ജാസ്മിനും നിമിഷയും എലിമിനേഷനില്‍ ഡോ. റോബിനെ പൂട്ടാനുള്ള പദ്ധതികള്‍ക്ക് ആസൂത്രണം നടത്തുന്നതോടെയാണ് എപ്പിസോഡ് ആരംഭിക്കുന്നത്. എലിമിനേഷന് പേര് പറയാന്‍ വിളിക്കുമ്പോള്‍ ആദ്യം റോബിന് അവസരം നല്‍കരുതെന്നും. ആദ്യം ആരുടെയെങ്കിലും പേര് പറഞ്ഞാല്‍ മറ്റുള്ളവരെല്ലാം അതിനെ പിന്തുടരുകയാണ് ചെയ്യുന്നതെന്നും ഇരുവരും പറയുന്നു.
അതിനാല്‍ ഡോ. റോബിനെ എലിമിനേഷനില്‍ ആദ്യം പേര് പറയാന്‍ അനുവദിക്കരുതെന്ന തീരുമാനത്തില്‍ ഇരുവരും എത്തുന്നു. റോബിനോടൊപ്പം ഡെയ്സിയെയും എലിമിനേഷനില്‍ നോമിറ്റ് ചെയ്യാമെന്ന് തീരുമാനിക്കുന്ന ഇരുവരും ഭക്ഷണത്തിന് ശേഷം ഡെയ്സിയുടെ അടുത്തെത്തി. ഈ സമയം ജാസ്മിനെ കുറിച്ച് ഡോ.റോബിന്‍ പറഞ്ഞ അഭിപ്രായം പറഞ്ഞാല്‍ ജാസ്മിന്‍ പോയി ഇടിക്കുമെന്നും എന്നാല്‍ തനിക്ക് അത്തരമൊരു പ്രശ്നം ഉണ്ടാക്കാന്‍ താത്പര്യമില്ലെന്നും ഡെയ്സി പറയുന്നു.
ഡോ.റോബിന്‍, ഡെയ്സിയുടെ തന്തയല്ലെന്നും റോബിനെ പേടിക്കേണ്ടതില്ലെന്നും ജോസ്മിന്‍ ഡെയ്സിയോട് പറയുന്നു. തുടര്‍ന്ന് ജാസ്മിന്‍റെയും നിമിഷയുടെയും നിര്‍ബന്ധത്തില്‍ റോബിന്‍, ജാസ്മിനെ കുറിച്ച് പറഞ്ഞ അഭിപ്രായം അപര്‍ണയും ഇരിക്കുമ്പോള്‍ ഡെയ്സി പറയുന്നു. നിരന്തരം തര്‍ക്കത്തില്‍ ഏര്‍പ്പെടാറുണ്ടായിരുന്ന ഇരുവരും ഇപ്പോള്‍ താല്‍ക്കാലിക വെടിനിര്‍ത്തലിലായിരുന്നു.
എന്നാല്‍, ജയിലില്‍ ഒപ്പമുണ്ടായിരുന്ന സമയത്ത് ജാസ്‍മിനെക്കുറിച്ച് ഡോ. റോബിന്‍ തന്നോട് പറഞ്ഞത് എന്തായിരുന്നുവെന്ന് ഡെയ്‍സി, ജാസ്‍മിനോട് ഇന്നലെയാണ് വ്യക്തമാക്കിയത്. 'അവള്‍ തന്നോട് എന്തിനാണ് എപ്പോഴും വഴക്കിന് വരുന്നതെന്ന്' ചോദിച്ചു.
ആരെകുറിച്ചാണ് ഡോക്ടര്‍ പറയുന്നതെന്ന് ചോദിച്ചപ്പോള്‍ മൂസയുടെ മോളില്ലേ,, ആ ഇരിക്കുന്നവള്‍ എന്നായിരുന്നു റോബിന്‍ പറഞ്ഞതെന്ന് ഡെയ്സി ആവര്‍ത്തിച്ചു.
