Bigg Boss: സംഭവം കളറായി; വീണ്ടും സോറി പറഞ്ഞ് ഡോക്ടര്‍, ഉരുകി തീര്‍ന്ന് നവീന്‍, താരമായി നിമിഷ

First Published | Apr 23, 2022, 3:22 PM IST

ബിഗ് ബോസ് നാലാം എപ്പിസോഡായ ഇന്നലെ സംഘര്‍ഷങ്ങളിലൂടെയാണ് കടന്ന് പോയത്. പതിവ് പോലെ പ്രശ്നങ്ങള്‍ക്ക് തുടക്കമിട്ടത് ഡോ. റോബിനായിരുന്നു. ക്യാപ്റ്റന്‍സി ടാസ്കിനിടയില്‍ കൂടെയുള്ള പല മത്സരാര്‍ത്ഥികള്‍ക്കും നിലപാടില്ലെന്നും പലരും അപ്പോഴത്തെ സാഹചര്യത്തിനുസരിച്ചാണ് നിലപാട് മാറ്റുന്നതെന്നുമായിരുന്നു ഡോ.റോബിന്‍റെ പരാതി. പക്ഷേ, തന്‍റെ നിലപാട് സ്ഥാപിക്കാനായി ഡോ.റോബിന്‍ ഉപയോഗിച്ച ചൊല്ല് പക്ഷേ, പലരിലും പ്രശ്നങ്ങളുണ്ടാക്കി. ഓരോരുത്തരായി വന്ന് റോബിനെ കുറ്റപ്പെടുത്തിയപ്പോള്‍ അശ്വിന് പലപ്പോഴും സ്വയം നിയന്തിക്കാന്‍ പാടുപെട്ടു. ഇടയ്ക്ക് അശ്വിന്‍ ഒന്ന് തേങ്ങുകവരെ ചെയ്തു. റോബിന്‍റെ ഇടപെടലോടെ വളരെ സാധാരണമായി പോവുകയായിരുന്ന ക്യാപ്റ്റന്‍സി തെരഞ്ഞെടുപ്പ് സംഘര്‍ഷഭരിതമായി. 

ആരോഗ്യ രംഗമെന്ന വീക്ക്‍ലി ടാസ്‍കില്‍ മോശം പ്രകടനം നടത്തിയതിന്‍റെ പേരിലായിരുന്നു കഴിഞ്ഞ ദിവസത്തെ ജയില്‍ നോമിനേഷൻ. ഭാരം കുറയ്‍ക്കേണ്ട ടീമിന്‍റെ ക്യാപ്റ്റനായിരുന്ന നവീൻ അറയ്ക്കലിനെയായിരുന്നു കൂടുതല്‍ പേരും ജയിലിലേക്ക് നോമിനേറ്റ് ചെയ്തത്. 

ഒരു ക്യാപ്റ്റൻ എന്ന നിലയില്‍ നവീൻ  ഉത്തരവാദിത്തങ്ങള്‍ നിറവേറ്റിയില്ലെന്നായിരുന്നു എല്ലാവരുടെയും നോമിനേഷന് കാരണമായി പറഞ്ഞിരുന്നത്. നിമിഷ, അഖില്‍ എന്നിവരായിരുന്നു ജയില്‍ നോമിനേഷനിലുണ്ടായിരുന്ന മറ്റ് രണ്ട് പേര്‍.


ജയിലില്‍ വച്ച് നവീന്‍ തീര്‍ത്തും അസ്വസ്ഥനായിരുന്നെന്ന് ബിബി പ്ലസില്‍ കാണിച്ചിരുന്നു. ഇടയ്ക്ക് ലക്ഷ്മി പ്രിയ, നവീനെ ആശ്വസിപ്പിക്കാന്‍ ജയലിന് സമീപത്തെത്തിയിരുന്നു. തന്‍റെ മകളുടെ പ്രയമുള്ള കുട്ടികള്‍ പോലും തന്നെ എടാ, പോടാ, നീ... എന്നിങ്ങനെയൊക്കെയാണ് അഭിസംബോധന ചെയ്യുന്നതെന്നും തനിക്ക് ഇതൊന്നും അത്രയ്ക്ക് നന്നായി തോന്നുന്നില്ലെന്നും നവീന്‍, ജയില്‍ കിടന്ന് ക്യാമറ നോക്കി പറയുന്നുണ്ടായിരുന്നു. 

