കെ കെ ശൈലജ (64) , മട്ടന്നൂര്‍ചരിത്രത്തിലാദ്യമായി കേരള നിയമസഭയില്‍ തുടര്‍ഭരണം നേടിയ പിണറായി വിജയന്‍, ഭരണമേറ്റെടുക്കുമ്പോള്‍ മിന്നും വിജയം സ്വന്തമാക്കി മുന്നില്‍ തന്നെ നില്‍ക്കുന്നത് കെ കെ ശൈലജയാണ്. ക്യാപ്റ്റന്‍ എന്ന് അണികള്‍ പിണറായി വിജയനെ ആഘോഷിച്ചപ്പോള്‍ എല്‍ഡിഎഫിന് മിന്നും ജയം സ്വന്തമാക്കാനായി ഏറ്റവും കൂടുതല്‍ പ്രയത്നിച്ച കെ കെ ശൈലജ രണ്ടാം സ്ഥാനത്തേക്ക് മാറ്റി നിര്‍ത്തപ്പെടുന്നു. പ്രളയം തകര്‍ത്ത കേരളം കരകയറിത്തുടങ്ങിയപ്പോഴായിരുന്നു നിപയും കൊവിഡും കേരളത്തിന്‍റെ ആരോഗ്യമേഖലയെ രോഗാതുരമാക്കിയത്. എന്നാല്‍, സംഘടനാ പ്രവര്‍ത്തനത്തിലെ മികവ്, ഭരണ തലത്തിലും പ്രയോഗിക്കുന്നതില്‍ വിജയിച്ച കെ കെ ശൈലജയ്ക്ക് ആരോഗ്യമേഖലയെ കാര്യക്ഷമമായി പ്രവര്‍ത്തിപ്പിക്കാന്‍ കഴിഞ്ഞു. മറ്റ് സംസ്ഥാനങ്ങളിലെ ജനങ്ങള്‍ കൊവിഡില്‍ ബുദ്ധമുട്ടിയപ്പോള്‍ കെ കെ ശൈലജയുടെ പ്രവര്‍ത്തനങ്ങള്‍ ലോകമെങ്ങും പ്രശംസിക്കപ്പെട്ടു. ഒരു പക്ഷേ, ആശയറ്റ കാലത്ത് സര്‍ക്കാര്‍ വിതരണം ചെയ്ത കിറ്റുകളേക്കാള്‍ ആരോഗ്യ രംഗത്ത് സര്‍ക്കാര്‍ കരുതിയ കരുതലാണ് തുടര്‍ഭരണത്തിന് സിപിഎമ്മിനും എല്‍ഡിഎഫിനും കരുത്ത് പകര്‍ന്നത്. നാലാം തവണയും നിയമസഭയിലേക്ക് മത്സരിച്ച് കെ കെ ശൈലജയ്ക്ക് മട്ടന്നൂര്‍ നിയമസഭാ മണ്ഡലം നല്‍കിയത് 94,129 വോട്ടുകളാണ്. പതിനഞ്ചാം നിയമസഭയില്‍ ഏറ്റവും കൂടുതല്‍ വേട്ട് ലഭിച്ച എംഎല്‍എ എന്ന പ്രത്യേകതമാത്രമല്ല. ഏറ്റവും വലിയ ഭൂരിപക്ഷം ലഭിച്ച എംഎല്‍എ കൂടിയാണ് കെ കെ ശൈലജ. 60,963 വോട്ടിന്‍റെ ഭൂരിപക്ഷം. മുഖ്യമന്ത്രി പിണറായി വിജയന് 50,123 വോട്ടിന്‍റെ ഭൂരിപക്ഷമാണുള്ളത്. ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറിയും സിപിഎം കേന്ദ്ര കമ്മിറ്റിയംഗവുമാണ് കെ കെ ശൈലജ എന്ന റിട്ടെ. ഹൈസ്ക്കൂള് അധ്യാപിക.
