Uttar Pradesh Election 2022: പശ്ചിമ യുപി, ഉത്തര്‍പ്രദേശിന്‍റെ വിധിയെഴുതുമോ ?

First Published | Feb 2, 2022, 9:43 AM IST

ത്തരേന്ത്യയിലെ അഞ്ച് സംസ്ഥാനങ്ങളിലേക്ക് തെരഞ്ഞെടുപ്പുകള്‍ പ്രഖ്യാപിക്കപ്പെട്ട് കഴിഞ്ഞു. യോഗി ആദിത്യനാഥ് അഞ്ച് വര്‍ഷം ഭരിച്ച ഉത്തര്‍പ്രദേശിലാണ് എല്ലാ കണ്ണുകളും. ബിജെപി ഇവിടെ തുടര്‍ഭരണം നേടിയാല്‍ അത് യോഗിയുടെയും നരേന്ദ്രമോദിയുടെയും വിജയമായി ആഘോഷിക്കപ്പെടും. പരാജയമാണ് ഫലമെങ്കില്‍ അത് പ്രതിപക്ഷമൊന്നടക്കം ആഘോഷിക്കുമെന്നും ബിജെപിക്ക് വ്യക്തമായിട്ടറിയാം. ഉത്തര്‍പ്രദേശില്‍ എന്ത് വിലകൊടുത്തും ഭരണം പിടിക്കാനുള്ള തന്ത്രങ്ങളിലാണ് ബിജെപി. ഇതുവരെ പുറത്ത് വന്ന എല്ലാ തെരഞ്ഞെടുപ്പ് സര്‍വ്വേകളിലും ബിജെപി തുടര്‍ഭരണത്തിനാവശ്യമായ കേവലഭൂരിപക്ഷം നേടുമെന്ന് പറയുന്നുണ്ടെങ്കിലും പല മേഖലയില്‍ നിന്നും ബിജെപി ക്യാമ്പില്‍ ആശങ്കയുണ്ടാക്കുന്ന വാര്‍ത്തകളും പുറത്ത് വരുന്നു. ഏഴ് ഘട്ടങ്ങളിലായാണ് ഉത്തര്‍പ്രദേശില്‍ തെരഞ്ഞെടുപ്പ് നടക്കുക. ഫെബ്രുവരി 10 നാണ് ആദ്യഘട്ട യുപി തെരഞ്ഞെടുപ്പ് നടക്കുക. രണ്ടാഘട്ടം ഫെബ്രുവരി 14 നും മൂന്നാം ഘട്ടം ഫെബ്രുവരി 20 നും നാലാം ഘട്ടം ഫെബ്രുവരി 23 നും അഞ്ചാം ഘട്ടം ഫെബ്രുവരി 27 നും ആറാം ഘട്ടം മാര്‍ച്ച് 3 നും ഏഴാം ഘട്ടം മാര്‍ച്ചിന് 7 നും നടക്കും. മാര്‍ച്ച് 10 നാണ് വോട്ടെണ്ണല്‍. പടിഞ്ഞാറാന്‍ ഉത്തര്‍പ്രദേശിലെ മുസഫിര്‍നഗറില്‍ നിന്ന് യുപി തെരഞ്ഞെടുപ്പ് പ്രചാരണ ചിത്രങ്ങളും എഴുത്തും ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാമാന്‍ ഷിജോ ജോര്‍ജ്ജ് 

രോഹിൽഖണ്ഡും ഖരിബോലി, ബ്രജ്, കനൗജി എന്നിവ സംസാരിക്കുന്ന പ്രദേശങ്ങളും ഉൾപ്പെടെ ഉത്തർപ്രദേശ് സംസ്ഥാനത്തിന്‍റെ പടിഞ്ഞാറൻ ജില്ലകൾ ഉൾക്കൊള്ളുന്ന പ്രദേശമാണ് പശ്ചിമ ഉത്തർപ്രദേശ്. ഉത്തർപ്രദേശിന്‍റെ മറ്റ് ഭാഗങ്ങളിൽ നിന്ന് വ്യത്യസ്തവും ഹരിയാന, രാജസ്ഥാൻ സംസ്ഥാനങ്ങളുമായി സാമ്യമുള്ളതുമായ ചില ജനസംഖ്യാപരമായ, സാമ്പത്തിക, സാംസ്കാരിക മാതൃകകൾ ഈ പ്രദേശത്തിനുണ്ട്. 