ഈ സമയം, ജയിലിലെ മറ്റൊരു അന്തേവാസിയായ അഖില്‍, നവീനെ ആശ്വസിപ്പിക്കുന്നതും കാണാമായിരുന്നു. വളരെ  വേഗം തന്നെ ഇരുവരെയും ബിഗ് ബോസ്, ജയിലില്‍ നിന്ന് പുറത്തിറക്കുകയും ചെയ്തു. പുറത്തിറങ്ങിയിട്ടും നവീന്‍ അസ്വസ്ഥനായിരുന്നെന്ന് അദ്ദേഹത്തിന്‍റെ സംഭാഷണങ്ങളിലും അംഗ ചലനങ്ങളിലും വ്യക്തമായിരുന്നു. 

എന്നാല്‍, ഇന്നല അടുത്ത ആഴ്ചത്തെ ക്യാപ്റ്റനെ തെരഞ്ഞെടുക്കാനുള്ള അവസരം വന്നപ്പോള്‍ മിക്ക ആളുകളും നവീനെ തന്നെ ക്യാപ്റ്റനായി തെരഞ്ഞെടുത്തു. മറ്റ് മത്സരാര്‍ത്ഥികളില്‍ മിക്കവരും തന്നെ നവീനെ ജയിലില്‍ അയച്ച തീരുമാനം തെറ്റിദ്ധാരണയുടെ പുറത്തായിരുന്നുവെന്ന് വ്യക്തമാക്കി. 

അങ്ങനെ ഞങ്ങള്‍ക്ക് സംഭവിച്ച തെറ്റ് തിരുത്തുന്നതിന്‍റെ കൂടി ഭാഗമായിട്ടായിരുന്നു നവീന്‍റെ പേര് നിര്‍ദ്ദേശിക്കുന്നുവെന്ന് പറ‍ഞ്ഞത് മറ്റ് ചിലര്‍ക്ക് രുചിച്ചില്ല. എങ്കിലും ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് മത്സരിക്കാന്‍ നവീന് കൂടുതല്‍ വോട്ടുകള്‍ ലഭിച്ചു. 

നവീനോടൊപ്പം നിമിഷയും സൂരജും ക്യാപ്റ്റന്‍ സ്ഥാനാര്‍ത്ഥികളായി തെരഞ്ഞെടുക്കപ്പെട്ടു. നാമനിര്‍ദ്ദേശത്തിന് ശേഷം ചിലര്‍ തങ്ങളെന്തു കൊണ്ടാണ് നവീനെ തെരഞ്ഞെടുത്തതെന്ന് വ്യക്തമാക്കി. എന്നാല്‍, ജയിലില്‍ പോയ ആളെ തന്നെ അടുത്ത ആഴ്ചയിലെ ക്യാപ്റ്റന്‍ സ്ഥാനാര്‍ത്ഥിയാക്കിയതിനെ ചൊല്ലി തര്‍ക്കമുണ്ടായി.

പുതിയ ക്യാപ്റ്റനായുള്ള മത്സരത്തിലേക്ക് നോമിനേറ്റ് ചെയ്യാൻ അവസരം ലഭിച്ചപ്പോള്‍ നവീനെ കുറിച്ച് പറഞ്ഞു കൊണ്ടാണ് ഡെയ്‍സി തുടങ്ങിയത്.  താനും കൂടി ചേര്‍ന്നാണ് നവീൻ ചേട്ടനെ ജയിലിലേക്ക് നോമിനേറ്റ് ചെയ്‍തത്. എന്നാല്‍. ടാസ്‍കിന്‍റെ ഭാഗമായി ഏറ്റവും ഞങ്ങളെ എടുത്തുകൊണ്ട് നടന്നത് നവീൻ ചേട്ടാനാണ്. 

