പൊട്ടൻ തെയ്യത്തിന്‍റെ കഥ കേട്ടിട്ടുണ്ടോ? വളരെ രസകരമായ ഒരു കഥയാണത്. സര്‍വ്വജ്ഞപീഠം കയറിയ ശങ്കരാചാര്യരെ പരീക്ഷിക്കാൻ ചണ്ഡാളരൂപത്തിലെത്തിയ സാക്ഷാല്‍ പരമശിവനാണ് പൊട്ടൻ തെയ്യം എന്നാണ് ഐതിഹ്യം. പണ്ടുപണ്ടൊരിക്കല്‍ കണ്ണൂരിന്‍റെ കിഴക്കൻ പ്രദേശമായ പുളിങ്ങോത്തു വച്ചാണ് സാക്ഷാല്‍ ശങ്കരാചാര്യരും അലങ്കാരനെന്ന പുലയ യുവാവിന്‍റെ വേഷത്തിലെത്തിയ മഹാദേവനും തമ്മില്‍ കണ്ടുമുട്ടിയത് എന്നാണ് കഥകള്‍. രാമന്തളിയിലെ ശങ്കരനാരായണ ക്ഷേത്രത്തിൽ നിന്നും തലക്കാവേരിയിലേക്ക് പോകുകയായിരുന്നു ശങ്കരൻ.
നടത്തം പുളിങ്ങോത്തെത്തി. അന്നവിടെ കൂടാൻ തീരുമാനിച്ചു ആചാര്യര്‍. വഴിയില്‍ക്കൂടിയവരോട് അദ്വൈതതത്ത്വത്തെക്കുറിച്ച് പ്രഭാഷണവും തുടങ്ങി അദ്ദേഹം. ഈ സമയം കുറച്ചകലെയൊരു കുന്നിന്‍ചെരിവില്‍ ഇരിക്കുകയായിരുന്നു അലങ്കാരൻ എന്ന പുലയ യുവാവ്. ആചാര്യരുടെ ശബ്‍ദത്തിലെ ഞാനെന്ന ഭാവം അദ്ദേഹം പറയുന്ന അദ്വൈത വാക്കുകള്‍ക്ക് നിരക്കുന്നതല്ലെന്ന് തോന്നി അലങ്കാരന്.
അങ്ങനെയാണ് പിറ്റേന്ന് പുലര്‍ച്ചെ ആചാര്യന്‍റെ വഴിയില്‍ അലങ്കാരൻ എത്തുന്നതും തീണ്ടലിനെപ്പറ്റി വാഗ്വാദം നടത്തുന്നതും. അലങ്കാരന്റെ ചോദ്യങ്ങള്‍ക്ക് മറുപടിയില്ലാതായതോടെ ശങ്കരാചാര്യര്‍ തെറ്റ് തിരിച്ചറിഞ്ഞെന്നും ചണ്ഡാളനെ ഗുരുവായി വണങ്ങിയെന്നും കഥ. പുളിങ്ങോത്ത് നിന്നും തലക്കാവേരിയിലേക്കുള്ള ആ കാട്ടുവഴി ഇന്നുമുണ്ട്. ഒരേ വരമ്പില്‍ നിന്നും ബ്രാഹ്മണനും പുലയനും സംസാരിക്കുന്നത് ശരിയല്ലെന്ന ആചാര്യന്‍റെ ശാഠ്യം മാറ്റാൻ അലങ്കാരന്‍ തന്റെ മാടിക്കോല്‍ വഴിയില്‍ കുറുകെ വെച്ച് രണ്ടാക്കിയ വരമ്പാണ്‘ഇടവരമ്പ്’എന്ന സ്ഥലപ്പെരേന്നുമൊക്കെ കഥകളുണ്ട്.
മുപ്പത്തിമൂന്ന് മരം നട്ടെന്നും അതില്‍ മൂന്നെണ്ണം വേറിട്ടതാണെന്നും മൂന്നില്‍ ഒന്നായ കരിമരം പൂത്ത പൂവാണ് കയ്യില്‍ എന്നുമൊക്കെ വളരെ സ്‍പഷ്‍ടമായി തന്നെയാണ് പൊട്ടൻ പറയുന്നത്. മുപ്പത്തിമുക്കോടി ദേവകളെയും ത്രിമൂര്‍ത്തികളെയും അതില്‍ ശിവൻ എന്ന കരിമരത്തെയും സൂചിപ്പിക്കുന്ന കവിയാണ് അക്ഷരാര്‍ത്ഥത്തില്‍ പൊട്ടൻ.
