Bigg Boss: ജാസ്മിന്‍റെ കലിപ്പും എവിക്ഷന്‍ നോമിനേഷനിലെ ദില്‍ഷയുടെ തന്ത്രവും

First Published May 31, 2022, 1:18 PM IST

ബിഗ് ബോസ് (Bigg Boss) വീട് വീണ്ടും കറളാവുകയാണ്. 65 -ാം ദിവസത്തിലേക്ക് കടക്കുമ്പോള്‍ പതിനൊന്ന് മത്സരാര്‍ത്ഥികളാണ് ബാക്കിയുള്ളത്. ഇനി ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ ആരാണ് വീട്ടിലെ താരമാവുകയെന്ന ആകാംഷയിലാണ് പ്രേക്ഷകരും. നാല് ആഴ്ചകളാണ് ബിഗ് ബോസ് വീട്ടില്‍ ഇനി അവശേഷിക്കുന്നത്. അതായത് നാല് ക്യാപ്റ്റന്‍സി അവസരങ്ങള്‍. വീട്ടിലെ ക്യാപ്റ്റനാകാന്‍ ഏറ്റവും കൂടുതല്‍ ആഗ്രഹിച്ചിരുന്നൊരാളാണ് ജാസ്മിന്‍. അതിനായി തന്‍റെ കഴിവിന്‍റെ പരമാവധി പുറത്തെടുത്തെങ്കിലും സുചിത്രയ്ക്കായിരുന്നു വിജയം. എന്നാല്‍ പ്രേക്ഷകരുടെ വോട്ടിങ്ങില്‍ സുചിത്ര വീട്ടിന് പുറത്ത് പോയപ്പോള്‍ തനിക്ക് ലഭിച്ച ക്യാപ്റ്റന്‍സി സ്ഥാനം സുചിത്ര, സൂരജ് കൈമാറി. ഇതില്‍ ഏറ്റവും കലിപ്പുണ്ടായതും അത് പ്രകടിപ്പിച്ചതും ജാസ്മിനായിരുന്നു. ഇതോടെ വീട്ടിലെ കലിപ്പന്‍ മത്സാരാര്‍ത്ഥിയെന്ന വിശേഷണം താത്കാലികമായെങ്കിലും ഡോ.റോബിനില്‍ നിന്ന് ജാസ്മിനെ തേടിയെത്തി. 

മിനിയാന്നത്തെ എപ്പിസോഡില്‍ മോഹന്‍ലാലിന്‍റെ സാന്നിധ്യത്തിലായിരുന്നു സുചിത്ര തന്‍റെ ക്യാപ്റ്റന്‍സി സ്ഥാനം സൂരജിന് കൈമാറിയത്. കൂടുതല്‍ ഉമ്മകള്‍ ലഭിച്ചയാളാണ് ക്യാപ്റ്റന്‍സി ടാസ്കില്‍ വിജയിച്ചത്. എന്നാല്‍, ചിലര്‍ രണ്ട് ഉമ്മകള്‍ വീതം നല്‍കിയെന്ന് തമാശയായി മോഹന്‍ലാല്‍ പറഞ്ഞപ്പോള്‍ മുതല്‍ ജാസ്മിന്‍ പ്രതിഷേധ സ്വരം ഉയര്‍ത്തിയിരുന്നു. 

ഒടുവില്‍ തന്‍റെ കലിപ്പ് ജാസ്മിന്‍ തീര്‍ത്തത് ടാസ്കിന്‍റെ ഭാഗമായി വീട്ടിലെ ഗാര്‍ഡന്‍ ഏരിയയില്‍ വീണ് കിടന്ന ബലൂണുകള്‍ ചവിട്ടിപൊട്ടിച്ച് കൊണ്ടായിരുന്നു. 'എന്നിട്ടരിശം തീരാ'തിരുന്ന ജാസ്മിന്‍ ഇന്നലത്തെ ഓപ്പണ്‍ നോമിനേഷനെ കുറിച്ച് സംസാരിക്കാന്‍ ബിഗ് ബോസ് മത്സരാര്‍ത്ഥികളെ ലിവിങ്ങ് ഏരിയയില്‍ വിളിച്ചപ്പോഴും കലിപ്പ് മോഡിലായിരുന്നു ഇരുന്നത്. 

