മറ്റ് സീസണുകളില്‍ നിന്നും വ്യത്യസ്തമായി ബിഗ് ബോസ് നല്‍കുന്ന നിയമാവലികള്‍ ഈ സീസണിലെ മത്സരാര്‍ത്ഥികള്‍ തെറ്റിക്കുന്നതില്‍ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ടോയെന്ന് തോന്നിപ്പോകും ചില പ്രകടനങ്ങള്‍ കണ്ടാല്‍. ബിഗ് ബോസിന്‍റെ നിര്‍ദ്ദേശങ്ങള്‍ തെറ്റിച്ചതിന് ഈ സീസണിലെ എല്ലാ ലക്ഷ്വറി ടാസ്കുകളില്‍ നിന്നും മത്സരാര്‍ത്ഥികള്‍ക്ക് പോയന്‍റ് നഷ്ടമായിരുന്നു.
ആരീരഭാര ടാസ്കിന് മുമ്പ് ബിഗ് ബോസ് എല്ലാവരുടെയും തൂക്കം നോക്കി. നീളത്തിന് അനുപാതികമായി തൂക്കമുള്ളവരെ ആരോഗ്യമുള്ളവരായും തൂക്കം കുറഞ്ഞവരെ തൂട്ടം കൂട്ടേണ്ടവരെന്നും തൂക്കം കൂടിയവരെ കുറയ്ക്കേണ്ടവരായും വേര്‍തിരിച്ചു.
ഭരീരത്തിന്‍റെ നീളത്തിന് അനുസൃതമായ തൂക്കമുള്ള ധന്യയെ ക്യാപ്റ്റനായും തെരഞ്ഞെടുത്തു. എല്ലാവര്‍ക്കും കൃത്യമായ നിര്‍ദ്ദേശങ്ങളും അവയെങ്ങനെ പാലിക്കണമെന്നുള്ള നിര്‍ദ്ദേശങ്ങളും നല്‍കി. ഈ മത്സരം നാല് ദിവസത്തേക്ക് ഉണ്ടാകും. അത്രയും നാള്‍ നിയമങ്ങള്‍ പാലിക്കണമെന്നും ബിഗ് ബോസ് നിര്‍ദ്ദേശിച്ചിരുന്നു.
ഈ ടാസ്കിനെ അടിസ്ഥാനമാക്കിയാകും അടുത്ത ആഴ്ചയിലെ ക്യാപ്റ്റനെയും ജയിലിൽ പോകേണ്ടവരെയും തെരഞ്ഞെടുക്കുക. മാത്രമല്ല, ലക്ഷ്വറി ബജറ്റിന്‍റെ പോയന്‍റ് തീരുമാനിക്കുന്നതും ഈ ടാസ്കിനെ അടിസ്ഥാനമാക്കിയാകും.
എന്തുകൊണ്ടാണ് മത്സരാര്‍ത്ഥികള്‍ക്ക് ഇത്തരമൊരു ടാസ്ക് നല്‍കുന്നതെന്ന് ബിഗ് ബോസ് വ്യക്തമാക്കിയിലുന്നു. ഭക്ഷണം , വ്യായാമം എന്നിവ ഒരു വ്യക്തിയുടെ ആരോഗ്യ കാര്യത്തിൽ വഹിക്കുന്ന പങ്ക് വളരെ വലുതാണ്.
അനുയോജ്യമല്ലാത്ത ഭക്ഷണ രീതികളും അളവുകളും ജീവിത ശൈലികളും ഒരു വ്യക്തിയെ വലിയ രോഗിയാക്കി മാറ്റിയേക്കാം. മത്സരാര്‍ത്ഥികളുടെ ആരോഗ്യകരമായ കാര്യങ്ങളിൽ ബിഗ് ബോസിന് അതീവ ശ്രദ്ധയുണ്ടെന്നും അതിനാലാണ് ഇത്തരമൊരു ടാസ്ക് ഏര്‍പ്പെടുത്തിയതെന്നുമായിരുന്നു ബിഗ് ബോസിന്‍റെ നിര്‍ദ്ദേശം.
