രണ്ടുപേർ ചുംബിക്കുമ്പോൾ ലോകം മാറുമോ? ചരിത്രത്തിലെ ചില വിഖ്യാത ചുംബനങ്ങൾ...

First Published | Jul 6, 2021, 12:26 PM IST

ചുംബനം എന്നാല്‍ വെറുതെ രണ്ട് ചുണ്ടുകളുടെ ഒന്നുചേരലല്ല, മറിച്ച് അത് വാത്സല്യത്തിന്റെ, സ്നേഹത്തിന്‍റെ, പ്രണയത്തിന്‍റെ, കാമത്തിന്‍റെ ഒക്കെ കത്തിപ്പടരലുകളുടെ തുടക്കമാവാം. സിനിമകളിലും സാഹിത്യങ്ങളിലുമെല്ലാം ചുംബനം ഏറ്റം പ്രിയപ്പെട്ടതായി. ചുംബനത്തെ വാഴ്ത്താത്ത കാലമുണ്ടായിരുന്നില്ല. അതിപുരാതനകാലം തൊട്ട് വർത്തമാനത്തിലും ഭാവിയിലും മനുഷ്യർ സ്നേഹിക്കുന്നിടത്തോളം കാലവും ചുംബനമുണ്ടാവും. രണ്ടുപേർ ചുംബിക്കുമ്പോൾ ലോകം മാറുന്നു എന്നാണ് പറയാറ്. ഇന്ന് ചുംബനദിനം!

ഒരുപാടുപേർ ചുംബനങ്ങളെ കുറിച്ച് എഴുതിയിട്ടുണ്ട്. 'നിന്റെ ചുണ്ടുകളെ നീ പുച്ഛിക്കാന്‍ പഠിപ്പിക്കരുത്, അവ ചുംബിക്കാനായി സൃഷ്ടിക്കപ്പെട്ടവയാണ്' എന്ന് ഷേക്സ്പിയർ എഴുതുന്നു. 'രണ്ടുപേർ ചുംബിക്കുമ്പോൾ ലോകം മാറു'മെന്ന് ഓക്ടാവിയ പാസ്. സിൽവിയ പ്ലാത്ത് എഴുതിയത്, 'എന്നെ ചുംബിക്കൂ, ഞാനെത്ര പ്രിയപ്പെട്ടവളാണ് എന്ന് നിങ്ങളറിയും' എന്നാണ്. 'പിന്നീട് അവളവനെ ചുംബിച്ചു, അതിനു മുമ്പൊരിക്കലും അവളവനെ ചുംബിച്ചിരുന്നില്ല. അത് പരമാനന്ദമായിരുന്നു, ഫയര്‍വിസ്കിയെക്കാളും മികച്ചതായിരുന്നു. ആ നേരം ഈ ലോകത്ത് അവള്‍ മാത്രമായിരുന്നു സത്യം' എന്നെഴുതിയത് ജെ.കെ റൗളിംഗ്.
'മകളേ നിനക്കിന്നു നല്കുമീ ചുംബനംമന്വന്തരങ്ങളായ് തുടരുന്ന സാന്ത്വനംസുകൃത മെന്താണെന്നറിഞ്ഞു ഞാനിന്നു നിൻമിഴിയിൽ പിതൃത്വ സൗഭാഗ്യം തുളുമ്പവേ'ശ്രീകുമാരൻ തമ്പി എഴുതിയ 'അച്ഛന്റെ ചുംബന'ത്തിലുള്ള വരികളാണ്.