Latest Videos


അടുത്ത ആഴ്ചത്തേക്കുള്ള എവിക്ഷന്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം ധന്യയും അഖിലും തമ്മിലുള്ള സംഭാഷണത്തിനിടെയിലും ജാസ്മിന് വീട്ടില്‍ തുടരുന്നതിലുള്ള താത്പര്യ കുറവിനെ കുറിച്ച് സംസാരമുണ്ടായി. ജാസ്മിന് നിലവിലുള്ള മത്സരാര്‍ത്ഥികളോടൊപ്പം വീട്ടില്‍ തുടരാന്‍ താത്പര്യമില്ലെന്ന് പറഞ്ഞതായി ധന്യ, അഖിലിനോട് പറഞ്ഞു.  

ജാസ്മിന്‍റെ കലിപ്പിന് പ്രധാനമായും കാരണമായത് ക്യാപ്റ്റന്‍സി ടാസ്കില്‍ സ്വന്തം നിലയില്‍ വിജയം കണ്ടെങ്കിലും ഒടുവിലത്തെ മത്സരത്തില്‍ പരാജയപ്പെട്ടതായിരുന്നു. വരാനിരിക്കുന്ന നാല് ആഴ്ചകളിലും തനിക്ക് ക്യാപ്റ്റനാകാനുള്ള സാധ്യത വളരെ കുറവാണെന്ന തോന്നലും ജാസ്മിനുണ്ട്. വീട്ടിനുള്ളില്‍ റോണ്‍സണും റിയാസും ഒഴികേയുള്ള മറ്റ് മത്സരാര്‍ത്ഥികള്‍ക്കിടയിലും ജാസ്മിന് കാര്യമായ സ്വാധീനമില്ലെന്നതും ജാസ്മിന്‍റെ സാധ്യതകള്‍ കുറയ്ക്കുന്നു. 

ഇതിനിടെയാണ് അടുത്ത ആഴ്ചത്തെ നോമിനേഷന്‍ തെഞ്ഞെടുപ്പ് നടന്നത്. പതിവില്‍ നിന്ന് വ്യത്യസ്തമായി ഓപ്പണ്‍ നോമിനേഷനായിരുന്നു ഇത്തവണ. ഇന്നലത്തെ എപ്പിസോഡിന്‍റെ തുടക്കത്തില്‍ തന്നെ താന്‍ നോമിനേഷനില്‍ വന്നാല്‍ പുറത്ത് പോകാന്‍ സാധ്യതയുണ്ടെന്ന ഭയം റോണ്‍സണ്‍ റിയാസിനോടും വിനയ് മാധവിനോടും പങ്കുവച്ചു. 

തനിക്കിപ്പോഴും വീട്ടില്‍ നില്‍ക്കണോ പോകണോ എന്ന കാര്യത്തില്‍ കണ്‍ഫ്യൂഷനുണ്ടെന്നും റോണ്‍സണ്‍, റിയാസിനോട് പറഞ്ഞു. മറ്റ് മത്സരാര്‍ത്ഥികളെല്ലാം തന്നെ റോണ്‍സണ്‍ വീട്ടിലെത്തിയ കാലം മുതല്‍ തിരികെ പോകാനാഗ്രഹിക്കുന്നതായി പറഞ്ഞ് നടക്കുന്നെന്ന ആരോപണം ഉന്നയിച്ചിരുന്നു. എന്നാല്‍ അപ്പോഴൊക്കെ റോണ്‍സണ്‍ ഇതിനെ പ്രതിരോധിക്കാനും ശ്രമിച്ചിരുന്നു.

ഡോ.റോബിനും ബ്ലെസ്ലിയും ധന്യയും ദില്‍ഷയും അഖിലും സൂരജും ഒന്നിച്ചിരിക്കുന്ന അവസരത്തില്‍ അടുത്തത് ഓപ്പണ്‍ നോമിനേഷനായിരിക്കുമെന്ന ബ്ലെസ്ലിയുടെ പ്രവചനമുണ്ടായി. പതിവ് പോലെ നോമിനേഷനെ ഭയമില്ലാത്ത ഡോ.റോബിന്‍ ' ധൈര്യമുള്ളവര്‍, ചങ്കൂറ്റമുള്ളവര്‍ നോമിനേഷനില്‍ വരട്ടെ'യെന്ന് അഭിപ്രായപ്പെട്ടു. 