പക്ഷേ, നവീൻ ചേട്ടന്‍റെ പ്ലസ് പോയന്‍റുകള്‍ നമ്മള്‍ കണ്ടില്ലെന്നും ഡെയ്സി വിശദീകരിച്ചു. ഒരു വശത്ത് നിന്ന് പേര് വന്നു തുടങ്ങിയപ്പോള്‍ മറ്റുള്ളവര്‍ അത് ഏറ്റുപറയുകയായിരുന്നുവെന്നും ഡെയ്സി പറഞ്ഞു. മാത്രമല്ല, റോണ്‍സണ്‍ വന്ന വീഴ്ചയാണ് നവീന്‍റെ പേര് ജയിലിലേക്ക് നിര്‍ദ്ദേശിക്കാനുണ്ടായ കാരണമെന്നും ഡെയ്സി വിശദീകരിച്ചു. 

മത്സരത്തിന്‍റെ കാര്യങ്ങള്‍ നവീന്‍, റോണ്‍സണുമായി പങ്കുവച്ചിരുന്നു. എന്നാല്‍ റോണ്‍സണ് അത് മറ്റ് മത്സരാര്‍ത്ഥികളോട് കമ്മ്യൂണിക്കേറ്റ് ചെയ്യാന്‍ കഴിഞ്ഞില്ല. ഇതിനാല്‍, ടാസ്കിനിടെയില്‍ നവീന്‍ ചേട്ടന്‍ ചെയ്ത നല്ല കാര്യങ്ങള്‍ കമ്മ്യൂണിക്കേറ്റ് ചെയ്യപ്പെടാതെ പോയി. 

മാത്രമല്ല, നവീന്‍ ചെയ്ത മോശം കാര്യങ്ങള്‍ പ്രോജക്റ്റ് ചെയ്യപ്പെട്ടു. ഇതിനിടെ ഒരാള്‍ പേര് പറഞ്ഞതോടെ മറ്റുള്ളവര്‍ അത് ഏറ്റുപറയുകയായിരുന്നെന്നും ഡെയ്സി വിശദീകരിച്ചു. തുടര്‍ന്ന് ഓരോരുത്തരായി തങ്ങളുടെ ക്യാപ്റ്റന്‍ സ്ഥാനാര്‍ത്ഥിയുടെ പേര് പറഞ്ഞു. 

ഏറ്റവും ഒടുവില്‍ നോമിനേഷന്‍ കഴിഞ്ഞപ്പോള്‍, നവീൻ തനിക്ക് വ്യക്തിപരമായിട്ടാണ് ഇൻസ്‍ട്രക്ഷൻ തന്നതെന്നും  നവീൻ എന്തൊക്കെ ചെയ്‍തു എന്ന് മറ്റ് മത്സരാര്‍ത്ഥികള്‍ മനസിലാക്കാത്തത് തന്‍റെ കുറ്റമല്ലെന്നും അത് തിരിച്ചറിയേണ്ടത് ഓരോരുത്തരുമാണെന്നും റോണ്‍സണ്‍ വിശദമാക്കി. 

നവീൻ തന്‍റെ സുഹൃത്താണെങ്കിലും ഓരോരുത്തര്‍ക്കും അവരവരുടെ വ്യക്തിപരമായ സ്വാതന്ത്ര്യമുണ്ടെന്നും റോണ്‍സണ്‍ പറഞ്ഞു. ഇക്കാര്യത്തില്‍ ലക്ഷ്‍മി പ്രിയ, ജാസ്‍മിൻ, ദില്‍ഷ, ബ്ലസ്‍ലി, ധന്യ, ഡോ. റോബിൻ തുടങ്ങിയവര്‍ അഭിപ്രായം അറിയിച്ച് രംഗത്ത് എത്തി. 

ഒരാള്‍ പറഞ്ഞതുപോലെ ആവര്‍ത്തിക്കുകയല്ലെ വേണ്ടതെന്നും ബിഗ് ബോസിലെ നോമിനേഷൻ രീതി ശരിയല്ലെന്നും ബ്ലെസ്‍ലി ചൂണ്ടിക്കാട്ടി. സ്വന്തം അഭിപ്രായമാണ് ഓരോരുത്തര്‍ക്കും വേണ്ടതെന്ന് ദില്‍ഷയും പറഞ്ഞു. എന്നാല്‍, പതിവ് പോലെ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തമായ അഭിപ്രായമുന്നയിച്ചായിരുന്നു ജാസ്മിന്‍ രംഗത്തെത്തിയത്. 