മാത്രമല്ല പുറത്തായിരുന്നു താനെങ്കില്‍ അവളുടെ തല അടിച്ച് പൊട്ടിക്കുമായിരുന്നെന്നും റോബിന്‍ പറഞ്ഞതായി ഡെയ്‍സി പറഞ്ഞു. എന്നാല്‍ ഇതൊരു ഗെയിമാണെന്നും താനങ്ങനയെ എടുക്കുന്നൊള്ളെന്നും ജാസ്മിനും അഭിപ്രായപ്പെട്ടുന്നു.
ഇതേ സമയം തന്നെ ക്യാപ്റ്റന്‍ ദില്‍ഷാ പ്രസന്നനോട് റോബിന്‍, തന്‍റെ നയം വ്യക്തമാക്കുന്നു. കഴിഞ്ഞ ദിവസം ഡെയ്‍സിയുമായി ഉണ്ടായ തര്‍ക്കത്തെക്കുറിച്ച് ദില്‍ഷ ചോദിച്ചപ്പോഴായിരുന്നു ഡോ. റോബിന്‍റെ അഭിപ്രായ പ്രകടനം.
എന്തിനാണ് ഡെയ്‍സിയെ അടിക്കാന്‍ പോയതെന്നായിരുന്നു ദില്‍ഷയുടെ ചോദ്യം. അവള്‍ മുന്നോട്ടു വന്നപ്പോള്‍ താനും അങ്ങനെ നിന്നതാണെന്നും അല്ലാതെ ബിഗ് ബോസ് ഹൗസില്‍ അടികൂടാന്‍ പറ്റില്ലല്ലോയെന്നും റോബിന്‍ പറയുന്നു.
എന്നെ അങ്ങനെയൊരു ഭീകരനായി കണക്കാക്കരുതെന്നും ആവശ്യമില്ലാത്തിടത്ത് പോയി താന്‍ ബഹളം വെക്കാറില്ലെന്നും താനൊരു ഭീകരനല്ലെന്നും റോബിന്‍ മറുപടി പറയുന്നു.
മാത്രമല്ല, ഇതിനകത്ത് വച്ച് എന്‍റെ വായില്‍ നിന്ന് മോശമായൊരു വാക്കോ, തല്ലോ ഒരിക്കലും ഉണ്ടാകില്ലെന്നും റോബിന്‍ ഉറപ്പ് നല്‍കുന്നു. എന്നാല്‍ എപ്പിസോഡിന്‍റെ അവസാനം റോബിന്‍റെ വിശ്വരൂപം കണ്ട് പ്രേക്ഷകര്‍ പോലും ഞെട്ടിപ്പോയി.
എലിമിനേഷനായി മത്സരാര്‍ത്ഥികളെ ബിഗ് ബോസ് ക്ഷണിച്ചപ്പോള്‍ മത്സരാര്‍ത്ഥികളെല്ലാവരും വന്നിരുന്നു. റോബിന്‍ ആദ്യമേ തന്നെ ഇടത്തേ അറ്റത്ത് ഒറ്റയ്ക്ക് ഇരിപ്പുറപ്പിച്ചു. അതിന് ശേഷം ലക്ഷ്വറി ബജറ്റിനുള്ള സമയമായിരുന്നു. മുന്‍ എപ്പിസോഡുകളിലെ മത്സരാര്‍ത്ഥികളുടെ ചില പെരുമാറ്റങ്ങളെ തുടര്‍ന്ന് 1000 ലക്ഷ്വറി പോയന്‍റായിരുന്നു നഷ്ടമായത്. ബാക്കി പോയന്‍റുകളുപയോഗിച്ച് 4 കിലോ ചിക്കന്‍ മത്സരാര്‍ത്ഥികള്‍ സംഘടിപ്പിച്ചു.