കെ കെ രമ (50), വടകരകേരളം ആഗ്രഹിച്ചിരുന്നൊരു വിജയമാണ് കെ കെ രമയുടെത്. ചരിത്രത്തിലാദ്യമായാണ് ആര്‍എംപിയ്ക്ക് വടകരയില്‍ നിന്ന് ഒരു എംഎല്‍എയുണ്ടാകുന്നത്. മുന്‍ സിപിഎം നേതാവും പിന്നീട് ആര്‍എംപി നേതാവുമായി ടി പി ചന്ദ്രശേഖരനെ സിപിഎം അനുഭാവികള്‍ 51 വെട്ട് വെട്ടി കൊലപ്പെടുത്തിയ ചരിത്രം വടകരക്കാര്‍ ഇനിയും മറന്നിട്ടില്ലെന്ന് വേണം കരുതാന്‍. കാത്ത് വച്ച ചില തിരിച്ചടികളില്‍ പ്രധാനപ്പെട്ടതാണ് കെ കെ രമയുടെ വിജയം. പിണറായി വിജയന്‍റെ രണ്ടാം ഭരണകാലത്ത്, സിപിഎമ്മുകാര്‍ ഇല്ലാതാക്കിയ ടി പി ചന്ദ്രശേഖരന്‍റെ ഭാര്യ എംഎല്‍എയായി പ്രതിപക്ഷത്തുണ്ടാകും. 2016 ല്‍ സിപിഎമ്മിന് 9,511 വോട്ടിന്‍റെ ലീഡാണ് വടകര നല്‍കിയതെങ്കില്‍ കെ കെ രമയ്ക്ക് ഇത്തവണ വടകര നിയമസഭാ മണ്ഡലം 7,491 വോട്ടിന്‍റെ ഭൂരിപക്ഷമാണ് സമ്മാനിച്ചത്. 65,093 വോട്ടാണ് കെ കെ രമ പിടിച്ചെടുത്തത്. രണ്ടാമതെത്തിയ എല്‍ജെഡി സ്ഥാനാര്‍ത്ഥി മനയത്ത് ചന്ദ്രന് 57,602 വോട്ട് ലഭിച്ചു.
കാനത്തില്‍ ജമീല (54), കൊയിലാണ്ടിനിലവില്‍ കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റാണ് കാനത്തില്‍ ജമീല. കൊയിലാണ്ടിയില്‍ നിന്ന് ആദ്യമായി സിപിഎം ടിക്കറ്റോടെ നിയമസഭയിലേക്ക് മത്സരിച്ച് വിജയിച്ചു. 75,628 വോട്ടുകള്‍ ലഭിച്ചപ്പോള്‍, എതിര്‍സ്ഥാനാര്‍ത്ഥി കോണ്‍ഗ്രസിന്‍റെ എന്‍ സുബ്രഹ്മണ്യനെക്കാള്‍ 8,472 വോട്ടിന്‍റെ ലീഡ് നേടി. സിപിഎം ജില്ലാ കമ്മറ്റി അംഗമാണ്. ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനങ്ങളും കാനത്തില്‍ ജമീല വഹിച്ചിട്ടുണ്ട്. 2016 ല്‍ എല്‍ഡിഎഫ് 13,369 വോട്ടിന്‍റെ ലീഡ് കൊയിലാണ്ടിയിലുണ്ടായിരുന്നെങ്കില്‍ ഇത്തവണ ലീഡ് കുറഞ്ഞു. ഇത്തവണ ശക്തമായ മത്സരം കാഴ്ചവെച്ച മണ്ഡലമായിരുന്നു കൊയിലാണ്ടി.
