ലോകത്തിന്‍റെ നാനാഭാഗങ്ങളില്‍ നിന്നുമുള്ള അഫ്ഗാന്‍ സ്ത്രീകളാണ് താലിബാന്‍റെ, ഹിജാബ് ധരിച്ചുവേണം വിദ്യാര്‍ത്ഥിനികളെത്താനെന്ന നയത്തോട് പ്രതിഷേധിക്കുന്നത്. അതിനായി അവർ തങ്ങളുടെ പരമ്പരാഗത അഫ്ഗാൻ വസ്ത്രം ധരിച്ചുകൊണ്ടുള്ള ചിത്രങ്ങളും പോസ്റ്റ് ചെയ്യുന്നു.
അതിനിടെ തന്നെ താലിബാന്‍റെ നയങ്ങളെ തങ്ങള്‍ അനുകൂലിക്കുന്നു എന്നും പറഞ്ഞ് സ്ത്രീകള്‍ ആകെ മൂടുന്ന കറുത്ത വസ്ത്രം ധരിച്ച് ഒത്തുകൂടിയിരിക്കുന്ന ചിത്രങ്ങളും ശനിയാഴ്ച പുറത്ത് വന്നിരുന്നു. കാബൂളിലെ സര്‍ക്കാര്‍ സര്‍വകലാശാലയിലായിരുന്നു താലിബാന്‍ ഫ്ലാഗുമായി സ്ത്രീകള്‍ ഒത്തുകൂടിയത്.
എന്നാല്‍, താലിബാന്‍റെ ഇത്തരം നയങ്ങളോടുള്ള പ്രതിഷേധമായിട്ടാണ് ഇപ്പോള്‍ ഒരുകൂട്ടം സ്ത്രീകള്‍ തങ്ങളുടെ തിളങ്ങുന്ന നിറങ്ങളിലുള്ള പരമ്പരാഗത അഫ്ഗാന്‍ വസ്ത്രങ്ങള്‍ ധരിച്ചു കൊണ്ടുള്ള ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. അമേരിക്കന്‍ യൂണിവേഴ്സിറ്റി ഓഫ് അഫ്ഗാനിസ്ഥാനിലെ മുന്‍ ഫാക്കല്‍റ്റി അംഗമാണ് ബഹര്‍ ജലാലി. ജലാലി തന്‍റെ ട്വീറ്റില്‍ കറുത്ത വസ്ത്രം ധരിക്കുകയും മുഖമടക്കം മൂടുകയും ചെയ്തിരിക്കുന്ന ഒരു സ്ത്രീയുടെ ചിത്രം പങ്കിട്ടുകൊണ്ട് എഴുതിയത് 'അഫ്ഗാനിസ്ഥാന്‍റെ ചരിത്രത്തിലെവിടെയും ഇങ്ങനെ ഒരു വസ്ത്രം സ്ത്രീകള്‍ ധരിച്ചതായി കാണാന്‍ സാധിക്കില്ല. ഇത് അഫ്ഗാൻ സംസ്കാരത്തിന് തികച്ചും അന്യമാണ്. താലിബാൻ പ്രചരിപ്പിക്കുന്ന തെറ്റായ വിവരങ്ങൾ തുറന്നുകാട്ടാനും ഇല്ലാതാക്കുവാനും ഞാൻ പരമ്പരാഗത അഫ്ഗാൻ വസ്ത്രത്തിലുള്ള എന്റെ ചിത്രം പോസ്റ്റ് ചെയ്യുന്നു' എന്നാണ്.
ഒപ്പം ജലാലി തന്‍റെ നിറമുള്ള വസ്ത്രം ധരിച്ചിരിക്കുന്ന ചിത്രവും സാമൂഹികമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.
നിരവധി സ്ത്രീകള്‍ ഇതുപോലെ സാമൂഹികമാധ്യമങ്ങളില്‍ തങ്ങളുടെ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തു. ഡിഡബ്ല്യു ന്യൂസിലെ അഫ്ഗാൻ സർവീസ് മേധാവി വസ്‌ലത്ത് ഹസ്രത്ത്-നസിമി, പരമ്പരാഗത അഫ്ഗാൻ വസ്ത്രത്തിലും ശിരോവസ്ത്രത്തിലുമുള്ള തന്റെ ചിത്രം ട്വീറ്റ് ചെയ്തു: "ഇത് അഫ്ഗാൻ സംസ്കാരമാണ്, അഫ്ഗാൻ സ്ത്രീകൾ ഇങ്ങനെയാണ് വസ്ത്രം ധരിക്കുന്നത്." എന്നും അവര്‍ കുറിച്ചു.
