ഒരു നൂറ്റാണ്ടിന് ശേഷം ആദ്യത്തെ രാജകീയ വിവാഹത്തിന് സാക്ഷ്യം വഹിച്ച് റഷ്യ

First Published | Oct 1, 2021, 4:43 PM IST

നൂറ്റാണ്ടിന് ശേഷം രാജകീയ വിവാഹത്തിന് റഷ്യ ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. 1917 ല്‍ അവസാനത്തെ റഷ്യന്‍ സാമ്രാജ്യാധിപനായിരുന്ന നിക്കോളാസ് രണ്ടാമനെ ബോൾഷെവിക് വിപ്ലവകാരികള്‍ സ്ഥാനഭ്രഷ്ടനാക്കിയിരുന്നു. പിന്നീട് അദ്ദേഹത്തെയും മറ്റ് രാജകുടുംബാഗങ്ങളെയും നിഷ്ഠൂരമായി കൊല ചെയ്യുകയും ചെയ്ത ചരിത്രത്തില്‍ നിന്ന് ഇന്നത്തെ റഷ്യ ഏറെ മാറിക്കഴിഞ്ഞിരിക്കുന്നു.  നിക്കോളാസ് രണ്ടാമന്‍റെ വംശപരമ്പരയില്‍പ്പെട്ടയാളും സ്പെയിനില്‍ ജനിക്കുകയും ചെയ്ത ഗ്രാൻഡ് ഡ്യൂക്ക് ജോർജ് മിഖൈലോവിച്ച് റൊമാനോവ് ആണ് വിവാഹിതമാകുന്നത്.  ജോർജ് മിഖൈലോവിച്ച് റൊമാനോവിന്‍റെയും ഇറ്റാലിയൻ പ്രതിശ്രുത വധു വിക്ടോറിയ റൊമാനോവ്ന ബെറ്റാരിനിയുടെയും വിവാഹം സെന്‍റ് പീറ്റേഴ്സ്ബർഗിലെ സെന്‍റ് ഐസക് കത്തീഡ്രലിൽ ഇന്ന് നടന്നു.  
 

1917 ലെ ബോൾഷെവിക് വിപ്ലവത്തെ തുടര്‍ന്ന് റഷ്യയിലെ അവസാന സാർ നിക്കോളാസ് രണ്ടാമനും അദ്ദേഹത്തിന്‍റെ ഭാര്യയും അഞ്ച് കുട്ടികളും മോസ്കോയില്‍ നിന്ന് രക്ഷപ്പെട്ടിരുന്നു. 

എന്നാല്‍, 1918 ജൂലൈയിൽ മോസ്കോയ്ക്ക് കിഴക്ക് 1,450 കിലോമീറ്റർ അകലെയുള്ള യെക്കാറ്റെറിൻബർഗിലെ ഒരു വ്യാപാരിയുടെ നിലവറയിൽ വച്ച് വിപ്ലവകാരികള്‍ ഇവരെയെല്ലാവരെയും വെടിവെച്ച് കൊലപ്പെടുത്തി. 

Latest Videos


എന്നാല്‍ ,  രാജകുടുംബാംഗമായ ഗ്രാൻഡ് ഡ്യൂക്ക് കിറിൽ വ്‌ളാഡിമിറോവിച്ചിന് അക്രമത്തില്‍ നിന്ന് രക്ഷപ്പെട്ട് ഫിൻലാൻഡിലേക്ക് കടക്കാന്‍ സാധിച്ചു. പിന്നീട് അദ്ദേഹം സ്പെയിനിലേക്ക് രക്ഷപ്പെട്ടു. ജീവിതകാലം മുഴുവന്‍ അദ്ദേഹം സ്പെയിനിലാണ് താമസിച്ചത്. 

അദ്ദേഹത്തിന്‍റെ കൊച്ചുമകളും റഷ്യയുടെ സാമ്രാജ്യത്വ സിംഹാസനത്തിന്‍റെ സ്വയം പ്രഖ്യാപിത അവകാശിയുമായ ഗ്രാൻഡ് ഡച്ചസ് മരിയ വ്‌ളാഡിമിറോവ്നയുടെ മകനാണ് ഗ്രാൻഡ് ഡ്യൂക്ക് ജോർജ് മിഖൈലോവിച്ച് റൊമാനോവ് (40). 

1992 ലാണ് ജോർജ് മിഖൈലോവിച്ച് റൊമാനോവ് ആദ്യമായി റഷ്യ സന്ദർശിക്കുന്നത്. ഇന്ന് അദ്ദേഹം നിരവധി ജീവകാരുണ്യ പദ്ധതികളുമായി സഹകരിച്ച് മോസ്കോയില്‍ താമസിക്കുന്നു. 

"ഞങ്ങൾ തിരിച്ചെത്തിയ റഷ്യയിലെ ആദ്യ സ്ഥലമാണിത്, തന്‍റെ കുടുംബവുമായി വളരെ അടുപ്പമുള്ളതും. അതിനാല്‍ വിവാഹത്തിനായി മോസ്കോ തെരഞ്ഞെടുത്തു." വെന്ന് ജോർജ് മിഖൈലോവിച്ച് റൊമാനോവ് പറഞ്ഞു. 

ജോര്‍ജിനെ വിവാഹം കഴിക്കുന്നതിനായി 39 കാരിയായ വിക്ടോറിയ റൊമാനോവ്ന ബെറ്റാരിനി കഴിഞ്ഞ വർഷം റഷ്യൻ ഓർത്തഡോക്സ് വിശ്വാസത്തിലേക്ക് മതം മാറിയിരുന്നു. തുടര്‍ന്നാണ് അവര്‍ ആ പേര് സ്വീകരിച്ചതും.

കമ്മ്യൂണിസ്റ്റ് വിപ്ലവങ്ങളും 70 വര്‍ഷം നീണ്ട ഏകാധിപത്യ ഭരണവും കടന്ന് റഷ്യയിന്ന് നിയന്ത്രിത ജനാധിപത്യമെന്ന പേരില്‍ മുതലാളിത്ത ഏകാധിപത്യ ഭരണവ്യവസ്ഥയിലേക്ക് പ്രവേശിച്ച് കഴിഞ്ഞു. 

അങ്ങനെ അടിമുടി മാറിയ റഷ്യയിലാണ്  ജോർജ് മിഖൈലോവിച്ച് റൊമാനോവും വിക്ടോറിയ റൊമാനോവ്ന ബെറ്റാരിനിയും തങ്ങളുടെ പുതുജീവിതം തുടങ്ങുക.

റൊമാനോവ് രാജവംശം 300 വര്‍ഷത്തോളം റഷ്യ അടക്കി ഭരിച്ചു. ഏറ്റവും ഒടുവില്‍ ബോള്‍ഷെവിക്കുകള്‍ കൊലപ്പെടുത്തിയ നിക്കോളാസ് രണ്ടാമന്‍ ദുര്‍ബലനായ രാജാവായാണ് അറിയപ്പെട്ടിരുന്നത്. 

എന്നാല്‍ 2000 ല്‍ റഷ്യയിലെ ഓർത്തഡോക്സ് സഭ നിക്കോളാസ് രണ്ടാമനെ വിശുദ്ധനായി പ്രഖ്യാപിച്ചിരുന്നു. മതാധികാരികള്‍ പണ്ടും റഷ്യയുടെ രാജകുടുംബത്തിനൊപ്പമായിരുന്നു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
 

click me!