കെ ശാന്തകുമാരി (50), കോങ്ങാട്നിലവില്‍ പട്ടിക ജാതി ക്ഷേമ സമിതി സംസ്ഥാന വൈസ് പ്രസിഡന്‍റായ കെ ശാന്തകുമാരിയുടെത് ആദ്യ നിയമസഭാ തെരഞ്ഞെടുപ്പാണ്. ആദ്യ തെരഞ്ഞെടുപ്പില്‍ തന്നെ മിന്നും വിജയം നേടാന്‍ കെ ശാന്തകുമാരിക്ക് കഴിഞ്ഞു. കോങ്ങാട് നിയമസഭാ മണ്ഡലത്തില്‍ നിന്ന് 67,881 വേട്ട് നേടിയ ശാന്തകുമാരി കോണ്‍ഗ്രസിന്‍റെ യു സി രാമനെക്കാള്‍ 27,219 വോട്ടിന്‍റെ ആധികാരിക ജയമാണ് സ്വന്തമാക്കിയത്. മൂന്ന് തവണ പാലക്കാട് ജില്ലാ പഞ്ചായത്ത് അംഗം, ഒരു വട്ടം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച കെ ശാന്തകുമാരി പാലക്കാട് കോടതിയിലെ അഭിഭാഷകയാണ്.
ആര്‍ ബിന്ദു (53), ഇരിങ്ങാലക്കുടസിപിഎം സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചപ്പോള്‍ ഏറെ വിമര്‍ശനം കേട്ട സ്ഥാനാര്‍ത്ഥിയായിരുന്നു ആര്‍ ബിന്ദു. സിപിഎം ആക്ടിങ്ങ് സെക്രട്ടറി എ വിജയരാഘവന്‍ ഭാര്യയെന്ന നിലയിലായിരുന്നു ആ വിമര്‍ശനങ്ങളേറെയും. എന്നാല്‍ എല്ലാ വിമര്‍ശനങ്ങളെയും കാറ്റില്‍ പറത്തി 5,949 വോട്ടിന്‍റെ ഭൂരിപക്ഷത്തോടെയാണ് മുന്‍ തൃശ്ശൂര്‍ കേരള വര്‍മ്മ കോളേജ് റിട്ട. വൈസ് പ്രിന്‍സിപ്പല്‍ ആയിരുന്ന ആര്‍ ബിന്ദുവിന്‍റെ വിജയം. ആദ്യമായാണ് ബിന്ദു നിയമസഭയിലേക്ക് മത്സരിക്കുന്നത്. നേരത്തെ തൃശ്ശൂര്‍ മേയറായിയിരുന്നു. ജനാധിപത്യ മഹിളാ അസോസിയേഷന്‍ കേന്ദ്ര സമിതി അംഗമാണ്. 62,493 വോട്ടാണ് ആര്‍ ബിന്ദുവിന് ലഭിച്ചത്. 2016 ല്‍ മണ്ഡലത്തില്‍ സിപിഎമ്മിന് 2,711 വോട്ടിന്‍റെ ലീഡായിരുന്നു ഉണ്ടായിരുന്നത്. ഈ ലീഡ് ഇരട്ടിയോളം വര്‍ദ്ധിപ്പിക്കാന്‍ ആര്‍ ബിന്ദുവിന് കഴിഞ്ഞു. രണ്ടാമതെത്തിയ കേരളാ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി തോമസ് ഉണ്ണിയാടന്‍ 56,544 വോട്ട് നേടി.