തുടര്‍ന്ന് മത്സരാര്‍ത്ഥികളെ ബിഗ് ബോസ് അടുത്ത ആഴ്ച ജയിലിലേക്ക് അയക്കേണ്ടവരുടെ പേര് പറയാനായി ക്ഷണിച്ചു. നേരത്തെ പദ്ധതിയിട്ടത് പ്രകാരം ആദ്യം തന്നെ ജസ്മിന്‍ വന്ന് ഡോ.റോബിന്‍റെ പേര് പറഞ്ഞു. തുടര്‍ന്ന് പിന്നാലെ ഒരോരുത്തരായി വന്ന് തങ്ങള്‍ ജയിലിലയക്കാന്‍ തെരഞ്ഞെടുത്ത ആളുകളുടെ പേരുകള്‍ പറഞ്ഞു. ഏറ്റവും ഒടുവിലാണ് ഡോ. റോബിന്‍ രംഗത്തെത്തിയത്.
നാടകീയമായി തന്‍റെ തെറ്റുകുറ്റങ്ങള്‍ ഏറ്റ് പറഞ്ഞ റോബിന്‍, തനിക്ക് ഇന്ന് ആളുകളെ ജയിലിലേക്ക് അയക്കാന്‍ തക്കതായ കാരണങ്ങള്‍ ഇല്ലെന്നും അതിനാല്‍ ആരുടെയും പേര് പറയുന്നില്ലെന്നും പറഞ്ഞു. തുടര്‍ന്ന് മറ്റ് മത്സരാര്‍ത്ഥികളെല്ലാവരും റോബിനെ, മൂന്ന് പേര് പറയാന്‍ നിര്‍ബന്ധിച്ചു. എന്നാല്‍, റോബിന്‍ തന്‍റെ വാക്കുകള്‍ ആവര്‍ത്തിച്ചു.
ഈ സമയം ബിഗ് ബോസ് ഇടപെടുകയും മൂന്ന് പേരുകള്‍ റോബിനെ കൊണ്ട് പറയിക്കേണ്ടത് ക്യാപ്റ്റന്‍റെ ചുമതലയാണെന്നും ഇല്ലെങ്കില്‍ നിങ്ങള്‍ക്ക് ലക്ഷ്വറി പോയന്‍റുകള്‍ നഷ്ടപ്പെടുമെന്നും അറിയിച്ചു. അതോടെ മറ്റ് മത്സരാര്‍ത്ഥികള്‍ ഓരോരുത്തരായി എഴുന്നേറ്റ് റോബിനോട് ആരുടേയെങ്കിലും പേര് പറയാന്‍ വീണ്ടും നിര്‍ബന്ധിച്ചു.
ഈ സമയം അഖില്‍ എഴുന്നേറ്റ് "ഡോക്ടറിന്‍റെ നല്ല മനസിനെ ഞാന്‍ അംഗീകരിക്കുന്നു. നിങ്ങള്‍ നല്ല ഒരാളാണ്.
എല്ലാം ഓകെ. പക്ഷേ, പെട്ടെന്ന് ഒരു സുപ്രഭാതത്തില്‍ ഡോക്ടറിന് ഇങ്ങനെ നല്ല ഒരു മനസ് എങ്ങനെ വന്നു എന്ന് എനിക്കറിയില്ല. കാരണം ഞാന്‍ അത്ര നല്ല മനസുള്ള ഒരാളല്ല. ഞാന്‍ ഇച്ചിരി ദുഷ്ടനാണ്. ഒരാള്‍ നല്ല കാര്യം ചെയ്‍താല്‍ അംഗീകരിക്കണമെന്ന് ഡെയ്‍സിയുടെ മുഖത്തു നോക്കി പറഞ്ഞ് തിരുത്താന്‍ നിന്ന ഡോക്ടര്‍ക്ക് ഡെയ്‍സി ഇതുവരെ ചെയ്‍തത് തെറ്റായിട്ട് തോന്നിയിട്ടില്ല?" അഖില്‍ ചോദിച്ചു.
