സ്വിസ് ആഡംബര വാച്ച് മേക്കർ ലെകോൾട്രെ നിർമ്മിച്ച വാച്ചില്‍ ഹിറ്റ്ലറിന്‍റെ പേരിന്‍റെ ആദ്യാക്ഷരങ്ങളും നാസി ചിഹ്നങ്ങളായ സ്വസ്തികയും ജർമ്മൻ സാമ്രാജ്യത്വ കഴുകനും ആലേഖനം ചെയ്തിട്ടുണ്ട്. ഇത് മാത്രമല്ല മറ്റ് ചിലത് കൂടി ആ വാച്ചില്‍ കൊത്തിവച്ചിട്ടുണ്ട്. ഹിറ്റ്‌ലറുടെ ജന്മദിനം, ജർമ്മനിയുടെ ചാൻസലറായി ഹിറ്റ്ലര്‍ നിയമിതനായ തീയതി, 1933-ലെ നാസി പാർട്ടിയുടെ തെരഞ്ഞെടുപ്പ് വിജയത്തിന്‍റെ തീയതി എന്നിങ്ങനെ മൂന്ന് തീയതികളും ഈ വാച്ചില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
1933-ൽ ജർമ്മനിയുടെ ചാൻസലറായി തെരഞ്ഞെടുക്കപ്പെട്ട ശേഷം അദ്ദേഹം നയിച്ച നാസി പാർട്ടിയാണ് വാച്ച് ഹിറ്റ്‌ലറിന് നൽകിയതെന്ന് കരുതപ്പെടുന്നു. 1945 മെയ് 4 ന് തെക്കൻ ജർമ്മനിയിലെ ബവേറിയയിലെ ഹിറ്റ്‌ലറുടെ പർവത ഭവനമായ ബെർഗോഫിൽ നിന്ന് ഒരു ഫ്രഞ്ച് സൈനികനാണ് ഈ വാച്ച് കവര്‍ച്ച ചെയ്തത്. ഈ മോഷണത്തിന് അഞ്ച് ദിവസം മുമ്പ് ഹിറ്റ്‌ലർ ബെർലിനിലെ തന്‍റെ ബങ്കറിൽ ജീവനൊടുക്കിയിരുന്നു.
അമേരിക്കൻ സംസ്ഥാനമായ മേരിലാൻഡിലെ അലക്‌സാണ്ടർ ഹിസ്റ്റോറിക്കൽ, ലേലത്തിൽ ഈ വാച്ചിന് 3.4 മില്യണ്‍ യൂറോയിലധികം (27 കോടി) വില ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇതിന് മുമ്പ് ഹിറ്റ്ലറിന്‍റെ ഒരു വാച്ച് പോലും പരസ്യമായി ലേലം ചെയ്യപ്പെട്ടിട്ടില്ലെന്നും ലേല സ്ഥാപനത്തിന്‍റെ പ്രസിഡന്‍റ് ബിൽ പനഗോപുലോസ് പറഞ്ഞു.
ഹിറ്റ്‌ലർ ജർമ്മനിയുടെ ചാൻസലറാകുകയും രാജ്യഭരണത്തിന്‍റെ സര്‍വ്വ മേഖലകളിലും പൂർണ്ണ അധികാരം നേടുകയും ചെയ്തതിന് ശേഷം, ഒരുപക്ഷേ 1933-ലാകാം ഹിറ്റ്‌ലർക്ക് ഈ വാച്ച് ലഭിച്ചതെന്ന് ബിൽ പനഗോപുലോസ് പറഞ്ഞു. 'അദ്ദേഹത്തിന്‍റെ നേട്ടങ്ങൾക്കുള്ള അംഗീകാരമായും പാർട്ടിയെ അധികാരത്തിലേക്ക് ഉയർത്തിയതിനുള്ള നന്ദിയായും നാസി പാർട്ടിയാകാം ഈ വാച്ച് അദ്ദേഹത്തിന് സമ്മാനിച്ചത്'. ബില്‍ കൂട്ടിചേര്‍ത്തു.
