നുകമണിഞ്ഞ കാളക്കൂറ്റന്മാര്‍ ഒരുങ്ങിനിന്നു, കൊടിയുയരുമ്പോള്‍ കുതിച്ച് പായാനായി...

First Published | May 28, 2022, 12:58 PM IST


കൃഷിപ്പണി കഴിഞ്ഞ് കണ്ടം (വയല്‍) ഉഴുതുമറിച്ച് വെള്ളത്തിന്‍റെ ഒഴുക്ക് നിയന്ത്രിച്ച് കല്ലും മരക്കുറ്റികളും എല്ലാം നീക്കി വൃത്തിയാക്കുന്നു. തുടര്‍ന്ന് ഫിനിഷിങ് പോയിന്‍റില്‍ ചുവന്ന തുണി കെട്ടിത്തിരിച്ച് കാളക്കൂറ്റന്മാര്‍ക്ക് ചീറിപ്പായാനുള്ള കളമൊരുക്കുന്നു. പരിചയമില്ലാത്ത കണ്ടത്തിൽ മത്സരത്തിന് മുന്നോടിയായി നിലം പരിചയപ്പെടുത്താനായി എല്ലാ ജോഡിക്കാളകളെയും ട്രയൽ ഓടിക്കും. ചളിയുടെ കാഠിന്യം, വെള്ളത്തിന്‍റെ ഒഴുക്ക് എന്നിവയുൾപ്പെടെ മത്സരക്കാളകള്‍ക്ക് പരിചയപ്പെടാൻ വേണ്ടിയാണിത്. കാളക്കൂറ്റന്മാരും ഓട്ടക്കാരും തയ്യാർ. ഇനി മൽസരയോട്ടമാണ്. എന്ത് മത്സരമാണെന്നല്ലേ... ഇതാണ് മരമടി മത്സരം. കാഴ്ചയിലും കേള്‍വിയിലും കാണികളില്‍ ഒരേ പോലെ ആവേശത്തിന്‍റെ കൊടുമുടി കയറ്റുന്ന മരമടിമത്സരം. പുനലൂർ കുതിരച്ചിറ ഏലായിൽ മരമടി മത്സരം തുടങ്ങുകയാണ്... കണ്ണും കാതും കൂര്‍പ്പിച്ച് ആവേശം ഉച്ചസ്ഥായിലാക്കി ആര്‍പ്പുവിളികളുമായി ആബാലവൃദ്ധം ജനങ്ങള്‍ കരയ്ക്ക് നില്‍ക്കുന്നു...

ചിത്രവും എഴുത്തും അനന്ദു പ്രഭ

കൃഷി, മനുഷ്യജീവിതത്തിന്‍റെ ഭാഗമായി തീരുന്നതാടെയാണ് സഞ്ചാരിയായ മനുഷ്യന്‍ ദേശവാസിയായി രൂപാന്തരം പ്രാപിക്കുന്നത്. ഇതോടെ ഓരോ ദേശത്തിനും അതിന്‍റെതായ കൃഷിരീതികളും അവയുടെ ശാസ്ത്രീയതയും രൂപപ്പെട്ടു. കാര്‍ഷിക ജീവിതത്തിന്‍റെ ഭാഗമായി ആഘോഷങ്ങളും മത്സരങ്ങളും ഉടലെടുത്തു. ഇത്തരത്തില്‍ ലോകമെങ്ങും നിരവധി കാര്‍ഷികാഘോഷങ്ങളാണ് ഉരുവം കൊണ്ടത്. 

ഇന്ത്യയിലെമ്പാടും വിശിഷ്യ കേരളത്തിലും ഇത്തരത്തില്‍ കാര്‍ഷിക ജീവിതവുമായി ബന്ധപ്പെട്ട് നിരവധി മത്സരങ്ങള്‍ ഇന്നും നിലനില്‍ക്കുന്നു. കേരളത്തിലും കര്‍ണ്ണാടകയിലും ഒരു കാലത്ത് പ്രചുരപ്രചാരമുണ്ടായിരുന്ന കൃഷി അനുബന്ധ ആഘോഷമായി സംഘടിപ്പിക്കപ്പെട്ടിരുന്ന ഒന്നാണ് മരമടി. ഒരുഇടവേളയ്ക്ക് ശേഷം ആവേഷം ഒട്ടും ചോരാതെ കേരളത്തിന്‍റെയും കര്‍ണ്ണാടകയുടെയും ഗ്രാമപ്രദേശങ്ങളില്‍ ഇന്നും മരമടി ആഘോഷം നടക്കുന്നു. 