ഹരിയാന, പഞ്ചാബ് എന്നിവയ്ക്ക് സമാനമായ രീതിയിൽ ഹരിതവിപ്ലവത്തിന്‍റെ വിജയത്താൽ പശ്ചിമ ഉത്തർപ്രദേശ് അതിവേഗ സാമ്പത്തിക വളർച്ച കൈവരിച്ചതാണ് യുപിയുടെ മറ്റ് പ്രദേശങ്ങളില്‍ നിന്ന് പശ്ചിമയുപിയെ വ്യത്യസ്തമാക്കുന്നതും.  പടിഞ്ഞാറൻ ഉത്തർപ്രദേശിന്‍റെ ഒരു പ്രധാന ഭാഗം ഇന്ത്യയുടെ ദേശീയ തലസ്ഥാന മേഖലയുടെ ഭാഗം കൂടിയാണ്. 


മേഖലയിലെ ഏറ്റവും വലിയ നഗരമായ ഗാസിയാബാദിലാണ് ഉത്തര്‍പ്രദേശില്‍ നിന്നുള്ള ജാട്ടുകളടക്കമുള്ള കര്‍ഷകര്‍, വിവാദമായ കാര്‍ഷിക ബില്ലുകള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് നടത്തിയ സമരത്തില്‍ പങ്കെടുത്ത് കഴിഞ്ഞ ഒരു വര്‍ഷത്തോളം സമരം ചെയ്തത്. അന്ന് സമരസ്ഥലത്തേക്കുള്ള വൈദ്യുതിയും വെള്ളവും നിഷേധിച്ചാണ് യോഗി ആദിത്യനാഥ് പ്രതികരിച്ചതെന്നത് തങ്ങള്‍ ഇന്നും മറന്നിട്ടില്ലെന്ന് കര്‍ഷകരും പറയുന്നു. 

കഴിഞ്ഞ തെരഞ്ഞെടുപ്പിന്‍റെ കാലത്ത് നടന്ന മുസഫിര്‍ കലാപം പ്രദേശത്തെ ജാട്ട് വോട്ടുകളെ ബിജെപി പാളയത്തിലെത്തിക്കാന്‍ സഹായിച്ചിരുന്നു. ഹരിതവിപ്ലവത്തിന്‍റെ ഗുണഭോക്താക്കളായ ഇടത്തരം കര്‍ഷകര്‍ കൂടുതലുള്ള പശ്ചിമ യുപിയിലെ ജാട്ട് സമുദായം വിവാദമായ കാര്‍ഷിക നിയമങ്ങളെ തുടര്‍ന്ന് ബിജെപിയുമായി പ്രഖ്യാപിത അകല്‍ച്ചയിലായിരുന്നു. 

കാര്‍ഷിക നിയമങ്ങളില്‍ പ്രതിഷേധിച്ച് ദില്ലി അതിര്‍ത്തികളിലെത്തിയ കര്‍ഷകരില്‍ ഗാസിയാബാദില്‍ സംഘടിച്ചിരുന്നവരില്‍ ഏറിയ പങ്കും ജാട്ട് സമുദായാംഗങ്ങളായിരുന്നു. ഏതാണ്ട് ഒരു വര്‍ഷത്തോളും ദില്ലി അതിര്‍ത്തികളില്‍ കുടില്‍ കെട്ടി സമരം ചെയ്ത കര്‍ഷകര്‍ക്ക് മുന്നില്‍ കേന്ദ്രസര്‍ക്കാറിന് വിവാദമായ മൂന്ന് കാര്‍ഷിക നിയമങ്ങളും പിന്‍വലിക്കേണ്ടി വന്നെങ്കിലും ഇതുവരെയായും തങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനം പാലിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ലെന്ന് കര്‍ഷകര്‍ ഇപ്പോഴും ആരോപിക്കുന്നു. 

