കൊവിഡിനെ തുടര്‍ന്ന് മുടങ്ങിക്കിടന്ന പാംപ്ലോണ ആഘോഷം ഈ വര്‍ഷമാണ് പുനരാരംഭിച്ചത്. ആവേശത്തിലായ ജനങ്ങള്‍ തെരുവുകള്‍ നേരത്തെ തന്നെ കീഴടക്കിയിരുന്നു. വടക്കൻ സ്‌പെയിനിലെ പാംപ്ലോണ നഗരത്തിൽ വർഷം തോറും നടക്കുന്ന ചരിത്രപരമായ വേരുകളുള്ള ഒരാഴ്ച നീളുന്ന ആഘോഷമാണ് സാൻ ഫെർമിൻ. ജൂലൈ 6 ന് ഉച്ചയ്ക്ക് ആരംഭിക്കുന്ന ആഘോഷം ജൂലൈ 14 ന് അർദ്ധരാത്രി വരെ തുടരും.
ആഘോഷങ്ങളിൽ നിന്ന് വെടിക്കെട്ട് ആരംഭിക്കുകയും അവസാനം ജനപ്രിയ ഗാനം പോബ്രെ ഡി മി ആലപിക്കുകയും ചെയ്യുന്നു. ജൂലൈ 7 മുതൽ 14 വരെ എല്ലാ ദിവസവും രാവിലെ 8 മണിക്ക് ആരംഭിക്കുന്ന കാളയോട്ടമാണ് ആഘോഷത്തിന്‍റെ പ്രധാന ഇനം.
നിരവധി പരമ്പരാഗത നാടോടി നൃത്തങ്ങള്‍ ഇതോടൊപ്പം അരങ്ങേറാറുണ്ടെങ്കിലും ജനപ്രിയത ഏറ്റവും കൂടുതല്‍ കാളയോട്ടത്തിനാണ്. പ്രദേശികമായി ഈ ആഘോഷം സാൻഫെർമൈൻസ് എന്നറിയപ്പെടുന്നു. ഇത് നവാറെയുടെ സഹ രക്ഷാധികാരിയായ സെന്‍റ് ഫെർമിന്‍റെ ബഹുമാനാർത്ഥമാണ് നടക്കുന്നത്. ഒരു ദശലക്ഷത്തിലധികം ആളുകൾ പങ്കെടുക്കാൻ വരുന്ന സ്പെയിനിലെ ഏറ്റവും അന്താരാഷ്ട്ര പ്രശസ്തമായ ഉത്സവമാണ് ഇത്.
1835 ലാണ് കാളയോട്ടം സ്പെയിനില്‍ നിയമവിധേയമാക്കുന്നത്. ഈ വര്‍ഷം ഇതുവരെ നടന്ന കാളയോട്ടങ്ങളില്‍ ഒരാളെ അയാളുടെ വസ്ത്രത്തില്‍ കോര്‍ത്ത് എടുത്തുയര്‍ത്തിയ കാള മീറ്ററുകളോളം ദൂരം അയാളെയും വലിച്ചുകൊണ്ടാണ് ഓടിയത്. ഓട്ടത്തിനൊടുവിൽ 29 കാരനായ ഒരു സ്പാനിഷ്കാരൻറെ കാൽമുട്ടിന് ഗുരുതരമായ പരിക്കേറ്റു. മറ്റ് രണ്ട് പേര്‍ക്ക് വീണ് പരിക്കുകളുണ്ട്.
കൊവിഡ് മഹാമാരിയുടെ വ്യാപനത്തിന് മുമ്പ് ഏറ്റവും ഒടുവിലായി 2019 ല്‍ നടന്ന കാളയോട്ടത്തില്‍ എട്ട് പേരാണ് കൊല്ലപ്പെട്ടത്. ഇത്തവണ ഇതുവരെയായി മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കിലും പരിക്കേറ്റവരുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ട്.
രാവിലെ 8 മണിക്കാണ് കാളയോട്ടം തുടങ്ങുന്നത്. കൂടെ ഓടാനായി അതിരാവിലെ തന്നെ നൂറുകണക്കിന് ഓട്ടക്കാർ തെരുവുകളിലേക്ക് ഒഴുകിയെത്തിയിട്ടുണ്ടാവും. ഇതില്‍ ഭൂരിപക്ഷവും പുരുഷന്മാരാണ്. ഇത്തവണ ആറ് കാളകളാണ് ഓട്ടത്തിനായി ഉണ്ടായിരുന്നത്. ഇവയെ നിയന്ത്രിക്കാനായി പ്രത്യേകം പരിശീലനം ലഭിച്ച മറ്റ് ആറ് കാളകള്‍ കൂടി മത്സരത്തില്‍ പങ്കെടുക്കും.
