അനാചാരം; 'ബിക്കിനി'ക്ക് നിരോധനം ഏര്‍പ്പെടുത്തി ഇറ്റാലിയന്‍ തീരദേശ നഗരം

First Published | Jul 8, 2022, 11:31 AM IST

ദിമ മനുഷ്യനില്‍ നിന്ന് ആധുനിക മനുഷ്യനിലേക്ക് എത്തുമ്പോഴേക്കും മനുഷ്യനിലും അവന്‍റെ ഇടപെടലുകളിലും വലിയ മാറ്റങ്ങളാണ് വന്നത്. ഇതിന് തെളിവായി നമ്മള്‍ ചൂണ്ടിക്കാണിക്കുന്നതാകട്ടെ സാമൂഹികമായി മനുഷ്യന്‍ ആര്‍ജ്ജിച്ചെടുത്ത മൂല്യബോധങ്ങളെ തന്നെയാണ്. എന്നാല്‍, ഈ മൂല്യബോധങ്ങള്‍ എല്ലാം എപ്പോഴും ശരിയാണോയെന്ന് ചോദിച്ചാല്‍, അതാത് കാലത്തെ സാമൂഹിക അവസ്ഥയെ അടിസ്ഥാനമാക്കിയിരിക്കും എന്നതാകും കുറേകൂടി ശരിയായ ഉത്തരം. പുറത്ത് വരുന്നത് ഇത്തരത്തിലുള്ളതാണ്. ഒരുകാലത്ത് 'നഗ്നത' വ്യക്തി സ്വാതന്ത്രത്തിന്‍റെ വിഷയമാണെന്നും അതില്‍ തെറ്റില്ലെന്നും വാദമുയര്‍ത്തിയിരുന്ന യൂറോപ്യന്‍ രാജ്യങ്ങള്‍ ഇന്ന് മൂല്യ ബോധത്തിന്‍റെ പാതയിലാണെന്നാണ് പുറത്ത് വരുന്ന വാര്‍ത്തകള്‍. ഇറ്റലിയിലെ (Italy) പ്രശസ്തമായ തീരദേശ വിനോദ നഗരങ്ങളില്‍ ബിക്കിനി പോലുള്ള അല്പ വസ്ത്രങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി തുടങ്ങിയെന്ന് വാര്‍ത്തകള്‍ . അതിനുള്ള കാരണമാണ് അതിലും രസകരം. 

ഇംഗ്ലണ്ട് ലോകം കീഴടക്കിയ കാലത്താണ് 'വിക്ടോറിയന്‍ സദാചാരം' ലോകം മുഴുവനും വ്യാപിക്കുന്നത്. എന്നാല്‍, സ്വന്തം കോളനികളില്‍ വ്യാപകമായ വിക്ടോറിയന്‍ സദാചാരം ഇംഗ്ലണ്ടില്‍ നിന്നും യൂറോപ്പില്‍ നിന്നും പതുക്കെ പിന്‍വാങ്ങുന്ന കാഴ്ചയയായിരുന്നു കഴിഞ്ഞ ദശകങ്ങളില്‍ കണ്ടത്. 

വ്യക്തി സ്വാതന്ത്ര്യബോധങ്ങള്‍ക്ക് കൂടുതല്‍ പ്രചാരം നേടിയതിലൂടെയാണ് ഇത്തരം മൂല്യ ബോധങ്ങള്‍ക്ക് ഇടിവുണ്ടായത്. എന്നാല്‍, യൂറോപ്പില്‍ വീണ്ടും സദാചാര സങ്കല്‍പ്പങ്ങള്‍ ശക്തി പ്രാപിക്കുന്നുവെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. ഗള്‍ഫ് അടക്കമുള്ള പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ സ്ത്രീ സ്വാതന്ത്ര്യത്തിന് ഏറെ പരിമിതികളുണ്ടെന്നായിരുന്നു യൂറോപിന്‍റെ കാലങ്ങളായുള്ള പരാതി.


അഫ്ഗാനടക്കമുള്ള രാജ്യങ്ങളില്‍ റഷ്യയും, അമേരിക്കയും അധിനിവേശം നടത്തിയപ്പോഴെല്ലാം തനത് സാംസ്കാരിക വ്യത്യാസങ്ങളെ ഇല്ലാതാക്കുകയും പടിഞ്ഞാറന്‍ സ്വാതന്ത്ര്യബോധം ശക്തമാക്കിയും ചെയ്തിരുന്നതിന് ചരിത്രം തന്നെയാണ് തെളിവ്. എന്നാല്‍, പിന്നീട് ഇവിടങ്ങളില്‍ പ്രാദേശിക അധികാരികള്‍ ശക്തി പ്രാപിച്ചതോടെ സ്വാതന്ത്ര സങ്കല്‍പങ്ങള്‍ക്ക് തിരിച്ചടി നേരിട്ടു. 

ഏതാണ്ട് ഇതുപോലെ തന്നെ യൂറോപിലും വ്യക്തി സ്വാതന്ത്ര്യങ്ങളെ കുറിച്ച് പുനര്‍വിചിന്തനങ്ങള്‍ നടക്കുകയാണെന്നും സദാചാര വാദികള്‍ ശക്തി പ്രാപിക്കുന്നുമെന്നും പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഏറ്റവും ഒടുവിലായി പുറത്ത് വന്നത് ഇറ്റലിയിലെ സോറന്‍റോ റിസോർട്ടില്‍ നിന്നാണ്. 

