Bigg Boss: വിജയിക്കണം; പക്ഷേ, പ്രേക്ഷകരുടെ വിധിയറിയാന്‍ പേടി, എവിക്ഷനിലെ തന്ത്രങ്ങള്‍

First Published May 24, 2022, 12:11 PM IST

ബിഗ് ബോസ് വീട്ടില്‍ മത്സരാര്‍ത്ഥികള്‍ അമ്പത്തിയേഴ് ദിവസങ്ങള്‍ പിന്നിട്ടിരിക്കുന്നു. ഏതാണ്ട് തുല്യനിലയിലാണ് ഇപ്പോള്‍ മത്സരാര്‍ത്ഥികള്‍ എന്നതിനാലാകും മത്സരാര്‍ത്ഥികളില്‍ ആര്‍ക്കും നിലവില്‍ വീട്ടില്‍ പോകേണ്ടെന്നാണ് പറയുന്നത്. മത്സരാര്‍ത്ഥികളില്‍ എല്ലാവര്‍ക്കും ബിഗ് ബോസ് സീസണ്‍ നാലിലെ വിജയികളാകാനാണ് ആഗ്രഹം. താന്‍ ബിഗ് ബോസ് വീട്ടിലെ ഏറ്റവും ശക്തനായ മത്സരാര്‍ത്ഥിയാണെന്ന് ഓരോ മത്സരാര്‍ത്ഥിയും അവകാശപ്പെടുകയും ചെയ്യുന്നു. എന്നാല്‍, ശക്തനായ മത്സരാര്‍ത്ഥിയാണെന്ന് സ്വയം അവകാശപ്പെടുന്ന പലര്‍ക്കും എവിക്ഷനില്‍ നിന്ന് ജനങ്ങളുടെ നിലപാടറിയാന്‍ താത്പര്യമില്ലെന്നാണ് ഇന്നലെ കഴിഞ്ഞ എപ്പിസോഡില്‍ പ്രേക്ഷകര്‍ കണ്ടത്. 

അമ്പത്തിയേഴാം എപ്പിസോഡ് തുടങ്ങിയത് തന്നെ റിയാസ് സലിം, ബ്ലെസ്ലിയെ ചോദ്യം ചെയ്യുന്നതിലൂടെയാണ്. ബ്ലെസ്ലി ഭക്ഷണം കുറച്ച് കഴിക്കുന്നയാളാണെന്നാണ് റിയാസിനോട് പറഞ്ഞിരുന്നത്. എന്നാല്‍ ഇന്നലെ അല്പം ഭക്ഷണം മാത്രം കഴിക്കാനെടുത്ത ബ്ലെസ്ലിയോട് നീ ചോറ് വളരെ കുറവാണോയെടുത്തത് ? എന്ന് ദില്‍ഷ ചോദിച്ചു. ഇത് കേട്ട റിയാസ് ബ്ലെസ്ലിക്കെതിരെ തിരിഞ്ഞു. 

ഫുഡ് അധികം കഴിച്ചാല്‍ ഡിപ്രഷന്‍ വരുമെന്നാണ് ബ്ലെസ്ലി പറയാറെന്ന് പറഞ്ഞ് റിയാസാണ് സംഭാഷണം ആരംഭിച്ചത്. ബ്ലെസ്ലി, റിയാസിനെ തിരുത്തി. കൂടുതല്‍ ഭക്ഷണം കഴിച്ചാല്‍  ഡിപ്രഷനല്ല, ആഗ്രഹങ്ങള്‍ കൂടും. ഇതോടെ റിയാസ് ബ്ലെസ്ലി എന്ത് മെസേജാണ് ജനങ്ങള്‍ക്ക് നല്‍കാന്‍ ഉദ്ദേശിക്കുന്നതെന്ന് ചോദിച്ച് റിയാസ് തുടങ്ങി. 