പ്രധാനമായും നെൽകൃഷിയുമായി ബന്ധപ്പെട്ട മത്സരമാണ് മരമടി. കൃഷി ഒഴിഞ്ഞ നെല്‍പ്പാടത്ത് നടത്തുന്ന കാളയോട്ടമത്സരമാണ് മരമടി. പോത്തോട്ടം, കാളപ്പൂട്ട് എന്നീ പേരുകളിലും ഇതറിയപ്പെടുന്നു. നുകം വച്ചു കെട്ടിയ രണ്ടു കാളകളും അവയെ നിയന്ത്രിക്കുന്ന മൂന്നു പേരും ചേർന്നതാവും ഒരു ടീം. 

ഒരോ മൃഗങ്ങൾക്കും ഒരു പോത്തോട്ടക്കാരനുണ്ടായിരിക്കും. അയാൾ മൃഗവുമായി ബന്ധിപ്പിക്കുന്ന ഒരു പലകയിൽ നിന്ന് പോത്ത്/കാളക്കൊപ്പം അവയെ നിയന്ത്രിച്ച് കൊണ്ട് ഓടുന്നു. മൃഗങ്ങൾ മുന്നോട്ട് കുതിക്കുന്നതിനനുസരിച്ച് ഓട്ടക്കാരൻ പലകമേൽ നിന്ന് അവയെ തെളിച്ചുകൊണ്ടിരിക്കും. 

അഥവാ ഓട്ടക്കാരന്‍റെ തെളിക്കലുകള്‍ക്കനുസിരിച്ച് കാളകള്‍ അവയുടെ ദിശയിലും വേഗത്തിലും മാറ്റം വരുത്തുന്നു.  ഇടക്ക് പലകയിൽ നിന്ന് നിലത്തിറങ്ങി ഓടാനും ഓട്ടക്കാരന് സാധിക്കും. കാളകള്‍ വളരെ വേഗത്തില്‍ മുന്നോട്ട് നീങ്ങുമ്പോള്‍ അവയെ നിയന്ത്രിക്കുന്ന ആളുടെ ഭാരവും ബലവും പലകമേലായിരിക്കും.

കാളകള്‍ ഈ പലകയും വലിച്ചുകൊണ്ടാണ് വയലില്‍ ഓടുന്നത്. ഇതോടെ വയലിലെ മണ്‍കട്ടകള്‍ പൊട്ടി  നിരപ്പായി മാറുന്നു. ഇത്തരത്തില്‍ നിരപ്പായി തീരുന്ന വയല്‍ അടുത്ത വിളവിറക്കാന്‍ പാകമായിരിക്കും. ഇത്തരത്തില്‍ നിരന്തരം ഉഴുതു മറിക്കപ്പെട്ട പാടത്താണ് പിന്നീട് ഞാറ് നടുന്നത്. 

പണ്ടുകാലങ്ങളില്‍ ഏറെ ആഘോഷത്തോടെ ഉത്സവപ്രതീതിയിലാണ് ഇത്തരം മത്സരങ്ങള്‍ നടന്നിരുന്നത്. കാര്‍ഷിക ജീവിതാഘോഷവുമായി ബന്ധപ്പെട്ട ഈ മരമടിയാണ് പിന്നീട് മരമടി മത്സരമായും മരമടി മഹോത്സവമായുംകൊയ്ത്തില്ലാത്ത പാടത്ത് ആഘോഷിക്കുന്നത്. 

ജീവിതത്തിന്‍റെ കുത്തൊഴുക്കില്‍ പാടത്ത് നിന്നും കൃഷി അപ്രത്യക്ഷമായെങ്കിലും ആഘോഷങ്ങള്‍ ഇന്നും പലസ്ഥലങ്ങളിലും നടക്കുന്നുണ്ട്. കേരളത്തില്‍ തന്നെ പത്തനംതിട്ടയിലെ ആനന്ദപ്പള്ളി, പാലക്കാട് ജില്ലയിലെ കോട്ടായി, ചിതലി എന്നീ സ്ഥലങ്ങളിലും മലപ്പുറം,കോഴിക്കോട്, ജില്ലകളിലും ഇന്ന് കാളപ്പൂട്ട് മത്സരം നടക്കാറുണ്ട്. 

