Bigg Boss: സീക്രട്ട് ടാസ്കില്‍ കാലിടറി ബ്ലെസ്ലി; കളം നിറ‍ഞ്ഞ് കളറായി ഡെയ്സി

First Published | Apr 21, 2022, 12:50 PM IST

ബിഗ് ബോസ് വീട്ടിലെ സീസണ്‍ നാലില്‍ പങ്കെടുക്കുന്ന മത്സരാര്‍ത്ഥികള്‍ക്ക് ഏറെ കഠിനമാകുമെന്ന് കരുതിയ വീക്കിലി ടാസ്ക് 'പുഷ്പം പറിക്കുന്ന ലാഘവ'ത്തോടെ മറികടന്ന് മത്സരാര്‍ത്ഥികള്‍. ഇതോടെ നാല് ദിവസമുണ്ടായിരുന്ന വീക്കിലി ടാസ്ക് രണ്ട് ദിവസം കൊണ്ട് പൂര്‍ത്തിയായതായി ബിഗ് ബോസ് പ്രഖ്യാപിച്ചു. മത്സരാര്‍ത്ഥികളുടെ തൂക്കം പരിശോധിച്ച ബിഗ് ബോസ്, നീളത്തിന് അനുസൃതമായി തൂക്കമില്ലാത്തവരെ തൂക്കം കൂട്ടേണ്ടവരായും തൂക്കം കൂടിയവരെ തൂക്കം കുറയ്ക്കേണ്ടവരായും രണ്ട് ടീമായി തരം തിരിച്ചു. നീളത്തിന് ആനുപാതികമായി തൂക്കം കണക്കാക്കിയ ധന്യയെ ആരോഗ്യരംഗം എന്ന വീക്കിലി ടാസ്കിന്‍റെ ഹെല്‍ത്ത് ഇന്‍സ്പെക്ടറായും നിയമിച്ചു. തൂക്കം കൂട്ടേണ്ട ടീമായ 'ദ ​ഗെയ്നേഴ്സി'ന്‍റെ ക്യാപ്റ്റനായി ജാസ്മിനും തൂക്കം കുറയ്ക്കേണ്ട ടീമിന്‍റെ ക്യാപ്റ്റനായി 'നവീനും' തെരഞ്ഞെടുക്കപ്പെട്ടു. തുടര്‍ന്ന് നിശ്ചിത ഇടവേളകളിലെ പ്രത്യേക ബസര്‍ ശബ്ദത്തിനിടയില്‍ നിയമാവലിക്കനുസൃതമായിട്ടായിരുന്നു ടാസ്ക് നിശ്ചയിച്ചിരുന്നത്. 

വീക്കിലി ടാസ്ക് ആരംഭിച്ചത് മുതല്‍ തര്‍ക്കവും തുടങ്ങിയിരുന്നു. മത്സരാര്‍ത്ഥികളില്‍ പലരും നിയമം തെറ്റിക്കുന്നതില്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തുന്നത് പോലെയായിരുന്നു കാര്യങ്ങള്‍. മത്സരത്തിനിടെ ലഭിച്ച ഇടവേളയില്‍ ജാസ്മിനും ഡെയ്സിയും സ്മോക്കിങ്ങ് റൂമിലേക്ക് പോയതായിരുന്നു തര്‍ക്കത്തിന്‍റെ തുടക്കം.

തൊട്ട് പുറകെ ബിഗ് ബോസിന്‍റെ നിര്‍ദ്ദേശം വന്നു. ആരോഗ്യരംഗം എന്ന വീക്കിലി ടാസ്ക് കഴിയും വരെ മത്സരാര്‍ത്ഥികളാരും സിഗരറ്റ് വലിക്കാന്‍ പാടില്ല. ടാസ്കിനെ കുറിച്ച് ആദ്യം അറിയിച്ചപ്പോള്‍ തന്നെ ഈ നിയമം ബിഗ് ബോസ് വ്യക്തമാക്കിയിരുന്നു. 