സി കെ ആശ (44), വൈക്കംവൈക്കത്ത് നിന്ന് സി കെ ആശയുടേത് തുടര്‍ച്ചയായ രണ്ടാം വിജയമാണ്. എഐവൈഎഫ് സംസ്ഥാന വൈസ് പ്രസിഡന്‍റ് , സിപിഐ ജില്ലാ കൌൺസില്‍ അംഗം എന്നി നിലകളിലും ആശ പ്രവര്‍ത്തിക്കുന്നു. മുന്‍ എഐഎസ്എഫ് ജില്ലാ സെക്രട്ടറിയുമായിരുന്നു. പതിനഞ്ചാം നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ മൂന്ന് മുന്നണികളും വനിതാ സ്ഥാനാര്‍ത്ഥികളെ പരീക്ഷിച്ച മണ്ഡലം കൂടിയാണ് വൈക്കം. 71,388 വോട്ടാണ് വൈക്കത്ത് നിന്ന് ആശയ്ക്ക് ലഭിച്ചത്. 2016 ല്‍ ആശയ്ക്ക് 24,584 വോട്ടിന്‍റെ ലീഡാണ് ലഭിച്ചതെങ്കില്‍ ഇത്തവണ അത് 29,122 ആയി വര്‍ദ്ധിപ്പിക്കാന്‍ കഴിഞ്ഞു. കഴിഞ്ഞ വര്‍ഷത്തെ വിജയത്തേക്കാള്‍ 4,536 വോട്ടിന്‍റെ ഭൂരിപക്ഷം. പ്രധാന എതിരാളിയും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുമായ ഡോ.പി ആര്‍ സോന 42,266 വോട്ട് നേടി. ബിജെഡിഎസ് സ്ഥാനാര്‍ത്ഥി അജിതാ ബാബു 11,953 വോട്ട് നേടി.
ദലീമ ജോജോ (55), അരൂര്‍സിനിമാ പിന്നണി ഗായിക എന്ന നിലയില്‍ മലയാളികള്‍ക്ക് സുപരിചിതയാണ് ദലീമ ജോജോ. ആലപ്പുഴ കരുമാഞ്ചേരി സ്വദേശിനിയായി ദലീമ, പിന്നണി ഗായിക എന്നതിനൊപ്പം നല്ലൊരു ജനപ്രതിനിധിയുമാണെന്ന് തെരഞ്ഞെടുപ്പ് വിജയം സൂചിപ്പിക്കുന്നു. ആദ്യമായാണ് നിയമസഭയിലേക്ക് മത്സരിക്കുന്നതെങ്കിലും തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുകളില്‍ മത്സരിച്ച് വിജയിച്ച് പാരമ്പര്യവും ദലീമയ്ക്കുണ്ട്. നിലവില്‍ ആലപ്പുഴ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റാണ് ദലീമ. ജില്ലാ പഞ്ചായത്തംഗം, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. കഴിഞ്ഞ തവണത്തേക്കാള്‍ മണ്ഡലത്തിലെ ഭൂരിപക്ഷം കുറഞ്ഞെങ്കിലും കോണ്‍ഗ്രസിന്‍റെ ഷാനിമോള്‍ ഉസ്മാനോട് പൊരുതിതന്നെയാണ് ദലീമ വിജയം നേടിയത്. 75, 617 വോട്ടുകള്‍ നേടിയ ദലീമയ്ക്ക് 7,013 വോട്ടിന്‍റെ ഭൂരിപക്ഷം ലഭിച്ചു.