തെരഞ്ഞെടുപ്പ് അടുത്തതോടെ പഴയ മുസഫിര്‍നഗര്‍ കലാപത്തെ വീണ്ടും ഉയര്‍ത്തിക്കാട്ടി 'പഴയ തന്ത്രം' പയറ്റാന്‍ തന്നെയാണ് യോഗി ആദിത്യനാഥിന്‍റെ ശ്രമം. ഇതിന്‍റെ ഭാഗമായി തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ യോഗി, മുസഫിര്‍ നഗര്‍ കലാപത്തില്‍ ഇരയായ നിഷ്ക്കളങ്കരുടെ ആത്മാവ് എസ്പിയുടെ നേതൃത്വത്തിലുള്ള സഖ്യത്തോട് പൊറുക്കില്ലെന്നാണ് പറഞ്ഞത്. 

സമാജ്‍വാദി പാര്‍ട്ടി അധികാരത്തിലെത്തിയ സമയത്ത് മുസാഫിര്‍ നഗറില്‍ ഖബര്‍സ്ഥാനുകളുടെ മതിലുകളുടെ എണ്ണം വര്‍ദ്ധിക്കുകയായിരുന്നു എന്നാണ് യോഗി പറഞ്ഞത്. അതായത് എസ്പിയുടെ ഭരണകാലത്ത് അവിടെ ആളുകളെ കൊന്നൊടുക്കുന്ന സാഹചര്യമായിരുന്നുവെന്നും അത്തരക്കാര്‍ക്ക് വേട്ട് ചെയ്യണോയെന്ന് ജനം ചിന്തിക്കണമെന്നും യോഗി ജനങ്ങളോട് ആവശ്യപ്പെട്ടു. 

ജാട്ട് വോട്ട് ബാങ്കില്‍ ജാതി രാഷ്ട്രീയം പയറ്റി വോട്ട് ഭിന്നിപ്പിക്കുകയെന്നത് തന്നെയാണ് യോഗി ഉന്നമിടുന്നതെന്ന് വ്യക്തമാണ്. ജയന്ത് ചൌധരിയടക്കമുള്ള ജാട്ട് നേതാക്കളുള്ള ആര്‍എല്‍വിയെ അക്രമിക്കാന്‍ യോഗി ശ്രമിക്കാത്തതും ഇതിന്‍റെ ഭാഗമാണെന്ന് വേണം കൂട്ടിവായിക്കാന്‍. ജാട്ടുകളെ പ്രകോപിപ്പിക്കാതെ മുലായം സിംഗ് യാദവിനും അഖിലേഷ് യാദവിനുമെതിരെ ജാതി രാഷ്ട്രീയം കളിക്കുകയാണ് യോഗിയെന്ന് തെരഞ്ഞെടുപ്പിന്‍റെ ആദ്യ പ്രചാരണത്തില്‍ നിന്ന് തന്നെ വ്യക്തമാണ്. പഴയ മുസഫിര്‍നഗര്‍ കലാപത്തെ മുന്‍നിര്‍ത്തി അഖിലേഷിനെതിരെ ജാതി വോട്ടുകള്‍ തിരിക്കാനാണ് യോഗിയുടെ ശ്രമവും. 

ഏറ്റവും ഒടുവില്‍ പുറത്ത് വന്ന ഇന്ത്യാ ന്യൂസ് ജന്‍കിബാത്ത് സര്‍വ്വേയിലും യുപിയുടെ അധികാരം ബിജെപിക്ക് തന്നെയാണ് പ്രവചിക്കുന്നു. തൊട്ട് പിന്നാലെയുള്ളത് അഖിലേഷ് യാദവെന്നും സര്‍വ്വ റിപ്പോര്‍ട്ടുകള്‍ പറയുന്നു. പ്രിയങ്ക ഗാന്ധിയുടെ പ്രചാരണം യുപിയെ ചൂട് പിടിപ്പിക്കുന്നുണ്ടെങ്കിലും വോട്ട് വിഹിതം അഞ്ച് ശതമാനമായി കുറയുമെന്നാണ് സര്‍വ്വേ പ്രവചനങ്ങള്‍. ബിഎസ്പി ഏറ്റവും വലിയ തിരിച്ചടിനേരിടുന്ന പാര്‍ട്ടിയാകുമെന്നും സര്‍വ്വേ ഫലങ്ങള്‍ പറയുന്നു. 