പാംപ്ലോണ നഗരത്തിലൂടെ ഏതാണ്ട് 875 മീറ്റര്‍ ദൂരം ഓടുന്ന കാളകള്‍ ഒടുവില്‍ വിശാലമായ മൈതാനത്തേക്ക് നയിക്കപ്പെടുന്നു. അവിടെ വച്ച് കാളപ്പോരാളികള്‍ അവയെ പ്രത്യേകതരം ആയുധം ഉപയോഗിച്ച് കൊല്ലുന്നു. ഈ കാഴ്ചയ്ക്കായി മാത്രം ആയിരക്കണക്കിനാളുകളാണ് എത്തിച്ചേരുന്നത്. ഉത്സവം നടക്കുന്ന ദിവസങ്ങളില്‍ 24 മണിക്കൂറും പാര്‍ട്ടികള്‍ ഉണ്ടാകും. കൂടാതെ തെരുവ് പരിപാടികൾ, നഗരത്തിലെ ഭക്ഷണം എന്നിവയ്ക്കും ഈ ഉത്സവം ഏറെ ജനപ്രിയമാണ്.
പതിവില്‍ നിന്ന് വ്യത്യസ്തമായി ഇത്തവണ കാളയോട്ടത്തിനിടെ ബലാത്സംഗ പരാതികള്‍ ഉയര്‍ന്നു. കാളയോട്ട ഉത്സവത്തിനിടെ ബലാത്സംഗം ചെയ്യപ്പെട്ടതായി ഒരു സ്ത്രീയും മറ്റ് എട്ട് സ്ത്രീകൾ ലൈംഗികാതിക്രമം നേരിട്ടതായും പൊലീസിന് പരാതി നല്‍കി. ഇതോടെ നൂറ് കണക്കിനാളുകള്‍ പ്രതിഷേധവുമായി രംഗത്തെത്തി.
പരാതിയില്‍ അന്വേഷണം നടക്കുകയാണെന്നും ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും പാംപ്ലോണ ലോക്കല്‍ പൊലീസ് അറിയിച്ചു. 2016-ലും കാളയോട്ട ആഘോഷത്തിനിടെ 18 വയസ്സുള്ള ഒരു സ്ത്രീക്ക് കൂട്ടബലാത്സംഗം നേരിടേണ്ടിവന്നിരുന്നു. ഈ കേസില്‍ അഞ്ച് പേരെ കുറ്റക്കാരായി കണ്ട് ശിക്ഷിച്ചു. ഈ കേസ് 'വുൾഫ് പാക്ക്' എന്നാണ് അറിയപ്പെട്ടിരുന്നത്. ആക്രമണത്തിന്‍റെ ചിത്രങ്ങൾ കൈമാറുന്ന വാട്ട്‌സ്ആപ്പ് ഗ്രൂപ്പിന്‍റെ പേരായിരുന്നു അത്.
ഇതോടെ ബലാത്സംഗ കേസുകളുടെ പൊളിച്ചെഴുത്തിന് കാരണമായ പ്രക്ഷോഭങ്ങള്‍ ഉയര്‍ന്നുവന്നു. ഒടുവില്‍ കഴിഞ്ഞ വര്‍ഷം ജൂണ്‍ 6 നാണ് സമ്മതപ്രകാരമല്ലാത്ത ലൈംഗികതയെ ബലാത്സംഗമായി നിർവചിക്കുന്നതിനുള്ള ബില്ലിന് സ്പാനിഷ് സർക്കാർ അംഗീകാരം നൽകിയത്. കൊവിഡ് ഇടവേളയ്ക്ക് ശേഷം നടക്കുന്ന ആദ്യ കാളയോട്ട ആഘോഷത്തിനിടെയിലും ബലാത്സംഗ പരാതി ഉയര്‍ന്നത് സ്പെയിനില്‍ ഏറെ വിവാദമായിക്കഴിഞ്ഞു.