"ഇപ്പോഴും തോന്നുന്നില്ല? അതൊരു വാലിഡ് റീസണ്‍ അല്ല? ഞങ്ങള്‍ എല്ലാവരും നോമിനേഷന്‍ നടത്തിയപ്പോള്‍ പറഞ്ഞതൊന്നും ഡോക്ടര്‍ കണ്ടിട്ടുമില്ല, അതൊന്നും വാലിഡ് റീസണും അല്ലെങ്കില്‍ ഡോക്ടറേ, നിങ്ങളെ ഞാന്‍ മഹാത്മ ഗാന്ധി എന്ന് വിളിക്കും. ഞാന്‍ ബ്ലെസ്‍ലി എന്ന് വിളിക്കട്ടെ നിങ്ങളെ? ഞാനീ പറയുന്നത് തെറ്റാണെങ്കില്‍ ഈ ഇരിക്കുന്നവരും കാണുന്ന പ്രേക്ഷകരും ക്ഷമിക്കുക. ഡോക്ടര്‍ ഇപ്പോള്‍ പെരുമാറുന്ന പെരുമാറ്റവും ഇപ്പോള്‍ ഇവിടെ കാണിച്ചുകൊണ്ടിരിക്കുന്നതും എനിക്ക് യഥാര്‍ത്ഥ റോബിന്‍ ഡോക്ടര്‍ ആയി തോന്നിയില്ല". അഖില്‍ തുടര്‍ന്നു.
" റോബിന്‍ ഡോക്ടര്‍ ഇങ്ങനെയല്ല. ചെറിയ കാര്യങ്ങള്‍ പോലും ചൂണ്ടിക്കാട്ടി എന്നെ തിരുത്തിയിട്ടുള്ള ആളാണ് ഡോക്ടര്‍. ഞാന്‍ പല കാര്യങ്ങളിലും ഡോക്ടറെയും തിരുത്തിയിട്ടുണ്ട്. അങ്ങനെ നിന്ന ഡോക്ടര്‍ക്ക് ഈയൊരാഴ്ച ഇവിടെ നടന്ന കാര്യങ്ങളില്‍ ഒരു വാലിഡ് റീസണ്‍ കണ്ടുപിടിക്കാന്‍ പറ്റുന്നില്ല എന്നു പറഞ്ഞാല്‍ നിങ്ങളുടെ എംബിബിഎസ് കള്ളമാണെന്ന് ഞാന്‍ പറയും", അഖില്‍ പറഞ്ഞു നിര്‍ത്തി.
ഇതോടെ ഓരോരുത്തരായി മുന്നോട്ട് വന്ന് റോബിനെതിരെ രംഗത്തെത്തി. റോബിന്‍റെ വാശി തങ്ങളെ കൂടി ബാധിക്കുമെന്നും അതിനാല്‍ മൂന്ന് പേരുകള്‍ പറയാനും മറ്റ് മത്സരാര്‍ത്ഥികള്‍ റോബിനെ നിര്‍ബന്ധിക്കുന്നു. എന്നാല്‍, വാലിഡ് റീസണ്‍ ഇല്ലാതെ താന്‍ മൂന്ന് പേരുകള്‍ പറയില്ലെന്ന തീരുമാനത്തില്‍ റോബിന്‍ ഉറച്ച് നില്‍ക്കുന്നു.
ഇതിനിടെ ഗെയിമിന് വേണ്ടി എന്തും ചെയ്യുമെന്ന് പറഞ്ഞിരുന്ന റോബിന്‍റെ പുത്തന്‍ നിലപാടിനോട് കടുത്ത പരിഹാസത്തോടെയുള്ള പ്രതികരണവുമായി ജാസ്മിനും രംഗത്തെത്തി. ഒടുവില്‍ റോബിന്‍ മൂന്ന് പേരുകള്‍ പറഞ്ഞില്ലെങ്കില്‍ മറ്റ് മത്സരാര്‍ത്ഥികളെ എഴുന്നേറ്റ് പോകാന്‍ പോലും അനുവാദമില്ലെന്ന് ബിഗ് ബോസ് അറയിച്ചു.
ഇതോടെ മൂന്ന് പേരുടെ പേരുകള്‍ പറയാന്‍ റോബിന്‍ നിര്‍ബന്ധിതനായി. റോണ്‍സന്‍, ദില്‍ഷ, സുചിത്ര എന്നിവരുടെ പേര് പറഞ്ഞ റോബിനെ വീണ്ടും ബിഗ് ബോസ് വിലക്കി. മൂന്ന് പേരെയും ജയിലിലയക്കാന്‍ കൃത്യമായ കാരണം പറയണമെന്നായിരുന്നു നിര്‍ദേശം.
