മീ റ്റു സ്മാരകമോ പുരുഷന്റെ കാമാതുര നോട്ടമോ; മെഡുസയുടെ നഗ്‌ന പ്രതിമ വിവാദത്തില്‍

First Published | Oct 15, 2020, 11:14 PM IST

തങ്ങള്‍ക്കെതിരായ ലൈംഗിക പീഡനങ്ങള്‍ തുറന്നു പറഞ്ഞ് സ്ത്രീകളുടെ മുന്‍കൈയില്‍ നടന്ന 'മീറ്റൂ' മൂന്നേറ്റത്തോടുള്ള ആദരസൂചകമായി അമേരിക്കയിലെ മന്‍ഹാട്ടനില്‍ സ്ഥാപിച്ച കൂറ്റന്‍ മെഡുസ പ്രതിമ വിവാദത്തില്‍

തങ്ങള്‍ക്കെതിരായ ലൈംഗിക പീഡനങ്ങള്‍ തുറന്നു പറഞ്ഞ് സ്ത്രീകളുടെ മുന്‍കൈയില്‍ നടന്ന 'മീറ്റൂ' മൂന്നേറ്റത്തോടുള്ള ആദരസൂചകമായി അമേരിക്കയിലെ മന്‍ഹാട്ടനില്‍ സ്ഥാപിച്ച കൂറ്റന്‍ മെഡുസ പ്രതിമ വിവാദത്തില്‍
മന്‍ഹാട്ടനിലെ കലക്ട് പോണ്ട് പാര്‍ട്ടിക്കാണ് സ്ഥാപിച്ച പ്രതിമയ്ക്ക് അനുകൂലവുംപ്രതികൂലവുമായ നിലപാടുകളുമായി വിവിധ ഗ്രൂപ്പുകള്‍ രംഗത്തുവന്നു.

