ്യമായി അഭിപ്രായവ്യത്യാസം പങ്കുവച്ച രണ്ട് മത്സരാര്‍ഥികള്‍ ലക്ഷ്മിപ്രിയയും ജാസ്‍മിന്‍ എം മൂസയുമായിരുന്നു. ലക്ഷ്‍മിപ്രിയ സ്നേഹപൂര്‍വ്വമെന്ന് തോന്നിപ്പിക്കുന്ന രീതിയില്‍ ഇടപെട്ട് മറ്റുള്ളവരില്‍ അധികാരം സ്ഥാപിക്കാന്‍ ശ്രമിക്കുകയാണെന്നായിരുന്നു ജാസ്മിന്‍ ആദ്യ ദിനങ്ങളില്‍ത്തന്നെ തന്‍റെ സുഹൃത്തുക്കളോട് പറഞ്ഞത്. അതേ അഭിപ്രായമുള്ള മറ്റു ചിലരും അവിടെ ഉണ്ടായിരുന്നു. ധന്യ അടുക്കള ഡ്യൂട്ടിയിലേക്ക് വന്നതിന് ശേഷമാണ് താന്‍ സമാധാനമായി ഭക്ഷണം കഴിക്കാന്‍ തുടങ്ങിയതെന്ന് ജാസ്മിന്‍ കഴിഞ്ഞ ദിവസം പറഞ്ഞത് തന്നെ ഏറെ വേദനിപ്പിച്ചതായി ലക്ഷ്മിയും അഭിപ്രായപ്പെട്ടിരുന്നു. അതവര്‍ വീട്ടില്‍ തനിക്ക് അടുപ്പമുള്ളവരെന്ന് തോന്നിയവരോട് പങ്കുവെക്കുകയും ചെയ്തിരുന്നു. ഒടുവില്‍ മോഹന്‍ലാലും രണ്ടുപേരോടും തര്‍ക്കത്തിന്‍റെ കാരണം അന്വേഷിച്ചിക്കുന്നത് വരെയെത്തി കാര്യങ്ങള്‍.

ജാസ്മിന്‍റെ വാക്കുകള്‍ തന്നെ വേദനിപ്പിച്ചുവെന്ന് ലക്ഷ്മിപ്രിയ അഭിപ്രായപ്പെട്ടപ്പോള്‍ തനിക്ക് പറയാനുള്ളത് ജാസ്മിനും പറഞ്ഞു. അടുക്കളയിലൊക്കെ ജോലി ചെയ്യുമ്പോള്‍ ലക്ഷ്മിപ്രിയ പലപ്പോഴും തിരുത്താന്‍ ശ്രമിക്കാറുണ്ടെന്നും അത് തന്‍റെ സ്വഭാവ സവിശേഷത കൊണ്ട് ഉള്‍ക്കൊള്ളാനാവാറില്ലെന്നും ജാസ്മിന്‍ പറഞ്ഞു. 

ഇവര്‍ തന്നെ പലപ്പോഴും മോളേ, കുഞ്ഞേ എന്നൊക്കെയാണ് വിളിക്കാറ്. പക്ഷേ അതില്‍ ഒരു സത്യസന്ധത അനുഭവപ്പെടാറില്ല. തള്ളേ, പെണ്ണുംപിള്ളേ എന്നൊക്കെയാണ് എന്‍റെ വായില്‍ വിളിക്കാനായി വരാറ്. ഒരിക്കല്‍ തന്നെ എന്തുവേണമെങ്കിലും വിളിച്ചോളാന്‍ ലക്ഷ്മി പറഞ്ഞിരുന്നു. 

Latest Videos


എന്നാല്‍, കുറച്ചുകഴിഞ്ഞപ്പോള്‍ തന്നെ അങ്ങനെയൊന്നും വിളിക്കരുതെന്നും വിളിച്ചാല്‍ ക്യാപ്റ്റനോട് പരാതിപ്പെടുമെന്ന് പറയുന്നതും കേട്ടു. ഇവിടെയൊന്നും അവിടെ മറ്റൊന്നും പറയുന്നത് ഒരു നിലപാടായി തോന്നിയില്ലെന്നും ജാസ്മിന്‍ മോഹന്‍ലാലിനോട് പറഞ്ഞു. 

ഈ സമയം, ഇടവേള പറഞ്ഞ് മോഹന്‍ലാല്‍ പോയപ്പോള്‍ തന്‍റെ സുഹൃത്തുക്കള്‍ക്ക് മുന്നില്‍ വികാരാധീനയാവുന്ന ലക്ഷ്മിയെയാണ് പ്രേക്ഷകര്‍ കണ്ടത്. ശാലിനിയും ഡെയ്സിയും അവരെ ആശ്വസിപ്പിക്കുന്നതും കാണാമായിരുന്നു. 