ഇടവേളയില്‍ സിഗരറ്റ് വലിക്കാമായിരുന്നുവെന്നാണ് കരുതിയത് എന്ന മുടന്തന്‍ ന്യായം ഡെയ്സി നിരത്തിയെങ്കിലും ബിഗ് ബോസ് ലക്ഷ്വറി പോയന്‍റില്‍ നിന്ന് ബിഗ് ബോസ് 1000 പോയന്‍റ് കുറച്ചു. ഇതിനിടെ ജാസ്മിന്‍, ബിഗ് ബോസിന്‍റെ നിര്‍ദ്ദേശത്തിനെതിരെ രംഗത്തെത്തി. 

താന്‍ ഒരു പഫ് പോലും എടുത്തില്ലെന്നും ഡെയ്സി മാത്രമാണ് സിഗരറ്റ് വലിച്ചതെന്നും ജാസ്മിന്‍ വാദിച്ചു. എന്നാല്‍ മറ്റ് മത്സരാര്‍ത്ഥികള്‍ ഇരുവരെയും തിരുത്തി. ഇതിനിടെ ജാസ്മിന്‍റെ തന്നെ മാത്രം കുറ്റപ്പെടുത്തുകയാണോയെന്ന് ഡെയ്സി അസ്വസ്ഥയായി. 

'താന്‍ ആരെയും കുറ്റപ്പെടുത്തിയതല്ലെന്നും ഒരാള്‍ മാത്രമേ കുറ്റം ചെയ്തൊള്ളൂ' എന്ന് തെളിഞ്ഞാല്‍ പകുതി ലക്ഷ്വറി പോയന്‍റ് തിരിച്ചെടുക്കാമല്ലോയെന്നും ജാസ്മിന്‍ തന്‍റെ യുക്തി നിരത്തി. ഇതിനിടെ ആശങ്കയ്ക്ക് ഇടയില്ലാത്ത വിധം ബിഗ് ബോസ് വീക്കിലി ടാസ്കിലെ നിയമം ആവര്‍ത്തിച്ചു. 

ഇതോടെ ഈ വിഷയത്തില്‍ പിന്നൊരു ചര്‍ച്ച ഉണ്ടായില്ല. ഇതിനിടെ ബ്ലെസ്ലി, ഒരു ആപ്പിള്‍ എടുത്ത് കഴിച്ചത് അഖിലിനെ അസ്വസ്ഥനാക്കി. ബ്ലെസ്ലി നിയമം തെറ്റിച്ചെന്ന സംശയം അഖില്‍ ഇടയ്ക്കിടയ്ക്ക് ഉന്നയിച്ചു. കുറ്റം തെളിയിക്കപ്പെട്ടാല്‍ ലക്ഷ്വറി ടാസ്കില്‍ നിന്നും പോയന്‍റ് കുറയുമെന്നതായിരുന്നു അഖിലിന്‍റെ വാദം. 

എന്നാല്‍ ബ്ലെസ്ലി തന്‍റെ ന്യായത്തില്‍ ഉറച്ച് നിന്നു. 'നമ്മള്‍ ഗെയിനേഴ്സ്' എന്ന ഭാരം കൂട്ടേണ്ട വിഭാഗത്തിലാണെന്നും അതിനാല്‍ ഭക്ഷണം കൂടുതല്‍ കഴിക്കേണ്ടതാണെന്നും ബ്ലെസ്ലി പറഞ്ഞു. ബിഗ് ബോസ് അത്തരമൊരു കാര്യം എടുത്ത് പറഞ്ഞില്ലെന്നായിരുന്നു മറ്റ് മത്സരാര്‍ത്ഥികളുടെ പ്രശ്നം. 

ഓരോ നിമിഷം കഴിയും തോറും ബ്ലെസ്ലിയുടെ ആപ്പിള്‍ വിഷയം പുകഞ്ഞ് കൊണ്ടേയിരുന്നു. ബ്ലെസ്ലിയുടെത് കടുത്ത നിയമ ലംഘനമാണെന്ന് ബിഗ് ബോസ് വീട്ടിലെ ഓരോ മത്സരാര്‍ത്ഥിയും അഭിപ്രായപ്പെട്ടു. ഇന്നലെ ഷോ ആരംഭിച്ചത് തന്നെ അഖില്‍ ബ്ലെസ്ലിയെ ഇക്കാര്യത്തില്‍ കുറ്റപ്പെടുത്തി കൊണ്ടായിരുന്നു. 