ഏറ്റവും ആദ്യം വന്ന തെരഞ്ഞെടുപ്പ് സര്‍വ്വേകളില്‍ ബിജെപിക്കും എസ്പിക്കുമിടയിലെ വോട്ട് വിഹിതം 12 ശതമാനമായിരുന്നു. ഏറ്റവും ഒടുവിലെത്തിയ സര്‍വ്വേകളിലാകട്ടെ ഈ അന്തരം നാല് ശതമാനമായി കുറഞ്ഞത് ബിജെപി ക്യാമ്പുകളില്‍ ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്. ബിജെപി ഉത്തര്‍പ്രദേശില്‍ ഏറ്റവും ഭയക്കുന്നതും അഖിലേഷ് യാദവിന്‍റെ എസ്പിയെ തന്നെയാണ്. വാരണാസിയില്‍ കാശിവിശ്വനാഥ ക്ഷേത്ര ഇടനാഴി ഉദ്ഘാടനത്തിനിടെ മോദി പ്രസംഗിച്ചത് ഔറംഗസേബുമാര്‍ ഉണ്ടാകുമ്പോള്‍ ശിവാജിമാരും ഉയര്‍ന്നുവരുമെന്നായിരുന്നു. അതായത് തെരഞ്ഞെടുപ്പികളില്‍ ജാതിയും മതവും തന്നെയാണ് ഇന്നും ബിജെപിയുടെ ആയുധം എന്ന് വ്യക്തം. 

325 സീറ്റാണ് ബിജെപി കഴിഞ്ഞ തവണ നേടിയതെങ്കിലും ഇത്തവണ 250 ല്‍ സീറ്റാണ് ബിജെപി പോലും കണക്കുകൂട്ടുന്നത്. അജയ് സിംഗിന്‍റെ മകന്‍ ജയന്തുമായി കൈ കോര്‍ത്തതോടെ ന്യൂനപക്ഷ വോട്ടുകള്‍ സ്വന്തം ക്യാമ്പിലെത്തുമെന്ന് എസ്പിയും കണക്കുകൂട്ടുന്നു. മായാവതിയുടെ ബിഎസ്പി ചിത്രത്തിലെവിടെയുമില്ലെന്നതും അവര്‍ക്ക് ആശ്വാസത്തിന് വക നല്‍കുന്നു. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കപ്പെട്ട് പ്രചാരണങ്ങള്‍ ചൂട് പിടിച്ചപ്പോഴും പ്രത്യേകിച്ച് കാരണമൊന്നും വ്യക്തമാക്കാതെ പ്രചാരണരംഗത്ത് തണുപ്പന്‍ രീതി പിന്തുടരുന്ന, ഒരു കാലത്തെ ഭരണപ്പാര്‍ട്ടിയായ ബിഎസ്പി ഇത്തവണ 20 സീറ്റില്‍ ഒതുക്കപ്പെടുന്നമെന്ന് സര്‍വ്വേകളും പറയുന്നു. പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് കളം പിടിക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നുണ്ടെങ്കിലും അതൊന്നും വോട്ട് പെട്ടിയില്‍ വീഴില്ലെന്ന് സര്‍വ്വേകള്‍ ആവര്‍ത്തിക്കുന്നു. 

കര്‍ഷക സമരം പഞ്ചാബിന്‍റെ സമരമെന്ന് എഴുതിതള്ളാനായിരുന്നു ആദ്യം മുതല്‍ ബിജെപി ശ്രമിച്ചിരുന്നത്. ഹരിതവിപ്ലവത്തിന്‍റെ ഗുണഫലങ്ങള്‍ അനുഭവിക്കുന്ന സാമ്പത്തികമായി സംസ്ഥാനത്തെ മറ്റ് പ്രദേശങ്ങളില്‍ നിന്ന് അല്‍പം മുന്നില്‍ നില്‍ക്കുന്ന പശ്ചിമ യുപി തെരഞ്ഞെടുപ്പില്‍ നിര്‍ണ്ണയകമായ സ്വാധീനം ചെലുത്തുമെന്ന് ബിജെപി ഭയക്കുന്നു. ഗാസിയാബാദിലെ സമരകാല ജാട്ട് ഐക്യം തെരഞ്ഞെടുപ്പില്‍ ഏങ്ങനെ പ്രതിഫലിക്കുമെന്നതാണ് ബിജെപിയുടെ ഉറക്കം കെടുത്തുന്നത്.

