മലപ്പുറത്ത് ഒറ്റമൂലി രഹസ്യം തട്ടിയെടുക്കാൻ പാരമ്പര്യ വൈദ്യന്‍ ഷാബാ ഷെരീഫിനെ (Shaba Sherif) ഒരു വർഷത്തിലേറെ തടവിൽ പാർപ്പിച്ച ശേഷം കൊലപ്പെടുത്തിയ സംഭവത്തിലെ കൂടുതൽ വിവരങ്ങൾ ഇതിനിടെ പുറത്ത് വന്നു. മൃതദേഹം വെട്ടിമുറിച്ചത് ഇറച്ചി വെട്ടുന്ന കത്തി ഉപയോഗിച്ചെന്നാണെന്നാണ് പൊലീസ് കണ്ടെത്തൽ.
ഷൈബിൻ അഷ്‌റഫിന്‍റെ നിലമ്പൂരിലെ ആഢംബര വീട്ടിലെത്തിയ അന്വേഷണ സംഘം വീടും പരിസരവും അരിച്ച് പെറുക്കുകയാണ്. അടുത്തിടെ വീട്ടിലെ കുളിമുറി മാറ്റിപ്പണിതിരുന്നു. ഇവിടെ സ്ഥാപിച്ച പൈപ്പുകള്‍ ഇളക്കിയെടുത്ത അന്വേഷണ സംഘം ഇവിടെ നിന്നുള്ള സാമ്പിളുകള്‍ പരിശോധനയ്ക്കായെടുത്തു.
ഒറ്റമൂലി രഹസ്യത്തിന് വേണ്ടി വൈദ്യൻ ഷാബ ഷെരീഫിനെ മർദിക്കുന്ന ദൃശ്യങ്ങളും പൊലീസിന് ലഭിച്ചു. ദൃശ്യങ്ങളിൽ നിന്നും കൊല്ലപ്പെട്ട ഷാബ ഷെരീഫിനെ മൈസൂരിലെ ബന്ധുക്കൾ തിരിച്ചറിഞ്ഞു. 2019 ലാണ് മൈസൂർ സ്വദേശിയായ വൈദ്യൻ ഷാബാ ഷെരീഫിനെ പ്രവാസി വ്യവസായി നിലമ്പൂർ കൈപ്പഞ്ചേരി സ്വദേശി ഷൈബിൻ അഷ്‌റഫിന്‍റെ നേതൃത്വത്തിലെ സംഘം നിലമ്പൂരിലേക്ക് തട്ടിക്കൊണ്ടു വന്നത്.
മൈസൂരിലെ ഒരു രോഗിയെ ചികിത്സിക്കാനെന്ന പേരിൽ, ചികിത്സാ കേന്ദ്രത്തിൽ നിന്ന് വൈദ്യനെ കൂട്ടിക്കൊണ്ടുവന്ന ശേഷം നിലമ്പൂരിലെത്തിക്കുകയായിരുന്നു. മൂലക്കുരു ചികിത്സയ്ക്കുള്ള ഒറ്റമൂലി മനസ്സിലാക്കി അതിന്‍റെ വിപണനം സ്വന്തമാക്കുകയായിരുന്നു പ്രതിയുടെ ലക്ഷ്യം.
എന്നാല്‍ ഒന്നേകാല്‍ വര്‍ഷത്തെ പീഡനത്തിനിടെ 2020 ഒക്ടോബറിൽ ചികിത്സാ രഹസ്യം ചോർത്തിയെടുക്കാനുള്ള മർദ്ദനത്തെ തുടര്‍ന്ന് ഷാബാ ഷെരീഫ് കൊല്ലപ്പെട്ടു. തുടർന്ന് ഷൈബിനും കൂട്ടാളികളും മൃതദേഹം പല കഷ്ണങ്ങളാക്കി മലപ്പുറം എടവണ്ണ സീതിഹാജി പാലത്തിൽ നിന്നും ചാലിയാറിലേക്ക് എറിഞ്ഞു.
പ്രതികൾ ആസൂത്രണം ചെയ്ത പോലെ കൊലപാതക വിവരം പുറത്താരും അറിഞ്ഞില്ലെങ്കിലും സംഘാംഗങ്ങള്‍ക്കിടയില്‍ ഇതിനിടെ അസ്വാരസ്യം ഉടലെടുത്തു. ഇതോടെ സംഘം രണ്ടായി പിളര്‍ന്നു. ഷൈബിനും പ്രതികളും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളെ ചൊല്ലിയായിരുന്നു പ്രധാനമായും തർക്കമുടലെടുത്തത്.
