എലികള്‍ കാരണം രൂപം കൊണ്ട സംസ്ഥാനം ഏതാണെന്നറിയാമോ!

First Published | Feb 21, 2022, 3:55 PM IST

ഇന്ത്യയിലെ സംസ്ഥാനങ്ങള്‍ക്കെല്ലാം തനതായ ഭാഷയും, ഭൂപ്രകൃതിയും ചരിത്രവുമുണ്ട്. അവയുടെയെല്ലാം രൂപീകരണത്തിനു പിന്നില്‍ രാഷ്ട്രീയമായ കാരണങ്ങളുണ്ട്. എന്നാല്‍, എലികള്‍ കാരണം ഉണ്ടായ ഒരു സംസ്ഥാനം നമ്മുടെ രാജ്യത്തുണ്ട്. അത് ഏതാണെന്നറിയാമോ? 
 

മിസോറം. എലികളുടെ ശല്യം നേരിടാന്‍ നിലവിലെ സര്‍ക്കാര്‍ ഒന്നും ചെയ്യാതായതിനെ തുടര്‍ന്നുണ്ടായ ജനകീയ പ്രക്ഷോഭമാണ് ആ സംസ്ഥാനത്തിന്റെ പിറവിക്ക് കാരണമായത്. എങ്ങനെയാണ് എലികള്‍ മിസോറാമിന്റെ രാഷ്ട്രീയത്തെ സ്വാധീനിച്ചത്. അതറിയാന്‍ ആദ്യം നമ്മള്‍ മൗതം എന്ന പ്രതിഭാസത്തെക്കുറിച്ച് അറിയണം. 


മൗതം എന്നാല്‍ മിസോറാമില്‍ 48 വര്‍ഷത്തിലൊരിക്കല്‍ ഉണ്ടാവാറുള്ള ക്ഷാമമാണ്. അതിന് കാരണമാകുന്നത് അവിടെ കാണപ്പെടുന്ന ഒരു കാട്ടു മുളയാണ്. മിസോറാമിന്റെ വാസസ്ഥലങ്ങളുടെ മുക്കാല്‍ ഭാഗവും ഈ മുളങ്കാടുകളാണ്. 


48 വര്‍ഷത്തിലൊരിക്കല്‍ അവ വലിയ അളവില്‍ പൂക്കുന്നു. ഉണങ്ങി തുടങ്ങുന്ന പൂക്കളില്‍ നിന്നുള്ള വിത്തുകള്‍ എലികളെ ആകര്‍ഷിക്കുന്നു. അവ ഗ്രാമനഗരങ്ങളിലേക്ക് വിത്തുകള്‍ തേടി ആര്‍ത്തലച്ചുവരുന്നു. 

വിത്തുകള്‍ ഭക്ഷിക്കാന്‍ എത്തുന്ന എലികള്‍ പിന്നീട് അതിവേഗം പെറ്റു പെരുകുന്നു. പതുക്കെ ഇവ മനുഷ്യവാസകേന്ദ്രങ്ങള്‍ കൈയേറുന്നു. ദശലക്ഷക്കണക്കിന് വരുന്ന എലികള്‍ ഗ്രാമപ്രദേശങ്ങളിലേയ്ക്ക് ഒഴുകുകയും, മനുഷ്യ ജീവിതം ദുസ്സഹമാക്കുകയും ചെയ്യുന്നു.

ഇവ കൃഷിഭൂമിയില്‍ വിളകള്‍ എല്ലാം നശിപ്പിക്കുന്നു. വീടുകള്‍ കയറി വരെ ആഹാരസാധനങ്ങള്‍ തട്ടിയെടുക്കുന്നു. പട്ടിണിയും കോളറയും വ്യാപകമാവുന്നു. 

ആയിരക്കണക്കിന് ആളുകളാണ് ക്ഷാമത്താല്‍ മരിച്ചു വീണത്.  1863-ലും 1911-ലും ഇത് സംഭവിച്ചു. അനേകം മനുഷ്യര്‍ എലികളുടെ ആക്രമണത്തെ തുര്‍ന്നുണ്ടായ കെടുതികളെ തുടര്‍ന്ന് മരിച്ചു. 
 


48 വര്‍ഷം കഴിഞ്ഞാല്‍ അടുത്ത മൗതം ഉണ്ടാവുമെന്നായിരുന്നു ഗോത്രമുഖ്യരുടെ കണക്കുകൂട്ടല്‍ അതുപ്രകാരം 1958-ല്‍ ഇതുണ്ടാകുമെന്ന് ആളുകള്‍ പ്രതീക്ഷിച്ചു.

അതുകൊണ്ട് തന്നെ ഗ്രാമമുഖ്യര്‍ ഇക്കാര്യം സര്‍ക്കാറിനെ അറിയിച്ചു. അന്ന് അസം സംസ്ഥാനത്തിന്റെ ഭാഗമായിരുന്നു മിസോറം. 
 


1958-ല്‍ മൗതം വരുമെന്ന് അവര്‍ മുന്നറിയിപ്പ് നല്‍കിയെങ്കിലും ആസാം ഗവണ്‍മെന്റ് അതിന് പുല്ല് വിലപോലും കല്പിച്ചില്ല. മൂപ്പന്മാരുടെ മുന്നറിയിപ്പുകളെ സര്‍ക്കാര്‍ ഗോത്രവര്‍ഗ അന്ധവിശ്വാസമായി തള്ളിക്കളയുകയും ചെയ്തു. 


