പുതുതായി രൂപം കൊണ്ട ഗ്രൂപ്പുകളുടെ ശക്തി പ്രകടനമായിരുന്നു ഇന്നലത്തെ എപ്പിസോഡില്‍ ആദ്യവസാനം ഉണ്ടായിരുന്നത്. ഇന്നലെ തുടക്കത്തില്‍ തന്നെ ബ്ലെസ്ലിയെ ടാര്‍ഗറ്റ് ചെയ്ത് ജാസ്മിനും റിയാസുമായിരുന്നു രംഗത്തെത്തി. ബ്ലെസ്ലി ഒരു സ്ത്രീ വിരോധിയാണെന്ന് വരുത്തി തീര്‍ക്കാനുള്ള ജാസ്മിന്‍റെ ശ്രമത്തില്‍ നിന്നായിരുന്നു തുടക്കം.
റിയാസും സുചിത്രയും ജാസ്മിന് ഒപ്പം ചേര്‍ന്നു. എന്നാല്‍ മറ്റുള്ളവര്‍ ബ്ലെസ്ലിയെ കാര്യങ്ങള്‍ പറഞ്ഞ് മനസിലാക്കാന്‍ ശ്രമിക്കുന്നതും കാണാമായിരുന്നു. ഈ സംഭവത്തില്‍ ബ്ലെസ്ലിക്ക് തന്‍റെതായ നിലപാട് ഉണ്ടായിരുന്നെങ്കിലും ഭാഷാപരമായി അത് മറ്റുള്ളവര്‍ക്ക് വ്യക്തമാക്കി കൊടുക്കാനുള്ള കഴിവ് ബ്ലെസ്ലിക്കില്ലെന്ന് വ്യക്തമാക്കുന്നത് കൂടിയായിരുന്നു ഇന്നലത്തെ കാഴ്ചകള്‍.
പുതുതായി ക്യാപ്റ്റനായ ബ്ലെസ്ലി, വീട്ടിലെ ബെഡ്റൂമിലെ തുണികള്‍ അടുക്കി വയ്ക്കാന്‍ സുചിത്രയെ ഏല്‍പ്പിച്ചു. നേരത്തെ സ്വന്തം നിലയില്‍ ഈ ജോലി സുചിത്ര ചെയ്തിരുന്നതാണ്. എന്നാല്‍, പുതിയ ക്യാപ്റ്റന്‍ തനിക്ക് ജോലി ഏല്‍പ്പിച്ച് നല്‍കിയത് മുതല്‍ സുചിത്ര അസ്വസ്ഥയായിരുന്നു.
ബ്ലെസ്ലി വ്യക്തി വിരോധം തീര്‍ക്കുകയാണെന്ന തന്‍റെ അസ്വസ്ഥത സുചിത്ര മറ്റ് മത്സരാര്‍ത്ഥികളുമായി നിരന്തരം പങ്കു വച്ചു. സുചിത്രയുടെ അസ്വസ്ഥത മുതലാക്കാനുള്ള ശ്രമമായിരുന്നു യഥാര്‍ത്ഥത്തില്‍ ജാസ്മിന്‍ നടത്തിയത്. സുചിത്രയെ ജോലി ഏല്‍പ്പിച്ചത് ബ്ലെസ്ലിയിലെ സ്ത്രീ വിരോധിയാണെന്ന് ജാസ്മിന്‍ സ്ഥാപിക്കാന്‍ ശ്രമിച്ചു.
