മട്ടാഞ്ചേരിയിലെ 'മരണക്കിടക്ക'യില്‍ നിന്ന് ലോകസഞ്ചാരത്തിന്‍റെ റെക്കോര്‍ഡിലേക്ക് ഒരു നായയുടെ സഞ്ചാരം
First Published | Jul 12, 2021, 1:03 PM IST'എന്‍റെ ജീവിതത്തില്‍ വലിയ മാറ്റങ്ങളുടെ രാത്രിയായിരുന്നു അത്. മണിക്കൂറുകള്‍ക്ക് മുമ്പ് വരെ പേരില്ലാത്തവന്‍. എപ്പോഴാണ് എന്‍റെ കുടുംബത്തെ എനിക്ക് നഷ്ടമായതെന്ന് എനിക്ക് ഓര്‍ക്കാന്‍ പറ്റുന്നില്ല. പക്ഷേ, ഈ ദിവസം കൊച്ചിയിലെ തെരുവുകളില്‍ ഞാന്‍ ഏകനാണ്. ഒരു മീറ്ററോളം ഉയരമുള്ള തട്ടില്‍ മരണം കാത്തിരിക്കുന്നു. എനിക്ക് വിശന്നലഞ്ഞു. വല്ലാത്ത ചൂടുണ്ടായിരുന്നു. ശരീരത്തില്‍ നിന്ന് ജലാംശമെല്ലാം നഷ്ടമായിരിക്കുന്നു. ഞാന്‍ ഭയപ്പെട്ടു, എനിക്ക് എന്‍റെ കാലുകളില്‍ എഴുന്നേറ്റ് നില്‍ക്കാന്‍ കഴിഞ്ഞില്ല. സഹായത്തിനായി ഞാന്‍ കരഞ്ഞു.
🐾 ഒന്നാം ദിവസം 🐾'
'എന്‍റെ കരച്ചിൽ കേട്ട് പരിഭ്രാന്തരായ രണ്ട് വിനോദ സഞ്ചാരികൾക്ക് കടന്നുപോകാൻ കഴിഞ്ഞില്ല. അവർ എന്നെയും കൂടെ കൂട്ടി. വെള്ളവും ഭക്ഷണവും നൽകി. എന്തുകൊണ്ടാണെന്ന് അറിയില്ല, അവർ എന്നെ വെറുപ്പുളവാക്കുന്ന തണുത്ത വെള്ളത്തില്‍ കുളിപ്പിച്ചു. എങ്കിലും അതിന് ശേഷം എനിക്ക് സുഖം തോന്നുന്നു.
🐾 ഒന്നാം ദിവസം 🐾'
ഞാൻ അവന്‍റെ കാലുകളില്‍ കിടന്നുറങ്ങുന്നത് വളരെ നല്ല നിമിഷങ്ങളായിരുന്നു. പക്ഷേ രാത്രികാലം ഭീകരമായിരുന്നു. ആയിരക്കണക്കിന് ഈച്ചകൾ... അവ എന്നെ സ്ഥിരമായി കടിക്കും. അവർ എന്നെ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു !
🐾 രണ്ടാം ദിവസം.
മൂന്നാം നാള്‍, നാലാം നാള്‍... അവള്‍ മട്ടാഞ്ചേരി മൃഗാശുപത്രിയില്‍ പോയതും കൊച്ചി മൃഗാശുപത്രിയില്‍ നിന്ന് കുത്തിവയ്പ്പെടുത്തതും അങ്ങനെ അങ്ങനെ 2017 ഫെബ്രുവരി 10 -ാം തിയതി മുതല്‍ അവളുടെ കുറിപ്പുകളായിരുന്നു ആ ഇന്‍സ്റ്റാഗ്രം പേജ് നിറയേ. ഏറ്റവും ഒടുവില്‍ ലോകത്ത് 'ഏറ്റവുമധികം യാത്ര ചെയ്ത നായ' എന്ന അവര്‍ഡും അവന് ലഭിച്ചു. ഒരു രാജ്യത്തിന്‍റെത് മാത്രമല്ല രണ്ട് രാജ്യങ്ങളുടെ. ഉക്രെയ്നിലെ നാഷണൽ രജിസ്റ്റർ ഓഫ് റെക്കോർഡും ഇന്ത്യാ ബുക്ക് ഓഫ് റെക്കോർഡും.
അതെ, അനാഥയായി മട്ടാഞ്ചേരിയിലെ ഒരു മരപ്പലകയില്‍ മരണം കാത്ത് കിടന്ന ആ ഫെബ്രുവരിയില്‍ നിന്ന് അവളിന്ന് ലോകം മുഴുവനും സഞ്ചരിച്ച് കഴിഞ്ഞിരിക്കുന്നു. ഒരു പക്ഷേ, ഇന്ത്യയിലെ നാടാന്‍ പട്ടികളില്‍ ഏറ്റവും സൌഭാഗ്യം ലഭിച്ച നായയും അവളായിരിക്കണം. ഏഷ്യയിലെയും യൂറോപ്പിലെയും 30 രാജ്യങ്ങളിലൂടെ 55,000 കിലോമീറ്റർ സഞ്ചരിച്ച് 116 നഗരങ്ങൾ അവള്‍ ഇതിനകം കണ്ടു കഴിഞ്ഞു. 14 ദ്വീപുകളും 11 കടലുകളും അവള്‍ താണ്ടിക്കഴിഞ്ഞിരിക്കുന്നു. കൂടാതെ 16 വ്യത്യസ്ത ഗതാഗതമാര്‍ഗ്ഗങ്ങളും അവള്‍ ഉപയോഗിച്ചു കഴിഞ്ഞു. അതെ... മലയാളി കെട്ടിയിട്ടും കെട്ടിവലിച്ചും തല്ലിയും കൊന്നൊടുക്കിക്കൊണ്ടിരിക്കുന്ന അതേ നാടന്‍ നായയാണ് അവളും ചപതി.
ചപതിയെന്ന ഇന്ത്യന്‍ നാടന്‍ നായയുടെ യാത്ര...