ഈ ഐക്യത്തെ നേരിടുന്നതിനാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ചൂട് പകര്‍ന്ന് അമിത് ഷാ മുസാഫിര്‍ നഗറിലെ ജാട്ട് വീടുകളില്‍ നേരിട്ടെത്തി പ്രചാരണത്തിന് നേതൃത്വം നല്‍കുന്നതും. 2004 മുതല്‍ യുപിയിലെ ജാട്ട് സമുദായം ബിജെപിയെയായിരുന്നു പിന്താങ്ങിയിരുന്നത്. മുസഫിര്‍നഗര്‍ കലാപത്തോടെ ഇത് ശക്തമായി. വിവാദമായ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ജാട്ടുകളും സമരത്തിനിറങ്ങിയത് മുതല്‍ ബിജെപി - ജാട്ട് ബന്ധത്തില്‍ വലിയ വിള്ളലുകള്‍ വീണു. രാഷ്ട്രീയ ലോകദള്‍, എസ്പിയുമായി സഖ്യമുണ്ടാക്കിയത് ജാട്ട് വേട്ടുകള്‍ എസ്പി ക്യാമ്പലെത്തിക്കുമെന്ന കണക്കുകൂട്ടലുകളും ബിജെപി ക്യാമ്പില്‍ ആശങ്കയുയര്‍ത്തുന്നു. 

യുപിയിലെ മാഫിയകളെ ഒത്തുക്കിയെന്നതാണ് യോഗി തന്‍റെ ഭരണനേട്ടമായി ഉയര്‍ത്തിക്കാണിക്കുന്നത്. എന്നാല്‍, ഹാത്രസിലും, ഉന്നാവിലും സ്ത്രീകള്‍ ക്രൂരമായി അക്രമിക്കപ്പെട്ടത് ഭരണപരാജയമായി പ്രതിപക്ഷം ഉന്നയ്ക്കുന്നു. സ്ത്രീ വോട്ടുകളെ ഏകീകരിക്കാനാണ് പ്രിയങ്കാഗാന്ധി ശ്രമിക്കുന്നതെന്നതും ശ്രദ്ധേയം. ലഖിംപൂര്‍ ഖേരി സംഭവവും തിരിച്ചടിക്കുമോയെന്ന് ബിജെപി ഭയക്കുന്നു. യോഗി ഉള്‍പ്പെടുന്ന താക്കൂര്‍ സമുദായത്തിനാണ് ബിജെപി ഭരണകാലത്ത് കൂടുതല്‍ സംരക്ഷം കിട്ടിയതെന്ന ആരോപണവും അതോടൊപ്പം ശക്തമാണ്. 

അതോടൊപ്പം ബ്രാഹ്മണ സമുദായം ബിജെപിയുമായി അകലുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. യാദവര്‍ ഒഴികെയുള്ള ഒബിസി വോട്ട് ബാങ്കായിരുന്നു ബിജെപിയെ അധികാരത്തിലെത്തിച്ചതെങ്കില്‍ ഇത്തവണ ഓബിസി വോട്ടുകളില്‍ കാര്യമായ വിള്ളല്ലുകളുണ്ടാകുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. അഖിലേന്ത്യാ മെഡിക്കല്‍ കോട്ടയില്‍ പിന്നാക്ക സംവരണം കൊണ്ടുവന്നത് ഒബിസി വോട്ട് ചോര്‍ച്ച നടയാനുള്ള ബിജെപി തന്ത്രമാണെന്നും വിലയിരുത്തപ്പെടുന്നു.