ജാസ്മിന്‍റെ മനസില്‍ അങ്ങനെയൊന്നും കാണില്ലെന്നും അവള്‍ക്ക് പെരുമാറാന്‍ അറിയില്ലെന്നുമായിരുന്നു ഡെയ്സിയുടെ പ്രതികരണം. അത് തന്‍റെ പ്രശ്നമാണോ എന്നായിരുന്നു ലക്ഷ്മിയുടെ മറുചോദ്യം. തനിക്കു പകരം മറ്റാരെങ്കിലും ആയിരുന്നെങ്കില്‍ ഇവിടെ വലിയ സംഘര്‍ഷം നടക്കുമായിരുന്നുവെന്നും ലക്ഷ്മി കൂട്ടിച്ചേര്‍ത്തു.

അവിടെയുണ്ടായിരുന്ന മറ്റു മത്സരാര്‍ഥികള്‍ അത് സമ്മതിക്കുകയും ചെയ്തു. അതേസമയം നോമിനേഷന്‍ ലിസ്റ്റില്‍ അവശേഷിച്ചിരുന്ന 11 പേരില്‍ മൂന്നു പേരെക്കൂടി മോഹന്‍ലാല്‍ സുരക്ഷിതരാക്കി. നവീന്‍, ധന്യ, നിമിഷ എന്നിവരാണ് അവര്‍. അവശേഷിക്കുന്ന എട്ട് പേരില്‍ നിന്നാണ് ഈ സീസണിലെ ആദ്യ എലിമിനേഷന്‍ മോഹന്‍ലാല്‍ പ്രഖ്യാപിച്ചത്. 

ആകെയുള്ള 17 മത്സരാര്‍ഥികളില്‍ ക്യാപ്റ്റന്‍ അശ്വിന്‍ വിജയ് ഒഴികെ 16 പേരും ആദ്യ ആഴ്ചയില്‍ തന്നെ നോമിനേഷന്‍ ലിസ്റ്റില്‍ ഇടംപിടിച്ചിരുന്നു. ബിഗ് ബോസിന്‍റെ സര്‍പ്രൈസ് പ്രഖ്യാപനമായിരുന്നു ഇത്. പ്രേക്ഷകരെ സംബന്ധിച്ചും ഇത് കൗതുകകരമായിരുന്നു.

നോമിനേഷന്‍ ലിസ്റ്റില്‍ ഇടംപിടിച്ച 16 പേരില്‍ സൂരജ്, ജാസ്‍മിന്‍, ബ്ലെസ്‍ലി, ഡെയ്‍സി, സുചിത്ര എന്നിവര്‍ ഈ വാരം സുരക്ഷിതരാണെന്ന് ശനിയാഴ്ച എപ്പിസോഡില്‍ത്തന്നെ മോഹന്‍ലാല്‍ പ്രഖ്യാപിച്ചു. അവശേഷിക്കുന്ന 11 പേരാണ് ഇന്നലത്തെ എപ്പിസോഡ് ആരംഭിക്കുമ്പോള്‍ നോമിനേഷന്‍ ലിസ്റ്റില്‍ ഉണ്ടായിരുന്നത്. 

ഇതില്‍ നവീന്‍, ധന്യ, നിമിഷ എന്നിവര്‍ സേഫ് ആണെന്ന് മോഹന്‍ലാല്‍ പിന്നാലെ അറിയിച്ചു. പിന്നീട് ലക്ഷ്മി, അപര്‍ണ്ണ, അഖില്‍ എന്നിവരും സേഫ് ആണെന്ന് പറഞ്ഞു. ശേഷം അഞ്ചുപേര്‍ മാത്രമാണ് അവശേഷിച്ചിരുന്നത്. റോണ്‍സണ്‍, റോബിന്‍, ശാലിനി, ജാനകി, ദില്‍ഷ എന്നിവര്‍.

വേദിയില്‍ നിന്ന് എലിമിനേറ്റ് ആവുന്ന ആളുടെ പേര് മോഹന്‍ലാല്‍ പ്രഖ്യാപിക്കുന്ന രീതി ആയിരുന്നില്ല ഇന്ന്. മറിച്ച് എലിമിനേറ്റ് ആവുന്ന ആളിന്‍റെ പേര് വച്ചിരിക്കുന്ന ഒരു പെട്ടി സ്റ്റോര്‍ റൂമിലൂടെ മത്സരാര്‍ത്ഥികളിലേക്ക് തന്നെ എത്തിക്കുകയായിരുന്നു. 