ഇറച്ചി വെട്ടുന്ന കത്തി ഉപയോഗിച്ചാണ് കൊലപാതകം നടത്തിയതെന്ന് പൊലീസ് പറയുന്നു. സെക്രട്ടേറിയറ്റിന് മുമ്പിൽ കഴിഞ്ഞ ദിവസം ആത്മഹത്യാ ശ്രമം നടത്തിയ കവർച്ചക്കേസ് പ്രതികളുടെ വെളിപ്പെടുത്തലിൽ നിന്നാണ് ഈ ക്രൂര കൊലപാതകത്തിന്‍റെ ചുരുൾ അഴിഞ്ഞത്.
2022 ഏപ്രിൽ 24-നാണ് തന്‍റെ വീട്ടിൽ അതിക്രമിച്ചു കയറിയ സംഘം കൊള്ള നടത്തിയെന്ന പരാതിയുമായി ഷൈബിൻ പൊലീസിനെ സമീപിക്കുന്നത്. തന്നെ വീട്ടിൽ ബന്ദിയാക്കി ഏഴ് ലക്ഷം രൂപയും ലാപ്പ്ടോപ്പും മൊബൈലും കവർന്നു എന്നായിരുന്നു ഷൈബിന്‍റെ പരാതി.
പരാതിയെ തുടര്‍ന്ന് കേസ് അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ ജില്ലാ പൊലീസ് മേധാവി ചുമതലപ്പെടുത്തി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കൂടുതല്‍ കേസുകള്‍ തെളിഞ്ഞത്. അതിനെ തുടര്‍ന്നാണ് മുഖ്യപ്രതി പ്രവാസി വ്യവസായി നിലമ്പൂർ കൈപ്പഞ്ചേരി സ്വദേശി ഷൈബിൻ അഷ്‌റഫും മറ്റ് നാല് പേരെയും പൊലീസ് കസ്റ്റഡിയിലെടുക്കുന്നതും.
അതിനിടെ കേസിലെ പ്രതികൾ മറ്റ് രണ്ട് കൊലപാതകങ്ങൾ കൂടി ആസൂത്രണം ചെയ്തതിന്‍റെ തെളിവുകൾ ലഭിച്ചതായി പൊലീസ് പറയുന്നു. ആത്മഹത്യയെന്ന് തോന്നുന്ന വിധത്തിൽ രണ്ടുപേരെ കൊല്ലുന്നതിനെപ്പറ്റിയുള്ള പദ്ധതിയുടെ ചാര്‍ട്ട് , ഭിത്തിയിൽ ഒട്ടിച്ച ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചത്. മുഖ്യ പ്രതി ഷൈബിൻ അഷ്റഫിന്‍റെ ലാപ്ടോപിൽ നിന്നാണ് പോലീസിന് ഈ നിർണായക വിവരങ്ങള്‍ ലഭിച്ചത്.
നിലമ്പൂരിൽ പാരമ്പര്യ വൈദ്യനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളിലൊരാളായ നൗഷാദ് പകർത്തിയ ദൃശ്യങ്ങളാണ് അന്വേഷണ സംഘത്തിന് ലഭിച്ചത്. സംശയങ്ങൾക്ക് ഇട നൽകാതെ ആത്മഹത്യയെന്ന് തോന്നിക്കുന്ന വിധത്തിൽ രണ്ട് പേരെ എങ്ങനെ കൊലപ്പെടുത്താമെന്നാണ് ഭിത്തിയിൽ പതിപ്പിച്ച ചാർട്ടിലുള്ളത്.
മുഖ്യ പ്രതി ഷൈബിൻ അഷറഫിന്‍റെ കൂട്ടാളിയായ കോഴിക്കോട് മുക്കം മലയമ്മയിലെ ഹാരിസിനെയും മറ്റൊരു സ്ത്രീയെയും കൊലപ്പെടുത്താനായി തയ്യാറാക്കിയ പദ്ധതിയാണ് ഇതെന്നാണ് വിവരം. കൃത്യത്തിൽ പങ്കെടുക്കുന്നവർക്ക് ആസൂത്രണ സമയത്ത് തന്നെ ജോലികൾ നിശ്ചയിച്ചു നൽകിയതായി പുറത്തു വന്ന ചാർട്ടിൽ നിന്ന് വ്യക്തമാണ്. തെളിവുകൾ നശിപ്പിക്കാനും വിശദമായ പദ്ധതി രേഖയിലുണ്ട്.
ഹാരിസിനെ അബുദാബിയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത് 2020 മാർച്ചിലാണ്. ഇയാള്‍ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യ ചെയ്തെന്നാണ് ഷൈബിൻ പൊലീസിന് നൽകിയ മൊഴി. എന്നാല്‍ ഇത് തെറ്റാണെന്നാണ് ഇപ്പോള്‍ പൊലീസിന്‍റെ നിഗമനം. ഇതേ തുടര്‍ന്ന് ഹാരിസിന്‍റെ മരണം കൊലപാതകമാണോയെന്നാണ് പോലീസ് പുനഃപരിശോധിക്കുന്നത്.