ലണ്ടൻ ആസ്ഥാനമായുള്ള പ്രമുഖ ബിബിസി പത്രപ്രവർത്തകയായ സന സാഫി, വർണ്ണാഭമായ പരമ്പരാഗത വസ്ത്രം ധരിച്ചുകൊണ്ടുള്ള തന്റെ ചിത്രം പോസ്റ്റ് ചെയ്തു. ഒപ്പം, "ഞാൻ അഫ്ഗാനിസ്ഥാനിലായിരുന്നുവെങ്കിൽ എന്റെ തലയിൽ സ്കാർഫ് ഉണ്ടായിരിക്കും. ഇതാണ് 'യാഥാസ്ഥിതിക' 'പരമ്പരാഗത' വസ്ത്രം" എന്നും അവര്‍ കുറിച്ചു.
മറ്റൊരു ബിബിസി ജേണലിസ്റ്റായ സോദാബ ഹൈദര്‍ കുറിച്ചത്, ഇതാണ് ഞങ്ങളുടെ പരമ്പരാഗതമായ വസ്ത്രം. ഞങ്ങള്‍ക്ക് ഒരുപാട് നിറങ്ങളിഷ്ടമാണ്. ഞങ്ങളുടെ ധാന്യവും നമ്മുടെ പതാകയും നിറമുള്ളതാണ് എന്നാണ്.
അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള യുകെ -യിലെ ഒരു പ്രാദേശിക പാര്‍ട്ടി പ്രവര്‍ത്തകയായ പെയ്മന ആസാദ് 'ഞങ്ങളുടെ സാംസ്കാരിക വസ്ത്രം താലിബാൻ സ്ത്രീകൾ ധരിക്കുന്ന ഡിമെൻറർ വസ്ത്രങ്ങളല്ല. ഇതാണ് അഫ്ഗാന്‍ സംസ്കാരം' എന്നാണ് അവര്‍ എഴുതിയത്.
കഴിഞ്ഞ മാസം കാബൂളിൽ നിന്ന് പലായനം ചെയ്ത അഫ്ഗാനിസ്ഥാൻ ഗായികയും ആക്ടിവിസ്റ്റുമായ ഷെക്കിബ ടീമോറി സിഎൻഎന്നിനോട് പറഞ്ഞത്, "കാബൂളിന്റെ പതനത്തിന് മുമ്പ് ഹിജാബ് നിലവിലുണ്ടായിരുന്നു. ഞങ്ങൾക്ക് ഹിജാബി സ്ത്രീകളെ കാണാൻ കഴിയും. പക്ഷേ, ഇത് കുടുംബങ്ങളുടെ തീരുമാനങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്, സർക്കാറിന്‍റെയല്ല." താലിബാൻ അഫ്ഗാനിസ്ഥാനിൽ വരുന്നതിനുമുമ്പ്, തന്റെ പൂർവ്വികർ തന്റെ ചിത്രങ്ങളിൽ കാണുന്ന അതേ വർണ്ണാഭമായ അഫ്ഗാൻ വസ്ത്രങ്ങൾ ധരിച്ചിരുന്നു എന്ന് അവർ എഴുതുന്നു. അഫ്ഗാന്‍ അഭിഭാഷകയായ ഫെറെഷ്ട അബ്ബാസിയും പരമ്പരാഗത ഹസരാഗി വസ്ത്രത്തിലുള്ള ചിത്രം ട്വീറ്റ് ചെയ്തു.
ഓഗസ്തില്‍ അമേരിക്കയും അന്തര്‍ദേശീയ സേനയും പിന്‍വാങ്ങിത്തുടങ്ങിയതോടെ താലിബാന്‍ അഫ്ഗാനിസ്ഥാനിൽ നിയന്ത്രണം ഏറ്റെടുത്തു. അതോടെ അഫ്ഗാന്‍ സ്ത്രീകളുടെ കാര്യത്തില്‍ ആശങ്ക ഉയര്‍ന്നു വന്നു. കഴിഞ്ഞമാസം താലിബാന്‍ രാജ്യതലസ്ഥാനം തിരിച്ചുപിടിച്ചതിനു ശേഷം, താലിബാൻ പറഞ്ഞത് അത്തരം കടുത്ത തീരുമാനങ്ങള്‍ ഇനി നടപ്പിലാക്കില്ല എന്നാണ്. പക്ഷേ, പുതുതായി രൂപീകരിച്ച ഇടക്കാല ഗവൺമെന്റിൽ ഒരു വനിതാ പ്രതിനിധി ഇല്ലാത്തതും രാജ്യത്തെ തെരുവുകളിൽ നിന്ന് സ്ത്രീകള്‍ ഒറ്റരാത്രികൊണ്ട് അപ്രത്യക്ഷമായതുമെല്ലാം ആശങ്കകള്‍ക്ക് വഴിയൊരുക്കുന്നു.