ജാസ്മിന്‍ പലപ്പോഴും സ്വന്തം ലോജിക്ക് വച്ചാണ് ബിഗ് ബോസ് വീട്ടില്‍ കളിക്കുന്നത് എന്ന് വ്യക്തമാക്കിയ ആളാണ്. എന്നാല്‍ ബ്ലെസ്ലിയുടെ ലോജിക്ക് വച്ച് ആരെയും കുറ്റം പറയാന്‍ പറ്റില്ലെന്ന് കൂടി ജാസ്മിന്‍ ഇടയ്ക്ക് തട്ടിവിടുന്നുണ്ടായിരുന്നു. മത്സാര്‍ത്ഥികളുടെ ബന്ധുക്കളെയോ വീട്ടിലുള്ളവരെയോ കുറിച്ച് അപമര്യാദയായി ആരെങ്കിലും സംസാരിച്ചാല്‍ അടുത്ത നിമിഷം പ്രതികരണവുമായി രംഗത്തെത്തുമായിരുന്ന ജാസ്മിന്‍, ഇന്നലെ ബ്ലെസ്ലിയുടെ വീട്ടുകാരെ കുറിച്ച് സംസാരിച്ചു.
ഇത് മറ്റ് മത്സരാര്‍ത്ഥികളെ അസ്വസ്ഥമാക്കിയെങ്കില്‍ ബ്ലെസ്ലി അപ്പോഴും ശാന്തനായി തന്‍റെ ഭാഗം വ്യക്തമാക്കാന്‍ ശ്രമിക്കുന്നത് കാണാമായിരുന്നു. ജാസ്മിന്‍റെ മറ്റൊരു പ്രധാന പ്രശ്നം ബ്ലെസ്ലി മറ്റുള്ളവരെ കുറ്റപ്പെടുത്തുമ്പോള്‍ റോബിനെ മാത്രം അക്രമിക്കുന്നില്ല എന്നതായിരുന്നു. ബ്ലെസ്ലിയെ റോബിനെതിരെ തിരിക്കുകയായിരുന്നു ജാസ്മിന്‍റെ ലക്ഷ്യം.
എന്നാല്‍ എപ്പിസോഡിന്‍റെ അവസാനത്തോടെ ബ്ലെസ്ലി റോബിന്‍ സഖ്യം കൂടുതല്‍ ശക്തമാക്കുന്നതായിരുന്നു പ്രേക്ഷകര്‍ക്ക് കാണാന് കഴിഞ്ഞത്. ബ്ലെസ്ലിക്ക് ഭാഷാ പ്രയോഗത്തിലെ പ്രവീണ്യക്കുറവ് വ്യക്തമാക്കുന്നതായിരുന്നു അദ്ദേഹത്തിന്‍റെ പല വാദങ്ങളും.
ബ്ലെസ്ലിയുടെ കാഴ്ചപ്പാടില്‍ നിന്ന് നോക്കിയാല്‍ ബ്ലെസ്ലി പറയുന്നതില്‍ കാര്യമുണ്ടെന്ന് ആര്‍ക്കും വ്യക്തമാകും. എന്നാല്‍ തന്‍റെ ആശയം പ്രകടിപ്പിക്കാന്‍ ബ്ലെസ്ലി ശ്രമിച്ചപ്പോഴൊക്കെ, അതെങ്ങനെ വ്യക്തമാക്കണം എന്ന കാര്യത്തില്‍ ബ്ലെസ്ലിക്ക് വ്യക്തതയുണ്ടായിരുന്നില്ല.
ഒടുവില്‍ താന്‍ എന്താണ് പറയാന്‍ ശ്രമിക്കുന്നതെന്ന് സ്വന്തം ബാപ്പയുടെ മരണത്തെ കുറിച്ച് പറഞ്ഞു കൊണ്ട് ബ്ലെസ്ലി വ്യക്തമാക്കി. താന്‍ വാഹനമോടിച്ച് പോകവേ ഉണ്ടായ ഒരു അപകടത്തിലാണ് ബാപ്പ മരിച്ചത്. അതുകൊണ്ട് ആ അപകടം താന്‍ മനപൂര്‍വ്വം ചെയ്തതാണോയെന്ന് ബ്ലെസ്ലി ചോദിച്ചു.