മലപ്പുറം ജില്ലയിലെ പയ്യനാട് വർഷങ്ങളായി കാളപൂട്ട് മത്സരം നടക്കുന്ന പ്രദേശമാണ്. ഇന്ന് പയ്യാനാട്ടിലെ ജനകീയമായ സാംസ്കാരികോത്സവമാണ് കാളപ്പൂട്ട്. വിവിധ പ്രദേശങ്ങളിൽ നിന്നും എത്തുന്ന കാളകളാണ് ഇന്ന് ഇത്തരം മത്സരങ്ങള്‍ക്കായി ഉപയോഗിക്കുന്നത്. മലപ്പുറം ജില്ലയില്‍ കാളപ്പൂട്ടിനായി പ്രത്യേകം വളര്‍ത്തുന്ന കാളകള്‍ പോലുമുണ്ട്. 

ഇത്തരത്തില്‍ മത്സരത്തിനിറങ്ങുന്ന കാളകളെ നിയന്ത്രിക്കാന്‍ അതിവിദഗ്ദരായ കാളക്കാരും ഇത്തരം ദേശങ്ങളിലുണ്ട്. ഇതില്‍ പലരും മത്സരത്തില്‍ വിജയിക്കുമ്പോള്‍ ദേശത്തിന്‍റെ നായകന്മാരായി പോലും ആഘോഷിക്കപ്പെട്ടുന്നു. 

മരമടി മത്സരത്തില്‍ കാളകള്‍ക്ക് അനായാസം ഓടിയെത്തുന്നതിനായി മരം അഴിച്ചുമാറ്റി നുകത്തില്‍ കെട്ടിയും ഇപ്പോൾ ഓട്ടം നടക്കാറുണ്ട്. മുൻപൊക്കെ എല്ലാ ജോഡികളെയും വയലിൽ ഒന്നിച്ച് നിരത്തി നിർത്തിയായിരുന്നു ഓടിച്ചിരുന്നത്. 

ഇന്ന്, ഓരോ ജോടി കാളകളെയും പ്രത്യേകം പ്രത്യേകം ഓടിച്ച്, അവ ഓടിയെത്താനെടുക്കുന്ന സമയം കുറിച്ച് വച്ച് മത്സരാവസാനം ഏറ്റവും കുറഞ്ഞ സമയം കൊണ്ട് ഓടിയെത്തിയ കാളയെ വിജയിയായി പ്രഖ്യാപിക്കുകയാണ് പതിവ്. 

ചെറിയ കാളകൾക്കും വലിയ കാളകൾക്കും പോത്തുകൾക്കുമൊക്കെ ഇത്തരത്തില്‍ പ്രത്യേകം മത്സരം ഇപ്പോള്‍ നടക്കാറുണ്ട്. മരമടി മത്സരത്തിൽ വിജയികളാകുന്നത് പ്രാമാണിത്വത്തിന്‍റെ അംഗീകാരമായാണ് ഇന്ന് കരുതപ്പെടുന്നത്. അതുകൊണ്ട് തന്നെ പൊന്നും വില കൊടുത്ത് ഇതര സംസ്ഥാനങ്ങളില്‍ നിന്ന് പോലും മത്സരത്തിനായി കാളകളെ എത്തിക്കുന്ന പതിവും ഉണ്ട്.

ചേറിലൂടെ അതിവേഗം ഓടാൻ കഴിയുന്നവരും കാളകൾക്കൊപ്പം അതിവേഗം പായുന്നവരും ഒക്കെ മരമടി യിലെ സ്റ്റാറുകളാണ്. നാടിന്‍റെ നായകരാണ്. ചേറിൽ പൊതിഞ്ഞ തോർത്തുടുത്ത് കാളക്കൊപ്പം കുതിക്കുന്ന പൊത്തോട്ടക്കാർ മരമടിയിലെ സുപ്രധാന ഘടകമാണ്. 