മത്സരാർത്ഥികളുടെ ശരീരഭാരം പൂർണ്ണമായും നിയന്ത്രണത്തിൽ കൊണ്ടുവരിക എന്നതാണ് ഈ ടാസ്ക്കിന്‍റെ ലക്ഷ്യം. ശരീരഭാരം വർധിപ്പിക്കേണ്ടവർ, കുറക്കേണ്ടവർ എന്നിങ്ങനെ രണ്ട് ടീമുകളായി മത്സരാര്‍ത്ഥികളെ തരം തിരിച്ചു.
ലഭിക്കുന്ന നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കുകയും ഒരു നിശ്ചിത സമയത്തിനുള്ളിൽ ശരീരഭാഗം കൂട്ടേണ്ടവര്‍ കുറഞ്ഞത് ഏഴ് കിലോയെങ്കിലും വര്‍ദ്ധിപ്പിക്കുക.
ശരീര ഭാരം കൂടുതൽ ഉള്ളവർ 10 കിലോ വരെയെങ്കിലും കുറയ്ക്കുകയും ചെയ്യുക എന്നതാണ് ടാസ്ക്. ഇതിനായി ശരീരഭാരം ഉയർത്തേണ്ടവർ പ്രത്യേകം തയ്യാറാക്കിയ ഭക്ഷണം ബസർ ശബ്ദം മുഴുങ്ങുന്ന നിശ്ചിത ഇടവേളയിൽ കഴിക്കുകയും കുറയ്ക്കേണ്ടവർ നിർദ്ദേശ പ്രകാരം ചില ഭക്ഷണങ്ങൾ ത്യജിക്കുകയും വേണം.
രണ്ടാമത്തെ കൂട്ടര്‍ ഭക്ഷണം ത്യജിക്കുന്നതിനൊപ്പം ശീരഭാരം കൂട്ടേണ്ടവരുടെ ജോലികള്‍ കൂടി ചെയ്യേണ്ടതുണ്ട്. കാരണം, ശരീരഭാരം വർധിപ്പിക്കേണ്ടവർ ജോലികളൊന്നും ചെയ്യാൻ പാടില്ലെന്നും ബിഗ് ബോസ് നിര്‍ദ്ദേശിച്ചിരുന്നു.
അവർ ഇരിക്കുന്നിടത്ത് നിന്ന് മാറാനും പാടില്ല. എന്തെങ്കിലും ആവശ്യത്തിനായി ഇവർക്ക് പോകണമെങ്കിൽ ശരീരഭാരം കുറയ്ക്കേണ്ടവർ ഇവരെ എടുത്തോണ്ട് പോകേണ്ടതാണ്, എന്നിങ്ങനെയാണ് ടാസ്ക്കിന്‍റെ നിർദ്ദേശം. ഈ ടാസ്ക്കിന്‍റെ തുടക്കം മുതൽ ഒടുക്കം വരെ ആരും പുകവലിക്കുവാൻ പാടുള്ളതല്ലെന്നും ബിഗ് ബോസ് ആദ്യമേ നിര്‍ദ്ദേശിച്ചു.
ഷോയിലെ ഹെൽത്ത് ഇൻസ്പെക്ടറായി ധന്യയെ തെരഞ്ഞെടുത്തു. ഭാരം കൂട്ടേണ്ട ടീമിന്‍റെ ക്യാപ്റ്റൻ ജാസ്മിനും കുറയ്ക്കേണ്ടവരുടെ ക്യാപ്റ്റൻ നവീനുമാണ്. നവീന്‍റെ ഗ്രൂപ്പിന്‍റെ പേര് " ഫയർ " എന്നും ജാസ്മിന്‍റെ ഗ്രൂപ്പിന്‍റെ പേര് " ദ ഗെയ്നേഴ്സ്" എന്നുമാണ്.
നാല് ദിവസമാണ് ടാസ്ക്ക്. ഓരോ ദിവസവും ടാസ്കിന്‍റെ സമയമാകുമ്പോള്‍ പ്രത്യേകം മ്യൂസിക് ബിഗ് ബോസ് പ്ലേ ചെയ്യും അപ്പോഴാണ് ഭാരം കുറയ്ക്കേണ്ടവർ വ്യായാമം ചെയ്യേണ്ടത്. ഭാരം കൂട്ടേണ്ടവർക്ക് അതുപോലെ തന്നെ പ്രത്യേക സമയത്ത് സുഭിക്ഷിതമായ ഭക്ഷണവും ബിഗ് ബോസ് ഒരുക്കിയിരുന്നു.