"ഇന്നലെ ഉച്ചക്ക് ശേഷമാണല്ലോ നീ ആപ്പിൾ കഴിച്ചത്. നോർമലി നീ ഉദ്ദേശിച്ച നിയമം ആയിരുന്നു കറക്ട് എങ്കിൽ ഇന്ന് ഉച്ചക്ക് ശേഷമല്ലേ സ്നാക്സോ മറ്റോ കിട്ടേണ്ടിയിരുന്നത്", എന്നാണ് ബ്ലെസ്ലിയോട് അഖിൽ പറഞ്ഞ് തുടങ്ങിയത്. അഖിൽ ആയിരുന്നു ഏറ്റവും കൂടുതൽ ബ്ലെസ്ലിയെ ടാർ​ഗെറ്റ് ചെയ്ത് സംസാരിച്ചതും. ഡെയ്സിയും മറ്റുള്ളവരും ഒപ്പം നിന്നു. 

'എപ്പോൾ വേണമെങ്കിലും കഴിക്കാമല്ലോ' എന്നാണ് ബ്ലെസ്ലി വളരെ നിഷ്‍കളങ്കമായി അഖിലിനോട് പറയുന്നത്. ബ്ലെസ്ലിയുടെ നിഷ്കളങ്കതമായ ചിരി പക്ഷേ മറ്റുള്ളവരെ ചൊടിപ്പിച്ചു. ഇതേതുടര്‍ന്ന് മറ്റ് മത്സരാര്‍ത്ഥികള്‍ ബ്ലെസ്ലിയെ കളിയാക്കി. എന്നാല്‍, തന്‍റെ നിലപാടില്‍ നിന്നും വ്യതിചലിക്കാന്‍ ബ്ലെസ്ലി തയ്യാറായില്ല. 

"നീ റൂൾ തെറ്റിച്ചത് കാരണം എല്ലാവർക്കും പണിഷ്മെന്‍റ് ബാധകമാകും. ജയിലിലും നീ പോയി കിടക്കേണ്ടിവരും. നീ മന്ദബുദ്ധിയായി അഭിനയിക്കുന്നത് ആണോ അതോ നീ അങ്ങനെയാണോ", എന്നാണ് ഇതിന്‍റെ തുടര്‍ച്ചയായി ഡെയ്സി ബ്ലെസ്ലിയോട് ചോദിക്കുന്നത്. പക്ഷേ, ബ്ലെസ്ലിക്ക് മാത്രം തന്‍റെ കാര്യത്തില്‍ ഒരു സംശയമില്ലായിരുന്നു. 

അതിനിടെ ഭാരം കൂട്ടേണ്ടവര്‍ വെറുതെ ഇരുന്ന് ഭക്ഷണം കഴിച്ചാല്‍ പിത്തം വരുമെന്നും അതിനാല്‍, ശരീരമനങ്ങിയെന്തെങ്കിലും ചെയ്യണമെന്നും ബിഗ് ബോസ് അറിയിച്ചു. വൈകീട്ട് ഭക്ഷണം കഴിഞ്ഞ ശേഷം മത്സരാര്‍ത്ഥികള്‍ പാത്രം കഴുകുന്നതിനിടെ ബ്ലെസ്ലി സ്വന്തം പ്ലേറ്റ് കൂടാതെ മറ്റ് പാത്രങ്ങളും കഴുകിയത് വീണ്ടും പ്രശ്നങ്ങള്‍ക്ക് ഇടയാക്കി. 

ഇവിടെയും അഖില്‍ തന്നെയായിരുന്നു സംശയാലു. ബ്ലെസ്ലി നിയമം തെറ്റിച്ചാല്‍ അത് മറ്റുള്ളവരെ കൂടി ബാധിക്കുമെന്നും എല്ലാവരുടെയും ലക്ഷ്വറി പോയന്‍റില്‍ അത് കുറവ് വരുത്തുമെന്നും അതിനാല്‍ അങ്ങനെ ചെയ്യരുതെന്നും അഖില്‍ ആവര്‍ത്തിച്ചു. എന്നാല്‍, ബ്ലെസ്ലി അപ്പോഴും തന്‍റെ നിഷ്ക്കളങ്കമായ ചിരിയില്‍ മറുപടി ആവര്‍ത്തിച്ചു. 