Latest Videos


ബ്ലെസ്ലി പറയാറുള്ളത്, മനുഷ്യന് ഏറ്റവും കുറച്ച് ആവശ്യമുള്ളതാണ് ഫുഡ്. ഫുഡ് കഴിച്ചാല്‍ ഡിപ്രഷന്‍ വരും. U Said all this lines na ? എന്നിട്ട് ഏറ്റവും ഓപ്പോസിറ്റ് പ്രവര്‍ത്തി ഇവിടെ ചെയ്യുന്നത് ബ്ലെസ്ലിയാ.. ' റിയാസ് ചിരിച്ചു. 'ബിഗ് ബോസ് വീട്ടില്‍ നൂറ് ദിവസം നില്‍ക്കണെങ്കില്‍ മെന്‍റലി, ഫിസിക്കലി, എല്ലാം നമ്മള്‍ സ്ട്രോങ്ങ് ആയിരിക്കണം എന്നായിരുന്നു ബ്ലെസ്ലിയുടെ മറുപടി. 

താന്‍ ബിഗ് ബോസ് വീട്ടിലെ ഗെയിമിന് വേണ്ടി തന്‍റെ ഫാസ്റ്റിങ്ങ് കുറച്ച് ദിവസത്തേക്ക് മാറ്റിയാതാണെന്നും ബ്ലെസ്ലി മറുപടി പറഞ്ഞു. എന്നാല്‍ ബ്ലെസ്ലിയോട് തര്‍ക്കിക്കാനായിരുന്നു റിയാസിന്‍റെ നീക്കം. എന്നാല്‍, ബിഗ് ബോസ്, സ്ക്രീന്‍ സ്പെയിസിന് വേണ്ടിയുള്ള റിയാസിന്‍റെ ആ അനാവശ്യ സംഭാക്ഷണത്തില്‍ നിന്നും പ്രേക്ഷകരെ അക്ഷരാര്‍ത്ഥിത്തില്‍ രക്ഷിച്ച് മറ്റൊരു കാഴ്ചയിലേക്ക് നയിച്ചു. 

തുടര്‍ന്ന് സുചിത്രയും ദില്‍ഷയും ലക്ഷ്മിക്കെതിരെ സംസാരിക്കുന്ന ദൃശ്യങ്ങളിലേക്ക് ബിഗ് ബോസ് തിരിഞ്ഞു. അവിടെ നിന്നും ഇന്നലത്തെ എവിക്ഷനിലേക്ക്. കഴിഞ്ഞ രണ്ട് എവിക്ഷനുകള്‍ ഇതുവരെ തുടര്‍ന്ന് വന്ന രീതിയില്‍ നിന്നും വ്യത്യസ്തമായിരുന്നു. നേരത്തെ ഒരാള്‍ കണ്‍ഫഷന്‍ റൂമിലെത്തി രണ്ട് പേരെ എവിക്ഷനിലേക്ക് തെരഞ്ഞെടുക്കുകയായിരുന്നെങ്കില്‍ കഴിഞ്ഞ രണ്ട് ആഴ്ചകളിലായി എവിക്ഷനില്‍ രണ്ട് പേരടങ്ങുന്ന സംഘമായി വന്ന് അതില്‍ നിന്ന് ഒരാളെ ഏക്യകണ്ഠേന തെരഞ്ഞെടുക്കണം. 

ഈ തെരഞ്ഞെടുപ്പില്‍ മിക്കവാറും സംസാരിക്കാനറിയാവുന്നയാള്‍ മറ്റേയാളെ ഏകപക്ഷീയമായി എവിക്ഷനിനേക്ക് തള്ളിവിടുകയാണ് ചെയ്യുന്നത്. കഴിഞ്ഞ എപ്പിസോഡില്‍ രണ്ട് പേരിരുന്ന് ഒരാളെ തെരഞ്ഞെടുക്കുകയായിരുന്നെങ്കില്‍ ഇത്തവണ മൂന്ന് പേര് ഒന്നിച്ചിരുന്ന് അതില്‍ നിന്ന് ഒരാളെ ഏക്യകണ്ഠേന തെരഞ്ഞെടുക്കുക എന്ന രീതിയായിരുന്നു. 