വീക്കിലി ടാസ്ക് മനോഹരവും രസകരവുമായ രീതിയിൽ മത്സരാർത്ഥികൾ മുന്നോട്ട് കൊണ്ടുപോകുകയാണ്. ഭാരം കുറയ്ക്കേണ്ടവരുടെ ടീമിലാണ് ക്യാപ്റ്റൻ കൂടിയായ റോൺസൺ ഉണ്ടായിരുന്നത്. ടാസ്ക് തുടങ്ങിയത് മുതൽ ട്രെഡ്മില്ലിൽ വ്യായാമം ചെയ്ത് റോണ്‍സണ്‍ ഒറ്റയടിക്ക് നാല് മണിക്കൂറോളമാണ് ട്രെഡ്മില്ലില്‍ ചെലവഴിച്ചത്.
ടാസ്കിനിടെ ഡെയ്സിയും ജാസ്മിനും സ്മോക്കിങ്ങ് റൂമിലേക്ക് കടന്നത് ബിഗ് ബോസ് പിടികൂടി. ആരോഗ്യപരമായ ടാസ്ക് ആയത് കൊണ്ട് ടാസ്ക് നടക്കുന്ന നാല് ദിവസവും പുകവലിക്കാൻ പാടുള്ളതല്ലെന്ന ബിഗ് ബോസ് നിർദ്ദേശം ഇരുവരും ലംഘിച്ചതായിരുന്നു കാരണം.
ഇരുവരുടെയും തെറ്റിന് ശിക്ഷയായി ലക്ഷ്വറി ടാസ്കില്‍ നിന്ന് 1000 പോയന്‍റ് ബിഗ് ബോസ് വെട്ടിക്കുറച്ചു. ഈ സമയം, താന്‍ പുകവലിച്ചിട്ടില്ലെന്ന് പറഞ്ഞ് ജാസ്മിന്‍ രംഗത്തെത്തി. എന്നാല്‍ മറ്റുള്ളവര്‍ ബിഗ് ബോസിന്‍റെ നിര്‍ദ്ദേശം ആവര്‍ത്തിച്ചു. ഇതിനിടെ, നീയാണ് എന്നെയും വലിച്ച് സ്മോക്കിങ്ങ് റൂമിലേക്ക് പോയതെന്ന് ഡെയ്സി, ജാസ്മിനോട് പറയുന്നുണ്ടായിരുന്നു.
എന്നാല്‍, താന്‍ പുകവലിച്ചിട്ടില്ലെന്ന് ജാസ്മിന്‍ തര്‍ക്കിച്ചു. ഞാനൊരു പഫ് പോലും ഡെയ്സിയില്‍ നിന്ന് വാങ്ങിയിരുന്നില്ലെന്നും ക്യാമറ ചെക്ക് ചെയ്യാമെന്നും ജാസ്മിന്‍ ആവര്‍ത്തിച്ചപ്പോള്‍ നവീന്‍, ബിഗ് ബോസ് നിര്‍ദ്ദേശം ആവര്‍ത്തിച്ചു. ഒരാളുടെ കുറ്റം ഒഴിവാക്കി കിട്ടുമെങ്കില്‍ അത്രയും ലക്ഷ്വറി പോയന്‍റ് ലാഭിക്കാല്ലോയെന്ന്, ജാസ്മിന്‍ തന്‍റെ യുക്തി പറഞ്ഞു.
എന്നാല്‍, ജാസ്മിനും ഡെയ്സിയും നിയമാവലി തെറ്റിച്ചതായി ഇതിനിടെ ബിഗ് ബോസിന്‍റെ അറിയിപ്പ് വന്നു. ആരോഗ്യപരമായ ടാസ്ക് ആയതിനാല്‍ ടാസ്ക് നടക്കുന്ന നാല് ദിവസവും പുകവലിക്കാൻ പാടുള്ളതല്ലെന്ന് ബിഗ് ബോസ് വീണ്ടും ആവര്‍ത്തിച്ചു. മാത്രമല്ല, വീട്ടിനുള്ളിലെ സിഗരറ്റുകള്‍ തിരിച്ചേല്‍പ്പിക്കാനും ആവശ്യപ്പെട്ടു.
