ലോകത്തിലെ ആദ്യത്തെ ഗർഭിണിയായ പുരാതന ഈജിപ്ഷ്യൻ മമ്മി; മരണ കാരണം അർബുദം

First Published | Jul 12, 2022, 12:43 PM IST

ലോകത്തിലെ ആദ്യത്തെ ഗർഭിണിയായ പുരാതന ഈജിപ്ഷ്യൻ മമ്മി( Egyptian Mummy), അപൂർവമായ അർബുദം ബാധിച്ച് മരിച്ചതാണെന്ന് പുതിയ പഠനം വെളിപ്പെടുത്തുന്നു. പോളണ്ടിലെ ഗവേഷകർ പുരാതന മൃതദേഹത്തിന്‍റെ തലയോട്ടിയുടെ സ്കാൻ നടത്തുന്നതിനിടെ അസ്ഥിയിൽ അസാധാരണമായ അടയാളങ്ങൾ കണ്ടെത്തി.  നാസോഫറിംഗിയൽ ക്യാൻസർ ബാധിച്ച രോഗികളിൽ കണ്ടെത്തിയതിന് സമാനമായ അടയാളങ്ങളായിരുന്നു അത്. ഇതില്‍ നിന്നും മമ്മിയും ഇതേ രോഗം ബാധിച്ച് മരിച്ചിരിക്കാനാണ് സാധ്യതയെന്ന് ശാസ്ത്രജ്ഞർ പറയുന്നു. 2,000 വർഷം പഴക്കമുള്ളതാണ് മമ്മിഫൈ ചെയ്യപ്പെട്ട മൃതദേഹം. മൃതദേഹം മരണാവസ്ഥയില്‍ 28 ആഴ്ച ഗർഭാവസ്ഥയിൽ ആയിരുന്നുവെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. മരിക്കുമ്പോള്‍ ഇവര്‍ക്ക് 20 വയസായിരുന്നു പ്രായം. 

മൂക്കിന്‍റെ പിൻഭാഗവും വായയുടെ പിൻഭാഗവും തമ്മിൽ ബന്ധിപ്പിക്കുന്ന തൊണ്ടയുടെ ഭാഗത്ത് ബാധിക്കുന്ന അപൂർവമായ അർബുദമാണ് നാസോഫറിംഗൽ കാൻസർ. 'മിസ്റ്റീരിയസ് ലേഡി' എന്ന് വിളിപ്പേരുള്ള 20 വയസുള്ള സ്ത്രീ ഗർഭിണിയായി 28 ആഴ്ചകൾക്കുള്ളിൽ മരിച്ചുവെന്ന് നേരത്തെ തിരിച്ചറിഞ്ഞിരുന്നു. 

എന്നാല്‍, ഇപ്പോഴാണ് അവരുടെ മരണ കാരണം കണ്ടെത്തുന്നത്. പോളണ്ടിലെ വാർസോ മമ്മി പ്രോജക്റ്റ് (ഡബ്ല്യുഎംപി) പുറത്തുവിട്ട ചിത്രങ്ങൾ, ട്യൂമർ മൂലമുണ്ടാകുന്ന മുറിവുകളുള്ള തലയോട്ടിയും മമ്മിഫിക്കേഷൻ പ്രക്രിയകളിൽ സാധാരണയായി ഉണ്ടാകാത്ത അസ്ഥികളുടെ ഭാഗങ്ങളിൽ വലിയ വ്യത്യാസങ്ങളും കാണിക്കുന്നു.

Latest Videos


'നസോഫോറിൻജിയൽ അസ്ഥികളിൽ അസാധാരണമായ മാറ്റങ്ങളുണ്ട്.  മമ്മി വിദഗ്ധരുടെ അഭിപ്രായത്തിൽ, മമ്മിഫിക്കേഷൻ പ്രക്രിയയില്‍ ഇത്തരം മാറ്റങ്ങള്‍ സാധാരണമല്ല,' ഡബ്ല്യുഎംപിയിലെ വിദഗ്ധരോടൊപ്പം പ്രവർത്തിച്ചിരുന്ന മെഡിക്കൽ യൂണിവേഴ്സിറ്റി ഓഫ് വാർസോയിലെ ഓങ്കോളജി വിഭാഗത്തിലെ പ്രൊഫസർ റഫാൽ സ്റ്റെക് പറഞ്ഞു.