ഇതിന് ശേഷമായിരുന്നു ബിഗ് ബോസ് വീട്ടില്‍ എവിക്ഷന്‍ നോമിനേഷന്‍ പ്രക്രിയ ആരംഭിച്ചത്. ആദ്യം തന്നെ റിയാസും റോബിനും നോമിനേഷന്‍ വിലക്ക് നേരിടുകയാണെന്നും അതിനാല്‍ ഇരുവര്‍ക്കും മറ്റാരെയും നോമിനേറ്റ് ചെയ്യാന്‍ സാധിക്കില്ലെന്നും ബിഗ് ബോസിന്‍റെ അറിയിപ്പ് വന്നു. എന്നാല്‍ മറ്റുള്ളവര്‍ക്ക് അവരെ നോമിനേറ്റ് ചെയ്യാമെന്നും ബിഗ് ബോസ് അറിയിച്ചു. അതോടൊപ്പം ക്യാപ്റ്റനായ സൂരജിനെയും ആര്‍ക്കും നേമിനേറ്റ് ചെയ്യാന്‍ കഴിയില്ലെന്നും അറിയിപ്പുണ്ടായിരുന്നു.

ഇത്തവണത്തെ എവിക്ഷന്‍ നോമിനേഷന്‍ പ്രക്രിയയും അല്പം വ്യത്യസ്തമായിരുന്നു. നോമിനേറ്റ് ചെയ്യാന്‍ ആഗ്രഹിക്കുന്ന വ്യക്തിയുടെ ചിത്രം സമീപത്തായി സ്ഥാപിച്ചിരിക്കുന്ന നോക്കുകുത്തിയില്‍ സ്ഥാപിച്ച ചട്ടിയില്‍ ഒട്ടിച്ച് വയ്ക്കുക. ശേഷം എന്തുകൊണ്ടാണ് താന്‍ അയാളെ നോമിനേറ്റ് ചെയ്യുന്നത് എന്നതിന് വ്യക്തമായ ഒരു കാരണം പറഞ്ഞ ശേഷം ചുറ്റിക കൊണ്ട് ചിത്രം പതിപ്പിച്ച ചട്ടി അടിച്ച് പൊട്ടിക്കുക. ഇതായിരുന്നു എവിക്ഷന്‍ നോമിനേഷന്‍ പ്രക്രിയ.

ആദ്യം ബിഗ് ബോസ് വിളിച്ചത് റോണ്‍സണെയായിരുന്നു. റോണ്‍സണ്‍ ആദ്യമെടുത്ത ചിത്രം ബ്ലെസ്ലിയുടെതും. കഴിഞ്ഞ ആഴ്ചയില്‍ ബ്ലെസ്ലി തന്‍റെ ക്യാപ്റ്റന്‍സി സ്വന്തം റിവഞ്ച് തീര്‍ക്കാനായി ഉപയോഗിച്ചുവെന്നും അതിനാല്‍ 'റിവഞ്ചേഴ്സ് ബ്ലെസ്ലി'യെ താന്‍ പുറത്താക്കാന്‍ ആഗ്രഹിക്കുന്നെന്നും റോണ്‍സണ്‍ അറിയിച്ചു. രണ്ടാമതായി റിയാസിനെയാണ് റോണ്‍സണ്‍ തെരഞ്ഞെടുത്തത്. 

റോണ്‍സണ്‍ തന്നെ എവിക്ഷന്‍ പ്രക്രിയയിലേക്ക് തെരഞ്ഞെടുത്തതില്‍ റിയാസിന് കലിപ്പുണ്ടെന്നത് അയാളുടെ മുഖഭാവത്തില്‍ നിന്ന് തന്നെ വ്യക്തമായിരുന്നു. കഴിഞ്ഞ ആഴ്ചയില്‍ ഗെയിമിനിടെയില്‍ റിയാസ് തെറി വാക്ക് ഉപയോഗിച്ചതിനാണ് താന്‍ റിയാസിനെ നോമിനേഷനിലേക്ക് തെരഞ്ഞെടുത്തതെന്ന് റോണ്‍സണ്‍ അറിയിച്ചു. എന്നാല്‍ റോണ്‍സണിന്‍റെ ഉത്തരത്തില്‍ റിയാസ് സംതൃപ്തനായിരുന്നില്ല. 

