ഒടുവിൽ വേട്ടയാരംഭിക്കുന്നു, കണ്ടെത്താനുള്ളത് നാസികാലത്തെ പണവും ആഭരണങ്ങളുമടങ്ങിയ വൻ നിധിശേഖരം

First Published | Aug 3, 2022, 12:27 PM IST

നാസി കാലത്ത് ഒളിപ്പിച്ചിരിക്കുന്ന 10 ടൺ നിധി കുഴിച്ചെടുക്കാൻ നിധി വേട്ടക്കാർക്ക് അനുമതി. പതിനെട്ടാം നൂറ്റാണ്ടിൽ നിന്നുള്ള പോളണ്ടിലെ ഒരു കൊട്ടാരത്തിന്റെ മൈതാനത്താണ് നിധി ഉള്ളതായി കരുതുന്നത്. അതിൽ, ദശലക്ഷക്കണക്കിന് പൗണ്ട് പണവും ആഭരണങ്ങളും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും ഒളിപ്പിച്ചിട്ടുണ്ടാവാമെന്ന് പ്രതീക്ഷിക്കുന്നു.

രണ്ടാം ലോകമഹായുദ്ധത്തിന്റെ അവസാനത്തിൽ സമ്പന്നരായ ജർമ്മൻകാർ തങ്ങളുടെ വിലപിടിപ്പുള്ള വസ്തുക്കൾ നാസി ജർമനിയിലെ പ്രബല അർദ്ധസൈനിക വിഭാഗമായിരുന്ന ഷുട്സ്റ്റാഫലിന് കൈമാറുകയായിരുന്നു. റഷ്യയുടെ റെഡ് ആർമി ഇത് അപഹരിക്കുന്നത് തടയാനാണ് അങ്ങനെ ചെയ്തിരുന്നത്. 

എന്നാൽ, അതെല്ലാം പിന്നീട് അപ്രത്യക്ഷമായി. ഇത് ഒരു നാസി രാജ്യം സ്ഥാപിക്കാൻ സഹായിക്കുന്നതിന് ഉപയോഗിക്കാൻ ഉദ്യോഗസ്ഥരോട് ഉത്തരവിട്ടത് ഷുട്സ്റ്റാഫൽ ബോസ് ഹെൻറിച്ച് ഹിംലറാണ് എന്നാണ് കരുതുന്നത്. ഇതിൽ 'ഗോൾഡ് ഓഫ് ബ്രെസ്‌ലൗ' എന്ന് വിളിക്കപ്പെടുന്ന, പൊലീസ് ആസ്ഥാനത്ത് നിന്ന് കാണാതായ നിധി അടക്കം പെടുന്നു എന്നാണ് കരുതുന്നത്. 


ഒരു ഉന്നത ഷുട്സ്റ്റാഫൽ ഉദ്യോഗസ്ഥൻ എഴുതിയ ഡയറിയും ഭൂപടവും നിധി എവിടെയാണ് എന്നതിനെ കുറിച്ചുള്ള വിവരങ്ങൾ ഇപ്പോൾ വെളിപ്പെടുത്തിയിരിക്കാം എന്ന് കരുതുന്നു. ജർമ്മൻ-പോളണ്ട് ബന്ധങ്ങളെക്കുറിച്ച് പഠിക്കുന്ന ഒരു സംഘം അവകാശപ്പെടുന്നത് മിങ്കോവ്‌സ്‌കി ഗ്രാമത്തിലുള്ള കൊട്ടാരത്തിലെ ഒരു നാരങ്ങാത്തോട്ടത്തിന്റെ അടിയിൽ ഈ നിധി ഒളിപ്പിച്ചിരിക്കാമെന്നാണ്.

സെപ്തംബർ 1 -ന് സൈലേഷ്യൻ ബ്രിഡ്ജ് ഫൗണ്ടേഷൻ നിധിക്ക് വേണ്ടിയുള്ള ഖനനം ആരംഭിക്കും. അതോടെ എല്ലാം വ്യക്തമാകും എന്നാണ് കരുതുന്നത്. 

വോൺ സ്റ്റെയ്ൻ എന്നു പേരുള്ള ഒരു മുതിർന്ന ഷുട്സ്റ്റാഫൽ ഉദ്യോഗസ്ഥൻ ഒരു ഡയറിക്കുറിപ്പ് എഴുതിയതായി പറയപ്പെടുന്നു. അതിൽ നാരങ്ങാത്തോട്ടം സുരക്ഷിതമാണ് എന്നും അവിടെ നിധി കുഴിച്ചിട്ടുണ്ട് എന്നും എഴുതിയിട്ടുണ്ടത്രെ. 

ഉദ്യോ​ഗസ്ഥന്റെ കാമുകി കൊട്ടാരത്തിൽ ജോലി ചെയ്തിരുന്നുവെന്നും നിധി നോക്കാൻ അവളെ ഉദ്യോ​ഗസ്ഥൻ ഏൽപ്പിച്ചിരുന്നു എന്നും കരുതുന്നു. അയാൾ അവൾക്ക് എഴുതിയ കത്തിൽ നിധിയെ കുറിച്ചും അവ സുരക്ഷിതമായി എത്തിച്ചതിനെ കുറിച്ചും എല്ലാം എഴുതിയിട്ടുണ്ട്. 

പതിനെട്ടാം നൂറ്റാണ്ടിൽ പ്രഷ്യൻ ജനറൽ ഫ്രെഡറിക് വിൽഹെം വോൺ സെയ്ഡ്ലിറ്റ്സ് നിർമ്മിച്ചതാണ് മിങ്കോവ്സ്കിയിലെ കൊട്ടാരം. കാലക്രമേണ, അത് പലതവണ പലരുടെയും കയ്യിലായി. യുദ്ധാനന്തരം റെഡ് ആർമിയും പോളിഷ് ആർമിയും വ്യത്യസ്ത സമയങ്ങളിൽ അവിടെ നിലയുറപ്പിച്ചു. 

പിന്നീട് ലോക്കൽ കൗൺസിൽ ഓഫീസ്, കിൻഡർ ​ഗാർഡൻ, സിനിമ ഒക്കെയായി ഇവിടം മാറി. ഇപ്പോൾ കൊട്ടാരം ജീർണ്ണിച്ച അവസ്ഥയിലാണ്. അത് സിലേഷ്യൻ ബ്രിഡ്ജ് ഫൗണ്ടേഷൻ ദീർഘകാല പാട്ടത്തിന് എടുത്തിരിക്കുകയാണ്.

ഇതേ ഡയറിയിൽ തന്നെ മറ്റൊരിടത്ത് കുഴിച്ചിട്ടിരിക്കുന്ന 28 ടൺ നിധിയെ കുറിച്ചും സൂചിപ്പിച്ചിട്ടുണ്ട് എന്ന് കരുതുന്നു. അത് മറ്റൊരു കൊട്ടാരത്തിലാണ് കുഴിച്ചിട്ടിരിക്കുന്നത് എന്നാണ് കരുതുന്നത്.  

ഏതായാലും സപ്തംബർ ഒന്നിന് ഖനനം ആരംഭിക്കും. അതോട് കൂടി നിധിയെ ചുറ്റിപ്പറ്റിയുള്ള ഊഹാപോഹങ്ങൾ അവസാനിക്കുകയും കൃത്യമായ വിവരങ്ങൾ ലഭിക്കുകയും ചെയ്യും എന്ന് കരുതാം. 

Latest Videos

click me!