'ഇരുളിൽ നമ്മുടെ ചുംബനംഇടിമിന്നൽ പൊലെ തിളങ്ങി,ആ ഗുഹ ബോധിയായിഎനിക്ക് പ്രണയത്തിന്റെവെളിപാടുണ്ടായി'എന്ന് സച്ചിദാനന്ദൻ തന്റെ 'പ്രണയബുദ്ധനി'ൽ എഴുതുന്നു.
എന്നാൽ, ചില രാജ്യങ്ങളില്‍ കവിളിലും കൈപ്പത്തിയിലും എല്ലാം ചുംബിക്കുക എന്നത് അഭിവാദനത്തിന്‍റെയും മറ്റും രീതിയാണ്. ഇപ്പോൾ, കൊവിഡ് 19 പടര്‍ന്നുപിടിക്കുന്ന ഈ കാലത്ത് ചുംബിക്കാതിരിക്കുക എന്നതാണ് ചെയ്യാനാവുന്ന ഏറ്റവും നല്ല കാര്യം എന്നായിട്ടുണ്ട്. എങ്കിലും, ചുംബനം എക്കാലവും ചുംബനം തന്നയല്ലേ. ഇനി ചരിത്രത്തിൽ നിന്നും ചില ചുംബനങ്ങൾ.
ആദ്യമായി എഴുതിച്ചേര്‍ക്കപ്പെട്ട ചുംബനം: ആദ്യമായി ചുംബനത്തെ കുറിച്ചുള്ള രേഖപ്പെടുത്തിയ വിവരമുണ്ടായത് ഏകദേശം 1500 ബി സി -യോടെയാണ് എന്നാണ് കരുതപ്പെടുന്നത്. വേദകാലഘടത്തിലെ സംസ്‍കൃത കൃതികളില്‍ ഇതിന്‍റെ സാന്നിധ്യം കാണാം. ഇന്ത്യയിലെ ചില കൃതികളില്‍ ഇത്തരത്തില്‍ ചുംബനത്തെ കുറിച്ച് എഴുതിയിട്ടുണ്ട്. AD നാലാം നൂറ്റാണ്ടില്‍ രചിച്ചുവെന്ന് കരുതപ്പെടുന്ന മഹാഭാരതത്തിലും ചുംബനത്തെ കുറിച്ച് എഴുതുന്നുണ്ട്. കാമസൂത്രയിലാകട്ടെ ഒരധ്യായം തന്നെ ചുംബനത്തെ കുറിച്ചുണ്ട്. അതില്‍ എത്രതരം ചുംബനങ്ങള്‍, എങ്ങനെയൊക്കെ ചുംബിക്കാം എന്നിവയെല്ലാം ഉള്‍പ്പെടുന്നു.(ചിത്രം: ഗുസ്താവ് ക്ലിംതിന്‍റെ 'ദ കിസ്')
യൂദാസിന്‍റെ ചുംബനം: ചുംബനമെന്നാല്‍ പ്രണയമെന്ന് മാത്രമല്ല. അത് സൗഹൃദത്തെ കാണിക്കുന്നതാകാം. ചതിയെ സൂചിപ്പിക്കുന്നതുമാകാം. ഒന്നാം നൂറ്റാണ്ടിലെഴുതപ്പെട്ട Gospels of Matthew and Mark -ലും ഒരു ചുംബനത്തെ കുറിച്ച് എഴുതപ്പെട്ടിട്ടുണ്ട്. അത് യൂദാസ് യേശുവിനെ ചുംബിച്ചതിനെ കുറിച്ചാണ്. യൂദാസ്, യേശുവിനെ ചുംബിച്ചിട്ടാണ് ഒറ്റുകൊടുക്കുന്നത്. അവിടെ ഈ ചുംബനത്തെ ചതിയായിട്ടാണ് കാണുന്നത്. വഞ്ചനയുടെ ചവര്‍പ്പുണ്ടായിരുന്നു ആ ചുംബനത്തിനെന്നാണ് പറയുന്നത്.
സിനിമയിലെ ആദ്യ ചുംബനം: ആദ്യമായി സിനിമയില്‍ ചുംബിച്ചതാരാണ് എന്നറിയാമോ? മേ ഇര്‍വിനും ജോണ്‍ സി റൈസുമാണത്. 1896 -ലിറങ്ങിയ 'ദ കിസ്സ്' (മേ ഇര്‍വിന്‍ കിസ്സ്) എന്ന സിനിമയിലാണത്. ലോക സിനിമാ ചരിത്രത്തിലെ തന്നെ ആദ്യം പ്രദർശിപ്പിക്കപ്പെട്ട ചലച്ചിത്രങ്ങളിലൊന്നാണ് 1896 -ൽ നിർമ്മിയ്ക്കപ്പെട്ട 'ദ കിസ്'. ഇതിന്റെ ദൈർഘ്യം വെറും 47 സെക്കന്റുകൾ ആയിരുന്നു. തോമസ് എഡിസൺ നിർമ്മിച്ച ഈ ചലച്ചിത്രം സംവിധാനം ചെയ്‍തത് വില്യം ഹീസ് ആണ്.