ബലാല്‍സംഗം ചെയ്യപ്പെട്ടതിന് ദൈവങ്ങളാല്‍ ശിക്ഷിക്കപ്പെടുകയും ഭീകരസത്വമായി മാറ്റപ്പെടുകയും ചെയ്ത മെഡൂസ എന്ന ഗ്രീക്ക് പുരാണ നായികയുടെ പ്രതിമയാണ് വിവാദത്തിലായത്.
പില്‍ക്കാലത്ത് ഫെമിനിസ്റ്റ് രാഷ്ട്രീയ മുന്നേറ്റം സ്്ത്രീ രോഷത്തിന്റെയും ആത്മാഭിമാനത്തിന്റെയും ചിഹ്‌നമായി മാറ്റിവായിച്ച ഗ്രീക്ക് പുരാണനായികയാണ് മെഡുസ
നിരവധി പ്രമുഖരുടെ ലൈംഗിക പീഡനങ്ങള്‍ പുറത്തുകൊണ്ടുവന്ന മീറ്റൂ മുന്നേറ്റത്തിന്റെ ചിഹ്‌നം എന്ന നിലയിലാണ് മെഡുസയുടെ പ്രതിമ സ്ഥാപിച്ചത്.
അര്‍ജന്റീന്‍- ഇറ്റാലിയന്‍ ശില്‍പ്പിയായ ലൂസിയാനോ ഗര്‍ബാതിയാണ് 100 പൗണ്ട് ഭാരമുള്ള ഈ ശില്‍പ്പം നിര്‍മിച്ച് പാര്‍ക്കില്‍ സ്ഥാപിച്ചത്.
1554-ല്‍ ഇറ്റാലിയന്‍ ശില്‍പ്പിയായ ചെല്ലിനി സ്ഥാപിച്ച മെഡുസയുടെ പ്രശസ്തമായ ശില്‍പ്പത്തോടുള്ള ഫെമിനിസ്റ്റ് പ്രതികരണം എന്ന നിലയ്ക്കാണ് ലൂസിയാനോ ഗര്‍ബാതി മെഡുസ പ്രതിമ നിര്‍മിച്ചത്
ഗ്രീക്ക് പുരാണങ്ങള്‍ പ്രകാരമുള്ള മെഡുസയുടെ കഥയുടെ വ്യാഖ്യാനമായിരുന്നു ചെല്ലിനിയുടെ ശില്‍പ്പം.
ഗ്രീക്ക് പുരാണപ്രകാരം മെഡുസയുടെ കഥ ഇതാണ്: കടല്‍ ദേവതയുടെ മൂന്ന് മക്കളില്‍ ഒരാളായ മെഡുസയെ പൊസിദോണ്‍ എന്ന കരുത്തനായ ദൈവം അഥീന ദേവതയുടെ സങ്കേതത്തില്‍ വെച്ച് ബലാല്‍സംഗം ചെയ്തു.
എന്നാല്‍, പൊസിദോണിനെ ശിക്ഷിക്കുന്നതിനു പകരം, തന്റെ സങ്കേതം മലിനമാക്കി എന്നാരോപിച്ച് അഥീന ദേവി മെഡുസയെയാണ് ശിക്ഷിച്ചത്.
അഥീന ദേവത മെഡുസയെ ഒരു ഭീകരസത്വമാക്കി മാറ്റി. അവളുടെ തലയിലാകെ സര്‍പ്പങ്ങള്‍ കൂടുകൂട്ടി. മെഡുസയുടെ കണ്ണിലേക്ക് ഉറ്റുനോക്കുന്നവര്‍ കല്ലായി മാറി.
ഗ്രീക്ക് വീരനായകനായ പെഴ്‌സ്യൂസ് പില്‍ക്കാലത്ത് മെഡുസയെ ആക്രമിക്കുകയും തലയറുത്തു കൊല്ലുകയും ചെയ്തു.
പെഴ്‌സ്യൂസ് മെഡുസയുടെ ഉടലില്‍ കാല്‍വെച്ച് ശിരസ്സ് മുറിച്ച് കൈയിലേന്തി നില്‍ക്കുന്ന ശില്‍പ്പമാണ് 1554-ല്‍ ചെല്ലിനി നിര്‍മിച്ചത്.
ഇതിനു പിന്നാലെ, അനേകം വിഖ്യാത ശില്‍പ്പികള്‍ പെഴ്‌സ്യൂസിന്റെയും മെഡുസയുടെയും ശില്‍പ്പങ്ങള്‍ നിര്‍മിച്ചു.
അതിനു പിന്നാലെയാണ്, 20ാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ഫെമിനിസ്റ്റ് പ്രസ്ഥാനം ഗ്രീക്ക് പുരാണത്തിലെ നീതികേടിന്റെ കഥയായി മെഡുസയുടെ ജീവിതത്തെ വായിച്ചത്. മെഡുസ പിന്നീട് സ്ത്രീ സ്വത്വബോധത്തിന്റെയും ആത്മാഭിമാനത്തിന്റെയും പ്രതീകമായി മാറി.
അതിനു പിന്നാലെയാണ്, 20ാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ഫെമിനിസ്റ്റ് പ്രസ്ഥാനം ഗ്രീക്ക് പുരാണത്തിലെ നീതികേടിന്റെ കഥയായി മെഡുസയുടെ ജീവിതത്തെ വായിച്ചത്. മെഡുസ പിന്നീട് സ്ത്രീ സ്വത്വബോധത്തിന്റെയും ആത്മാഭിമാനത്തിന്റെയും പ്രതീകമായി മാറി.
ഇതിന്റെ തുടര്‍ച്ചയായാണ് മീ റ്റു മുന്നേറ്റത്തോടുള്ള ആദരസൂചകമായി പുതിയ ശില്‍പ്പം സ്ഥാപിക്കപ്പെട്ടത്