ജനുവരി 28 ന് നടന്ന സംയുക്ത വാർത്ത സമ്മേളനത്തിൽ സമാജ്‌ വാദി പാർട്ടിനേതാവ് അഖിലേഷ് യാദവും രാഷ്ട്രീയ ലോക്ദൾ നേതാവ്‌ ജയന്ത്ചൗധരിയും തങ്ങൾ കർക്ഷക കുടുംബങ്ങളിൽ നിന്നും വന്ന രണ്ട് സഹോദരങ്ങളാണെന്നും കർക്ഷകരുടെ ആവശ്യങ്ങൾക്കുവേണ്ടി തങ്ങളുടെ സഖ്യം നിലകൊള്ളും എന്നും പറഞ്ഞത് പശ്ചിമയുപിയിലെ കര്‍ഷകരുടെ വോട്ടുകള്‍ മറിക്കാന്‍ സഹായിക്കുമെന്ന് എസ്പി കരുതുന്നു. ബിഎസ്പി യുപി തെരഞ്ഞെടുപ്പ് ചിത്രത്തിലില്ലാത്തത് പട്ടിക ജാതി വോട്ടുകളെ ഏത് പാളയത്തിലെത്തിക്കുമെന്നതറിയാന്‍ തെരഞ്ഞെടുപ്പ് കഴിയും വരെ കാത്തിരിക്കേണ്ടതുണ്ട്. നിലവില്‍ വോട്ട് ശതമാനത്തില്‍ വലിയ ഇടിവ് നേരിടുന്ന പ്രധാനപാര്‍ട്ടിയാണ് ബിഎസ്പിയെന്ന് തെരഞ്ഞെടുപ്പ് നിരീക്ഷകരും പ്രവചിക്കുന്നു. 

തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം ഉത്തര്‍പ്രദേശില്‍ ബിജെപി ആദ്യ തിരിച്ചടി ലഭിച്ചത് സ്വന്തം പാര്‍ട്ടിയില്‍ നിന്ന് തന്നെയായിരുന്നു. മൂന്ന് മന്ത്രിമാരടക്കം പതിനൊന്ന് എംഎല്‍എമാര്‍ ബിജെപി വിട്ട് എസ്പിയില്‍ ചേര്‍ന്നത് ബിജെപി കേന്ദ്രങ്ങളെ ഞെട്ടിച്ചു. ഒടുവില്‍ ഇനി ബിജെപി നേതാക്കളെ പാര്‍ട്ടിയിലേക്ക് സ്വീകരിക്കില്ലെന്ന് അഖിലേഷ് യാദവ് പറഞ്ഞ ശേഷമാണ് ബിജെപി ക്യാമ്പില്‍ നിന്നുള്ള എംഎല്‍എമാരുടെ ഒഴുക്കിന് തടവീണത്. സ്വാമിപ്രസാദ് മൌര്യ, ദാദസിംഗ് ചൌഹാന്‍, ധരണ്‍സിംഗ് സെയ്നി എന്നീ മന്ത്രിമാരാണ് ബിജെപി വിട്ട് എസ്പി ക്യാമ്പിലേക്ക് ചേക്കേറിയത്. പിന്നോക്ക വിഭാഗങ്ങളില്‍ നിന്നുള്ള നേതാക്കന്മാരാണ് ബിജെപി വിട്ടതെന്നത് ബിജെപിയുടെ ആശങ്ക വര്‍ദ്ധിപ്പിക്കുന്നു. 

മുസഫിര്‍ നഗരില്‍ പ്രചാരണത്തിനെത്തിയ അമിത്ഷാ ജാട്ട്, മുസ്ലീം വോട്ടു ബാങ്ക് കേന്ദ്രങ്ങള്‍ കേന്ദ്രീകരിച്ചാണ് തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് തുടക്കമിട്ടിരിക്കുന്നത്. മുകളന്മാരെ ബിജെപിയും ജാട്ടുകളും ഒന്നിച്ച് നിന്നാണ് നേരിട്ടതെന്ന അമിത് ഷായുടെ പ്രസ്ഥാവന അതിന്‍റെ തുടക്കമായി വ്യാഖ്യാപിക്കാം. എന്നാല്‍, കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കേണ്ടിവന്നതിന്‍റെ ദോഷം യോഗി സര്‍ക്കാര്‍ കരിമ്പ് കര്‍കരുടെ മേലെയാണ് തീര്‍ക്കുന്നതെന്ന് പശ്ചിമ യുപിയിലെ കരിമ്പ് കര്‍ഷകര്‍ ആരോപിക്കുന്നത് ബിജെപിയെ ആശങ്കയില്‍ നിര്‍ത്തുന്നു. 