'ഹിറ്റ്‌ലര്‍ ബാക്കി വച്ച ധാരാളം വസ്തുക്കളുണ്ട്. അദ്ദേഹത്തിന്‍റെ ടേബിൾവെയർ, വസ്ത്രങ്ങൾ, ഫർണിച്ചറുകൾ തുടങ്ങിയ നൂറുകണക്കിന് വസ്തുക്കള്‍ ഞങ്ങള്‍ തന്നെ ലേലത്തിലൂടെ വിറ്റിട്ടുണ്ട്. എന്നാല്‍ ഹിറ്റ്ലറിന്‍റെ വാച്ച് ആദ്യമായാണ് ലേലത്തില്‍ വയ്ക്കുന്നത്. ഒരു വ്യക്തിയെ സംബന്ധിച്ച് വാച്ച് എന്നത് മറ്റെന്തിനെക്കാളും വ്യക്തിഗതമാണ്. അതിനാല്‍ ഇതിന് മൂല്യം കൂടുമെന്നും അദ്ദേഹം പറയുന്നു.
സൈനിക യൂണിറ്റായ റെജിമെന്‍റ് ഡി മാർച്ചെ ഡുച്ചാഡിനൊപ്പം ബെർഗോഫിനെ ആക്രമിച്ച സംഘത്തില്‍ ഫ്രഞ്ച് പട്ടാളക്കാരനായ സെർജന്‍റ് റോബർട്ട് മിഗ്നോട്ടും അംഗമായിരുന്നു. ഈ യുദ്ധ വിഷയത്തിന് ശേഷമാകാം അദ്ദേഹം ഹിറ്റ്ലറിന്‍റെ വാച്ച് എടുത്തിട്ടുണ്ടാവുക. അമേരിക്കൻ സൈന്യത്തിന് തൊട്ടുമുമ്പ് റെജിമെന്‍റ് ഡി മാർച്ചെ ഡുച്ചാഡ് സ്ഥലത്തെത്തിയിരുന്നു.
ഈ സമയത്ത് ഹിറ്റ്ലറിന്‍റെ താമസ സ്ഥലം ഉപേക്ഷിക്കപ്പെട്ടതായി കണ്ടെത്തി. പ്രതിരോധം ഇല്ലാതിരുന്ന ആ ഹിറ്റ്ലറിന്‍റെ വസതിയില്‍ നിന്നും കൊണ്ടുപോകാന്‍ കഴിയുന്ന വസ്തുക്കളെല്ലാം സൈനികര്‍ കടത്തി കൊണ്ട് പോയി. ആ വസതിയിലുണ്ടായിരുന്ന ഹിറ്റ്ലറിന്‍റെ വ്യക്തിഗതമായ എല്ലാ വസ്തുക്കളും ഇത്തരത്തില്‍ കടത്തി കൊണ്ട് പോയി. പ്രസ്തുത വാച്ചുമായി യുദ്ധാനന്തരം ഫ്രാന്‍സില്‍ തിരിച്ചെത്തിയ മിഗ്നോട്ട് പിന്നീട് അത് തന്‍റെ ബന്ധുവിന് വിറ്റു. അദ്ദേഹത്തിന്‍റെ ചെറുമകനാണ് ഇപ്പോൾ ഈ വാച്ച് ലേലത്തിന് വെച്ചിരിക്കുന്നത്.
ഈ വാച്ച് ലേലത്തിന് വയ്ക്കാന്‍ ഫ്രഞ്ച് വിതരണക്കാര്‍ തങ്ങളെ ചുമതലപ്പെടുത്തുകയായിരുന്നു എന്നും പനഗോപുലോസ് പറഞ്ഞു. ലേലത്തില്‍ വാച്ച് 2 മില്യണ്‍ ഡോളറിനും 4 മില്യണ്‍ ഡോളറിനും ഇടയില്‍ വിറ്റുപോകുമെന്ന് കണക്കാക്കുന്നതായി ലേല സ്ഥാപനം പറയുന്നു. നേരത്തെ നടൻ പോൾ ന്യൂമാന്‍റെ വാച്ച് 17.8 മില്യണ്‍ ഡോളറിനാണ് (15 മില്യണ്‍ യൂറോ) വിറ്റത് പോയത്. ഇതും കണക്കിലെടുത്താണ് അടിസ്ഥാന വില നിശ്ചയിച്ചിരിക്കുന്നത്.