ചേറിലൂടെ തലയുയർത്തി, വാല് ചുഴറ്റി കാളക്കൂറ്റന്മാർ പറ പറക്കുമ്പോൾ പിന്നിൽ ഓടി വരുന്നവർ ചേറിൽ  മറയും. പകുതി വഴിയിൽ കാളകളെ നിയന്ത്രിക്കുന്നവർ നിലത്ത് വീഴുകയും പലകയിൽ പിടിച്ചു നിരങ്ങി  നീങ്ങുന്നതും ഒരു കാഴ്ച തന്നെ. 

ഓട്ടക്കാരുടെ ആവേശവും കാണികളുടെ ആർപ്പുവിളികളും കൊണ്ട് വയലും പരിസരവും നിറയും. ആരവവരും ആവേശവും പലപ്പോഴും അതിര് കടക്കും. സ്റ്റാർട്ടിങ് പോയിന്‍റിലും ഫിനിഷിങ് പോയിന്‍റിലും ഇതുകൊണ്ട് തന്നെ തർക്കങ്ങളും പതിവാണ്. 

സ്റ്റാർട്ടിങ് പോയന്‍റില്‍ കാളക്കൂറ്റന്മാർ കൃത്യമായി നില്‍ക്കാത്തതാണ് മിക്കവാറും പ്രശ്നങ്ങള്‍ക്ക് തുടക്കം കുറിക്കുക. കൊടി ഉയർന്നാൽ ഉടൻ കുതിച്ചു പായാനായി തയ്യാറാക്കി നിർത്തിയിരിക്കുന്ന കാളകളോട് നിക്കടാ അവിടെ എന്ന് പറഞ്ഞാല്‍, പറഞ്ഞിടത്ത് നില്‍ക്കാന്‍ അവയ്ക്ക് ബ്രേക്കില്ലെന്ന് പറഞ്ഞാല്‍ എതിര്‍ കാളയുടെ ഉടമകളും ആരാധകരും കലിതുള്ളും. 

അതും ഈ മത്സരത്തിന്‍റെ ഭാഗമാണെന്ന ഭാവത്തില്‍ കാഴ്ചകണ്ട് നില്‍ക്കുള്ള കാണികളെയും നിങ്ങള്‍ക്ക് അവിടെ കാണാന്‍ കഴിയും. ഒരാൾപ്പൊക്കത്തിലുള്ള ട്രോഫി ആണ് മരമടി മത്സര വിജയികൾക്ക് സമ്മാനിക്കുക. കാളകളുടെ പ്രായം അനുസരിച്ച് സബ് ജൂനിയർ , സീനിയർ എന്നീ വിഭാഗങ്ങൾ തിരിച്ചും മത്സരങ്ങളുണ്ടാകും. 

മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ ലോകമെങ്ങുമെന്ന പോലെ ഇന്ത്യയിലും വര്‍ദ്ധിച്ചപ്പോള്‍, മനുഷ്യരെ പോലെ മൃഗങ്ങള്‍ക്കും അവകാശങ്ങളുണ്ടെന്ന വാദവുമായി മൃഗസ്നേഹികള്‍ രംഗത്തെത്തി. ഇതോടെ തമിഴ്‍നാട്ടില്‍ ജല്ലിക്കെട്ട് നിരോധിച്ചതോടൊപ്പം ഇത്തരം മരമടി ആഘോഷങ്ങളും നിരോധിക്കപ്പെട്ടിരുന്നു.

പിന്നീട്, ഏറെ പ്രതിഷേധങ്ങളെ തുടര്‍ന്ന് ജല്ലിക്കെട്ട് നിരോധനം പിന്‍വലിച്ചപ്പോഴാണ് മരമടി ആഘോഷങ്ങളും പൂര്‍വ്വാധികം ശക്തിയോടെ തിരിച്ചെത്തിയത്.  2020 ഫെബ്രുവരിയില്‍ കര്‍ണ്ണാടകയിലെ ഐയ്ക്കള ഗ്രാമത്തില്‍ നടന്ന കമ്പള മത്സരത്തില്‍ (പോത്തോട്ടം) വിജയിച്ച മൂഡബദ്രി സ്വദേശിയായ ശ്രീനിവാസ ഗൗഡ, ഉസൈന്‍ ബോള്‍ട്ടിനേക്കാള്‍ വേഗത്തില്‍ ഓടിയെത്തിയത് ലോകം മൊത്തം ശ്രദ്ധിക്കപ്പെട്ടിരുന്നു. 

Latest Videos

click me!