ഇതിന് ശേഷവും വ്യക്തമായ കാരണങ്ങളൊന്നും ചൂണ്ടിക്കാണിക്കാതെ തന്നെ റോണ്‍സന്‍, ദില്‍ഷ, സുചിത്ര എന്നിവരുടെ പേര് പറഞ്ഞു. ഈ കാരണങ്ങള്‍ ശരിയാണോ എന്ന് ക്യാപ്റ്റനായ ദില്‍ഷയോട് ബിഗ് ബോസ് ചോദിച്ചപ്പോള്‍ അല്ലെന്നുള്ള മറുപടിയാണ് പറഞ്ഞത്.
ഇതിന് ശേഷം ഡെയ്സി, സുചിത്ര, നവീന്‍ എന്നിവരുടെ പേര് പറഞ്ഞതോടെയാണ് ആ വിഷയത്തിന് ഒരു പരിഹാരമായത്. എന്നാല്‍, അവിടെ വച്ച് മറ്റൊരു അങ്കം തുടങ്ങുകയായിരുന്നു. സ്വാഭാവികമായും ജാസ്മിനായിരുന്നു റോബിനെതിരെ അങ്കത്തട്ടിലേക്ക് പാഞ്ഞടുത്തത്.
ഡെയ്സിയെ റോബിന്‍ അടിക്കുമെന്ന് സുചിത്ര കരുതിയത് റോബിനെ വല്ലാതെ വേദനിപ്പിച്ചെന്നും അതിനാല്‍ സുചിത്രയെ ജയിലിലേക്ക് നോമിനേറ്റ് ചെയ്യുന്നുവെന്നുമായിരുന്നു റോബിന്‍ പറഞ്ഞത്. ഇതിനിടെ പണ്ട് ഡെയ്സിയും റോബിനും ജയിലില്‍ കിടന്നപ്പോള്‍ ജാസ്മിനെ കുറിച്ച് റോബിന്‍ പറഞ്ഞ വാക്കുകള്‍ ഡെയ്സിയെ കൊണ്ട് തന്നെ ജാസ്മിന്‍ പറയിപ്പിച്ചു.
പുറത്താണെങ്കില്‍ തന്നെ തല്ലുമെന്നാണ് റോബിന്‍ പറഞ്ഞത്. അതേ റോബിന്‍, ഡെയ്സിയെ തല്ലുമെന്ന് കരുതിയ സുചിത്രയെ ജയില്‍ നോമിനേറ്റ് ചെയ്തത് തനിക്ക് വിശ്വസനീയമല്ലെന്ന് ജാസ്മിന്‍ പറഞ്ഞു.
നിങ്ങള്‍ക്ക് തല്ലാന്‍ മടിയില്ലെന്ന് നിങ്ങള്‍ പറഞ്ഞിട്ടുണ്ടെന്നും തല്ലണമെന്നുണ്ടെങ്കില്‍ പുറത്താക്കണ്ടെന്നും അകത്ത് വച്ചാകാമെന്നും ജാസ്മിന്‍, റോബിനെ വെല്ലുവിളിക്കുന്നു. ഞാന്‍ മൂസയുടെ മോളാണെന്നും നീ രാധാകൃഷ്ണന്‍റെ മോനല്ലേയെന്നും ജാസ്മിന്‍ ചോദിക്കുന്നു.
ഈ സമയം മറ്റ് മത്സരാര്‍ത്ഥികളും വിഷയത്തില്‍ ഇടപെടുന്നു. എന്നാല്‍, കുടുതല്‍ ആളുകള്‍ ഇരുവരെയും സമാധാനിപ്പിക്കാന്‍ മുന്നോട്ട് വരുന്നതിനനുസരിച്ച് ഇരുവരും ശബ്ദം ഉയര്‍ത്തി. ബിഗ് ബോസിന്‍റെ നിയമങ്ങളെ പോലും കാറ്റില്‍ പറത്തി ഇരുവരും പരസ്പരം ചില അസ്ലീല ആംഗ്യങ്ങളും വാക്കുകളും ഉപയോഗിച്ച് പരസ്പരം ഗ്വാ ഗ്വാ വിളി തുടരുന്നു.