രണ്ടാമതായെത്തിയത് വിനയ് ആയിരുന്നു. ദില്‍ഷയായിരുന്നു വിനയ്‍യുടെ ആദ്യ നോമിനേഷന്‍. ദില്‍ഷ ഇപ്പോഴും മറ്റുള്ളവരുടെ തണലിലാണ് കളിക്കുന്നതെന്നും ഇനിയും ആ കൂട്ടുകെട്ടില്‍ നിന്നും ദില്‍ഷ പുറത്ത് വന്നിട്ടില്ലെന്നും വിനയ് ആരോപിച്ചു. രണ്ടാമതായി വിനയ് ബ്ലെസ്ലിയെ തെരഞ്ഞെടുത്തു. ബ്ലെസ്ലിയുടെ തെരഞ്ഞെടുപ്പില്‍ റോണ്‍സണ്‍ ഉന്നയിച്ച ആരോപണം തന്നെയാണ് വിനയ്‍യും ഉന്നയിച്ചത്. 

മൂന്നാമതായി അഖിലാണ് എത്തിയത്. അഖില്‍ ആദ്യ നോമിനേഷനായി ബ്ലെസ്ലിയെ തെരഞ്ഞെടുത്തു. റോണ്‍സണും വിനയും പറഞ്ഞ അതേ കാരണങ്ങളാണ് അഖിലും ബ്ലെസ്ലിക്കെതിരെ ഉന്നയിച്ചത്. രണ്ടാമതായി റോബിനെയാണ് അഖില്‍ തെരഞ്ഞെടുത്തത്. റോബിന്‍ മറ്റ് മത്സാര്‍ത്ഥികളെ മാനസികമായി ഡൗൺ ചെയ്യുന്നതിനായി അടുത്ത ആഴ്ച ഇന്നയാള്‍ പോകുമെന്ന പ്രവചനം നടത്താറുണ്ടെന്നും ഇത് മത്സരാര്‍ത്ഥികളെ മാനസികമായി പ്രകോപിപ്പിക്കാനാണെന്നും ആരോപിച്ചായിരുന്നു അഖില്‍, റോബിനെ എവിക്ഷനിലേക്ക്  നാമനിര്‍ദ്ദേശം ചെയ്തത്. 

നാലാമതായി എത്തിയ ധന്യ, ഡോ.റോബിനെയും റിയാസ് സലീമിനെയും എവിക്ഷനിലേക്ക് തെരഞ്ഞെടുത്തു. ഡോ.റോബിന്‍റെ ബിഗ് ബോസ് വീട്ടിലെ തന്‍റെ വലിയൊരു എതിരാളിയാണെന്നും അതിനാലാണ് റോബിനെ തെരഞ്ഞെടുത്തതെന്നും ധന്യ പറഞ്ഞു. ധന്യ രണ്ടാമതായി തെരഞ്ഞെടുത്തത് റിയാസ് സലീമിനെ ആയിരുന്നു. ഡോ.റോബിനെക്കാള്‍ ഈ വീട്ടില്‍ നിന്ന് താന്‍ പോകാന്‍ ആഗ്രഹിക്കുന്ന ഒരാള്‍ റിയാസാണെന്നും ധന്യ കൂട്ടിച്ചേര്‍ത്തു. 

തുടര്‍ന്നെത്തിയ ലക്ഷ്മി പ്രിയ, ബ്ലെസ്ലിയെയാണ് ആദ്യത്തെ നോമിനേഷനായി തെരഞ്ഞെടുത്തത്. ബ്ലെസ്ലിയുടെ ക്യാപ്റ്റന്‍സി ദുരുപയോഗമാണ് ലക്ഷ്മിയും ആരോപിച്ചത്. രണ്ടാമതായി റിയാസിനെയാണ് ലക്ഷ്മി തെരഞ്ഞെടുത്തത്. റിയാസിനെ തനിക്ക് ഒരുപാട് ഇഷ്ടമാണെന്നും എന്നാല്‍ പ്രേക്ഷക വിധിയറിയാന്‍ താത്പര്യമുണ്ടെന്നുമായിരുന്നു ലക്ഷ്മിയുടെ അഭിപ്രായം. 