'കമ്പ്യൂട്ട് ടോമോഗ്രാഫിയെ അടിസ്ഥാനമാക്കിയുള്ള റേഡിയോളജിസ്റ്റുകളുടെ അഭിപ്രായങ്ങൾ അസ്ഥികളിലെ ട്യൂമർ മാറ്റങ്ങളുടെ സാധ്യതയെ സൂചിപ്പിക്കുന്നു.' എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മമ്മിയുടെ ചെറുപ്രായവും മരണത്തിന് മറ്റൊരു കാരണമില്ലാത്തതും 'ഓങ്കോളജിക്കൽ കാരണത്തെ' സൂചിപ്പിക്കുന്നുവെന്ന് പ്രൊഫസർ സ്റ്റെക് കൂട്ടിച്ചേർത്തു.

കൂടുതല്‍ പഠനങ്ങള്‍ക്കായി മമ്മിയുടെ ടിഷ്യൂ സാമ്പിളുകൾ ശേഖരിക്കാനും മറ്റ് ഈജിപ്ഷ്യൻ മമ്മികളിൽ നിന്നുള്ള കാൻസർ സാമ്പിളുകളുമായി താരതമ്യം ചെയ്യാനും ശാസ്ത്രജ്ഞർ പദ്ധതിയിടുന്നു. ക്യാൻസറിന്‍റെ 'മോളിക്യുലാർ സിഗ്നേച്ചർ' വെളിപ്പെടുത്തുന്നതിലൂടെ, ഇത് കാൻസർ പരിണാമത്തെക്കുറിച്ചുള്ള അറിവ് വികസിപ്പിക്കുമെന്നും ആധുനിക വൈദ്യശാസ്ത്രത്തിന്‍റെ വികസനത്തിന് സംഭാവന നൽകുമെന്നും ശാസ്ത്രജ്ഞര്‍ കരുതുന്നു. 

തുടർ ഗവേഷണത്തില്‍ നിന്ന് നാസോഫറിംഗൽ ക്യാൻസറിന്‍റെ കാരണം കണ്ടെത്താന്‍ കഴിയുമെന്നും ശാസ്ത്രജ്ഞര്‍ ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചു. ഇത് വൈറൽ അണുബാധയുമായോ ജനിതകവുമായോ ബന്ധപ്പെട്ടതാണോ എന്നും തിരിച്ചറിയാന്‍ സഹായിക്കും. 

ഈജിപ്തിലെ തീബ്‌സിലെ രാജകീയ ശവകുടീരങ്ങളിൽ തീബൻ സമുദായത്തിലെ ഉന്നതരിൽ നിന്ന് വരുന്ന നിഗൂഢ സ്ത്രീയെ കണ്ടെത്തിയതായി പറയപ്പെടുന്നു. 1800-കളുടെ തുടക്കത്തിലാണ് ഈ മമ്മി കണ്ടെത്തിയത്. ബിസി ഒന്നാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന സ്ത്രീയുടെതാണ് മമ്മിയെന്ന് കരുതപ്പെടുന്നു. ഈ കാലത്താണ് ക്ലിയോപാട്രയുടെ രാജ്ഞി പദവിയും തീബ്സ് നഗരം ഈജിപ്തിന്‍റെ കേന്ദ്ര ബിന്ദുവും ആയിരുന്ന കാലം. 

1826-ൽ, ഈജിപ്ഷ്യൻ വാലി ഓഫ് ദി കിംഗ്‌സിൽ നിന്നുള്ള ഏറ്റവും പ്രധാനപ്പെട്ട ചില കണ്ടെത്തലുകള്‍ക്കിടെയാണ് ഈ മമ്മിയും കണ്ടെത്തിയത്. പോളണ്ടിലെ വാർസോയിലേക്ക് പിന്നീട് ഈ സ്ത്രീയെ കൊണ്ടുപോയി. നിലവില്‍ വാർസോയിലെ നാഷണൽ മ്യൂസിയത്തിലാണ് ഈ മമ്മി സൂക്ഷിച്ചിരിക്കുന്നത്. 

കഴിഞ്ഞ വർഷം, ടോമോഗ്രാഫിക് ഇമേജിംഗ് ഉപയോഗിച്ചുള്ള പരിശോധനയിൽ, മരിക്കുമ്പോൾ സ്ത്രീക്ക് 20 നും 30 നും ഇടയിൽ പ്രായമുണ്ടായിരുന്നുവെന്നും ഗർഭാവസ്ഥയുടെ 26 മുതൽ 30 വരെ ആഴ്ചയിലായിരുന്നു അവരെന്നും കണ്ടെത്തിയിരുന്നു. 