ഇതിനിടെ ചില മത്സരാര്‍ത്ഥികള്‍ ജാസ്മിനെ പിടിച്ച് മാറ്റാന്‍ ശ്രമിക്കുന്നു. ഒടുവില്‍ അപര്‍ണയോടൊപ്പം സെറ്റിയില്‍ പോയിരിക്കുന്ന ജാസ്മിന്‍ റോബിനെ വെല്ലുവിളിക്കുന്നു. എന്നാല്‍ താന്‍ നിന്നിടത്തോട്ട് വാടീയെന്നായിരുന്നു റോബിന്‍റെ പ്രതികരണം.
ഈ സമയമാകുമ്പോഴേക്കും റോബിന്‍റെ കണ്‍ട്രോള്‍ പൂര്‍ണ്ണമായും നഷ്ടമാവുകയും റോബിന്‍, താന്‍ ബിഗ് ബോസ് ഹൗസിലെ ഒരു മത്സരാര്‍ത്ഥിയാണെന്നും ഈ പ്രോഗ്രാം ലക്ഷക്കണക്കിന് പ്രേക്ഷകര്‍ കാണുന്നുവെന്നുമുള്ള കാര്യം മറക്കുകയും ബിഗ് ബോസ് വീട്ടിനുള്ളില്‍ അക്ഷരാര്‍ത്ഥത്തില്‍ അഴിഞ്ഞാടുകയും ചെയ്യുന്നു.
മസിലുണ്ടെന്ന് വച്ച് ഇവളെയൊന്നും പേടിക്കേണ്ടതില്ലെന്നും കുറയേയായി ഇവളുടെ കളികാണുന്നെന്നും റോബിന്‍ പറയുന്നു. ഇതിനിടെ താനാണ് ഈ വീട്ടിലെ ക്യാപ്റ്റനെന്നും തന്‍റെ വാക്കുകള്‍ മറ്റുള്ളവര്‍ അനുസരിക്കണെന്നും പറഞ്ഞ് ക്യാപ്റ്റന്‍ ദില്‍ഷാ കളം ഏറ്റെടുക്കുന്നു. മറ്റുള്ളവര്‍ അവരവരുടെ സ്ഥലങ്ങള്‍ പോയി ഇരിക്കുന്നു.
ബിഗ് ബോസ് വീട്ടിലെ സംഭവങ്ങള്‍ മത്സരാര്‍ത്ഥികളുടെ ബന്ധുക്കളും അച്ഛനമ്മമാരും കാണുമെന്ന് മനസിലാക്കണമെന്ന് ദില്‍ഷ പറയുമ്പോളാണ് റോബിന് താന്‍ കാണിച്ചു കൂട്ടിയ കാര്യങ്ങളുടെ ആഴം മനസിലാകുന്നത്. വീട്ടിലിരിക്കുന്നവരെ കുറിച്ച് ബിഗ് ബോസ് ഹൗസില്‍ പറഞ്ഞതിനാല്‍ റോബിനോട് മാപ്പ് പറയാന്‍ ക്യാപ്റ്റന്‍ ആവശ്യപ്പെടുന്നു.
ജാസ്മിന്‍റെ അച്ഛന്‍റെ പേര് പറഞ്ഞതിന് താന്‍ മാപ്പ് ചോദിക്കുന്നെന്ന് പറഞ്ഞ റോബിന്‍, ജാസ്മിനില്‍ നിന്നും അത് ആവശ്യപ്പെടുന്നു. ഒടുവില്‍ റോബിന്‍റെ അച്ഛനോട്, അദ്ദേഹത്തെ അത്തരമൊരു സന്ദര്‍ഭത്തില്‍ സ്മരിക്കേണ്ടി വന്നതില്‍ ജാസ്മിനും സോറി പറഞ്ഞു.