ആ പെട്ടി തുറന്ന് എലിമിനേറ്റ് ആവുന്ന ആളിന്‍റെ പേര് വായിക്കാനുള്ള നിയോഗം ലക്ഷ്മിപ്രിയക്കാണ് മോഹന്‍ലാല്‍ നല്‍കിയത്. അപ്രകാരം പെട്ടി തുറന്ന ലക്ഷ്മി അവസാനം ആ പേര് എല്ലാവര്‍ക്കും മുന്നിലേക്ക് ഉയര്‍ത്തിക്കാട്ടി. ഒപ്പം ഉറക്കെ വായിക്കുകയും ചെയ്‍തു. ജാനകിയുടെ പേരായിരുന്നു അത്.

അവസാനം നോമിനേഷനില്‍ നിന്നിരുന്ന അഞ്ച് പേരോടും മോഹന്‍ലാല്‍ എലിമിനേഷനെക്കുറിച്ച് ചോദിച്ചിരുന്നു. കൂടുതല്‍ സമയം ബിഗ് ബോസില്‍ തുടരാന്‍ താല്‍പര്യമുണ്ടെന്നും മുന്നോട്ട് പോയാല്‍ കൂടുതല്‍ മെച്ചപ്പെട്ട പ്രകടനം നടത്തുമെന്നുമാണ് മിക്കവരും അഭിപ്രായപ്പെട്ടത്. 

അതേസമയം ആത്മസംയമനത്തോടെയാണ് ജാനകി താന്‍ എലിമിനേറ്റ് ആയിരിക്കുകയാണെന്ന വിവരം സ്വീകരിച്ചത്. മറ്റ് മത്സരാര്‍ഥികള്‍ ജാനകിയെ ആശ്വസിപ്പിക്കുന്നുണ്ടായിരുന്നു. പുറത്താക്കല്‍ വാര്‍ത്തയറിഞ്ഞ ശേഷം പെട്ടെന്ന് തന്നെ സഹ മത്സരാര്‍ഥികളോട് വിട പറഞ്ഞ് നിലവിലെ ക്യാപ്റ്റന്‍ നവീന്‍റെ ആവശ്യപ്രകാരം ഒരു ഗ്രൂപ്പ് ഫോട്ടോയും എടുത്ത ശേഷം ജാനകി പുറത്തേക്ക് പോയി. 

ഏവരും കാത്തിരുന്ന ആ പ്രഖ്യാപനം സ്വാഭാവികമായും ഇന്നലത്തെ എപ്പിസോഡിന്‍റെ ഏറ്റവും ഒടുവിലാണ് സംഭവിച്ചത്. 16 മത്സരാര്‍ഥികള്‍ ഇടംപിടിച്ചിരുന്ന ആദ്യ എവിക്ഷന്‍ നോമിനേഷന്‍ ലിസ്റ്റില്‍ നിന്ന് രണ്ട് പേര്‍ പോകുമോ എന്ന് സംശയം ഉയര്‍ന്നിരുന്നെങ്കിലും ഒരാള്‍ മാത്രമാണ് പുറത്തായത്, ജാനകി. 
 

പലരും സ്ട്രാറ്റജികള്‍ ആവിഷ്കരിച്ച് മുന്നോട്ട് പോവുമ്പോള്‍ അത്തരം തന്ത്രങ്ങളൊന്നുമില്ലാതെ മുന്നോട്ടു പോകുന്നവരുമുണ്ട്. രണ്ടാമത് പറഞ്ഞ ഗണത്തില്‍ പെടുന്നവരാണ് ഈ സീസണില്‍ ഏറെയും എന്ന അഭിപ്രായമാവും ഒരുപക്ഷേ പ്രേക്ഷകര്‍ക്കുമുണ്ടാവുക. 

ഈ ഷോയില്‍ തുടരണമെങ്കില്‍ ആക്ടീവ് ആയി നില്‍ക്കേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ച് മോഹന്‍ലാല്‍ ഇന്നലെയും കാര്യമായി സംസാരിച്ചു. അഖില്‍, സൂരജ്, ദില്‍ഷ എന്നിവരോടാണ് ഇക്കാര്യം അദ്ദേഹം പ്രാധാന്യത്തോടെ സംസാരിച്ചത്. ആദ്യ എവിക്ഷന്‍ നടന്നതിനാല്‍ മത്സരം ഇനിയങ്ങോട്ട് മുറുകാനാണ് സാധ്യത.

പരസ്പരം കടുത്ത വാശിയും മത്സരവും പ്രകടിപ്പിച്ചാല്‍ മാത്രമാണ് ഇനിയുള്ള ദിവസങ്ങളില്‍ ബിഗ് ബോസില്‍ പിടിച്ച് നില്‍ക്കാനാകൂ. മത്സരാര്‍ത്ഥികളുടെ എണ്ണം കുറയുന്നതോടെ 100 ദിവസമെന്ന മാന്ത്രിക സംഖ്യ തികയ്ക്കാന്‍ ആരൊക്കെ ബാക്കിയുണ്ടാകുമെന്ന് ഇനി കാത്തിരിക്കാം. 

click me!