അവരുടെ ശരീരം ശ്രദ്ധാപൂർവ്വം തുണികളിൽ പൊതിഞ്ഞ് അവളെ മരണാനന്തര ജീവിതത്തിലേക്ക് നയിക്കാനായി  സമ്പന്നമായ ഒരു കൂട്ടം അമ്യൂലറ്റുകൾ നൽകിയിരുന്നെന്ന് ആർക്കിയോളജിക്കൽ സയൻസ് ജേണലിൽ പറയുന്നു. വളരെ സൂരക്ഷിതമായിട്ടായിരുന്നു ആ ഗര്‍ഭസ്ഥ ശിശുവിനൊപ്പം മൃതദേഹം മമ്മി ചെയ്തത്. 

ഗര്‍ഭസ്ഥ ശിശുവിന്‍റെ തലയ്ക്ക് 9.8 ഇഞ്ച് ചുറ്റളവാണ് ഉള്ളത്. ഇത് ഗര്‍ഭാവസ്ഥയുടെ 26-ാം ആഴ്ചയ്ക്കും 30-ാം ആഴ്ചയ്ക്കും ഇടയിലുള്ള വളര്‍ച്ചയാണെന്ന് സംഘം അനുമാനിക്കുന്നു. എന്നാല്‍, വാർസോ മമ്മി പ്രോജക്റ്റിലെ വിദഗ്‌ദ്ധർക്ക് ഗര്‍ഭപിണ്ഡം സ്വതന്ത്രമായി വേർതിരിച്ച് മമ്മി ചെയ്യാത്തത് എന്തുകൊണ്ടാണെന്ന് പറയാൻ കഴിഞ്ഞില്ല. 

'കുട്ടി ജനിച്ചിട്ടില്ലാത്തതിനാൽ അത് ഇപ്പോഴും അമ്മയുടെ ശരീരത്തിന്‍റെ അവിഭാജ്യ ഘടകമാണെന്ന് കരുതിയിരിക്കാം.'  എന്നാണ് ഗവേഷകര്‍ മറുപടി പറഞ്ഞത്. പുരാതന ഈജിപ്ഷ്യൻ വിശ്വാസമനുസരിച്ച്, 'പേര്' ഓരോ മനുഷ്യന്‍റെയും ഒരു പ്രധാനപ്പെട്ട ഭാഗമാണെങ്കിലും, ഗര്‍ഭപിണ്ഡത്തിന് അവര്‍ പ്രത്യേകമായ പേര് നൽകിയിരുന്നില്ല.

അതിനാൽ, പുരാതന വിശ്വാസങ്ങൾ ഗർഭസ്ഥ ശിശുവിന്‍റെ മരണാനന്തര ജീവിതം അതിന്‍റെ അമ്മയുടെ മരണാനന്തര ജീവിതത്തിന്‍റെ ഭാഗമാണെന്ന് അനുമാനിക്കുന്നു. 2016-ൽ എംബാം ചെയ്ത സ്ത്രീയാണെന്ന് കണ്ടെത്തുന്നത് വരെ, ഇത് മമ്മി ഹോർ-ജെഹൂത്തി എന്ന പുരോഹിതന്‍റെ അവശിഷ്ടമാണെന്നായിരുന്നു കരുതിയിരുന്നത്. 

ഒരു മമ്മിയിൽ കാൻസർ കണ്ടെത്തുന്നത് ഇതാദ്യമായല്ല.  2017-ൽ, രണ്ട് പുരാതന മമ്മികളിൽ, ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന സ്തനാർബുദവും മൾട്ടിപ്പിൾ മൈലോമ എന്ന മജ്ജ ക്യാൻസറും ശാസ്ത്രജ്ഞർ കണ്ടെത്തിയിരുന്നു. രോഗം കണ്ടെത്തിയ ബിസി 2,000 മുതലുള്ള സ്ത്രീയും ബിസി 1,800 മുതലുള്ള പുരുഷനും ഈജിപ്ഷ്യൻ എലിഫന്‍റൈൻ കുടുംബങ്ങള്‍ അടങ്ങിയ ഭരണവർഗത്തിൽപ്പെട്ടവരായിരുന്നു.

click me!