കിടിലന്‍ ബിസിനസ് ഐഡിയ, വെള്ളപ്പൊക്കം വന്നപ്പോള്‍ ഒരു റസ്‌റ്റോറന്റ് കാണിച്ച ബുദ്ധി!

First Published | Oct 8, 2021, 4:43 PM IST

വെള്ളപ്പൊക്കത്തില്‍ പെട്ടാല്‍ റസ്‌റ്റോറന്റുകള്‍ എന്തു ചെയ്യും? അടച്ചിടും എന്നായിരിക്കും ആരുടെയും ഉത്തരം. എന്നാല്‍, ബാങ്കോക്കിലെ ഈ റസ്‌റ്റോറന്റ് അടച്ചിടുകയല്ല ചെയ്തത്. പുഴവക്കത്തെ ഈ റസ്‌റ്റോറന്റ് കൂടുതല്‍ സമയം തുറക്കുകയാണ്. അത്രയ്ക്കുണ്ട് ഇവിടെ ആള്‍ത്തിരക്ക്. വെള്ളത്തിലിരുന്ന് ഭക്ഷണം കഴിക്കാം എന്നതാണ് റസ്‌റ്റോറന്റിന്റെ പുതിയ പരസ്യം. വെള്ളത്തിലിട്ട കസേരകളിലിരുന്ന്,  വെള്ളത്തിലിട്ട മേശയില്‍ വെച്ച ഭക്ഷണം, കാലുകള്‍ വെള്ളത്തിലിട്ട് കഴിക്കാനാണ് ഇവിടെയിപ്പോള്‍ ആള്‍ത്തിരക്ക്. മുമ്പൊരിക്കലുമില്ലാത്ത ബിസിനസാണ് വെള്ളപ്പൊക്കം വന്നപ്പോള്‍ എന്നാണ് ഉടമകള്‍ പറയുന്നത്. 

ചവോപ്രായ ആന്റിക് കഫേ എന്നാണ് ഈ റസ്‌റ്റോറന്റിന്റെ പേര്. നോന്‍തബുറിയിലെ ഒരു പുഴക്കരയിലാണ് ഈ റസ്‌റ്റോറന്റ്. കഴിഞ്ഞ ദിവസങ്ങളിലാണ് പ്രദേശത്ത് വെള്ളപ്പൊക്കമുണ്ടായത്. അതോടെ പുഴ കരകവിഞ്ഞു. 
 

വെള്ളം റസ്‌റ്റോറന്റിലേക്ക് ഇരച്ചു കയറി. സാധാരണ മട്ടില്‍ കട അടിച്ചിടേണ്ട സാഹചര്യമാണ്. എന്നാല്‍, ഈ കട മനോഹരമായ മറ്റൊരു ആശയം മുന്നോട്ടുവെച്ചു. വെള്ളത്തിലിരുന്ന് ഭക്ഷണം കഴിക്കല്‍!
 

Latest Videos



വെള്ളത്തിലിരുന്ന് കഴിക്കാന്‍ താല്‍പ്പര്യമുള്ളവരെ ക്ഷണിച്ച് അവര്‍ പരസ്യം ചെയ്തു. പരസ്യത്തിന് നല്ല പ്രതികരണമായിരുന്നു ലഭിച്ചത്. ഒറ്റയ്ക്കും കൂട്ടായും ആളുകള്‍ റസ്‌റ്റോറന്റില്‍ എത്തി. കമിതാക്കളും ധാരാളമായി വന്നു. 


ആള്‍ത്തിരക്കായപ്പോള്‍, നേരത്തെ ബുക്ക് ചെയ്യണമെന്ന വ്യവസ്ഥ റസ്‌റ്റോറന്റ് മുന്നോട്ടുവെച്ചു. അതോടെ, ഈ ഹോട്ടലില്‍ വന്ന് ഭക്ഷണം കഴിക്കുക എന്നത് ചെറുപ്പക്കാരുടെ അഭിമാനത്തിന്റെ വിഷയമായി മാറി. 


പ്രശസ്തനായ ചാനല്‍ അവതാരകന്‍ തിപോണ്‍ ജുതിമാനന്‍ ആണ് റസ്‌റ്റോറന്‍ിന്റെ ഉടമ. പുതിയ പരീക്ഷണം അധികം വൈകാതെ വാര്‍ത്തയുമായി. അതോടെ, ഇപ്പോള്‍ ഇവിടെ ഭക്ഷണം കഴിക്കാന്‍ ആളുകള്‍ ക്യൂ ആണ്. 