ജെ ചിഞ്ചുറാണി (56), കൊല്ലംനിയമസഭ തെരഞ്ഞെടുപ്പില്‍ ആദ്യ മത്സരമായിരുന്നു ജെ ചിഞ്ചുറാണിയുടേത്. ആദ്യ തെരഞ്ഞെടുപ്പില്‍ തന്നെ 13,678 വോട്ടിന്‍റെ ഭൂരിപക്ഷത്തോടെ വിജയിക്കാന്‍ ചിഞ്ചുറാണിക്ക് കഴിഞ്ഞു. 67,252 വോട്ടാണ് ചിഞ്ചുറാണിക്ക് ലഭിച്ചത്. പ്രധാന എതിരാളി കോണ്‍ഗ്രസിന്‍റെ എം എം നസീറിന് 53,574 വോട്ട് നേടാനെ കഴളിഞ്ഞൊള്ളൂ. നിലവില്‍ സിപിഐ ദേശീയ കൌണ്‍സില്‍ അംഗമാണ് ജെ ചിഞ്ചുറാണി. മുമ്പ് പോള്‍ട്രി ഡവലപ്പ്മെന്‍റ് കോര്‍പ്പറേഷന്‍ ചെയര്‍പേഴ്സണ്‍, പഞ്ചായത്ത് , കോര്‍പ്പറേഷന്‍ , ജില്ലാ പഞ്ചായത്ത് അംഗം. എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഒ എസ് അംബിക (54), ആറ്റിങ്ങല്‍തിരുവന്തപുരം ജില്ലിയില്‍ നിന്നുള്ള ഏക വനിതാ എംഎല്‍എയാണ് ഒ എസ് അംബിക. ആദ്യ തെരഞ്ഞെടുപ്പില്‍ തന്നെ ശക്തമായ മത്സരം കാഴ്ചവെച്ചാണ് അംബിക നിയമസഭയിലേക്ക് ജയിച്ച് കയറിയത്. 69,898 വോട്ടുകള്‍ നേടിയ അംബിക 31,636 വോട്ടിന്‍റെ ഭൂരിപക്ഷമാണ് പ്രധാന എതിരാളിയായ ബിജെപിയുടെ പി സുധീറിനെതിരെ നേടിയത്. 2016 ല്‍ ആറ്റിങ്ങലില്‍ എല്‍ഡിഎഫ് 40,383 വോട്ടിന്‍റെ ലീഡ് നേടിയിരുന്നു. ലീഡ് അല്‍പ്പം കുറഞ്ഞ് പോയെങ്കിലും അംബികയുടെ വിജയം ഏറെ പ്രധാനപ്പെട്ടതാണ്. ബിജെപി രണ്ടാം സ്ഥാനത്തെത്തിയ കേരളത്തിലെ ചുരുക്കം ചില മണ്ഡലങ്ങളിലൊന്നാണ് ആറ്റിങ്ങല്‍. ചിറയിന്‍കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് , കര്‍ഷകത്തൊഴിലാളി യൂണിയന്‍ കേന്ദ്ര കമ്മിറ്റിയംഗം. മുമ്പ് രണ്ട് വട്ടം മുദ്രാക്കല്‍ പഞ്ചായത്ത് പ്രസിഡന്‍റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
വീണാ ജോര്‍ജ് (46), ആറന്മുളടെലിവിഷന്‍ മാധ്യമപ്രവര്‍ത്തനം നിര്‍ത്തിയാണ് വീണാ ജോര്‍ജ് കഴിഞ്ഞ തവണ ആദ്യമായി ആറന്മുളയില്‍ നിന്നും തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്. 7,440 വോട്ടിന്‍റെ ഭൂരിപക്ഷത്തില്‍ അന്ന് വീണാ ജോര്‍ജ്ജ് സിപിഎം എംഎല്‍എയായി തെരഞ്ഞെടുക്കപ്പെട്ടു. മതമേലധ്യക്ഷന്മാര്‍ വീണയുടെ വിജയത്തില്‍ തങ്ങള്‍ക്കുള്ള പങ്ക് ഏറ്റുപറഞ്ഞു. എന്നാല്‍ രണ്ടാം തവണ 74,950 വോട്ട് നേടി, 19,003 വോട്ടിന്‍റെ ഭൂരിപക്ഷത്തോടെ വിജയിക്കുമ്പോള്‍ ആ വിജയത്തിന്‍റെ അവകാശം പറ്റാന്‍ വീണ മാത്രമേയുള്ളൂ എന്നതാണ് സത്യം. നിലവില്‍ നിയമസഭാ ഉള്ളടക്ക സമിതി അധ്യക്ഷസ്ഥാനവും വീണ വഹിക്കുന്നുണ്ട്. പ്രധാന എതിരാളി കോണ്‍ഗ്രസിന്‍റെ കെ ശിവദാസന്‍ നായര്‍ക്ക് 55,947 വോട്ട് നേടാനെ കഴിഞ്ഞൊള്ളൂ.