മുമ്പ് പലരും ജയിലില്‍ പോയിട്ടുണ്ടെന്നും അന്നൊന്നും ഇങ്ങനെ ചര്‍ച്ച നടന്നില്ലല്ലോയെന്ന് ജാസ്‍മിനും ചോദിച്ചു. ഈയൊരു പ്രശ്നം കഴിഞ്ഞ കുറച്ച് കാലമായി ജാസ്മിനും നിമിഷയും ബിഗ് ബോസ് വീട്ടില്‍ ഉയര്‍ത്തുന്ന ഒന്നായിരുന്നു. വീട്ടില്‍ ഇപ്പോള്‍ രണ്ട് ഗ്രൂപ്പുണ്ടെന്നും അതില്‍ ഒരു ഗ്രൂപ്പില്‍ നിന്നുള്ളവര്‍ മാത്രമാണ് ക്യാപ്റ്റന്‍സി ടാസ്കിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നതെന്നും ഇരുവരും ആരോപിച്ചിരുന്നു. 

മാത്രമല്ല, ആ ഗ്രൂപ്പിന്‍റെ എതിര്‍ ചേരിയിലുള്ള ഞങ്ങളുടെ ഗ്രൂപ്പില്‍ നിന്നാണ് കൂടുതലും ജയില്‍ നോമിനേഷന്‍ പോയിട്ടുള്ളതെന്നുമായിരുന്നു ഇരുവരും അന്ന് പറഞ്ഞിരുന്നത്. അതോടൊപ്പം താന്‍ ഈ ബിഗ് ബോസ് വീട്ടിലെ ക്യാപ്റ്റനാകും എന്നും നിമിഷ പ്രഖ്യാപിച്ചിരുന്നു. തൊട്ടടുത്ത ആഴ്ച തന്നെ നിമിഷ തന്‍റെ പ്രതിജ്ഞയുടെ ആദ്യ പകുതി പിന്നിട്ടു. അപര്‍ണ ഇക്കാര്യത്തില്‍ നിമിഷയെ ഇന്നലെ അഭിനന്ദിക്കുകയും ചെയ്തു. 

കഴിഞ്ഞ ആഴ്ചയായിരുന്നു ഈ സംഭവം. തൊട്ടടുത്ത ആഴ്ചയില്‍ കിച്ചണ്‍ ടീമിന്‍റെ ക്യാപ്റ്റനായിരുന്നു നിമിഷ. നിമിഷയുടെ അടുക്കളയിലെ  പ്രകടനം കൊണ്ട് മത്സരാര്‍ത്ഥികളില്‍ ഭൂരിഭാഗം പേരും അടുത്ത ക്യാപറ്റനായി തെരഞ്ഞെടുത്തവരില്‍ ഒരാള്‍ നിമിഷയായിരുന്നു. 

ജാസ്മിന് ശേഷം വിശദീകരണവുമായി രംഗത്തെത്തിയത് ഡോ. റോബിനായിരുന്നു. "ജയില്‍ നോമിനേഷൻ ചെയ്യുമ്പോള്‍ മോശം പ്രകടനം നടത്തിയ ആളെയാണ് പറയുന്നത്. കുറച്ച് പേര്‍ ഒരാളുടെ പേര് പറഞ്ഞു. ക്യാപ്റ്റൻസിയുടെ നോമിനേഷനിലും അയാളെ തന്നെ ഗംഭീരമാണെന്ന് പറഞ്ഞും കുറേ ആള്‍ക്കാര്‍ രംഗത്തെ വന്നു." ഡോക്ടര്‍ റോബിന്‍ തുടര്‍ന്നു. 

" ഇതില്‍ ആദ്യം വേണ്ടത് നിലപാടാണ്. എന്തെങ്കിലും ഒരു ഒരു കാര്യം പറഞ്ഞാല്‍ അതില്‍ ഉറച്ച് നില്‍ക്കാന്‍ ചങ്കൂറ്റം വേണം, പറയുന്നതില്‍ അടിയുറച്ച് നില്‍ക്കണം. അല്ലാതെ 'അപ്പം കാണുന്നവരെ അപ്പാ' എന്ന് വിളിക്കുന്ന സ്വഭാവം കാണിക്കരുത്. അത് വളരെ നാണം കെട്ട ഏര്‍പ്പാടാണ്. നമുക്ക് സ്വന്തമായി ഒരു വ്യക്തിത്വവും നിലപാടും ഉണ്ടായിട്ട് ഇവിടെ നില്‍ക്കണം"  റോബിന്‍ തന്‍റെ നിലപാട് ശക്തമായി തന്നെ പറഞ്ഞു. 