കാഞ്ഞങ്ങാടിനടുത്തുള്ള അതിഞ്ഞാലിലെ കൂര്‍മ്മന്‍ എഴുത്തച്ഛൻ എന്ന നാട്ടുകവിയാണ് പൊട്ടന്‍ തെയ്യത്തിന്റെ തോറ്റത്തിലെ വരികളില്‍ പലതും എഴുതിച്ചേര്‍ത്തത് എന്ന് വിശ്വസിക്കപ്പെടുന്നു. കൂർമ്മൽ എഴുത്തച്ഛനു ചണ്ഡാളവേഷധാരിയായ ശിവന്‍റെ ദര്‍ശനം ലഭിക്കുകയും അതോടെ അദ്ദേഹത്തിനു കവിത്വം സിദ്ധിക്കുകയും ചെയ്‍തെന്നുമാണ് കഥകള്‍.
മലയന്മാരാണ് പ്രധാനമായും പൊട്ടൻ തെയ്യത്തിന്‍റെ കോലധാരികള്‍. മറ്റ് തെയ്യക്കോലങ്ങളില്‍ നിന്നും ഏറെ വ്യത്യസ്‍തനാണ് പൊട്ടൻ അനുഷ്‍ഠാനം. സാധാരണ തെയ്യങ്ങള്‍ വടക്കോട്ട് തിരിഞ്ഞ് മുടിയും അണിയലവും അണിയുമ്പോള്‍ പൊട്ടൻ തെക്കോട്ട് തിരിഞ്ഞിരുന്നാണ് തോറ്റം ചൊല്ലുന്നതും മുഖപ്പാള കെട്ടുന്നതും. ഇരുന്നു തോറ്റമാണ് പൊട്ടന്. മലയ സ്‍ത്രീകളും പൊട്ടന്‍റെ തോറ്റം ചൊല്ലാൻ കൂടും. മറ്റ് തെയ്യങ്ങള്‍ക്ക് സ്‍ത്രീകള്‍ തോറ്റം ചെല്ലാറില്ല. മറ്റു തെയ്യങ്ങളെപ്പോലെ വാളോ പരിചയോ വില്ലോ ശരമോ ഒന്നും പൊട്ടനില്ല. മാടിക്കോലും കത്തിയും മാത്രമാണ് പൊട്ടന്‍റെ ആയുധങ്ങള്‍.
കോലത്തിന്മേല്‍ കോലമായി മൂന്നു തെയ്യങ്ങളായാണ് പള്ളിയറയ്ക്ക് മുന്നില്‍ പൊട്ടന്‍റെ കലാശം. പുലമാരുതൻ, പുലപ്പൊട്ടൻ, പുലച്ചാമുണ്ഡി എന്നിവരാണവര്‍. പുലപ്പൊട്ടൻ പരമശിവനും പുലച്ചാമുണ്ഡി ശ്രീപാര്‍വ്വതിയും പുലമാരുതൻ നന്ദികേശനുമാണെന്നാണ് ഐതിഹ്യം. മലയന്മാരാണ് പ്രധാനമായും പൊട്ടൻ തെയ്യത്തിന്‍റെ കോലധാരികള്‍. അത്യുത്തര കേരളത്തില്‍ മിക്ക കാവുകളിലും തറവാട്ടുകളിലും സ്ഥാനങ്ങളിലുമൊക്കെ സജീവ സാനിധ്യമാണ് പൊട്ടൻ തെയ്യം. അതില്‍ പ്രധാനപ്പെട്ട ഇടങ്ങളിലൊന്നാണ് ചെറുവത്തൂരിനടുത്ത പിലിക്കോട്ടെ മല്ലക്കര തറവാട്ടിലെ പൊട്ടൻ തെയ്യം. വിളിച്ചാല്‍ വിളിപ്പുറത്താണ് മല്ലക്കരയിലെ പൊട്ടനെന്നാണ് വിശ്വാസം. ആനന്ദമുള്ളോനെ കാണാനായി ഇവിടെ കാത്തിരിക്കും ജനക്കൂട്ടം