എവിക്ഷനായി ആദ്യമെത്തിയ സംഘം സുചിത്രയും ലക്ഷ്മി പ്രിയയുമായിരുന്നു. കൂടെ ഇത്തവണ എവിക്ഷനില്‍ നിന്നും രക്ഷപ്പെട്ട ക്യാപ്റ്റന്‍ ബ്ലെസ്ലിയും ഇരുന്നു. കഴിഞ്ഞ 57 ദിവസങ്ങളില്‍ സുചിത്ര ഒരു ആഴ്ച പോലും എവിക്ഷനില്‍ വന്നിട്ടില്ലെന്നത് കൊണ്ട് തന്നെ സുചിത്രയക്ക് ഇത്തവണത്തെ എവിക്ഷനില്‍ എതിരാളിയായി കിട്ടിയത് ലക്ഷ്മി പ്രിയയെ. സ്വാഭാവികമായും ലക്ഷ്മി പ്രിയയെ സംസാരിച്ച് പരാജയപ്പെടുത്താന്‍ തനിക്കാകില്ലെന്ന് സുചിത്രയ്ക്ക് വ്യക്തമായും അറിയാം. 

ആ തിരിച്ചറിവില്‍ നിന്ന് തന്നെ കണ്‍ഫഷന്‍ റൂമില്‍ വച്ച്, താന്‍ നല്ലൊരു മത്സരാര്‍ത്ഥിയാണെന്നും ഇവിടെ തുടരാന്‍ പ്രാപ്തയായെന്നും സുചിത്ര വാദിച്ചു. എങ്കിലും പ്രേക്ഷകരുടെ ഇഷ്ടാനിഷ്ടങ്ങള്‍ അറിയാന്‍ ആഗ്രഹമുണ്ടെന്നും അതിനാല്‍ താന്‍ സ്വയം നോമിനേഷനിലേക്ക് പോവുകയാണെന്നും സുചിത്ര ആദ്യമേ പറഞ്ഞു. സുചിത്ര ആദ്യം തന്നെ ഏറ്റ് പറഞ്ഞത് ലക്ഷ്മി പ്രിയയ്കക്ക് ക്ഷീണമായി. എങ്കിലും താന്‍ എവിക്ഷനില്‍ വന്നില്ലല്ലോയെന്ന ആശ്വാസവും ഉണ്ടായിരുന്നു. 

ഇതിനിടെ തനിക്ക് എവിക്ഷനില്‍ വരാന്‍ ബുദ്ധിമുട്ടൊന്നുമില്ലെന്നെന്നും എന്നാല്‍ പെട്ടി മടക്കാന്‍ മടിയുണ്ടെന്നും ലക്ഷ്മി പ്രിയ തട്ടിവിട്ടു. ഇതിനിടെ ക്യാപ്റ്റന്‍ ബ്ലെസ്ലി, ലക്ഷ്മി പ്രിയയോട് മടിയാണോ എന്ന് എടുത്ത് ചോദിച്ചു. 'ഉം മടി.' ലക്ഷ്മി പ്രിയയുടെ ഉത്തരം പെട്ടെന്നായിരുന്നു. എന്നാല്‍ അതിനേക്കാള്‍ വേഗത്തില്‍ ബ്ലെസ്ലി തിരിച്ചടിച്ചു. 'മടിയുള്ളവര്‍ ഈ വീട്ടില്‍ നില്‍ക്കേണ്ടതില്ല'. അപ്രതീക്ഷിതമായ അടിയില്‍ ലക്ഷ്മി പ്രിയ ഒന്ന് പതറിയെങ്കിലും പിടിച്ച് നിന്നു. ഒടുവില്‍ സുചിത്രയെ എവിക്ഷനിലേക്ക് നോമിനേറ്റ് ചെയ്ത് ആ സംഘം മടങ്ങി. 