സിനിമയിലെ ആദ്യത്തെ കറുത്ത ചുംബനം: 1898 -ല്‍ ബ്ലാക്ക് പെര്‍ഫോമേഴ്‍സായ സെയിന്‍റ് സറ്റല്‍, ഗര്‍ട്ടീ ബ്രൗണ്‍ എന്നിവര്‍ ഒരു ഷോര്‍ട്ട് ഫിലിമില്‍ അഭിനയിച്ചു. 'സംതിങ് ഗുഡ് നീഗ്രോ കിസ്'. അതിലാണ് ആദ്യമായി കറുത്ത അമേരിക്കക്കാരുടെ ചുംബനത്തെ കാണിക്കുന്നത്.
വി ജെ ഡേ കിസ്സ് (V J Day kiss): രണ്ടാം ലോകമഹായുദ്ധം അവസാനിച്ച സന്തോഷത്തെ പ്രതിനിധീകരിക്കുന്നൊരു ചിത്രമുണ്ട്. 1945 ആഗസ്ത് 14 -ന് ജപ്പാന്‍ കീഴടങ്ങിയതിനെ തുടര്‍ന്ന് വലിയ ആഘോഷങ്ങളും ആഹ്ളാദപ്രകടനങ്ങളും നടന്നു. ആ സമയത്ത് ന്യൂയോര്‍ക്കിലെ ടൈം സ്ക്വയറിലെത്തിയ ഗ്രീറ്റ സിമ്മര്‍ ഫ്രീഡ്‍മാന്‍ എന്ന നഴ്‍സിനെ ജോര്‍ജ് മെന്‍ഡോസ ചുംബിച്ചതാണത്. നാവികന്‍ ഒരു യുവതിയെ തീവ്രമായി ചുംബിക്കുന്ന ആ ചിത്രം യുദ്ധം അവസാനിക്കുമ്പോഴുണ്ടാകുന്ന ആഹ്ളാദത്തിന്‍റെ പ്രതീകമായി കണക്കാക്കപ്പെടുന്നു.എന്നാല്‍, 2005 -ല്‍ ഒരു അഭിമുഖത്തില്‍ ഗ്രീറ്റ സിമ്മര്‍ തന്‍റെ അനുവാദമില്ലാതെയാണ് മെന്‍ഡോസ തന്നെ ചുംബിച്ചത് എന്ന് പറഞ്ഞിരുന്നു. എന്നാല്‍, അതിനെ യുദ്ധം അവസാനിച്ചതിന്‍റെ ആഹ്ളാദമായാണ് എല്ലാവരും കണ്ടിരുന്നതെന്നും അവര്‍ പറഞ്ഞു. പക്ഷേ, ഫ്ളോറിഡയിലെ സരസോട്ടിയിലെ ജോര്‍ജ് മെന്‍ഡോസ, ഗ്രീറ്റ സിമ്മറിനെ ചുംബിക്കുന്ന പ്രതിമയുടെ കാലില്‍ മീടൂ എന്ന് എഴുതിയത് വലിയ വിവാദമായിരുന്നു.
പിന്നെയുമുണ്ട് ചരിത്രത്തില്‍ ഇടം നേടിയ ഒരുപാട് ചുംബനങ്ങള്‍. സോഷ്യലിസ്റ്റ് നേതാക്കളുടെ സോഷ്യലിസ്റ്റ് ഫ്രറ്റേണല്‍ ചുംബനമടക്കം ഒരുപാടൊരുപാട്. ചുംബനങ്ങളെ കുറിച്ച് എഴുതിയാലോ പറഞ്ഞാലോ തീരില്ല... സ്നേഹവും വാത്സല്യവും പ്രേമവും ആദരവും സൗഹൃദവും എല്ലാം അതില്‍ പ്രകടിപ്പിക്കാം. അത്രയേറെ ആഴവും ഭംഗിയുമുണ്ടതിന്. ഇങ്ങനെയൊക്കെയാണെങ്കിലും കൊവിഡ് 19 പടരുന്ന ഈ സാഹചര്യത്തില്‍ ചുംബിക്കുമ്പോള്‍ ശ്രദ്ധിക്കുന്നത് നന്നാവും.

Latest Videos

click me!