മാത്രമല്ല, ഡെയ്സിയും ജാസ്മിനും തെറ്റ് ചെയ്തതിനാല്‍ ശരീരഭാരം കൂട്ടേണ്ടവരുടെ ടാര്‍ഗറ്റ് 7 കിലോയില്‍ നിന്ന് 8 കിലോയായി ഉയര്‍ത്തപ്പെട്ടു. കൂടുതലായി വര്‍ദ്ധിപ്പിച്ച ഒരു കിലോ ഭാരം താന്‍ തന്നെ ഏറ്റെടുത്ത് വര്‍ദ്ധിപ്പിച്ചോളാമെന്ന് പറഞ്ഞ് ജാസ്മിന്‍ മത്സരത്തിന്‍റെ പിരിമുറുക്കം കൂട്ടി.
ഇതിനിടെ നിയമം തെറ്റിച്ച് ബ്ലെസ്ലിയും രംഗത്തെത്തി. ബിഗ് ബോസ് നൽകുന്ന ഭക്ഷണം മാത്രമെ കഴിക്കാവൂ എന്ന നിര്‍ദ്ദേശം നിലനില്‍ക്കെ ഇടവേളയിൽ ബ്ലെസ്ലി ആപ്പിൾ കഴിച്ചു. ഇത് ഷോയിൽ ചെറിയ ചർച്ചയ്ക്ക് വഴിവച്ചുവെങ്കിലും താൻ അറിയാതെയാണ് ഇക്കാര്യം ചെയ്തതെന്നായിരുന്നു ബ്ലെസ്ലിയുടെ മറുപടി.
അതിന് ശേഷമായിരുന്നു ഭക്ഷണം കൂട്ടേണ്ടവര്‍ക്കുള്ള ടാസ്ക് എത്തിയത്. ഗാർഡൻ ഏരിയയിൽ വച്ചിരിക്കുന്ന നിശ്ചിത ഭക്ഷണങ്ങൾ ഒരു തീറ്റമത്സരത്തിന്‍റെ സ്പിരിറ്റില്‍ തീര്‍ക്കണം. അപര്‍ണ, ജാസ്മിന്‍, ബ്ലെസ്ലി, ഡെയ്സി, അഖില്‍, അശ്വിന്‍ എന്നിവരായിരുന്നു ഭാരം കൂട്ടേണ്ടവര്‍.
ഭക്ഷണം നിശ്ചത സമയത്തിനുള്ളില്‍ തീര്‍ക്കുന്നതിനായി എല്ലാവരും വാരി വലിച്ച് കഴിക്കുകയായിരുന്നു. ഒടുവില്‍ അമിത ഭക്ഷണം കഴിച്ചത് മൂലം ഡെയ്സി വാള് വച്ചു. ബ്ലെസ്ലിയാകട്ടെ മത്സരം കഴിഞ്ഞ ശേഷവും എഴുന്നേല്‍ക്കാന്‍ പോലും വയ്യാതെ അവിടെ തന്നെ കിടക്കുകയായിരുന്നു.
ഒറ്റ തവണത്തെ ഭക്ഷണ ശേഷം തന്‍റെ വയറ് കൂടിയെന്നും മറ്റൊരു മത്സരാര്‍ത്ഥിയായ മണികണ്ഠന്‍റെ വയറ് പോലെയായെന്നും ജാസ്മിന്‍ കളി പറഞ്ഞു. ഭക്ഷണം കൂട്ടാനുള്ള ടാസ്കി കഴിയുമ്പോഴേക്കും പലര്‍ക്കും അജീര്‍ണ്ണം ബാധിക്കാനുള്ള സാധ്യതയില്ലേയെന്ന് കാഴ്ചക്കാര്‍ക്ക് തോന്നുന്നതായിരുന്നു ഇന്നലത്തെ മത്സരാര്‍ത്ഥികളുടെ ടാസ്ക് പ്രകടനം.