അടുത്ത സംഘമായെത്തിയത് ധന്യയും റോബിനും വിനയ് മാധവും അടങ്ങിയ മൂവര്‍ സംഘമായിരുന്നു. ആ സംഘത്തില്‍ ധന്യയാണ് ആദ്യം സംസാരിച്ച് തുടങ്ങിയത്. തുടര്‍ന്ന് വിനയ് മാധവും സംസാരിച്ചു. മൂന്നമത് സംസാരിച്ച റോബിന്‍ കൃത്യമായ പ്ലാനിങ്ങ് തനിക്കുണ്ടെന്ന് വ്യക്തമാക്കുന്ന തരത്തിലാണ് സംസാരിച്ചത്. റോബിന്‍റെ ഒറ്റ ചോദ്യത്തില്‍ വിനയ് വീണു. ബ്രോയ്ക്ക് എന്തുകൊണ്ട് ഈ നോമിനേഷനില്‍ ചങ്കൂറ്റത്തോടെ നിന്നുകൂടാ ? എന്നായിരുന്നു റോബിന്‍റെ ചോദ്യം. 

ഞാനായിട്ട് സ്വയം എവിക്ഷന്‍ നോമിനേഷനിലേക്ക് കയറില്ലെന്നും നിങ്ങള്‍ രണ്ടുപേരും നിര്‍ദ്ദേശിക്കുകയാണെങ്കില്‍ നില്‍ക്കാമെന്നും വിനയ് മാധവ് മറുപടി പറഞ്ഞു. ഇതോടെ റോബിന്‍റെ നിര്‍ദ്ദേശം കുറച്ചൂകൂടി മയപ്പെടുത്തി ധന്യയും വിനയ് മാധവിനോട് നോമിനേഷനില്‍ നില്‍ക്കാന്‍ പറഞ്ഞു. നോമിനേഷന്‍ പ്രക്രിയയെ തനിക്ക് ഒരുതരത്തിലും പേടിയില്ല. ഒന്നാമനാകണമെന്നാണ് തന്‍റെ ആഗ്രഹം. എന്നാല്‍, ജനങ്ങളുടെ വിധി അംഗീകരിക്കാന്‍ തനിക്ക് മടിയില്ലെന്നും വിനയ് മാധവ് കൂട്ടി ചേര്‍ത്തു. എന്നാല്‍, താന്‍ സ്വയം തോറ്റ് തരില്ലെന്നും വിനയ് വ്യക്തമാക്കി. 

ഇതോടെ റോബിന്‍, തന്‍റെ അവസാന തന്ത്രം പുറത്തെടുത്തു. 'ബ്രോ എനിക്കൊത്ത എതിരാളിയാണ്. അതുകൊണ്ട് ഞങ്ങള്‍ രണ്ടുപേരും ബ്രോയെ എവിക്ഷന്‍ നോമിനേഷനില്‍ വിട്ടാല്‍ അത് പേഴ്സണലി ബ്രോയ്ക്ക് അത് വിഷമമാകുമോയെന്ന് റോബിന്‍ ചോദിച്ചു. എന്നാല്‍ പേഴ്സണലി തനിക്കതൊരു വിഷമമാകില്ലെന്ന് വിനയ് പറഞ്ഞതിന് തൊട്ട് പിന്നാലെ റോബിന്‍, വിനയെ എവിക്ഷനില്‍ വിടുന്നതായി പ്രഖ്യാപിച്ചു. 

തുടര്‍ന്ന് വന്നത് ജാസ്മിനും റിയാസും സൂരജുമായിരുന്നു. മൂന്ന് പേരുടെയും ഇരിപ്പില്‍ തന്നെ ഈ ആഴ്ച സുരജ് എവിക്ഷന്‍ നോമിനേഷനിലുണ്ടാകുമെന്നത് ഉറപ്പായിരുന്നു. റിയാസാണ് പതിവ് പോലെ സംസാരിച്ച് തുടങ്ങിയത്. താന്‍ ശക്തനായ ഒരു മത്സരാര്‍ത്ഥിയാണ്. താനിടപെട്ടത് കൊണ്ട് മാത്രമാണ് ഇവിടെ പല ടാസ്കുകളും രസകരമായി തീര്‍ന്നത്. മാറി നില്‍ക്കാതെ എല്ലാവരോടും എനിക്ക് നന്നായി സംസാരിക്കാന്‍ പറ്റി. റിയാസ് വാചാലനായി. 