എന്നാല്‍, നാസി സ്വേച്ഛാധിപതിയെ മഹത്വപ്പെടുത്താൻ ഉദ്ദേശിച്ചുള്ളതല്ല തങ്ങളുടെ ലേലമെന്ന് പനഗോപുലോസ് ഊന്നിപ്പറഞ്ഞു. 'ഇതുവരെ ജീവിച്ചിരുന്നിട്ടുള്ളതിൽ വച്ച് ഏറ്റവും മോശമായ മനുഷ്യനോടുള്ള ആദരസൂചകമായി ഞങ്ങൾ ഇത് അർപ്പിക്കുന്നില്ല.' അദ്ദേഹം പറഞ്ഞു. 'പകരം ഇത് അവിശ്വസനീയമാംവിധം അപൂർവമായ ചരിത്രാവശിഷ്ടമാണ്. ലോക ചരിത്രത്തിലെ ഏറ്റവും ഇരുണ്ട കാലഘട്ടങ്ങളിലൊന്നിനെ ആഴത്തിൽ ഉദ്ദീപിപ്പിക്കുന്നത്. അതിനാൽ ഇത് പ്രത്യേകിച്ചും പ്രധാനമാണ്.' പനഗോപുലോസ് കൂട്ടിച്ചേര്‍ത്തു.
വാച്ച് റിവേഴ്‌സിബിൾ ആണ്. അകത്തേക്ക് അഭിമുഖീകരിക്കുന്ന തരത്തിൽ ഈ വാച്ചിന്‍റെ കേസ് തിരിക്കാൻ സാധിക്കും. മാത്രമല്ല ഇത് വാച്ചിന്‍റെ മുഖഭാഗത്തെ സംരക്ഷിക്കുകയും കൊത്തുപണികള്‍ വെളിപ്പെടുത്തുകയും ചെയ്യുന്നു. 1833 ല്‍ ആരംഭിച്ച ജെയ്ഗർ-ലെകോൾട്രെ (Jaeger-LeCoultre) എന്ന കമ്പനി നിര്‍മ്മിച്ചതാണ് ഈ വാച്ചിന്‍റെ അടിസ്ഥാന ഘടകങ്ങള്‍. വാച്ചിന്‍റെ ഘടകങ്ങള്‍ യോജിപ്പിച്ചതും കൊത്ത് പണികള്‍ പൂര്‍ത്തിയാക്കിയതും ബവേറിയയിലെ റോയൽ കോർട്ടിലെ ഔദ്യോഗിക വാച്ച് വിതരണക്കാരനായ ആൻഡ്രിയാസ് ഹുബർ ആണ്.
1944-ലുണ്ടായ ബോംബിങ്ങില്‍ ഫാക്ടറി കത്തിച്ചപ്പോൾ ഹ്യൂബറിൽ നിന്നുള്ള യുദ്ധകാല രേഖകളെല്ലാം നഷ്ടപ്പെട്ടതായി ലേലത്തിൽ പങ്കെടുത്തയാൾ പറഞ്ഞു. എങ്കിലും സ്വിസ് വാച്ച് മേക്കറുമായി, വാച്ചിനായി നടത്തിയ കത്തിടപാടുകൾ ലഭ്യമാണ്. വാച്ചിന്‍റെ ആധികാരികത ഉറപ്പാക്കുന്ന മിഗ്നോട്ടിന്‍റെ മകളുടെ ഒരു കത്തും വിൽപ്പനയ്‌ക്കൊപ്പം ഉൾപ്പെടുത്തിയിട്ടുണ്ട്.