അത് പോലെ തന്നെ ഉമ്മയെയും പെങ്ങളെയും നോക്കാമെന്ന് മാത്രമേ തനിക്ക് പറയാന്‍ പറ്റൂ. നമ്മുക്കതിന് കഴിയുമെന്നതിന് എന്താണ് ഉറപ്പെന്നും ബ്ലെസ്ലി ചോദിച്ചു. ബ്ലെസ്ലി തന്‍റെ വാദം അവതരിപ്പിച്ചപ്പോള്‍ കൂടെയുണ്ടായിരുന്നവരെല്ലാം അത് ശരിവച്ചു. നമ്മുക്കെല്ലാം അതിന് ശ്രമിക്കാമെന്നേയുള്ളൂവെന്നും കൂടെയുണ്ടായിരുന്നവരും ഏറ്റുപറഞ്ഞു.
ബ്ലെസ്ലി വീണ്ടും തുടര്‍ന്നു. അത്തരം ശ്രമം നടത്താമെന്നേയുള്ളൂ. താനത് നടത്തുന്നുമുണ്ട്. എന്നാല്‍ എന്‍റെ ശ്രമങ്ങളെല്ലാം തുലഞ്ഞ് പോകുന്നത് തന്‍റെ കുറ്റമല്ലെന്നും ബ്ലെസ്ലി പറഞ്ഞു. ആ പ്രശ്നം അവിടെ അവസാനിച്ചെങ്കിലും ജാസ്മിന്‍, ബ്ലെസ്ലിയോടുള്ള വ്യക്തി വിരോധം മനസില്‍ വച്ചാണ് നടക്കുന്നതെന്ന് പിന്നീടുള്ള വീക്കിലി ടാസ്കിലും തെളിയിച്ചു.
വീക്കിലി ടാസ്കില്‍ ബിഗ് ബോസ് ആദ്യമേ തന്നെ നിയമാവലി വളരെ വ്യക്തമായി പറഞ്ഞിരുന്നു. " വീക്കില ടാസ്ക് മത്സരത്തിനിടെ ഓരോ തവണയും പുറത്താക്കപ്പെടുന്ന വ്യക്തി സമ്പാദിച്ച പോയന്‍റ് മറ്റുള്ളവരില്‍ ഏതെങ്കിലും ഒരു വ്യക്തിക്ക് നല്‍കണമോ എന്നും മറ്റുള്ളവര്‍ക്ക് വീതിച്ച് നല്‍കണമോയെന്നും ആ വ്യക്തിക്ക് സ്വയം തീരുമാനിക്കാവുന്നതാണ്. പുറത്താക്കപ്പെടുന്ന വ്യക്തികള്‍ക്ക് തങ്ങള്‍ കോയിന്‍ നല്‍കിയ മത്സരാര്‍ത്ഥി ഉഴികെ മറ്റുള്ളവരില്‍ ഒരാളെ തുടര്‍ന്നുള്ള ഘട്ടങ്ങളില്‍ പിന്തുണയ്ക്കാവുന്നതാണ്. അത് ആരെ വേണമെന്ന് പുറത്താക്കപ്പെടുന്ന വ്യക്തിക്ക് സ്വയം തീരുമാനിക്കാവുന്നതാണ്." ടാസ്കിനിടയിലെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമായിരുന്നു ഇത്.
മത്സരത്തിനിടെ തന്‍റെ കൈയില്‍ ഇല്ലാത്ത കോയിന് വേണ്ടി റിയാസ് റോബിനുമായി തര്‍ക്കത്തിന് ശ്രമിച്ചു. റിയാസിന്‍റെ തര്‍ക്കം മൂത്തപ്പോള്‍ ക്യാപ്റ്റന്‍ ബ്ലെസ്ലി ഇടപെടാന്‍ ശ്രമിക്കുകയും റിയാസ് കോയിന്‍ ഒളിപ്പിച്ച് വയ്ച്ചെന്ന് ആരോപിക്കുകയും ചെയ്തു. എന്നാല്‍, ബ്ലെസി ആഴ്ചയിലെ ക്യാപ്റ്റന്‍ മാത്രമാണെന്നും ടാസ്കിനിടെയില്‍ ബ്ലെസ്ലിക്ക് അധികാരമില്ലെന്നുമായിരുന്നു റിയാസിന്‍റെ വാദം.