നിവൃത്തിയില്ലാതെയാണ് ഇത്തരമൊരു പരീക്ഷണത്തിന് മുതിര്‍ന്നത് എന്നാണ് റസ്‌റ്റോറന്റ് ഉടമ പറയുന്നത്. ''കോവിഡ് കാരണം ഏറെ നാള്‍ പൂട്ടിക്കിടന്ന ശേഷം ഒന്നു തുറന്നതായിരുന്നു. അപ്പോഴാണ് വെള്ളപ്പൊക്കം. വീണ്ടും കട അടച്ചിട്ടാല്‍, ജീവനക്കാരും ഞാനും കുഴപ്പത്തിലാവും. അതിനാലാണ് പുതിയ പരീക്ഷണം നടത്തിയത്.''
 


ഈ പരീക്ഷണം ചെറുപ്പക്കാര്‍ ഏറ്റെടുത്തതോടെ സന്തോഷത്തിലാണ് ജീവനക്കാരും. വീണ്ടുമൊരു അടച്ചിലിനെ കുറിച്ചുള്ള ആശങ്കകള്‍ക്കിടയിലാണ് പുതിയ പരീക്ഷണം. ഇഷ്ടം പോലെ ആളുകള്‍. തിരക്ക്. ആവശ്യത്തിലേറെ ബിസിനസ്. അവര്‍ സന്തുഷ്ടരാണെന്ന് എ പി വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. 


ഫെബ്രുവരിയിലാണ് പുഴക്കരയില്‍ ഈ റസ്‌റ്റോറന്റ് ആരംഭിച്ചത്. ആദ്യ സമയത്ത് അധികമാളുകളൊന്നും വന്നിരുന്നില്ല. അതിനു പിന്നാലെയാണ് കൊവിഡിന്റെ ഭാഗമായ ലോക്ക് ഡൗണ്‍ വന്നത്. അതോടെ ഏറെ നാള്‍ കട അടച്ചിടുകയായിരുന്നു. 


മികച്ച ഭക്ഷണമാണ് ഇവിടെ എന്നാണ് കഴിക്കാനെത്തുന്ന ചെറുപ്പക്കാരുടെ പക്ഷം. അതോടൊപ്പമാണ് രസകരമായ അന്തരീക്ഷം. പുഴയിലിരുന്ന് കഴിക്കുന്ന ഫീലിംഗ് ആണ് ഇവിടെ എന്നാണ് കഴിക്കാനെത്തിയ ഒരു ചെറുപ്പക്കാരന്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞത്. 


കനത്ത കാറ്റും പെരുമഴയും വന്നതോടെയാണ് പുഴ കരകവിഞ്ഞത്. വെള്ളക്കെട്ട് കുറയാന്‍ ഇനിയും നാളുകള്‍ എടുക്കുമെന്നാണ് കാലാവസ്ഥാ വിദഗ്ധരുടെ പക്ഷം. ഈ പുതിയ സാദ്ധ്യത നിന്നുപോവുന്നതില്‍ ഇപ്പോള്‍ റസ്‌റ്റോറന്റുകാര്‍ക്കോ ഉപഭോക്താക്കള്‍ക്കോ വലിയ താല്‍പ്പര്യമില്ല. 


ബോട്ട് സര്‍വീസ് ഉള്ള പുഴയാണിത്. ഏതു സമയവും ബോട്ടുകള്‍ പോവും. ആ സമയത്തൊടെ വെള്ളം ഉലഞ്ഞാടും. കടയിലേക്ക് പുഴയില്‍നിന്നും വെള്ളം തിരപോലെ വരും. ഇതാണ് കടയിലെ ഏറ്റവും രസികന്‍ സമയമെന്നാണ് ഉപഭോക്താക്കള്‍ പറയുന്നത്. 
 


റബ്ബര്‍ ബൂട്ടിട്ട് വെള്ളത്തിലൂടെ നടന്ന് ഭക്ഷണം വിളമ്പുന്നത് രസകരമായ കാര്യമാണെന്നാണ് ജീവനക്കാര്‍ പറയുന്നത്. ബോട്ടുപോവുമ്പോള്‍, ഉപഭോക്താക്കള്‍ക്കൊപ്പം ജീവനക്കാരും വെള്ളം ഇരച്ചുകയറുന്നതും നോക്കി നില്‍ക്കുന്നുണ്ട്. 


വെള്ളപ്പൊക്കം പോലും അനുഗ്രഹമായ കഥയാണ് വ്യത്യസ്തമായ ഈ റസ്‌റ്റോറന്റിന് പറയാനുള്ളത്. എന്നാല്‍, ജീവിതത്തില്‍ ഒരിക്കലും അനുഭവിക്കാത്ത പുതിയ തീന്‍ സാദ്ധ്യത തന്നതിലുള്ള സന്തോഷമാണ് ഉപഭോക്താക്കള്‍ സെല്‍ഫികള്‍ക്കൊപ്പം സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കുന്നത്. 
 

click me!