ഇതിനിടെ ഡെയ്സിയും രംഗം കൊഴുപ്പിക്കാനെത്തി. എന്നാല്‍, അഖിലിനോട് ഉള്ളതിനേക്കാള്‍ പ്രശ്നമായിരുന്നു ബ്ലെസ്ലിക്ക് ഡെയ്സിയോട്. ഇത് സംബന്ധിച്ച് ജാസ്മിനുമായും നിമിഷയുമായും ബ്ലെസ്ലി ആശങ്ക പങ്കുവച്ചു. ഭാരം കൂട്ടേണ്ടവര്‍ ജോലി ചെയ്യാൻ പാടില്ലെന്നാണ് നിർദ്ദേശമെന്നും നീ ചെയ്യുന്ന കാര്യങ്ങൾ മറ്റുള്ളവരെയും ബാധിക്കുമെന്ന അഖിലിന്‍റെ വാദം ഡെയ്സിയും ആവര്‍ത്തിച്ചു. 

ബിഗ് ബോസ് മത്സരത്തിനിടെ പകല്‍ ഉറങ്ങാന്‍ പാടില്ലെന്നാണ് നിയമമെന്നും എന്നിട്ടും നീ കിടന്ന് ഉറങ്ങിയില്ലേയെന്ന് ബ്ലെസ്ലി തിരിച്ചടിച്ചു. നിയമം എല്ലാവര്‍ക്കും ഒരുപോലെയാണെന്നും ഓര്‍മ്മപ്പെടുത്തി. എന്നാല്‍, അത് മെഡിക്കേഷന്‍റെ ഭാഗമാണെന്ന് ഡെയ്സി പറഞ്ഞു.

മരുന്ന് കഴിച്ച ക്ഷീണത്തിൽ ഉറങ്ങിയതാണെന്നായിരുന്നു ഡെയ്സിയുടെ മറുപടി. അങ്ങനെയെങ്കില്‍ എനിക്കും ഉറങ്ങാനുള്ള മരുന്ന് വേണമെന്നും തന്‍റെ കാര്യവും അറിയാതെ സംഭവിച്ചതാണെന്ന് ബ്ലെസ്ലിയും തിരിച്ചടിച്ചു. ഇതോടെ അരിശം കയറിയ ഡെയ്സി 'നിന്‍‌റെ തലയ്ക്ക് വല്ല ഓളവുമുണ്ടോ?' എന്ന് ബ്ലെസ്ലിയോട് ചോദിച്ചു.  ഡെയ്സിയുടെ മെഡിസിന്‍റെ കാര്യത്തില്‍ ജാസ്മിനും പിന്താങ്ങി. എന്നാല്‍ ഈ കൂട്ടായ്മയിലെ മൂന്നാമനായ നിമിഷ ഡെയ്സിയെ തള്ളിപ്പറഞ്ഞു. 

'ലക്ഷ്വറി ബജറ്റ് കിട്ടാനാണ് എല്ലാവരും കിടന്ന് കഷ്ടപ്പെടുന്നത്. അതിനെ മനപൂർവ്വം പൊളിപ്പിക്കല്ലേ. നീ ഇവിടെ നല്ല പിള്ള ചമയല്ലേ'യെന്നും ഡെയ്സി ബ്ലെസ്ലിയോട് ആവര്‍ത്തിച്ചു. പിന്നാലെ അഖിലാണ് ഡെയ്സിക്ക് ഐഡിയ കൊടുത്തതെന്ന് ബ്ലെസ്ലി ആരോപിച്ചു. എന്നാല്‍ നിന്നെയും ഡെയ്സിയേയും അടിപ്പിച്ചിട്ട് എനിക്ക് എന്ത് കിട്ടാനാണെന്നായിരുന്നു അഖിലിന്‍റെ മറുപടി. 