ഇക്കാര്യത്തിലും ബിഗ് ബോസ് നേരത്തെ വ്യക്തതവരുത്തിയതാണ്. ടാസ്കിനിടെ പ്രശ്നമുണ്ടാകുമ്പോള്‍ ക്യാപ്റ്റന് ഇടപെടാമെന്നും ക്യാപറ്റന്‍റെ ഇടപെടലിനെതിരായി മത്സരാര്‍ത്ഥികള്‍ രംഗത്തെത്തിയാല്‍ ബിഗ് ബോസിനോട് പരാതിപ്പെടാമെന്നതുമായിരുന്നു ബിഗ് ബോസിന്‍റെ തീരുമാനം. ബിഗ് ബോസിന്‍റെ ഈ തീരുമാനത്തെയായിരുന്നു റിയാസ് ചോദ്യം ചെയ്തത്.
തര്‍ക്കത്തിനിടെ റിയാസ് മറ്റ് മത്സരാര്‍ത്ഥികളെ എടാ, പോടാ, നീ എന്നൊക്കെ വിളിച്ചെങ്കിലും റോബിന്‍ റിയാസിനോട് പോടാ എന്ന് പറഞ്ഞത് റിയാസിന് ഇഷ്ടപ്പെടാതിരിക്കുകയും റിയാസ്‍ അതിന്‍റെ പേരില്‍ റോബിനുമായി തര്‍ക്കത്തിലേര്‍പ്പെടാന്‍ ശ്രമിക്കുന്നതും കാണാമായിരുന്നു.
തര്‍ക്കത്തിനിടെയില്‍ റിയാസ് ഇംഗ്ലീഷ് വാക്കുകള്‍ ഉപയോഗിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുന്നതും കാണാമായിരുന്നു. അതോടൊപ്പം മറ്റ് മത്സരാര്‍ത്ഥികളെ വ്യക്തിഹത്യ ചെയ്യാനും പോട്ടന്‍, ഫൂള്‍ എന്നിങ്ങനെ അഭിസംബോധന ചെയ്യാനും പ്രത്യേകം ശ്രദ്ധിപുലര്‍ത്തുന്നത് പോലെയായിരുന്നു റിയാസിന്‍റെ ഇന്നലത്തെ ടാസ്കിലെ നീക്കങ്ങള്‍.
പലപ്പോഴും ഇല്ലാത്ത പ്രശ്നം എടുത്തിട്ട് ബഹളമുണ്ടാക്കാന്‍ ശ്രമിക്കുന്ന റിയാസിനെ ജാസ്മിന്‍ പോലും വിശ്വാസത്തിലെടുക്കുന്നില്ലെന്ന് ജാസ്മിന്‍ തന്നെ ഇതിനിടെ വ്യക്തമാക്കുന്നുണ്ടായിരുന്നു. ടാസ്കില്‍ ആദ്യത്തെ തവണ ജാസ്മിന്‍ കൂടുതല്‍ പോയന്‍റ് നേടി. തുടര്‍ന്ന് ബിഗ് ബോസ് ജാസ്മിനോട് ആരെയാണ് പുറത്താക്കുന്നതെന്ന് ചോദിച്ചപ്പോള്‍ ജാസ്മിന്‍, ബ്ലെസ്ലിയുടെ പേരാണ് പറഞ്ഞത്.
ബ്ലെസ്ലിയുടെ പേര് പറയുമ്പോഴൊക്കെ ജാസ്മിന്‍ ബ്ലെസ്ലിക്കെതിരെയുള്ള വ്യക്തി വിരോധം വ്യക്തമാക്കാന്‍ പരമാവധി ശ്രമിക്കുന്നതും കാണാമായിരുന്നു. രണ്ടാമത്തെ തവണയും ജാസ്മിന്‍ കൂടുതല്‍ പോയന്‍റ് നേടി. ഇത്തവണ ജാസ്മിന്‍ തന്‍റെ പ്രധാന ശത്രുവായ റോബിനെ പുറത്താക്കാനാണ് മുന്‍കൈയെടുത്തത്.