ഡോ. റോബിനുമായി മുമ്പ് പലപ്പോഴും ഉരസി നിന്ന ചില മത്സരാര്‍ത്ഥികള്‍ റോബിന്‍ തന്‍റെ പ്രസ്ഥാവന പിന്‍വലിച്ച് മാപ്പ് പറയണമെന്ന ആവശ്യവുമായി രംഗത്തെത്തിയത് ബിഗ് ബോസ് വീടിനെ ചൂട് പിടിപ്പിച്ചു. ഇക്കാര്യത്തില്‍ ധന്യ തന്‍റെ നിലപാട് വ്യക്തമാക്കി. 

'ജയില്‍ നോമിനേഷൻ, ടാസ്‍ക് അടിസ്ഥാനമാക്കിയാണ്. അതില്‍ ഇപ്പോഴും ഞാൻ ഉറച്ചുനില്‍ക്കുന്നു. നോമിനേഷൻ ചെയ്‍തു കഴിഞ്ഞപ്പോള്‍, കഴിവ് ഇല്ലാത്തതിനാല്‍ ജയിലിലേക്ക് വിട്ടു എന്ന ധാരണ വന്നു. ജയിലിലേക്ക് പോയവരെ ക്യാപ്റ്റൻസിയിലേക്ക് നോമിനേറ്റ് ചെയ്യാൻ പാടില്ലെങ്കില്‍ ബിഗ് ബോസ് അത് പറയുമായിരുന്നു' വെന്ന് ധന്യ ചൂണ്ടിക്കാട്ടി. 

' ബിഗ് ബോസ് അങ്ങനെ ചെയ്തില്ല. വീടിന്‍റെ കാര്യങ്ങള്‍ ചെയ്യിപ്പിക്കാൻ കഴിവുള്ള ആളെയാണ് ക്യാപ്റ്റൻസിയിലേക്ക് നോമിനേറ്റ് ചെയ്യുന്നത്.  ജയിലില്‍  പോയതുകൊണ്ട് ഒരാളുടെ കഴിവ് നഷ്ടമാകുന്നില്ല. നിലപാടില്‍ ഉറച്ചുതന്നെയാണ് എല്ലാവരും നില്‍ക്കുന്നതെന്നും ധന്യ കൂട്ടിച്ചേര്‍ത്തു.

' ഇത്രയും സാമൂഹ്യബോധമുള്ള ഒരാളില്‍ നിന്ന് ഇത്തരത്തില്‍ അധ:പതിച്ച ഒരു വാക്ക് ഒരിക്കലും പ്രതീക്ഷിച്ചിട്ടില്ലെന്ന്   ലക്ഷ്‍മി പ്രിയ ശക്തമായി തന്നെ പറഞ്ഞു. ആ വാക്ക് പിൻവലിച്ച് മാപ്പ് പറയണം. ഇനി മേലില്‍ ഇതുപോലത്തെ വാക്കുകള്‍ ഇവിടെ പറയരുത്. നവീനെ തെറ്റിദ്ധരിച്ചു എന്നാണ് ഞാൻ പറഞ്ഞത്. തെറ്റിദ്ധാരണയാണ് താൻ തിരുത്തിയത്, നിലപാടല്ലെന്നും പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചുനില്‍ക്കുന്ന ആളാണ് താനെന്നും ലക്ഷ്‍മി പ്രിയ പറഞ്ഞു. 

'നിലപാടില്ലാത്ത ആരും ഇവിടെയില്ലെന്ന് പറഞ്ഞാണ് സുചിത്ര തുടങ്ങിയത്. ഡോക്ടര്‍ക്ക് പല തെറ്റുകളും പറ്റിയിട്ടുണ്ട്. പലപ്പോഴും സോറി പറഞ്ഞിട്ടുണ്ട്. ഡോക്ടറെ അങ്ങനെ പറയാൻ പറ്റുമോ. ആ വാക്ക് ഇവിടെ പറയരുത്. തെറ്റ് തിരുത്തേണ്ട ഉത്തരവാദിത്തം ഡോക്ടര്‍ക്ക് ഉണ്ടെന്നും സുചിത്ര പറഞ്ഞു.