യു പ്രതിഭ (43), കായംകുളംപിണറായി സര്‍ക്കാറിനൊപ്പം തുടര്‍ച്ചയായ രണ്ടാം തവണയും കായകുളത്ത് നിന്നുള്ള എംഎല്‍എയായി യു പ്രതിഭ തെരഞ്ഞെടുക്കപ്പെട്ടു. 77,348 വോട്ട് ലഭിച്ച പ്രതിഭയ്ക്ക് കഴിഞ്ഞ തവണ ലഭിച്ച 11,857 വോട്ടിന്‍റെ ഭൂരിപക്ഷം നിലനിര്‍ത്താനായില്ല. ഇത്തവണ 6,298 വോട്ടിന്‍റെ ഭൂരിപക്ഷത്തിനാണ് പ്രതിഭയുടെ വിജയം. മുമ്പ് ആലപ്പുഴ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് , തകഴി പഞ്ചായത്ത് പ്രസിഡന്‍റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട് നിയമബിരുദധാരിയായ പ്രതിഭ. 71,050 വോട്ട് നേടിയ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി അരിതാ ബാബു ശക്തമായ മത്സരമാണ് മണ്ഡലത്തില്‍ കാഴ്ചവെച്ചത്.എട്ടില്‍ നിന്ന് പതിനൊന്നിലേക്ക് നിയമസഭയിലെ സ്ത്രീ പ്രാധിനിത്യം ഉയര്‍ത്തിയെങ്കിലും സംസ്ഥാന രാഷ്ട്രീയത്തിലെ ശക്തരായ ചില വനിതാ സ്ഥാനാര്‍ത്ഥികള്‍ക്ക് പക്ഷേ, പതിനൊന്നാം നിയമസഭ കാണാന്‍ പറ്റില്ല. പതിനാലാം നിയമസഭയില്‍ ഫിഷറീസ് മന്ത്രിയായിരുന്ന മേഴ്സിക്കുട്ടിയമ്മയാണ് ഇവരില്‍ പ്രധാനി. പാര്‍ട്ടിക്ക് ചരിത്രത്തിലാദ്യമായി ഭരണത്തുടര്‍ച്ചയുണ്ടായപ്പോള്‍, മേഴ്സിക്കുട്ടിയമ്മയ്ക്ക് ആ വിജയത്തിനൊപ്പം നില്‍ക്കാന്‍ കഴിഞ്ഞില്ല. മന്ത്രിസഭയുടെ അവസാന നാളുകളില്‍ പ്രതിപക്ഷ നേതാവുയര്‍ത്തിയ ആഴക്കടല്‍ മത്സ്യബന്ധന കരാര്‍ ആരോപണം മേഴ്സിക്കുട്ടിയമ്മയുടെ വിജയത്തെ ഏറെ ബാധിച്ചുവെന്ന് കരുതാതെ വയ്യ. 2016 ല്‍ എല്‍ഡിഎഫ് 30,460 വോട്ടിന്‍റെ ലീഡ് നേടി വിജയിച്ച് അതേ മണ്ഡലത്തില്‍ 4,454 വോട്ടിന് കോണ്‍ഗ്രസിന്‍റെ പി സി വിഷ്ണുനാഥിനോട് മേഴ്സിക്കുട്ടിയമ്മയ്ക്ക് പരാജയം സമ്മതിക്കേണ്ടിവന്നു. കൊല്ലത്ത് ശക്തമായ മത്സരം കാഴ്ചവെക്കുകയും ഒരിടയ്ക്ക് വിജയ പ്രതീക്ഷ നിലനിര്‍ത്തുകയും ചെയ്ത ബിന്ദു