ബ്ലെസ്ലിയായിരുന്നു പിന്നീടെത്തിയത്. തന്‍റെ ആദ്യ നോമിനേഷനായി ബ്ലെസ്ലി തെരഞ്ഞെടുത്തത് അഖിലിനെയായിരുന്നു. അഖില്‍ ഒരു ഘട്ടം കഴിഞ്ഞാല്‍ വയലന്‍സാണ് തെരഞ്ഞെടുക്കുന്നത് എന്നായിരുന്നു ബ്ലെസ്ലിയുടെ ആരോപണം. തന്‍റെ വാദം സ്ഥാപിക്കാനായി രണ്ട് ഉദാഹരണങ്ങളും ബ്ലെസ്ലി നിരത്തി. റിയാസ് സലീമായിരുന്നു ബ്ലെസ്ലിയുടെ രണ്ടാമത്തെ ഇര. മോഹന്‍ലാല്‍ ശിക്ഷ നല്‍കിയപ്പോള്‍ പോലും തനിക്കത് ചെയ്യാന്‍ കഴിയില്ലെന്നായിരുന്നു റിയാസ് പറഞ്ഞത്. അത് ബിഗ് ബോസ് ഷോയോടുള്ള ഡിസ്റെസ്പെക്റ്റാണെന്നായിരുന്നു ബ്ലെസ്ലിയുടെ ആരോപണം. 

തുടര്‍ന്നെത്തിയ ജാസ്മിന്‍, പതിവ് പോലെ ഡോ.റോബിനെ തന്നെയാണ് ആദ്യ നോമിനേഷനായി തെരഞ്ഞെടുത്തത്. വ്യക്തി വിരോധം തീര്‍ക്കുന്ന തരത്തിലായിരുന്നു ജാസ്മിന്‍റെ പ്രകടനം. ഡോ.റോബിന്‍റെ ചിത്രം തറയില്‍ വച്ച് രണ്ട് തവണ ചുറ്റിക കൊണ്ട് അടിച്ചതിന് ശേഷമാണ് ജാസ്മിന്‍ ആ ചിത്രമെടുത്ത് ചട്ടിയില്‍ ഒട്ടിച്ചത്. ജാസ്മിന്‍, താനെന്തുകൊണ്ടാണ് ഡോ.റോബിനെ തെരഞ്ഞെടുത്തതെന്നുള്ള കാരണം പറഞ്ഞ് തുടങ്ങുന്നതിന് മുമ്പ് തന്നെ ഡോ.റോബിന്‍ തന്‍റെ ഇരു ചെവികളും പൊത്തിപ്പിടിക്കുന്നതും കാണാമായിരുന്നു. 

'വെറും റോബിന്‍ രാധാകൃഷ്ണന്‍' ഇമേജ് കോണ്‍ഷ്യസാണെന്നും അയാള്‍ ഫെയ്ക്കായാണ് വീട്ടില്‍ നില്‍ക്കുന്നതെന്നുമുള്ള തന്‍റെ പഴയ കാരണങ്ങള്‍ തന്നെയായിരുന്നു ജാസ്മിന്‍ ഇത്തവണയും ഡോ.റോബിനെതിരെ ഉന്നയിച്ചത്. പ്രേക്ഷകര്‍ എന്ത് ചിന്തിച്ചാലും ഈ വീട്ടില്‍ ജീവിക്കുന്നൊരു വ്യക്തി എന്ന നിലയില്‍ ഈ വീട്ടില്‍ നിന്നും ഏറ്റവും ആദ്യം പുറത്ത് പോകേണ്ട വ്യക്തി റോബിന്‍ രാധാകൃഷ്ണനാണെന്നും ജാസ്മിന്‍ പറഞ്ഞു. തുടര്‍ന്ന് ബ്ലെസ്ലിയെയാണ് ജാസ്മിന്‍ തെരഞ്ഞെടുത്തത്. ബ്ലെസ്ലി സ്ത്രീവിരോധിയാണെന്നായിരുന്നു ഇതിന് ജാസ്മിന്‍ പറഞ്ഞ കാരണം.

ദില്‍ഷയായിരുന്നു തുടര്‍ന്നെത്തിയത്. വിനയ് മാധവിനെയാണ് ദില്‍ഷ നോമിനേഷനിലേക്ക് ആദ്യം തെരഞ്ഞെടുത്തത്. വിനയ്‍യ്ക്ക് സ്വന്താമായെരു നിലപാടില്ലായെന്നും കാറ്റിന്‍റെ വ്യതിയാനത്തിന് അനുസരിച്ച് വിനയ് നിലപാട് മാറ്റുന്ന ഒരാളെന്നും ദില്‍ഷ ആരോപിച്ചു. തുടര്‍ന്ന് റോണ്‍സണെയായിരുന്നു ദില്‍ഷ നോമിഷനിലേക്ക് തെരഞ്ഞെടുത്തത്. വീട്ടിനുള്ളില്‍ പല കാര്യങ്ങളും ചെയ്യാന്‍ കഴിയുമായിരുന്നിട്ടും റോണ്‍സണ്‍ ഉള്‍വലിഞ്ഞ് നില്‍ക്കുകയാണെന്നായിരുന്നു ദില്‍ഷ, റോണ്‍സണിനെതിരെ ഉന്നയിച്ച് ആരോപണം. 