നല്ല പോയന്‍റുകള്‍ ഉണ്ടാക്കാന്‍ കഴിഞ്ഞു.... തുടങ്ങി താന്‍ ചെയ്ത 'നന്മകള്‍' എണ്ണിഎണ്ണി പറഞ്ഞ ശേഷം അല്‍പം നാടകീയമായി നിങ്ങള്‍ക്കറിയാല്ലോ എനിക്കീ ഷോ എന്ത്രമാത്രം ഡിസേര്‍വിങ്ങാണെന്ന് (റിയാസ് വന്നപ്പോള്‍ മുതല്‍ പറയുന്നതാണ് ഈ ഷോ റിയാസിന് അത്രമാത്രം പ്രധാനപ്പെട്ടതാണെന്ന്. എന്നാല്‍ ആ പ്രധാന്യം എന്താണെന്ന് മാത്രം പ്രേക്ഷകര്‍ക്ക് ഇതുവരെ മനസിലായിട്ടില്ല.) അതുകൊണ്ട് എനിക്ക് എന്നെ സേവ് ചെയ്യാനാണ് ഇഷ്ടം. റിയാസ് നയം വ്യക്തമാക്കി. 

തുടര്‍ന്ന് സംസാരിച്ചത് സൂരജാണ്. റിയാസും ജാസ്മിനും നടുക്ക് ഇരുന്ന സൂരജ് നടുക്കടലില്‍പ്പെട്ട അവസ്ഥയിലായിരുന്നു. റോബിനെ പോലെ തന്ത്രപരമായ നീക്കമായിരുന്നു ജാസ്മിന്‍റെതും. തനിക്ക് എവിക്ഷന്‍ നോമിനേഷനില്‍ വരാന്‍ ഒരു പ്രശ്നവുമില്ല. ജനങ്ങളുടെ വിധിയറിയാന്‍ താത്പര്യമുണ്ട്. എന്നാല്‍, എന്‍റെയൊപ്പം സൂരജും നോമിനേഷനില്‍ വരണമെന്നാണ് തന്‍റെ ആഗ്രഹമെന്ന് ജാസ്മിന്‍ വ്യക്തമാക്കി. 

എവിക്ഷന്‍ നോമിനേഷന്‍റെ ആദ്യമേ തന്നെ ഒരാളെ മാത്രമേ എവിക്ഷനില്‍ പറഞ്ഞ് വിടാന്‍ പറ്റുകയുള്ളൂ വെന്നാണ് ബിഗ് ബോസ് അറിയിച്ചിരുന്നത്. രണ്ട് പേരുടെ പേരുകള്‍ എവിക്ഷനില്‍ പറയാന്‍ പറ്റില്ല. സ്വാഭാവികമായും റിയാസിന്‍റെയും തന്‍റെയും നടുക്കിരിക്കുന്ന സൂരജ് നോമിനേറ്റ് ചെയ്യപ്പെടുമെന്നായിരുന്നു ജാസ്മിന്‍റെ കണക്കുകൂട്ടല്‍. ജാസ്മിന്‍റെ നീക്കം ശരിയായിരുന്നു. 