'അഖിലല്ല അത് പറഞ്ഞതെന്നും എല്ലവരും നീ ചെയ്യുന്നത് കണ്ടോണ്ട് ഇരിക്കുകയല്ലേ'യെന്നും ഡെയ്സി തിരിച്ചടിച്ചു. വൈകുന്നേരം ബിഗ് ബോസ് ബ്ലെസ്ലിയെ സീക്രട്ട് റൂമിലേക്ക് വിളിപ്പിക്കുന്നു. തന്‍റെ കാര്യത്തില്‍ തീരുമാനമായെന്ന് പറഞ്ഞാണ് ബ്ലെസ്ലി സീക്രട്ട് റൂമിലേക്ക് പോകുന്നത് തന്നെ. 

സീക്രട്ട് റൂമിലെത്തിയ ബ്ലെസ്ലിയെ ഞെട്ടിച്ച് കൊണ്ട് ബിഗ് ബോസ്, ബ്ലെസ്ലി ചെയ്തത് ശരിയാണെന്നും മുന്നിലിരിക്കുന്ന ആപ്പിള്‍ കാഴിക്കാമെന്നും പറയുന്നു. കൂടാതെ ഒരു സീക്രട്ട് ടാസ്കും ബിഗ് ബോസ് ബ്ലെസ്ലിക്ക് നല്‍‌കുന്നു. സൈക്കിളിലോ ട്രെഡ്മില്ലിലോ ഉള്ള ഫയർ ടീം അം​ഗങ്ങളിൽ ആരെയെങ്കിലും പ്രകോപിപ്പിച്ച് അതിൽ നിന്നും ഇറക്കുക എന്നതാണ് സീക്രട്ട് ടാസ്ക്. 

ടാസ്കിനിടെ മത്സരാര്‍ത്ഥിയെ ഇറക്കുകയാണെങ്കില്‍ ബ്ലെസ്ലിക്ക് നിലവിലുള്ള 200 ലക്ഷ്വറി പോയന്‍റിനൊപ്പം മറ്റൊരു 200 പോയന്‍റ് ലഭിക്കുമെന്നും ബിഗ് ബോസ് അറിയിച്ചു. സീക്രട്ട് ടാസ്കിനെ കുറിച്ച് കേട്ട ബ്ലെസ്ലി ആവേശഭരിതനാകുന്നു. താന്‍ എല്ലാവരെയും പ്രകോപിപ്പിക്കുമെന്നും സീക്രട്ട് ടാസ്കില്‍ ബ്ലെസ്ലി അവകാശപ്പെടുന്നു. 

ബ്ലെസ്ലിയ്ക്ക് ബിഗ് ബോസ് രഹസ്യമായി നല്‍കിയ ആപ്പിളില്‍ പക്ഷേ, ഡെയ്സി സംശയാലുമായിരുന്നു. ഈയൊരു കാര്യത്തിനായി മാത്രം ബ്ലെസ്ലിയെ വിളിക്കില്ലെന്നും ഇതില്‍ മറ്റെന്തോ ഉദ്ദേശമുണ്ടെന്നും ഡെയ്സി അഭിപ്രായപ്പെട്ടു. എന്നാല്‍ മറ്റാരും അത്തരമൊരു ആശങ്കയിലേക്ക് പോയതേയില്ല. 

തന്‍റെ ന്യായം ബിഗ് ബോസ് അംഗീകരിച്ചതില്‍ മതിമറന്ന ബ്ലെസ്ലി പക്ഷേ, സീക്രട്ട് ടാസ്ക് പൂര്‍ത്തിയാക്കുന്നതില്‍ പരാജയപ്പെട്ടു. അതിനായി ഒരു ശ്രമം നടത്താന്‍ പോലുമുള്ള പദ്ധതിയില്ലാതെയായിരുന്നു ബ്ലെസ്ലി പിന്നീട് കളിച്ചത്. ഇതിനിടെ ഹെല്‍ത്ത് ടാസ്കില്‍ ഭാരം കൂട്ടേണ്ടവര്‍ പറഞ്ഞതിനേക്കാള്‍ ഭാരമുയര്‍ത്തിയതായി തെളിയിക്കപ്പെട്ടു.