സൂരജ്, നോമിനേഷനിലേക്ക് ആദ്യം തെരഞ്ഞെടുത്തത് റിയാസിനെയാണ്. കഴിഞ്ഞ നോമിനേഷന്‍ പ്രക്രിയയില്‍ റിയാസ് ഡബിള്‍ സ്റ്റാന്‍റ് എടുത്തെന്നായിരുന്നു സൂരജിന്‍റെ നിരീക്ഷണം. രണ്ടാമതായി മുഹമ്മദ് ഡില്‍ജന്‍റ് ബ്ലെസ്ലിയെയാണ് സൂരജ് തെര‍ഞ്ഞെടുത്തത്. താന്‍ കൂടി ഭാഗഭക്കായി നേടിക്കൊടുത്ത ക്യാപ്റ്റന്‍സി ബ്ലെസ്ലി ദുരുപയോഗം ചെയ്തെന്നായിരുന്നു സൂരജിന്‍റെ ആരോപണം. 

ഇതോടെ ബിഗ് ബോസ് വീട്ടിലെ അടുത്ത ആഴ്ചയിലേക്കുള്ള എവിക്ഷന്‍ നോമിനേഷന്‍ പ്രക്രിയ അവസാനിച്ചു. ആറ് വോട്ടുകളോടെ ബ്ലെസ്ലി, അഞ്ച് വോട്ടുകളോടെ റിയാസ് സലീം, മൂന്ന് വോട്ടുകളോടെ റോബിന്‍, ഒരു വോട്ട് നേടിയ റോണ്‍സണ്‍, അഖില്‍, ദില്‍ഷ, വിനയ് എന്നിവരെയും എവിക്ഷനിലേക്ക് തെരഞ്ഞെടുത്തതായി ബിഗ് ബോസ് അറിയിച്ചു. 

തുടര്‍ന്ന് വീട്ടിനുള്ളില്‍ നോമിനേഷന്‍ പ്രക്രിയയെ കുറിച്ചുള്ള ചര്‍ച്ചകളായിരുന്നു അരങ്ങേറിയത്. ദില്‍ഷയോട് താന്‍ കണ്ണ് കൊണ്ട് കാണിച്ചതിന്‍റെ അര്‍ത്ഥം തനിക്ക് മനസിലായല്ലോ എന്ന് ചോദിച്ചാണ് റോബിന്‍ തന്‍റെ സംസാരം തുടങ്ങിയത്. എന്നാല്‍, റോബിന്‍ പറഞ്ഞതെന്താണെന്ന് തനിക്ക് മനസിലായില്ലെന്നും എന്നാല്‍, വിനയ് മാധവിനെയും റോണ്‍സണെയും താന്‍ മനപൂര്‍വ്വം എവിക്ഷന്‍ നോമിനേഷനിലേക്ക് തെരഞ്ഞെടുത്തതാണെന്നും ദില്‍ഷ പറഞ്ഞു. 

താന്‍ ഇരുവരെയും അങ്ങനെ തെരഞ്ഞെടുത്തില്ലെങ്കില്‍ ഇത്തവണത്തെ എവിക്ഷന്‍ പ്രക്രിയ മൊത്തത്തില്‍ കുളമാകുമെന്നും ദില്‍ഷ അഭിപ്രായപ്പെട്ടു. മാത്രമല്ല, ജാസ്മിന്‍, റോബിനെ തെരഞ്ഞെടുക്കാനായി പറഞ്ഞ രീതി വച്ച് നോക്കുമ്പോള്‍ തനിക്ക് ജാസ്മിനെ തെരഞ്ഞെടുക്കണണെന്നുണ്ടായിരുന്നെന്നും എന്നാല്‍, ജാസ്മിന്‍ ശക്തയായ മത്സരാര്‍ത്ഥിയാണെന്നും ദില്‍ഷ പറഞ്ഞു. മറിച്ച് വീട്ടിനുള്ളിലെ വീക്കായിട്ടുള്ള മത്സരാര്‍ത്ഥികളായവരെ കൂടി എവിക്ഷനിലേക്ക് ഇടുകയെന്നതാണ് തന്‍റെ ഉദ്ദേശമെന്നും ദില്‍ഷ റോബിനോട് വ്യക്തമാക്കി. അത് ബുദ്ധിപരമായ നീക്കമാണെന്നായിരുന്നു റോബിന്‍റെ മറുപടി. 