ഡോകറെ നമ്മള്‍ ബഹുമാനിക്കുന്നതാണെങ്കിലും എന്ത് വൃത്തികേടാണ് പറയുന്നതെന്ന് അശ്വിൻ ചോദിച്ചു. എന്‍റെ ഇഷ്‍ടമാണ് ആരെ നോമിനേറ്റ് ചെയ്യണം എന്ന്. എന്ത് അവകാശമാണ് ഇവിടെ ഇങ്ങനെ പറയാൻ എന്നും അശ്വിൻ രോഷാകുലനായി. അശ്വിന് പലപ്പോഴും സ്വയം നിയന്ത്രിക്കാനാകാതെ വന്നപ്പോള്‍, ജാസ്മിനും റോണ്‍സണും ഇടയ്ക്ക് കയറി നില്‍ക്കുന്നുണ്ടായിരുന്നു. 

'കഴിഞ്ഞ ജയില്‍ നോമിനേഷനില്‍ തന്‍റെ പേര് പറഞ്ഞ ആളാണ് ഡോക്ടര്‍. പിന്നീട് വന്ന് ഡെയ്‍സി നൂറ് ശതമാനം ചെയ്‍തു എന്ന് ആവര്‍ത്തിച്ചതും ഡോക്ടര്‍ തന്നെ. അപ്പോള്‍ ആരാണ് ആദ്യം നിലപാട് മാറ്റിയതെന്നായിരുന്നു' ഡെയ്‍സി റോബിനോട് ചോദിച്ചത്.

എന്നാല്‍, റോബിന്‍ പറഞ്ഞത് പോലെ ഇവിടെ പല മത്സരാര്‍ത്ഥികള്‍ക്കും നിലപാടില്ലെന്ന് ബ്ലെസ്ലി പറ‍ഞ്ഞു. റോബിന്‍ പറഞ്ഞ കാര്യത്തോട് താനും യോജിക്കുന്നു. പക്ഷേ, അത് പറയാനായി ഡോ.റോബിന്‍ ഉപയോഗിച്ച വാക്കുകള്‍ തെറ്റാണെന്നും അത് ഇവിടെ ഉപയോഗിക്കാന്‍ പാടില്ലായിരുന്നുവെന്നും ബ്ലെസ്ലിയും ആവര്‍ത്തിച്ചു. 

ഡോ. റോബിന്‍റെ വാക്കുകള്‍ തെറ്റായെന്ന് ഈ ആഴ്ചയിലെ ക്യാപ്റ്റനായ റോണ്‍സണും അഭിപ്രായപ്പെട്ടു. ഇതോടെ മറ്റ് മത്സരാര്‍ത്ഥികളെല്ലാവരും തനിക്കെതിരാണെന്ന് മനസിലായ റോബിന്‍ ഇക്കാര്യത്തില്‍ തന്‍റെ  അഭിപ്രായം പറയാന്‍ വീണ്ടും സദസിലേക്ക് വന്നു. 

'മറ്റ് മത്സരാര്‍ത്ഥികള്‍ക്ക് നിലപാട് ഇല്ല എന്ന കാര്യത്തില്‍ ഞാൻ ഇപ്പോഴും ഉറച്ച് നില്‍ക്കുന്നു. നിലപാട് ഇല്ലാത്ത ആള്‍ക്കാരെയാണ് 'അപ്പ കാണുന്നവരെ അപ്പ' എന്ന് വിളിക്കുന്നുവെന്ന് പറഞ്ഞത്. അത് ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ സോറി എന്നും ഡോ. റോബിൻ പറഞ്ഞു. ഇതോടെ ഇക്കാര്യത്തില്‍ താത്കാലിക ശമനമായെങ്കിലും അവന്‍ പുറത്തിറങ്ങട്ടെ കാണിച്ച് കൊടുക്കാമെന്ന് പറഞ്ഞ് നവീന്‍ ഒരു തിര കനല്‍ കെടാതെ കാത്തു.

Latest Videos

click me!