ബെര്‍ലിനിടെ നഗരത്തിരക്കില്‍ നിന്നും മാറി ബവേറിയൻ ആൽപ്‌സ് പർവതനിരകളിൽ ഹിറ്റ്ലറിനായി പണിത വസതിയാണ് ബെര്‍ഗോഫ് വസതി. രണ്ടാം ലോക മഹായുദ്ധസമയത്ത് ഹിറ്റ്ലര്‍ ഏറ്റവും കൂടുതല്‍ സമയം ചെലവഴിച്ചത് ഇവിടെയായിരുന്നു. യൂറോപ്പിലുടനീളം സ്ഥിതി ചെയ്യുന്ന ഹിറ്റ്ലറിന്‍റെ വസതികളില്‍ ഏറ്റവും പ്രശസ്തമായിരുന്നത് ബെര്‍ഗോഫ് ആയിരുന്നു.
1916-ലാണ് ബെർഗോഫ് നിർമ്മിക്കുന്നത്. 1928-ൽ ഹിറ്റ്‌ലർക്ക് ഈ കെട്ടിടം വാടകയ്ക്ക് നൽകി. 1930 കളോടെ ഹിറ്റ്ലറിന്‍റെ അനുയായികള്‍ ഈ വീട്ടിലേക്ക് ഒഴുകിയെത്തി. ഇതോടെ ഇവിടം അക്കാലത്തെ വിനോദസഞ്ചാര കേന്ദ്രമായി. പിന്നീട് തന്‍റെ രാഷ്ട്രീയ പ്രകടന പത്രികയായ 'മെയിൻ കാംഫി'ൽ നിന്നുള്ള വരുമാനം കൊണ്ട് ഹിറ്റ്ലര്‍ 1933-ൽ ഈ കെട്ടിടം വാങ്ങി.
രണ്ടാം ലോകമഹായുദ്ധത്തിന് മുമ്പ്, മുൻ പ്രധാനമന്ത്രിമാരായ നെവിൽ ചേംബർലെയ്ൻ, ഡേവിഡ് ലോയ്ഡ്-ജോർജ്, ഡ്യൂക്ക് ആൻഡ് ഡച്ചസ് ഓഫ് വിൻഡ്സർ എന്നിവരുൾപ്പെടെ നിരവധി ബ്രിട്ടീഷ് നേതാക്കൾ യുദ്ധത്തില്‍ നിന്നും പിന്തിരിയണമെന്ന് ആവശ്യപ്പെട്ട് ഹിറ്റ്ലറെ സന്ദര്‍ശിച്ചിരുന്ന വസതി കൂടിയായിരുന്നു ഇത്. യുദ്ധത്തോടനുബന്ധിച്ച് ഹിറ്റ്ലറിന്‍റെ മറ്റൊരു താവളമയി ഉപയോഗിക്കാനായി ഈ കെട്ടിടം പുതുക്കിപ്പണിതു.
പോളണ്ടിലെ തന്‍റെ കിഴക്കൻ ഫ്രണ്ട് ഹെഡ്ക്വാർട്ടേഴ്‌സിൽ നിന്ന് യുദ്ധത്തിന്‍റെ അവസാന ഘട്ടങ്ങൾ ഏകോപിപ്പിക്കാനായി ഹിറ്റ്‌ലർ 1944 മധ്യത്തിൽ ഈ കെട്ടിടം ഉപേക്ഷിച്ചു. 1945 ഏപ്രിലിൽ, ജർമ്മൻകാർ കീഴടങ്ങുന്നതിന് 12 ദിവസങ്ങള്‍ക്ക് മുമ്പ്, നൂറുകണക്കിന് ബ്രിട്ടീഷ് ലങ്കാസ്റ്റർ ബോംബറുകൾ വീടിനെ മണ്ണോട് ചേര്‍ത്തു. അതിന് മുമ്പ് തന്നെ ഈ വീട്ടില്‍ നിന്നും എല്ലാ വസ്തുക്കളും സഖ്യ സൈനികര്‍ കടത്തിക്കൊണ്ട് പോയിരുന്നു.