സൂരജ് തന്നെ നോമിനേറ്റ് ചെയ്തതില്‍ സങ്കടമില്ലെന്ന് പറഞ്ഞ റിയാസ്, മോഹന്‍ലാലിന്‍റെ പേര് ഉപയോഗിച്ച് തന്നെ നോമിനേറ്റ് ചെയ്തതിലുള്ള എതിര്‍പ്പ് ബ്ലെസ്ലിയോട് പങ്കുവച്ചു.  തന്നെ നോമിനേറ്റ് ചെയ്തത് ഭയങ്കര തേപ്പായെന്നായിരുന്നു റോണ്‍സണ്‍ ദില്‍ഷയോട് പറഞ്ഞത്. ദില്‍ഷ സത്യസന്ധമായി കളിച്ചില്ലെന്നും തനിക്ക് ഭയങ്കര വിഷമമായെന്നും റോണ്‍സണ്‍ പറഞ്ഞു. തനിക്ക് നേമിനേഷന് കഴിയുമായിരുന്നെങ്കില്‍ താനും റോണ്‍സണെ നോമിനേറ്റ് ചെയ്യുമായിരുന്നെന്ന് ഇതിനിടെ റോബിനും അഭിപ്രായപ്പെട്ടു. 

നിങ്ങള്‍ രണ്ട് പേരും തന്നെ നോമിനേറ്റ് ചെയ്യുമെന്ന് തനിക്കറിയാമെന്നും റോബിന്‍ പറഞ്ഞിട്ടാണ് ദില്‍ഷ തന്നെ നോമിനേറ്റ് ചെയ്തതെന്നും റോണ്‍സണ്‍ ആരോപിച്ചു. എന്നാല്‍ എന്‍റെ കൃഷ്ണനാണെ അത് തന്‍റെ മാത്രം തീരുമാനമാണെന്നായിരുന്നു ദില്‍ഷയുടെ മറുപടി. മറ്റാര്‍ക്കും തോന്നാത്ത കാര്യം ദില്‍ഷയ്ക്ക് തോന്നിയതില്‍ സന്തോഷമുണ്ടെന്നും റോണ്‍സണ്‍ മറുപടി പറഞ്ഞു. 

വീട്ടില്‍ പോകണമെന്ന് ഇപ്പോഴും പറഞ്ഞോണ്ടിരിക്കുന്ന രണ്ട് വ്യക്തികളാണ് ജാസ്മിനും റോണ്‍സണുമെന്നും മറ്റൊരു തരത്തിലായിരുന്നു എവിക്ഷനെങ്കില്‍ താന്‍ ഇരുവരുടെയും പേരുകള്‍ പറയുമായിരുന്നെന്നും ധന്യ ഇതിനിടെ അഖിലിനോട് പറഞ്ഞു. വീട്ടില്‍ ഇപ്പോഴുള്ള മത്സരാര്‍ത്ഥികളുടെ കൂടെ നില്‍ക്കേണ്ടെന്നും ജാസ്മിന് ഗെയിം മടുത്തെന്നും പറഞ്ഞതായും  വന്നപ്പോള്‍ തൊട്ടേ വീട്ടിലേക്ക് പോകണമെന്ന് ആഗ്രഹിക്കുന്നയാളാണ് റോബിനെന്നും ധന്യ കൂട്ടിചേര്‍ത്തു. 

റോണ്‍സണും വിനയ്‍യും ഇത്തവണ പുറത്ത് പോകുമെന്നായിരുന്നു ധന്യയുടെ നിരീക്ഷണം. എന്നാല്‍, റോണ്‍സണും ദില്‍ഷയുമാണ് ഇത്തവണ പുറത്ത് പോവുകയെന്ന് അഖില്‍ തിരുത്തി. തനിക്കങ്ങനെയാണ് തോന്നുന്നതെന്നും അഖില്‍ കൂട്ടിചേര്‍ത്തു. ബിഗ് ബോസ് പ്രേക്ഷകര്‍ അടുത്തതായി ഒരു ഫ്രണ്ട്ഷിപ്പ് സര്‍ക്കിള്‍ കൂടി ബ്രേക്ക് ചെയ്യാനാണ് ആഗ്രഹിക്കുകയെന്നായിരുന്നു അഖിലിന്‍റെ നിരീക്ഷണം. അങ്ങനെയെങ്കില്‍ റോബിനോ ദില്‍ഷയോ പോകുമെന്നായിരുന്നു ധന്യയുടെ മറുപടി. 