ലൂസിയാനോ ഗര്‍ബാതിയുടെ ശില്‍പ്പം ചെല്ലിനിയുടെ ശില്‍പ്പത്തിന്റെ നേര്‍വിപരീതമായ കാഴ്ചയാണ്. മെഡൂസ പെഴ്‌സ്യൂസിനെ കൊന്ന് കഴുത്ത് മുറിച്ച് തല കൈയിലേന്തി നില്‍ക്കുന്നതാണ് പുതിയ ശില്‍പ്പം
ചെല്ലിനിയുടെ ശില്‍പ്പം പെഴ്‌സ്യൂസിന്‍േറതായിരുന്നുവെങ്കില്‍ ഗര്‍ബാതിയുടെ ശില്‍പ്പം മെഡുസയുടേതാണ്. ചെല്ലിനയുടെ ശില്‍പ്പത്തിന്റെ കൈയിലുള്ള മുറിഞ്ഞ തല മെഡുസയുടേതാണെങ്കില്‍ പുതിയ ശില്‍പ്പത്തിന്റെ കൈയിലെ മുറിഞ്ഞ തല പെഴ്‌സ്യൂസിന്‍േറതാണ്
മീറ്റു മുന്നേറ്റത്തിന്റെ ക്യതമായ പ്രതീകമാണ് മെഡുസയുടെ പുതിയ ശില്‍പ്പം എന്നായിരുന്നു ആദ്യ പ്രതികരണങ്ങള്‍ വന്നത്
മീറ്റു ആരോപണങ്ങള്‍ക്ക് വിധേയനായ പ്രമുഖ ഹോളിവുഡ് നിര്‍മാതാവ് ഹാര്‍വി വിന്‍സ്‌റ്റെയിന്‍ ബലാല്‍സംഗം അടക്കമുള്ള ലൈംഗിക അതിക്രമ കുറ്റങ്ങളുടെ പേരില്‍ 23 വര്‍ഷം തടവിനു ശിക്ഷിക്കപ്പെട്ട മന്‍ഹാട്ടന്‍ സുപ്രീം കോടതിക്കു മുന്നിലാണ് മെഡുസ പ്രതിമ സ്ഥാപിക്കപ്പെട്ട പാര്‍ക്ക്
നീതിക്കു വേണ്ടിയുള്ള പെണ്‍പോരാട്ടത്തിന്റെ പ്രതീകമായ മെഡുസയുടെ ശില്‍പ്പം സ്ഥാപിക്കപ്പെടണ്ടേ അനുയോജ്യമായ ഇടം ഇതു തന്നെയാണ് എന്നായിരുന്നു ശില്‍പ്പിയുടെ പക്ഷം
എന്നാല്‍, എന്തു കൊണ്ടാണ് മീ റ്റു മുന്നേറ്റങ്ങളുടെ പ്രതീകമായി മാറിയ ശില്‍പ്പം ഒരു ആണ്‍ ശില്‍പ്പി ചെയ്തു എന്ന ചോദ്യമാണ് ചില ഫെമിനിസ്റ്റ് ഗ്രൂപ്പുകള്‍ ഉയര്‍ത്തുന്നത്
യൂറോപ്യന്‍ പുരുഷന്റെ കാമാതുരമായ നോട്ടമാണ് നഗ്‌നമായ മെഡുസ ശില്‍പ്പമെന്നാണ് ഇതിനെതിരെ ഉയര്‍ന്ന മുഖ്യ ആരോപണം
ആണ്‍ കാഴ്ചകളെയും പുരുഷ ഫാന്റസികളെയും തൃപ്തിപ്പെടുത്തുന്ന വിധത്തിലാണ് ഈ ശില്‍പ്പം രൂപം കൊണ്ടത് എന്നും ഇത് മീറ്റു മുന്നേറ്റം മുന്നോട്ടു വെയ്ക്കുന്ന ആശയങ്ങള്‍ക്ക് എതിരാണെന്നും മറ്റൊരു വിഭാഗം പറയുന്നു
കറുത്ത വര്‍ഗക്കാരിയായ ഒരു സ്ത്രീയാണ് മീ റ്റു മുന്നേറ്റം ആരംഭിച്ചതെന്നും എന്നാല്‍, ഈ ശില്‍പ്പം അതിനെ യൂറോപ്യന്‍ സ്ത്രീയിലേക്ക് ചുരുക്കുന്നതായും വിമര്‍ശകര്‍ പറയുന്നു
ഗുഹ്യരോമങ്ങള്‍ ഇല്ലാതെ, നഗ്‌നയായി മെഡുസയെ ആവിഷ്‌കരിച്ചത് സ്ത്രീയെ കാഴ്ചവസ്തുവാക്കുന്ന പുരുഷ നോട്ടമല്ലാതെ മറ്റെന്താണ് എന്നാണ് മറ്റൊരു വിമര്‍ശനം
പാര്‍ക്കിലെ നഗ്‌നശില്‍പ്പം കാണുന്നവരില്‍ പലര്‍ക്കും മെഡുസയുടെ ചരിത്രം അറിയാന്‍ സാദ്ധ്യതയില്ലെന്നും വെറുമൊരു നഗ്‌ന രൂപമായി ഇതിനെ പില്‍ക്കാലത്ത് കാണാനുള്ള സാദ്ധ്യതയാണ് കൂടുതലെന്നും സോഷ്യല്‍ മീഡിയയില്‍ അഭിപ്രായമുയര്‍ന്നു.
എന്നാല്‍, ബലാല്‍സംഗം ചെയ്യപ്പെടുന്ന ഇരകളെ മോശക്കാരാക്കുന്ന സാമൂഹ്യാവസ്ഥകളെ ചോദ്യം ചെയ്യുന്ന ധീരമായ ഉദ്യമമാണ് ഈ ശില്‍പ്പമെന്ന അഭിപ്രായവും ഉയരുന്നുണ്ട്.
കാലങ്ങളായി കുറ്റക്കാരിയും ഇരയുമായി കണക്കാക്കിയിരുന്ന മെഡുസയുടെ പ്രതികാരമാണ് പുതിയ ശില്‍പ്പമെന്നും ഇത് മീ റ്റു മുന്നേറ്റത്തിന്റെ ഏറ്റവും കൃത്യമായ പ്രതീകമാണെന്നുമുള്ള അഭിപ്രായങ്ങളും ഉയരുന്നുണ്ട്.

Latest Videos

click me!