കൃഷ്ണ, സംസ്ഥാന ബിജെപി നേതൃത്വത്തോട് ഇടഞ്ഞ് നില്‍ക്കുമ്പോഴും കേന്ദ്ര നേതൃത്വത്തിന്‍റെ അനുഗ്രഹാശിസുകളോടെ കഴക്കൂട്ടത്ത് മത്സരത്തിനിറങ്ങിയ ശോഭാ സുരേന്ദ്രന്‍, അരൂരില്‍ ദലീമയോട് പരാജയം ഏറ്റുവാങ്ങിയ ഷാനിമോള്‍ ഉസ്മാന്‍ എന്നിവരും പരാജയപ്പെട്ട പ്രമുഖരാണ്.കോണ്‍ഗ്രസ് നേതൃത്വത്തോട് തെരഞ്ഞെടുപ്പിലെ സ്ത്രീ പ്രാതിനിധ്യക്കുറവിന്‍റെ പേരില്‍ കലഹിച്ച് ഇറങ്ങിപ്പോയ ലതികാ സുഭാഷ്, ഏറ്റുമാനൂരില്‍ സ്വതന്ത്രനായി മത്സരിച്ചെങ്കിലും 7,624 വോട്ട് നേടാനെ കഴിഞ്ഞെള്ളൂ. രാഷ്ട്രീയത്തില്‍, മുന്‍ മുഖ്യമന്ത്രി കെ കരുണാകരന്‍റെ മകള്‍ എന്ന പദവിയില്‍ നിന്നും ഇന്നും പുറത്ത് കടക്കാന്‍ കഴിഞ്ഞിട്ടില്ലാത്ത പത്മജാ വേണുഗോപാലായിരുന്നു തോറ്റ് പോയ മറ്റൊരു പ്രമുഖ വനിത. തൃശ്ശൂര്‍ ശക്തമായൊരു മത്സരം കാഴ്ചവെക്കാന് പത്മജയക്ക് കഴിഞ്ഞെങ്കിലും 43,317 വോട്ട് നേടാനെ കഴിഞ്ഞൊള്ളൂ. പരാജയപ്പെട്ടെങ്കിലും മണ്ഡലത്തില്‍ സിപിഐ 2016 ല്‍ നേടിയ 6,987 വോട്ടിന്‍റെ ഭൂരിപക്ഷം വെറും 946 വോട്ടിന്‍റെ ഭൂരിപക്ഷമായി കുറയ്ക്കാന്‍ പത്മജയ്ക്ക് കഴിഞ്ഞു. മുന്‍ മന്ത്രി പി കെ ജയലക്ഷ്മിയാണ് തോറ്റു പോയ മറ്റൊരു പ്രമുഖ സ്ഥാനാര്‍ത്ഥി. മാനന്തവാടിയില്‍ നിന്ന് മത്സരിച്ച് 64,767 വോട്ട് നേടിയെങ്കിലും സിപിഎമ്മിന്‍റെ ഒ ആര്‍ കേളുവിനോട് 9,282 വോട്ടിന് ജയലക്ഷ്മി പരാജയപ്പെട്ടു. ബിജെപിക്ക് വേണ്ടി സുല്‍ത്താന്‍ ബത്തേരി മത്സരിച്ച സി കെ ജാനു ( 15,456 ) , മുസ്ലീം ലീഗിന്‍റെ ആദ്യ വനിതാ സ്ഥാനാര്‍ത്ഥിയായി കോഴിക്കോട് സൌത്തില്‍ നിന്ന് മത്സരിച്ച നൂര്‍ബീന റഷീദ് (40,098 ), ധര്‍മ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയനെതിരെ മത്സരിച്ച വളയാര്‍ പെണ്‍കുട്ടികളുടെ അമ്മ വാളയാര്‍ ഭാഗ്യവതി (1,753) എന്നിവരുടെ മത്സരങ്ങളും കേരളം ഉറ്റുനോക്കിയിരുന്നു.