റിയാസിനോടും ജാസ്മിനോടും തനിക്ക് ഒറ്റയ്ക്ക് നിന്ന് പോരാടാന്‍ അറിയില്ലെന്ന് വ്യക്തമായ ധാരണ സൂരജിനുമുണ്ടായിരുന്നു. മാത്രമല്ല, ആ സമയത്ത് കൂടെയിരുന്ന ജാസ്മിനും റിയാസും സൂരജ് സംസാരിക്കുമ്പോള്‍ തീരെ താത്പര്യമില്ലാത്ത തരത്തില്‍ അവരവരുടെ കളികളില്‍ മുഴുകുന്നതും കാണാം. ആ സംഘത്തില്‍ ഏതാണ്ട് ഒറ്റപ്പെട്ട നിലയിലായിരുന്നു സൂരജ്. ഒടുവില്‍ താന്‍ തന്നെ ഏവിക്ഷന്‍ നോമിനേഷനില്‍ പോകാമെന്ന് സൂരജ് ഏറ്റ് പറഞ്ഞു, തികച്ചും ഏകപക്ഷീയമായി. 

തുടര്‍ന്നെത്തിയത് റോണ്‍സണും അഖിലും ദില്‍ഷയുമായിരുന്നു. ആദ്യം സംസാരിച്ച് തുടങ്ങിയ റോണ്‍സണ്‍ ആരെയോ ഭയക്കുന്നത് പോലെയായിരുന്നു സംസാരിച്ചത്. സംസാരിച്ച് കാര്യം നേടുന്നവരുണ്ട്. എന്നാല്‍ തനിക്കതിന് കഴിയില്ല. ഇനിയും ഇവിടെ നിന്ന് സംസാരിച്ച് കാര്യങ്ങള്‍ നേടിയെടുക്കാന്‍ താത്പര്യമുണ്ടെന്നും തനിക്കും ഈ വീട്ടില്‍ ക്യാപറ്റനാകണമെന്നും റോണ്‍സണ്‍ പറഞ്ഞു. തുടര്‍ന്ന് സംസാരിച്ച അഖിലും ദില്‍ഷയും റോണ്‍സണ്‍ വീട്ടിലെ ഒരു നനഞ്ഞ പടക്കമാണെന്ന നിലയിലാണ് സംസാരിച്ചത്. 

ഇരുവരുടെയും ആരോപണത്തിന് എതിരെ കാര്യമായൊന്നും പറയാനില്ലാതിരുന്ന ബിഗ് ബോസ് വീട്ടിലെ 'മസില്‍മാന്‍', തന്നെ ഈ എവിക്ഷനില്‍ നോമിനേറ്റ് ചെയ്യാതിരിക്കാനായി ഇരുവരുടെയും കാല് പിടിക്കാന്‍ പോലും തയ്യാറാണെന്ന് പറഞ്ഞു. ഇത് കേട്ടതോടെ ദില്‍ഷ അവനവന് അല്‍പ്പം സെല്‍ഫ് റസ്പെക്റ്റ് ആകാമെന്ന് നിര്‍ദ്ദേശിച്ചു. 

എന്നാല്‍, അതുവരെ ഉണ്ടായിരുന്ന ഊര്‍ജ്ജസ്വലത കൈവിട്ട റോണ്‍സണ്‍ ഗദ്ഗദകണ്ഠനായി. തുടര്‍ന്ന്  വൈകാരികമായി സംസാരിച്ച റോണ്‍സണ്‍ വീണ്ടും ഇരുവരുടെയും കാല് പിടിക്കാന്‍ തയ്യാറാണെന്ന് പറഞ്ഞ് മിണ്ടാതെയിരുന്നു. ഇതോടെ അഖില്‍, സ്വയം നോമിനേറ്റ് ആകാമെന്ന് ബിഗ് ബോസിനെ അറിയിച്ചു. ഒടുവില്‍ ബിഗ് ബോസിന്‍റെ അറിയിപ്പ് വന്നു. പരസ്പര ചര്‍ച്ചയിലൂടെ അടുത്ത ആഴ്ചയിലേക്ക് നോമിനേറ്റ് ചെയ്യപ്പെട്ടവര്‍ സുചിത്ര, വിനയ് മാധവ്, സൂരജ്. അഖില്‍. 
 

click me!