എന്നാല്‍ അത് അന്ധവിശ്വാസമായിരുന്നില്ല. 1958-ല്‍ വീണ്ടും എലികള്‍ എത്തി. വിളകളും, ഭക്ഷ്യവസ്തുക്കളും എല്ലാം നശിപ്പിക്കാന്‍ തുടങ്ങി. 

പലരും കാട്ടില്‍ പോയി ഇലകളും, കിഴങ്ങുകളും കഴിച്ച് വിശപ്പടക്കാന്‍ ശ്രമിച്ചു. എന്നിട്ടും ക്ഷാമം നിരവധി ആളുകളെ കൊല്ലുകയും കൂടുതല്‍ സ്വത്ത് നശിപ്പിക്കുകയും ചെയ്തു. 
 

ഇതോടെ ആളുകള്‍ സര്‍ക്കാരിനെതിരെ തിരിഞ്ഞു. തങ്ങളുടെ ദുരിതങ്ങളില്‍ കൂടെ നില്‍ക്കാത്ത സര്‍ക്കാരിനെതിരെ കര്‍ഷകര്‍ സംഘടിച്ചു. ഒരു ക്ലര്‍ക്കായ ലാല്‍ഡെംഗയുടെ നേതൃത്വത്തില്‍ സായുധ പ്രക്ഷോഭം ആരംഭിച്ചു.

1959-ല്‍ മിസോ നാഷണല്‍ ഫാമിന്‍ ഫ്രണ്ട് എന്ന പേരില്‍ സംഘടന നിലവില്‍ വന്നു. ക്ഷാമത്തില്‍ വലഞ്ഞ ജനങ്ങള്‍ക്ക് സര്‍ക്കാര്‍ ദുരിതാശ്വാസം നല്‍കണമെന്ന് ആവശ്യപ്പെട്ട് സംഘടന പ്രതിഷേധം തുടര്‍ന്നു.


എന്നാല്‍ ക്ഷാമ മുന്നണി പതുക്കെ ഒരു രാഷ്ട്രീയ സംഘടനയായി രൂപപ്പെട്ടു. കാലക്രമേണ, സംസ്ഥാനത്തെ പ്രധാന പ്രതിപക്ഷ പാര്‍ട്ടിയായ മിസോ നാഷണല്‍ ഫ്രണ്ട് വളര്‍ന്നു. ആ സമയത്താണ് സംസ്ഥാനം സ്വാതന്ത്രമാക്കണാമെന്ന ആവശ്യം ശക്തമാകുന്നത്. 

ഇന്ത്യയില്‍ നിന്ന് സ്വാതന്ത്ര്യം ആവശ്യപ്പെട്ട് പിന്നീട് മിസോ നാഷണല്‍ ആര്‍മിയും ലാല്‍ഡെംഗയും വലിയ സമരം നടത്തി. എന്നാല്‍ അത് വിജയിച്ചില്ല. പിന്നീടുള്ള 20 വര്‍ഷത്തോളം പാര്‍ട്ടി കടുത്ത വിഘടനവാദ പോരാട്ടം തുടര്‍ന്നു. 


അതിനിടെ ലാല്‍ഡെംഗ പാക്കിസ്താന്റെ സഹായത്തോടെ ലണ്ടനിലേക്ക് കടന്നു. ആ കാലത്തും മിസോറമില്‍ ജനകീയ പ്രക്ഷേഭം തുടര്‍ന്നു. പ്രശ്‌നം പരിഹരിക്കാന്‍ ഇന്ദിരാഗാന്ധിയുമായി കൂടിക്കാഴ്ചയ്ക്ക് ലാംല്‍ഡെംഗ സമ്മതിച്ചു. എന്നാല്‍, അതിനു തൊട്ടുമുമ്പായി ഇന്ദിര വെടിേയറ്റുമരിച്ചു. 


പിന്നീട് രാജീവ് ഗാന്ധി സര്‍ക്കാറുമായി ലാല്‍ഡെംഗ നിരവധി ചര്‍ച്ചകള്‍ നടത്തി. അതിന്റെ ഫലമായി 1986 -ല്‍ മിസോറാം സംസ്ഥാനം രൂപം കൊണ്ടു. 

മിസോ നാഷണല്‍ ഫ്രണ്ട് സംസ്ഥാനത്തെ ആദ്യത്തെ സര്‍ക്കാര്‍ രൂപീകരിക്കുകയും ചെയ്തു. മാരകമായ മൗതം കഴിഞ്ഞ് 30 വര്‍ഷങ്ങള്‍ക്ക് ശേഷം മിസോറാം പ്രത്യേക സംസ്ഥാനമായി മാറി. ലാല്‍ഡെംഗ സംസ്ഥാനത്തിന്റെ ആദ്യ മുഖ്യമന്ത്രിയായി.  


വടക്കുകിഴക്കന്‍ സംസ്ഥാനമായ മിസോറാം ഇന്ന് അതിമനോഹരമായ ഒരു സംസ്ഥാനമാണ്. 2006-ലും മറ്റൊരു മൗതം ഉണ്ടായി. എന്നാല്‍ അപ്പോള്‍ സര്‍ക്കാര്‍ അവിടെ ഇഞ്ചിയും മഞ്ഞളും കൃഷി ഇറക്കി. അവയുടെ സുഗന്ധം എലികളെ അകറ്റി. അതുകൊണ്ട് തന്നെ ക്ഷാമം രൂക്ഷമായിരുന്നില്ല.

Latest Videos

click me!