എന്നാല്‍ പ്രേക്ഷകര്‍ മറ്റൊരു തരത്തിലാകും ചിന്തിക്കുകയെന്നും ആര് പുറത്ത് പോയാലാണ് ആര്‍ക്കാണ് ഫീലിങ്ങ് ഉണ്ടാകുകയെന്നുമാകും ജനം ചിന്തിക്കുകയെന്നും അഖില്‍ കൂട്ടിച്ചേര്‍ത്തു. ഇതിനിടെ മറ്റൊരു സ്ഥലത്ത് റോണ്‍സണ്‍ തന്നെ നോമിനേറ്റ് ചെയ്തതിലുള്ള പരാതി ജാസ്മിനോട് പങ്കുവയ്ക്കുകയായിരുന്നു റിയാസ് സലീം. 

റിയാസ് 'എഫ് ഗെയിം' എന്ന് പറഞ്ഞാല്‍ മോശം, എന്നാല്‍ റോണ്‍സണ്‍ ഇരുപത്തിനാല് മണിക്കൂറും കെട്ടിപിടിച്ച് നടക്കണ വിനയ് എന്ത് തെറി പറഞ്ഞാലും റോണ്‍സണ് പ്രശ്നമില്ലായെന്നും റിയാസ് ആരോപിച്ചു. മറ്റാര് തന്നെ നോമിനേറ്റ് ചെയ്തതിലും തനിക്ക് പ്രശ്നമില്ലെന്നും റോണ്‍സണ്‍ തന്നെ നോമിനേറ്റ് ചെയ്തതില്‍ തനിക്ക് പ്രശ്നമുണ്ടെന്നും റിയാസ്, ജാസ്മിനോട് പറഞ്ഞു കൊണ്ടിരുന്നു. 

റിയാസിന്‍റെ പറച്ചിലുകളോട് യാതൊരു വിധ പ്രതികരണത്തിനും ജാസ്മിന്‍ തയ്യാറായിരുന്നില്ല. എന്നാല്‍, ദില്‍ഷയോടല്ല തനിത് പറഞ്ഞതെന്ന് റിയാസ് പറഞ്ഞപ്പോള്‍ 'താന്‍ ഓപ്പണ്‍ റിലേഷന്‍ഷിപ്പ് ഇഷ്ടപ്പെടുന്നെന്ന്' മാത്രം ജാസ്മിന്‍ മറുപടി ഒതുക്കി. ഇതിനിടെ നോമിനേഷനില്‍ വന്നതില്‍ ഭയമുണ്ടോയെന്ന് വിനയ്, റോണ്‍സണോട് ചോദിക്കുന്നുണ്ടായിരുന്നു. ഭയമില്ലെന്നായിരുന്നു റോണ്‍സണിന്‍റെ മറുപടി. 

ഇതേസമയം അടുക്കളയില്‍ മറ്റൊരു സംഭാഷണം പുരോഗമിക്കുന്നുണ്ടായിരുന്നു. ധന്യയും ലക്ഷ്മി പ്രിയയുമായിരുന്നു അത്. ഇരുവരും ഒരുപോലെ ഈ ആഴ്ചയിലെ നോമിനേഷന്‍ താരം ദില്‍ഷയാണെന്ന് അഭിപ്രായപ്പെട്ടു. നമ്മളായിരുന്നു ആ നേമിനേഷന്‍ പറഞ്ഞിരുന്നതെങ്കില്‍ റോണ്‍സണ്‍ തകര്‍ന്ന് പോകുമായിരുന്നെന്നും ധന്യ അഭിപ്രായപ്പെട്ടു.

ദില്‍ഷ വീട്ടിലെ പണികളെടുക്കുന്നുണ്ടെന്നും എന്നാല്‍ റോണ്‍സണ്‍ പറയുന്ന മണ്ടത്തരം കേട്ടാണ് വിനയ് ആളുകളെ നോമിനേഷനില്‍ വിടുന്നതെന്നും ഇരുവരും അഭിപ്രായപ്പെട്ടു. അടുത്ത തവണ താന്‍ വിനയ്‍യെ നോമിനേറ്റ് ചെയ്യുമെന്ന് ഇതിനിടെ ധന്യ പ്രഖ്യാപിച്ചു. 

click me!