ഷൈബിന്‍റെ സുഹൃത്തും ബിസിനസ് പങ്കാളിയുമായിരുന്നു ഹാരിസ്. ഹാരിസിന് ഷൈബിനിൽ നിന്ന് ഭീഷണിയുണ്ടായിരുന്നെന്ന് കുടുംബവും നാട്ടുകാരും ആരോപിക്കുന്നു. വിവാഹത്തിനായി നാട്ടിൽ എത്താനിരിക്കെ ആയിരുന്നു ഹാരിസിന്‍റെ മരണം. ഭീഷണി മൂലമാണ് പൊലീസിൽ പരാതി നൽകാതിരുന്നതെന്ന് ഹാരിസിന്‍റെ കുടുംബം പറയുന്നു.
ഹാരിസിന്‍റെ മരണശേഷവും ഹാരിസുമായി ബന്ധമുള്ളവർക്ക് നേരെ ക്വട്ടേഷൻ ആക്രമണം നടന്നിരുന്നു. ഭീഷണിയുള്ളതായി ഹാരിസ് പൊലീസിന് പരാതി നൽകിയിട്ടും കാര്യമുണ്ടായില്ലെന്നും കുടുംബം പറയുന്നു.
ഇതിനിടെ കേസിലെ പ്രതി നൗഷാദിന്‍റെ സഹോദരൻ അഷ്റഫിന്‍റെ വീട്ടുവളപ്പിൽ നിന്ന് സ്ഫോടക വസ്തുക്കൾ കണ്ടെത്തിയ സംഭവത്തിലും സമഗ്രമായ അന്വേഷണം നടത്താനാണ് തീരുമാനം. സുൽത്താൻ ബത്തേരിയിലെ വീട്ടുവളപ്പിൽ നിന്ന് 9 ജലാറ്റിൻ സ്റ്റിക്കുകളാണ് കഴിഞ്ഞ മാസം 28 ന് കവർച്ച കേസിലെ തെളിവെടുപ്പിനിടെ കണ്ടെത്തിയത്.
നേരത്തെ പല സംഭവങ്ങളിലും തനിക്ക് നിയമോപദേശം നല്‍കിയത് മുന്‍ എസ്ഐ ആണെന്ന് മുഖ്യപ്രതി ഷൈബിന്‍ അഷ്റഫ് ചോദ്യം ചെയ്യലിനിടെ പൊലീസിനോട് പറഞ്ഞു. ഷൈബിന്‍ ഉള്‍പ്പെട്ട കേസുകളില്‍ റിട്ട. എസ്ഐക്ക് എന്തെങ്കിലും പങ്കുണ്ടോയെന്ന് പൊലീസ് പരിശോധിക്കുകയാണ്.
ഇതിനിടെ, ഷൈബിന്‍റെ സാമ്പത്തിക കാര്യങ്ങള്‍ സംബന്ധിച്ചും പൊലീസ് വിശദമായി അന്വേഷണം ആരംഭിച്ചു. വലിയ തോതില്‍ സാമ്പത്തിക ഇടപാടുകള്‍ നടത്തുന്ന വ്യക്തിയാണ് ഷൈബിന്‍ എന്നും പൊലീസ് പറയുന്നു.
കഴിഞ്ഞ 10 വര്‍ഷത്തിനിടെ വലിയ സാമ്പത്തിക വര്‍ദ്ധനയാണ് ഇയാള്‍ക്ക് ഉണ്ടായിട്ടുള്ളത്. അതുകൊണ്ടുതന്നെ ബാഹ്യമായ ചില സഹായങ്ങള്‍ ഇല്ലാതെ ഇത്ര ചെറിയ കാലത്തിനുള്ളില്‍ വലിയ സാമ്പത്തികനേട്ടം ഉണ്ടാക്കാന്‍ കഴിയില്ലെന്നും പൊലീസ് നിരീക്ഷിക്കുന്നു.
ഏതെങ്കിലും തരത്തിലുള്ള കുറ്റകൃത്യങ്ങള്‍ ഇതുമായി ബന്ധപ്പെട്ടിട്ടുണ്ടോ എന്നാണ് പൊലീസ് ഇപ്പോള്‍ അന്വേഷിക്കുന്നത്. അതോടൊപ്പം മുന്‍ എസ്ഐയെ കുറിച്ചുള്ള ഷൈബിന്‍റെ മൊഴിയും നിര്‍ണായകമാണ്. എന്നാല്‍ മുന്‍ പൊലീസ് ഉദ്യോഗസ്ഥന്‍റെ പേര് വെളിപ്പെടുത്താന്‍ പൊലീസ് തയ്യാറായിട്ടില്ല.