അപ്പോഴും ജാസ്മിന്‍ തന്‍റെ വ്യക്തി വിരോധം പരമാവധി പ്രകടമാക്കാന്‍ ശ്രമിച്ചു. റോബിനെ പുറത്താക്കുന്നതോടെ ബ്ലെസ്ലി ടാസ്കില്‍ നിന്നും പുറത്ത് പോകണമെന്നും ജാസ്മിന്‍ വാദിച്ചു. എന്നാല്‍, പതിവ് പോലും ബ്ലെസ്ലി, ബിഗ് ബോസിന്‍റെ ടാസ്കിലെ നിയമാവലി എടുത്ത് വായിച്ചു. ടാസ്കിലെ നിയമപ്രകാരം പുറത്താക്കപ്പെടുന്ന വ്യക്തികള്‍ക്ക് തുടര്‍ന്നുള്ള ഘട്ടങ്ങളില്‍ ആരെ വേണമെങ്കിലും സഹായിക്കാമെന്ന് ബ്ലെസ്ലി വ്യക്തമാക്കി.
എന്നാല്‍, ജാസ്മിന്‍ തന്‍റെ വ്യക്തി വിരോധത്തില്‍ ഉറച്ച് നിന്നു. ഇതോടെ ടാസ്ക് നീണ്ടുപോയി. ബ്ലെസ്ലി പലതവണ ടാസ്കിലെ നിയമം വ്യക്തമാക്കിയെങ്കിലും ജാസ്മിന്‍ അയയാന്‍ തയ്യാറായിരുന്നില്ല. ഒടുവില്‍ ജാസ്മിന് വേണ്ടി ബിഗ് ബോസ് തങ്ങളുടെ ടാസ്കിലെ നിയമാവലി പോലും മാറ്റി.
'ടാസ്ക് ലെറ്ററില്‍ പറഞ്ഞിരുന്നത്, പുറത്താക്കപ്പെടുന്ന വ്യക്തികള്‍ തങ്ങള്‍ കോയിന്‍ നല്‍കിയ മത്സരാര്‍ത്ഥി ഒഴികെ മറ്റുള്ളവരില്‍ ഒരാളെ തുടര്‍ന്നുള്ള ഘട്ടങ്ങളില്‍ പിന്തുണയ്ക്കാമെന്നതാണ് എന്നതാണ്. അതുകൊണ്ട് പിന്തുണയ്ക്കപ്പെടുന്ന വ്യക്തി പുറത്തായാല്‍ പിന്തുണച്ച വ്യക്തി പരിപൂര്‍ണ്ണമായും ടാസ്കില്‍ നിന്നും പുറത്താവുന്നതാണ്.' ഇതായിരുന്നു ബിഗ് ബോസിന്‍റെ തീരുമാനം.
ഇത്തരമൊരു തീരുമാനം ടാസ്ക് തുടങ്ങും മുമ്പ് ബിഗ് ബോസ് മത്സരാര്‍ത്ഥികളെ അറിയിച്ചിരുന്നില്ല. ഇതോടെ ബ്ലെസ്ലി ടാസ്കില്‍ നിന്ന് പുറത്ത് പോവുകയും റോബിന്‍ തനിക്ക് ലഭിച്ച പോയന്‍റുകള്‍ ദില്‍ഷയ്ക്ക് സമ്മാനിക്കുയും ചെയ്തു.
തുടര്‍ന്ന് ടാസ്കിന്‍റെ അടുത്ത ഘട്ടത്തില്‍ സൂരജിനെ സഹായിക്കാന്‍ റോബിന്‍ തീരുമാനിച്ചു. ടാസ്ക് അടുത്ത ദിവസം തുടരുമെന്ന അറിയിച്ച ബിഗ് ബോസ് ഇന്നലത്തെ എപ്പിസോഡ് അവസാനിപ്പിച്ചു.