ഇന്ന് പശ്ചിമയുപിയിലെ ഏറ്റവും പ്രധാന കാഴ്ച വിളവെടുത്ത കരിമ്പുമായി ഷുഗര്‍ ഫാക്ടറിക്ക് മുന്നില്‍ നില്‍ക്കുന്ന കരിമ്പ് കര്‍ഷകരുടേതാണ്. എന്നാല്‍, കരിമ്പ് ഫാക്ടറിക്ക് കൊടുത്താലും തങ്ങള്‍ക്കുള്ള പണം എപ്പോള്‍ അക്കൌണ്ടുകളിലെത്തുമെന്ന് കര്‍ഷകര്‍ക്ക് ഒരു നിശ്ചയവുമില്ല. സര്‍ക്കാര്‍ തങ്ങള്‍ക്ക് വേണ്ടി ഒന്നും ചെയ്യുന്നില്ലെന്നാണ് കരിമ്പ് കര്‍ഷകര്‍ ആരോപിക്കുന്നത്. ഉത്തര്‍പ്രദേശിലെമ്പാടുമായി 40 ലക്ഷം കരിമ്പ് കര്‍ഷകരുണ്ടെന്നാണ് കണക്ക്. 

സഹകരണമേഖലയില്‍  ഉള്‍പ്പെടെയുള്ള 150 ഓളം ഷുഗര്‍ മില്ലുകളില്‍ നിന്നായി 2000 കോടി രൂപയുടെ കുടിശ്ശിക കര്‍ഷകര്‍ക്ക് ലഭിക്കാനുണ്ട്. കഴിഞ്ഞ അഞ്ച് വര്‍ഷത്തെ ബിജെപി ഭരണത്തിനിടെ 35 രൂപ മാത്രമാണ് കരിമ്പിന്‍റെ താങ്ങ് വിലയിലുണ്ടായ വര്‍ദ്ധന. താങ്ങ് വില 425 രൂപയായി ഉയര്‍ത്തണമെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ ആവശ്യപ്പെട്ടെങ്കിലും താങ്ങ് വിലയില്‍ മാറ്റമുണ്ടായിട്ടില്ല.

കര്‍ഷകരുടെ പണം നല്‍കാത്ത മില്ലുടമകളുടെ സ്വത്ത് കണ്ട് കെട്ടുമെന്ന വാഗ്ദാനം മാത്രമാണ് യോഗി ആദിത്യനാഥിന്‍റെ ഭാഗത്ത് നിന്നുണ്ടായ ഏക നീക്കം. അഞ്ച് വർഷത്തെ യോഗി ഭരണത്തിന് ശേഷം, പടിഞ്ഞാറൻ ഉത്തർപ്രദേശിലെ പോരാട്ടം ബി.ജെ.പിക്ക് എളുപ്പമാകാൻ സാധ്യതയില്ലെന്നത് തന്നെയാണ് ഏറ്റവും ഒടുവിലെ റിപ്പോര്‍ട്ടുകളും പറയുന്നത്.  ഉത്തർപ്രദേശ് നിയമസഭയിലെ 202 എന്ന മാജിക് നമ്പറിലേക്ക് 'ജാട്ട് മണ്ണിലെ' നല്ല തുടക്കം തങ്ങളെ അടുപ്പിക്കുമെന്ന് എല്ലാ മത്സരാർത്ഥികൾക്കും അറിയാം, അതിനാൽ, പോരാട്ടം കടുപ്പവും കയ്പേറിയതുമാകുമെന്ന് അവര്‍ പ്രതീക്ഷിക്കുന്നു.

Latest Videos

click me!