ഭാരം കുറയ്ക്കേണ്ടവരില്‍ മൂന്ന് പേരൊഴികെ മറ്റെല്ലാവരും ഭാരം കുറച്ച് കൊണ്ട് ടാസ്കില്‍ മുന്നിട്ട് നിന്നു. ഡോക്ടര്‍ റോബിനും റോണ്‍സണും വെറും രണ്ട് ദിവസം കൊണ്ട് ഏതാണ്ട് നാല് കിലോയോളം ഭാരം കുറച്ച് മറ്റ് മത്സരാര്‍ത്ഥികളെ ഞെട്ടിച്ചു. 

ഇന്നലത്തെ എപ്പിസോഡിലുടനീളം നിറഞ്ഞ് കളിച്ചത് ഡെയ്സിയായിരുന്നു. തന്‍റെതായ സംശയങ്ങളും ആശങ്കകളും മറ്റുള്ളവരോട് പങ്കിടാനും ആവശ്യമുള്ള ഇടങ്ങളില്‍ ഇടപെട്ട് പ്രശ്നങ്ങളുണ്ടാക്കുന്നതിലും ഡെയ്സി പ്രത്യേക മികവ് പുലര്‍ത്തുന്നുണ്ടോയെന്ന് കാഴ്ചക്കാരില്‍ സംശമുളവാക്കുന്ന തരത്തിലായിരുന്നു അവരുടെ നീക്കങ്ങള്‍. 

ലക്ഷ്മി പ്രീയയോട് ഇടയ്ക്കിടെ പാലിന്‍റെ കാര്യത്തിലും ഭക്ഷണത്തിന്‍റെ കാര്യത്തിലും ഡെയ്സി തര്‍ക്കിക്കുന്നത് കാണാമായിരുന്നു. ഡെയ്സി എന്തെങ്കിലും പ്രശ്നത്തിനാകും വരുന്നതെന്ന് മുന്‍കൂട്ടി തിരിച്ചറിഞ്ഞ തരത്തിലായിരുന്നു ഈ സമയങ്ങളിലൊക്കെ ലക്ഷ്മിയുടെ മറുപടികള്‍. 

'കുട്ടി, എനിക്കാണ് അടുക്കളയുടെ ചാര്‍ജ്ജ്. ഞാന്‍ ഈ സ്ഥാനത്ത്നിന്ന് ഇറങ്ങുന്നത് വരെ ഇവിടെ ലഭിക്കുന്ന എല്ലാ റേഷന്‍ ഭക്ഷണവും എല്ലാവര്‍ക്കും വീതിച്ച് തരുന്നതില്‍ എനിക്ക് സന്തോഷമേയുള്ളൂ' വെന്ന് ലക്ഷ്മി പ്രിയ മറുപടി നല്‍കുന്നു. ലക്ഷ്മി പ്രകോപിതയാകുന്നില്ലെന്ന് മനസിലാക്കിയ ഡെയ്സി തന്‍റെ നയം വ്യക്തമാക്കി പിന്‍വാങ്ങി.  

സുചിത്ര, മണികണ്ഠൻ, ദിൽഷ എന്നിവരാണ് ഹെല്‍ത്ത് ടാസ്കില്‍ ഏറ്റവും മോശം പ്രകടനം കാഴ്ചവച്ചത്. മൂവരും ഭാരം കുറയ്ക്കേണ്ടതിന് പകരം കൂട്ടുകയാണ് ചെയ്തത്. മികച്ച പ്രകടനം കാഴ്ചവച്ചത് റോൺസനാണ്. പിന്നാലെ ഹെൽത്ത് ഇൻസ്പെക്ടറായ ധന്യക്കും റോൺസണും പ്രത്യേക വിരുന്നും ബി​ഗ് ബോസ് ഒരുക്കി. 

വീക്കിലി ടാസ്കില്‍ മികച്ച പ്രകടനം കാഴ്ചവച്ച റോണ്‍സണും ധന്യയ്ക്കും ബിഗ് ബോസ് ഒരുക്കിയ പ്രത്യേക വിരുന്ന് മറ്റ് മത്സരാര്‍ത്ഥികളും ആസ്വദിച്ചു. ചിലര്‍ ടൈറ്റാനിക്കിലെ പാട്ട് പാടുന്നതും കേള്‍ക്കാമായിരുന്നു. 

Latest Videos

click me!