ഇറ്റലിയിലെ കടല്‍ത്തീര ടൂറിസ്റ്റ് നഗരമായ സോറന്‍റോയില്‍ (Sorrento) വിദേശികള്‍ എത്തിയിരുന്നത് കടല്‍ക്കുളിക്കും വെയില്‍ കൊള്ളാമൊക്കെയായിട്ടായിരുന്നു. എന്നാല്‍, ഇനി മുതല്‍ ഈ തീരദേശ നഗരത്തില്‍ നീന്തല്‍ വസ്ത്രങ്ങള്‍ ധരിച്ച് നടക്കാന്‍ പറ്റില്ലെന്ന് നിയമം കൊണ്ടുവന്നു.

ബിക്കിനി, നീന്തൽ വസ്ത്രം, മറ്റ് അല്പവസ്ത്രങ്ങള്‍ എന്നിവ ധരിക്കുന്ന 'അനാചാര'ത്തിന് 425 പൗണ്ട് പിഴയാണ് ചുമത്തിയിരിക്കുന്നത്. മറ്റുള്ളവരുടെ നഗ്നമായ ചര്‍മ്മം നാട്ടുകാരെ അസ്വസ്ഥരാക്കുന്നുവെന്നാണ് സോറന്‍റോ മേയര്‍ മാസിമോ കൊപ്പേള പറഞ്ഞത്. നീന്തല്‍ വസ്ത്രങ്ങള്‍ ധരിച്ച് ആളുകള്‍ നഗരങ്ങളിലൂടെ നടക്കുമ്പോള്‍ അത് നഗരത്തിന്‍റെ ജീവിത നിലവാരം നശിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

പോംപൈയ്‌ക്കും നേപ്പിൾസിനും സമീപമുള്ള ഈ മനോഹരമായ തീരദേശ നഗരത്തില്‍ ബിക്കിനി മാത്രമല്ല, തോര്‍ത്ത് പോലും ഉടുത്ത് നടക്കാന്‍ പറ്റില്ല.  'ഭൂരിപക്ഷം ആളുകളും അലങ്കാരത്തിനും പരിഷ്‌കൃത സഹവാസത്തിന്‍റെ സവിശേഷതയായ മാന്യതയ്ക്കും വിരുദ്ധമായി കാണുന്ന പെരുമാറ്റം' അടുത്തിടെ കൂടിയതായാണ് മേയര്‍ അവകാശപ്പെട്ടത്. 

ഇത്തരത്തില്‍ അല്പവസ്ത്രം ധരിച്ച് നടക്കുന്നത് 'അപമര്യാദയായ പെരുമാറ്റ'മായി കണക്കാക്കുമെന്നും മേയര്‍ അറിയിച്ചു. സഞ്ചാരികള്‍ നഗരത്തിലൂടെ അല്പവസ്ത്രം ധരിച്ച് നടക്കുന്നത് പ്രദേശത്തിന്‍റെ 'ജീവിത നിലവാരവും' നഗരത്തിന്‍റെ പ്രശസ്തിയെയും നശിപ്പിക്കുമെന്നും അദ്ദേഹം ഭയപ്പെടുന്നു. സഞ്ചാരികള്‍ നിയമം പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കാനായി പൊലീസ് ഉദ്യോഗസ്ഥരെയും നഗരത്തില്‍ നിയോഗിച്ചുകഴിഞ്ഞു. ആളുകൾ ഷർട്ടില്ലാതെയോ നീന്തൽ വസ്ത്രം ധരിച്ചോ നടക്കുന്നത് കണ്ടാല്‍ 425 പൗണ്ട് പിഴ ചുമത്തുമെന്നും പുതിയ ഉത്തരവില്‍ പറയുന്നു. 

പൊതുസ്ഥലത്ത് നീന്തൽ വസ്ത്രങ്ങൾ ധരിക്കുന്ന വിനോദസഞ്ചാരികളുടെ തിരക്ക് കാരണം ഇറ്റലിയിലുടനീളമുള്ള കടൽത്തീര നഗരങ്ങൾ ഇപ്പോൾ ഡാന്‍റോയുടെ 'നരകം' എന്ന നോവലിന് സമാനമായതായി പ്രാദേശിക പത്രപ്രവർത്തകൻ മാക്സ് തമന്തി ആരോപിച്ചു. അവധിക്കാലം ആഘോഷിക്കുന്നവരുടെ കുത്തൊഴുക്കിൽ നിന്ന് രക്ഷനേടുന്ന സമ്മർ റിസോർട്ട് പട്ടണങ്ങൾക്ക്, കടൽത്തീരത്ത് പോകുന്ന അല്പ വസ്ത്രം ധാരികളുടെ  'ഭീകരമായ ഘോഷയാത്ര' അനുവദിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സോറന്‍റോയില്‍ മാത്രമല്ല മറ്റ് തീരദേശ ഹോട്ട്‌സ്‌പോട്ടുകളിലും സമാനമായ നിരോധനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. 

കാലാബ്രിയയിലെ പ്രയ എ മേറില്‍ നഗ്നപാദനായി നടക്കുന്നതും അനുചിതമായ വസ്ത്രം ധരിക്കുന്നതും നിരോധിച്ചിരിക്കുന്നു. ലിഗൂറിയയിലെ റാപ്പല്ലോയിൽ സന്ദർശകരെ ഡ്രസ് കോഡ് പാലിക്കാൻ ഓർമ്മിപ്പിക്കുന്ന തെരുവ് അടയാളങ്ങള്‍ നിലവില്‍ വന്നു. യൂറോപ്പിലും പതുക്കെ സദാചാരവാദികള്‍ ശക്തിപ്പെടുകയാണെന്ന് ഇത്തരം കാര്യങ്ങള്‍ സൂചിപ്പിക്കുന്നു. 
 

Latest Videos

click me!